የYouVersion አርማ
የፍለጋ አዶ

ഉല്പ. 18

18
മൂന്നു സന്ദർശകർ
1അനന്തരം യഹോവ അബ്രാഹാമിന് മമ്രേയുടെ തോപ്പിൽവച്ച്#18:1 തോപ്പിൽ ഓക്കുമരത്തോപ്പ്. പ്രത്യക്ഷനായി; വെയിലുറച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. 2അവൻ തല ഉയർത്തിനോക്കിയപ്പോൾ അതാ, മൂന്നു പുരുഷന്മാർ തന്‍റെ നേരെ നില്ക്കുന്നു; അവൻ അവരെ കണ്ടപ്പോൾ കൂടാരവാതിൽക്കൽ നിന്ന് അവരെ എതിരേൽക്കുവാൻ ഓടിച്ചെന്ന് നിലംവരെ കുനിഞ്ഞു: 3“യജമാനനേ, എന്നോട് കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. 4കുറച്ചു വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ വിശ്രമിച്ചാലും. 5ഞാൻ കുറെ അപ്പം കൊണ്ടുവരാം; വിശപ്പ് അടക്കീട്ട് നിങ്ങൾക്ക് പോകാം; ഇതിനായിട്ടല്ലോ നിങ്ങൾ അടിയന്‍റെ അടുക്കൽ കയറിവന്നത്” എന്നു പറഞ്ഞു.
6“നീ പറഞ്ഞതുപോലെ ചെയ്യുക” എന്നു അവർ പറഞ്ഞു. അബ്രാഹാം വേഗത്തിൽ കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: “വേഗത്തിൽ മൂന്നിടങ്ങഴി#18:6 മൂന്നിടങ്ങഴിഏകദേശം 211 കിലോഗ്രാം മാവ് എടുത്തു കുഴച്ചു അപ്പമുണ്ടാക്കുക” എന്നു പറഞ്ഞു. 7അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്ന് ഇളയതും നല്ലതുമായ ഒരു കാളക്കുട്ടിയെ പിടിച്ച് ഒരു യൗവനക്കാരൻ്റെ കൈവശം കൊടുത്തു; അവൻ അതിനെ വേഗത്തിൽ പാകം ചെയ്തു. 8പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്ന് അവരുടെ മുമ്പിൽവച്ചു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അബ്രാഹാം അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു.
9അവർ അവനോട്: “നിന്‍റെ ഭാര്യ സാറാ എവിടെ? എന്നു ചോദിച്ചു.
അതിന്: “ഇവിടെ, കൂടാരത്തിൽ ഉണ്ട്” എന്നു അവൻ പറഞ്ഞു.
10“ഒരു വർഷം കഴിഞ്ഞിട്ട് ഞാൻ നിന്‍റെ അടുക്കൽ തീർച്ചയായും മടങ്ങിവരും; അപ്പോൾ നിന്‍റെ ഭാര്യ സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്നു യഹോവ പറഞ്ഞു.
സാറാ കൂടാരവാതിൽക്കൽ അവന്‍റെ പുറകിൽ കേട്ടുകൊണ്ടു നിന്നു. 11എന്നാൽ അബ്രാഹാമും സാറായും വയസ്സുചെന്നു വൃദ്ധരായിരുന്നു. സാറായിക്ക് ഗർഭധാരണത്തിനുള്ള പ്രായം കഴിഞ്ഞിരുന്നു. 12ആകയാൽ സാറാ ഉള്ളിൽ ചിരിച്ചുകൊണ്ട്: “വൃദ്ധയായിരിക്കുന്ന എനിക്ക് സുഖഭോഗമുണ്ടാകുമോ? എന്‍റെ ഭർത്താവും വൃദ്ധനായിരിക്കുന്നു” എന്നു പറഞ്ഞു.
13യഹോവ അബ്രാഹാമിനോട് “വൃദ്ധയായ ഞാൻ പ്രസവിക്കുന്നത് വാസ്തവംതന്നെയോ’ എന്നു പറഞ്ഞ് സാറാ ചിരിച്ചത് എന്തുകൊണ്ട്? 14യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു വർഷം കഴിഞ്ഞിട്ട് നിശ്ചയിച്ച സമയത്ത് ഞാൻ നിന്‍റെ അടുക്കൽ മടങ്ങിവരും; സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്നു അരുളിച്ചെയ്തു.
15സാറാ ഭയപ്പെട്ടു: “ഞാൻ ചിരിച്ചില്ല” എന്നു നിരസിച്ചു പറഞ്ഞു.
“അല്ല, നീ ചിരിച്ചു” എന്നു അവിടുന്ന് അരുളിച്ചെയ്തു.
16ആ പുരുഷന്മാർ അവിടെനിന്നു എഴുന്നേറ്റ് സൊദോമിനു നേരേ തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയയ്ക്കുവാൻ അവരോടുകൂടെ പോയി. 17അപ്പോൾ യഹോവ അരുളിച്ചെയ്തത്: “ഞാൻ ചെയ്യുവാൻ പോകുന്നത് അബ്രാഹാമിനോട് മറച്ചുവയ്ക്കുമോ? 18അബ്രാഹാം നിശ്ചയമായി വലിയതും ബലമുള്ളതുമായ ജനതയായി തീരുകയും അവനിൽ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടുകയും ചെയ്യുമെന്നിരിക്കെ 19യഹോവ അബ്രാഹാമിനെക്കുറിച്ച് അരുളിച്ചെയ്തത് അവനു നിവർത്തിച്ചുകൊടുക്കുവാൻ തക്കവണ്ണം അബ്രാഹാം തന്‍റെ മക്കളോടും തനിക്കു ശേഷമുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട് യഹോവയുടെ വഴിയിൽ നടക്കുവാൻ കല്പിക്കേണ്ടതിന് ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.”
