የYouVersion አርማ
የፍለጋ አዶ

GENESIS 48

48
എഫ്രയീമിനെയും മനശ്ശെയെയും അനുഗ്രഹിക്കുന്നു
1പിതാവ് രോഗിയായിരിക്കുന്നു എന്ന വിവരം യോസേഫ് അറിഞ്ഞപ്പോൾ പുത്രന്മാരായ മനശ്ശെയെയും എഫ്രയിമീനെയും കൂട്ടിക്കൊണ്ട് അദ്ദേഹത്തെ സന്ദർശിച്ചു. 2യോസേഫ് തന്നെ കാണാൻ വന്നിരിക്കുന്നു എന്ന് അറിയിച്ചപ്പോൾ യാക്കോബ് തന്റെ ശക്തി മുഴുവൻ സംഭരിച്ചു കട്ടിലിൽ എഴുന്നേറ്റിരുന്നു. 3യാക്കോബ് യോസേഫിനോടു പറഞ്ഞു: “കനാനിലെ ലൂസിൽവച്ചു സർവശക്തനായ ദൈവം എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു. 4അവിടുന്ന് എന്നോടു പറഞ്ഞു: ‘ഞാൻ നിനക്ക് അനേകം സന്താനങ്ങളെ നല്‌കും; അനേകം ജനതകൾ നിന്നിൽനിന്ന് ഉദ്ഭവിക്കും; ഈ ദേശം നിന്റെ ഭാവിതലമുറകൾക്ക് എന്നേക്കും അവകാശമായി നല്‌കുകയും ചെയ്യും.’ 5യാക്കോബു തുടർന്നു, “ഞാൻ ഈജിപ്തിൽ വരുന്നതിനു മുമ്പു നിനക്കിവിടെവച്ചു ജനിച്ച രണ്ടു പുത്രന്മാരും എനിക്കുള്ളവരാണ്; രൂബേനെയും ശിമെയോനെയുംപോലെതന്നെ അവർ എന്റെ മക്കളാകുന്നു. 6അവർ ജനിച്ചതിനുശേഷമുള്ള മക്കളെല്ലാവരും നിനക്കുള്ളവരായിരിക്കും; അവരുടെ അവകാശങ്ങളെ സംബന്ധിച്ചിടത്തോളം അവർ തങ്ങളുടെ സഹോദരന്മാരുടെ പേരിൽത്തന്നെ അറിയപ്പെടും. 7ഞാൻ പദ്ദനിൽനിന്നു വരുന്ന വഴി എഫ്രാത്തിലെത്താൻ കുറച്ചുദൂരം മാത്രമുള്ളപ്പോൾ കനാൻദേശത്തുവച്ചു നിന്റെ അമ്മ റാഹേൽ മരിച്ചു. അത് എനിക്ക് തീവ്രദുഃഖമുളവാക്കി; ഞാൻ അവളെ എഫ്രാത്തിലേക്കുള്ള വഴിയിൽ ബേത്‍ലഹേമിൽ സംസ്കരിക്കുകയും ചെയ്തു.” 8യാക്കോബു യോസേഫിന്റെ പുത്രന്മാരെ കണ്ടപ്പോൾ “ഇവർ ആരാണ്” എന്നു ചോദിച്ചു. 9യോസേഫ് പിതാവിനോടു പറഞ്ഞു: “ഇവർ ഇവിടെവച്ചു ദൈവം എനിക്കു ദാനം ചെയ്ത പുത്രന്മാരാണ്.” യാക്കോബു പറഞ്ഞു: “അവരെ എന്റെ അടുത്തു കൊണ്ടുവരിക. ഞാൻ അവരെ അനുഗ്രഹിക്കട്ടെ. 10പ്രായാധിക്യത്താൽ കണ്ണു മങ്ങിയിരുന്നതുകൊണ്ട് അവരെ കാണാൻ യാക്കോബിനു കഴിഞ്ഞില്ല; യോസേഫ് അവരെ പിതാവിന്റെ അടുത്തു കൊണ്ടുചെന്നപ്പോൾ അദ്ദേഹം അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു. 11യാക്കോബു യോസേഫിനോടു പറഞ്ഞു: “നിന്നെ വീണ്ടും കാണാനാകുമെന്നു ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല; നിന്റെ മക്കളെക്കൂടി കാണാൻ ദൈവം എനിക്ക് ഇടവരുത്തി.” 12യോസേഫ് അവരെ പിതാവിന്റെ മടിയിൽനിന്നു മാറ്റി നിർത്തിയതിനുശേഷം അദ്ദേഹത്തെ നമസ്കരിച്ചു. 