ഉല്പത്തി 12
12
1 #
അപ്പൊ. പ്രവൃത്തികൾ 7:2,3; എബ്രായർ 11:8 യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക. 2ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. 3#ഗലാത്യർ 3:8നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും. 4യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു. 5അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു കനാൻദേശത്തു എത്തി. 6അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോൻമോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യൻ ദേശത്തു പാർത്തിരുന്നു. 7#അപ്പൊ. പ്രവൃത്തികൾ 7:5; ഗലാത്യർ 3:16യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു. 8അവൻ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻ യഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു. 9അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.
10ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീർന്നതുകൊണ്ടു അബ്രാം മിസ്രയീമിൽ ചെന്നുപാർപ്പാൻ അവിടേക്കു പോയി. 11മിസ്രയീമിൽ എത്തുമാറായപ്പോൾ അവൻ തന്റെ ഭാര്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൗന്ദര്യമുള്ള സ്ത്രീയെന്നു ഞാൻ അറിയുന്നു. 12മിസ്രയീമ്യർ നിന്നെ കാണുമ്പോൾ: ഇവൾ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും. 13#ഉല്പത്തി 20:2; 26:7നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാൽ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാൻ ജീവിച്ചിരിക്കയും ചെയ്യും. 14അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്ത്രീ അതിസുന്ദരി എന്നു മിസ്രയീമ്യർ കണ്ടു. 15ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടിവന്നു. 16അവളുടെ നിമിത്തം അവൻ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു. 17അബ്രാമിന്റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു. 18അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചു: നീ എന്നോടു ഈ ചെയ്തതു എന്തു? അവൾ നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു? 19അവൾ എന്റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാൻ അവളെ ഭാര്യയായിട്ടു എടുപ്പാൻ സംഗതി വന്നുപോയല്ലോ; ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു. 20ഫറവോൻ അവനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവർ അവനെയും അവന്റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.