20പിന്നെ യഹോവ: “സൊദോമിനും ഗൊമോരയ്ക്കുമെതിരെയുള്ള നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നതുകൊണ്ട് 21ഞാൻ ചെന്നു സൊദോമിനും ഗൊമോരയ്ക്കുമെതിരെ എന്‍റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ അങ്ങനെ പ്രവർത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും” എന്നു അരുളിച്ചെയ്തു.
22അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്ക് പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നെ നിന്നു. 23അബ്രാഹാം അടുത്തുചെന്ന് പറഞ്ഞത്: “ദുഷ്ടനോടുകൂടെ നീതിമാനെയും അവിടുന്നു സംഹരിക്കുമോ? 24പക്ഷേ ആ പട്ടണത്തിൽ അമ്പത് നീതിമാന്മാർ ഉണ്ടെങ്കിൽ അവിടുന്ന് അതിനെ സംഹരിക്കുമോ? അതിലെ അമ്പത് നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോട് ക്ഷമിക്കയില്ലയോ? 25നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെയും സംഹരിക്കുന്ന ഇങ്ങനെയുള്ള കാര്യം ചെയ്യുവാൻ അങ്ങേയ്ക്ക് ഇടവരാതിരിക്കട്ടെ. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവർത്തിക്കാതിരിക്കുമോ?”
26അതിന് യഹോവ: “ഞാൻ സൊദോമിൽ, പട്ടണത്തിനകത്ത്, അമ്പത് നീതിമാന്മാരെ കണ്ടെത്തുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും” എന്നു അരുളിച്ചെയ്തു.
27അതിന് അബ്രാഹാം: “പൊടിയും ചാരവുമായ ഞാൻ കർത്താവിനോട് സംസാരിക്കുവാൻ ശ്രമിച്ചുവല്ലോ. 28അമ്പത് നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ട് അങ്ങ് ആ പട്ടണം മുഴുവനും നശിപ്പിക്കുമോ?“ എന്നു പറഞ്ഞു.
അതിന്: “നാല്പത്തഞ്ച് പേരെ ഞാൻ അവിടെ കണ്ടെത്തിയാൽ അതിനെ നശിപ്പിക്കയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു.
29അവൻ പിന്നെയും യഹോവയോട് സംസാരിച്ചു: “പക്ഷേ നാല്പതുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞതിന്: “ഞാൻ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കുകയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു.
30അതിന് അവൻ: “ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവ് കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞു.
“ഞാൻ മുപ്പതുപേരെ അവിടെ കണ്ടെത്തിയാൽ നശിപ്പിക്കയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു.
31“ഞാൻ കർത്താവിനോട് സംസാരിക്കുവാൻ ശ്രമിച്ചുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു അവൻ പറഞ്ഞതിന്:
“ഞാൻ ഇരുപതുപേരുടെ നിമിത്തം അത് നശിപ്പിക്കുകയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു.
32അപ്പോൾ അവൻ: “കർത്താവ് കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞു.
“ഞാൻ പത്തുപേരുടെ നിമിത്തം അത് നശിപ്പിക്കയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു.
33യഹോവ അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്ന് പോയി. അബ്രാഹാമും തന്‍റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.

Currently Selected:

ഉല്പ. 18: IRVMAL

ማድመቅ

Share

Copy

None

ያደመቋቸው ምንባቦች በሁሉም መሣሪያዎችዎ ላይ እንዲቀመጡ ይፈልጋሉ? ይመዝገቡ ወይም ይግቡ