13യോസേഫ് തന്റെ വലംകൈകൊണ്ടു പിടിച്ച് എഫ്രയീമിനെ യാക്കോബിന്റെ ഇടതുവശത്തും, തന്റെ ഇടംകൈകൊണ്ടു പിടിച്ച് മനശ്ശെയെ യാക്കോബിന്റെ വലതുവശത്തും നിർത്തി, ഇരുവരെയും അദ്ദേഹത്തിന്റെ അടുത്തു കൊണ്ടുവന്നു. 14എന്നാൽ, യാക്കോബ് വലതുകൈ നീട്ടി ഇടതുവശത്തു നിന്ന ഇളയപുത്രൻ എഫ്രയീമിന്റെ തലയിലും ഇടതുകൈ നീട്ടി വലതുവശത്തു നിന്ന മൂത്തപുത്രൻ മനശ്ശെയുടെ തലയിലും വച്ചു. 15അദ്ദേഹം യോസേഫിനെ അനുഗ്രഹിച്ചു പറഞ്ഞു: “എന്റെ പിതാക്കന്മാരായ അബ്രഹാമും ഇസ്ഹാക്കും ആരാധിച്ചിരുന്ന ദൈവം, എന്റെ ജീവിതകാലം മുഴുവൻ ഇന്നുവരെയും എന്നെ വഴി നടത്തിയ ദൈവം, 16എന്നെ സകല അപകടങ്ങളിൽനിന്നും രക്ഷിച്ച ദൂതൻ ഈ കുട്ടികളെ അനുഗ്രഹിക്കട്ടെ. എന്റെ നാമവും എന്റെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും നാമവും ഇവരിലൂടെ നിലനില്‌ക്കുമാറാകട്ടെ. ഇവർ ഭൂമിയിൽ ഒരു വലിയ ജനതയായിത്തീരട്ടെ.” 17യാക്കോബ് വലതുകൈ എഫ്രയീമിന്റെ തലയിൽ വച്ചത് കണ്ടപ്പോൾ യോസേഫിനു നീരസം തോന്നി. എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ വയ്‍ക്കുന്നതിനു യോസേഫ് പിതാവിന്റെ കൈ പിടിച്ചുമാറ്റി. 18പിതാവിനോടു പറഞ്ഞു: “അപ്പാ, ഇങ്ങനെയരുത്; ഇവനല്ലേ മൂത്തപുത്രൻ. അതുകൊണ്ട് അങ്ങയുടെ വലതുകൈ ഇവന്റെ തലയിൽ വയ്‍ക്കുക.” 19പിതാവ് അതിനു വിസമ്മതിച്ചു; “മകനേ അതെനിക്കറിയാം; മനശ്ശെയുടെ സന്തതികളും ഒരു വലിയ ജനതയായിത്തീരും; എന്നാൽ അനുജൻ ജ്യേഷ്ഠനെക്കാൾ വലിയവനാകും. അവന്റെ പിൻതലമുറക്കാർ അനേകം ജനതകളായി പെരുകും.” 20അന്നുതന്നെ അദ്ദേഹം അവരെ അനുഗ്രഹിച്ചു പറഞ്ഞു: “ഇസ്രായേല്യർ അനുഗ്രഹാശിസ്സുകൾ നല്‌കുമ്പോൾ നിങ്ങളെ എഫ്രയീമിനെയും മനശ്ശെയെയും പോലെ ആക്കട്ടെ എന്നു പറയും”. ഇങ്ങനെ യാക്കോബു എഫ്രയീമിനെ മനശ്ശെയ്‍ക്കു മുമ്പനാക്കി. 21പിന്നീട് യാക്കോബു യോസേഫിനോടു പറഞ്ഞു: “എന്റെ മരണസമയം അടുത്തിരിക്കുന്നു; എങ്കിലും ദൈവം നിന്റെ കൂടെയിരുന്ന് നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു നിങ്ങളെ മടക്കി വരുത്തുമാറാക്കും. 22നിന്റെ സഹോദരന്മാർക്കു നല്‌കിയതിൽ കൂടുതലായി ഞാൻ വാളും വില്ലുംകൊണ്ട് അമോര്യരുടെ പക്കൽനിന്നു പിടിച്ചെടുത്ത മലഞ്ചരിവും നിനക്കു നല്‌കും.”

Currently Selected:

GENESIS 48: malclBSI

ማድመቅ

Share

Copy

None

ያደመቋቸው ምንባቦች በሁሉም መሣሪያዎችዎ ላይ እንዲቀመጡ ይፈልጋሉ? ይመዝገቡ ወይም ይግቡ