LUKA 21
21
വിധവയുടെ കാണിക്ക
(മർക്കോ. 12:41-44)
1യേശു തല ഉയർത്തി ചുറ്റും നോക്കിയപ്പോൾ ദേവാലയത്തിലെ ഭണ്ഡാരത്തിൽ ധനികന്മാർ കാണിക്ക ഇടുന്നതു കണ്ടു. 2പാവപ്പെട്ട ഒരു വിധവ രണ്ടു ചെറിയ ചെമ്പുകാശ് ഇടുന്നതും അവിടുത്തെ ദൃഷ്‍ടിയിൽപ്പെട്ടു. 3“വാസ്തവത്തിൽ ദരിദ്രയായ ഈ വിധവ എല്ലാവരെയുംകാൾ അധികം അർപ്പിച്ചിരിക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. 4മറ്റുള്ളവരെല്ലാം അവരുടെ സമൃദ്ധിയിൽനിന്നത്രേ സമർപ്പിച്ചത്. ഈ വിധവയാകട്ടെ, തന്റെ ദാരിദ്ര്യത്തിൽനിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും അർപ്പിച്ചിരിക്കുന്നു എന്ന് അവിടുന്നു പറഞ്ഞു.
ദേവാലയത്തിന്റെ നാശത്തെപ്പറ്റി
(മത്താ. 24:1-2; മർക്കോ. 13:1-2)
5ചിലർ ദേവാലയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. വിലപ്പെട്ട ശിലകൾകൊണ്ടും നേർച്ചവസ്തുക്കൾകൊണ്ടും എത്ര മനോഹരമായി അത് അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്ന് അവർ പറഞ്ഞു. 6“നിങ്ങൾ ഈ കാണുന്നതെല്ലാം കല്ലിന്മേൽ മറ്റൊരു കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തപ്പെടുന്ന കാലം വരും” എന്ന് യേശു അപ്പോൾ പറഞ്ഞു.
കഷ്ടതകളും പീഡനങ്ങളും
(മത്താ. 24:3-14; മർക്കോ. 13:3-13)
7ഉടനെ അവർ ചോദിച്ചു: “ഗുരോ, ഈ കാര്യങ്ങൾ എപ്പോൾ സംഭവിക്കും? അതിനുള്ള അടയാളം എന്തായിരിക്കും?”
8യേശു അരുൾചെയ്തു: “നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക; ‘ഞാനാകുന്നു അവൻ’ എന്നും, ‘സമയം അടുത്തിരിക്കുന്നു’ എന്നും പറഞ്ഞ് പലരും എന്റെ നാമത്തിൽ വരും. 9നിങ്ങൾ അവരുടെ പിന്നാലെ പോകരുത്. യുദ്ധങ്ങളെയും വിപ്ലവങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഭയപ്പെടുകയുമരുത്; ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതുതന്നെ. എന്നാൽ ഉടനെ അന്ത്യം സംഭവിക്കുകയില്ല.”
10യേശു തുടർന്നു പറഞ്ഞു: “വംശം വംശത്തോടും രാഷ്ട്രം രാഷ്ട്രത്തോടും എതിർക്കും; 11വലിയ ഭൂകമ്പങ്ങളും പലയിടങ്ങളിലും ക്ഷാമങ്ങളും മാരകമായ സാംക്രമികരോഗങ്ങളും ഉണ്ടാകും. ഭീകരമായ കാഴ്ചകളും ആകാശത്തു വലിയ അടയാളങ്ങളും ദൃശ്യമാകും. 12ഇവയെല്ലാം സംഭവിക്കുന്നതിനുമുമ്പ് എന്റെ നാമത്തെ പ്രതി അവർ നിങ്ങളെ പിടിച്ചു ദണ്ഡിപ്പിക്കുകയും സുനഗോഗിന്റെ അധികാരികളെ ഏല്പിച്ച് കാരാഗൃഹങ്ങളിൽ അടയ്‍ക്കുക മാത്രമല്ല രാജാക്കന്മാരുടെയും ഗവർണർമാരുടെയും മുമ്പിൽ ഹാജരാക്കുകയും ചെയ്യും. 13നിങ്ങൾക്കു സാക്ഷ്യം വഹിക്കുവാനുള്ള സന്ദർഭമായിരിക്കും അത്. 14എങ്ങനെ മറുപടി പറയണമെന്നുള്ളതിനെപ്പറ്റി നിങ്ങൾ മുൻകൂട്ടി ആലോചിക്കേണ്ടതില്ലെന്നു മനസ്സിൽ ഉറച്ചുകൊള്ളുക. 15എന്തുകൊണ്ടെന്നാൽ നിങ്ങളുടെ എതിരാളികൾക്ക് ആർക്കും എതിർത്തു നില്‌ക്കുവാനോ, നിഷേധിക്കുവാനോ കഴിയാത്ത വിധത്തിലുള്ള ജ്ഞാനവും വാഗ്‍വൈഭവവും ഞാൻ നിങ്ങൾക്കു നല്‌കും. 16മാതാപിതാക്കളും സഹോദരന്മാരും സ്നേഹിതന്മാരും ബന്ധുക്കളും നിങ്ങളെ അധികാരികൾക്ക് ഏല്പിച്ചുകൊടുക്കും; നിങ്ങളിൽ ചിലരെ അവർ കൊല്ലുകയും ചെയ്യും. 17എന്റെ നാമത്തെപ്രതി എല്ലാവരും നിങ്ങളെ ദ്വേഷിക്കും. 18എങ്കിലും നിങ്ങളുടെ ഒരു തലമുടിപോലും നശിക്കുകയില്ല. 19സഹനശക്തിയോടെ ഉറച്ചു നില്‌ക്കുന്നതുമൂലം നിങ്ങളുടെ ജീവനെ നിങ്ങൾ നേടും.
യെരൂശലേമിന്റെ വിനാശത്തെപ്പറ്റി
(മത്താ. 24:15-21; മർക്കോ. 13:14-19)
20“സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ വിനാശം അടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളണം. 21അപ്പോൾ യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരങ്ങളിലുള്ളവർ അവിടംവിട്ടു പോകട്ടെ; നാട്ടിൻപുറത്തുള്ളവർ നഗരത്തിൽ പ്രവേശിക്കയുമരുത്; 22വേദലിഖിതമെല്ലാം നിറവേറുന്നതിനുള്ള ന്യായവിധിയുടെ ദിവസങ്ങളായിരിക്കും അവ. 23അക്കാലത്തു ഗർഭിണികൾക്കും മുലകുടിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുള്ള മാതാക്കൾക്കും ഹാ കഷ്ടം! അന്നു ഭൂമിയിൽ മഹാദുരിതവും ഈ ജനത്തിന്മേൽ ദൈവശിക്ഷയും ഉണ്ടാകും; 24അവർ വാളിനിരയായി നിലംപതിക്കും; വിജാതീയർ അവരെ തടവുകാരാക്കി നാനാ രാജ്യങ്ങളിലേക്കും കൊണ്ടുപോകും; തങ്ങളുടെ ആധിപത്യകാലം കഴിയുന്നതുവരെ വിജാതീയർ യെരൂശലേമിനെ ചവിട്ടിമെതിക്കും.”
മനുഷ്യപുത്രന്റെ വരവ്
(മത്താ. 24:29-31; മർക്കോ. 13:24-27)
25“സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ ദൃശ്യമാകും; സമുദ്രത്തിന്റെയും അതിലെ തിരമാലകളുടെയും അലർച്ചമൂലം ഭൂമുഖത്തെങ്ങുമുള്ള ജനങ്ങൾ വ്യാകുലപരവശരായി അന്ധാളിക്കും. 26ആകാശത്തിലെ ശക്തികൾ അവയുടെ സഞ്ചാരപഥങ്ങളിൽനിന്ന് ഇളക്കി മാറ്റപ്പെടും. ഭൂതലത്തിന് എന്താണു സംഭവിക്കുവാൻ പോകുന്നതെന്നോർത്തു ഭയപ്പെട്ട് മനുഷ്യർ അസ്തപ്രജ്ഞരാകും. 27അപ്പോൾ മനുഷ്യപുത്രൻ പ്രഭാവത്തോടും മഹാതേജസ്സോടുംകൂടി മേഘത്തിൽ വരുന്നത് അവർ കാണും. 28ഇവയെല്ലാം സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നതുകൊണ്ട് നിങ്ങൾ തല ഉയർത്തി നിവർന്നു നില്‌ക്കുക.”
അത്തിവൃക്ഷത്തിന്റെ ദൃഷ്ടാന്തം
(മത്താ. 24:32-35; മർക്കോ. 13:28-31)
29യേശു അവരോട് ഒരു ദൃഷ്ടാന്തവും പറഞ്ഞു: “അത്തി തുടങ്ങിയ എല്ലാ വൃക്ഷങ്ങളെയും നോക്കുക; 30അവ തളിർക്കുന്നതു കാണുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങൾ മനസ്സിലാക്കുന്നു. 31അതുപോലെ ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക.
32“ഈ തലമുറ നീങ്ങിപ്പോകുന്നതിനു മുമ്പുതന്നെ ഇവയെല്ലാം സംഭവിക്കുമെന്നു ഞാൻ ഉറപ്പിച്ചുപറയുന്നു. 33ആകാശവും ഭൂമിയും നീങ്ങിപ്പോകും; പക്ഷേ എന്റെ വാക്കുകൾ ഒരിക്കലും നീങ്ങിപ്പോകുകയില്ല.
ജാഗരൂകരായിരിക്കുക
34“നിങ്ങൾ ജാഗരൂകരായിരിക്കുക! നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്തിലും മദ്യപാനത്തിലും ഐഹിക ജീവിതചിന്താഭാരത്തിലും മുഴുകിപ്പോകരുത്; ആ ദിവസം അപ്രതീക്ഷിതമായി വന്നുചേരുമെന്ന് ഓർത്തുകൊള്ളുക. 35ഭൂമുഖത്തുള്ള സകല മനുഷ്യരുടെയുംമേൽ ആ ദിവസം ഒരു കെണിപോലെ വരും. 36വരാൻപോകുന്ന ഈ സംഭവങ്ങളിൽനിന്നെല്ലാം രക്ഷപെടുന്നതിനും മനുഷ്യപുത്രന്റെ മുമ്പിൽ നില്‌ക്കുന്നതിനും പ്രാപ്തരായിത്തീരുന്നതിന് നിങ്ങൾ എപ്പോഴും പ്രാർഥനാപൂർവം ജാഗ്രതയുള്ളവരായിരിക്കുക.”
37യേശു പകൽതോറും ദേവാലയത്തിൽ ജനങ്ങളെ പഠിപ്പിക്കുകയും രാത്രി ഒലിവുമലയിൽ കഴിയുകയും ചെയ്തുപോന്നു. 38ജനമെല്ലാം അവിടുത്തെ പ്രബോധനം കേൾക്കുവാൻ അതിരാവിലെ ദേവാലയത്തിൽ എത്തുമായിരുന്നു.
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.