YouVersion 標誌
搜尋圖標

JOHANA 3

3
നിക്കോദിമോസും യേശുവും
1യെഹൂദപ്രമാണിമാരുടെ കൂട്ടത്തിൽ നിക്കോദിമോസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു. 2അയാൾ രാത്രിയിൽ യേശുവിന്റെ അടുക്കൽ ചെന്ന് ഇങ്ങനെ പറഞ്ഞു: “റബ്ബീ, അങ്ങ് ദൈവസന്നിധിയിൽ നിന്നു വന്ന ഗുരുവാണെന്നു ഞങ്ങൾക്കറിയാം. ദൈവം കൂടെയില്ലാതെ അങ്ങു ചെയ്യുന്നതുപോലെയുള്ള ഈ അദ്ഭുതപ്രവൃത്തികൾ ആർക്കും ചെയ്യുവാൻ സാധ്യമല്ല.”
3യേശു നിക്കോദിമോസിനോട്, “ഒരുവൻ പുതുതായി ജനിക്കുന്നില്ലെങ്കിൽ അവന് ദൈവരാജ്യം ദർശിക്കുവാൻ കഴിയുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു” എന്ന് അരുൾചെയ്തു.
4നിക്കോദിമോസ് ചോദിച്ചു: “പ്രായംചെന്ന ഒരു മനുഷ്യൻ വീണ്ടും ജനിക്കുന്നതെങ്ങനെ? വീണ്ടും മാതാവിന്റെ ഗർഭാശയത്തിൽ പ്രവേശിച്ചു ജനിക്കുക സാധ്യമാണോ?”
5യേശു ഉത്തരമരുളി: “ഞാൻ ഉറപ്പിച്ചു പറയുന്നു: ഒരുവൻ ജലത്തിലും ആത്മാവിലുംകൂടി ജനിക്കുന്നില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ സാധ്യമല്ല. 6ഭൗതികശരീരത്തിൽനിന്നു ജനിക്കുന്നത് ഭൗതികശരീരവും ആത്മാവിൽനിന്നു ജനിക്കുന്നത് ആത്മാവുമാകുന്നു. 7നിങ്ങൾ വീണ്ടും ജനിക്കണമെന്നു ഞാൻ പറയുമ്പോൾ ആശ്ചര്യപ്പെടരുത്. 8കാറ്റ് ഇഷ്ടമുള്ളിടത്തു വീശുന്നു; അതിന്റെ ശബ്ദം നിങ്ങൾ കേൾക്കുന്നു; എങ്കിലും, എവിടെനിന്നു വരുന്നു എന്നോ, എങ്ങോട്ടു പോകുന്നു എന്നോ, നിങ്ങൾ അറിയുന്നില്ല. ആത്മാവിൽനിന്നു ജനിക്കുന്നവനും അങ്ങനെതന്നെ.
9നിക്കോദിമോസ് യേശുവിനോടു ചോദിച്ചു: “ഇതെങ്ങനെയാണു സംഭവിക്കുക?”
10യേശു പറഞ്ഞു: “താങ്കൾ ഇസ്രായേലിന്റെ ഒരു ഗുരുവായിട്ടും ഈ വക കാര്യങ്ങൾ മനസ്സിലാക്കിയിട്ടില്ലേ? 11ഞാൻ ഉറപ്പിച്ചു പറയുന്നു. ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കുകയും ഞങ്ങൾ കണ്ടതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പക്ഷേ, ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുന്നില്ല. 12ഞാൻ ഭൗമികകാര്യങ്ങൾ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയമായ കാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? 13സ്വർഗത്തിൽ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും സ്വർഗത്തിൽ കയറിയിട്ടില്ല.”
14-15മോശ മരുഭൂമിയിൽവച്ചു സർപ്പത്തെ ഉയർത്തിയതുപോലെ, മനുഷ്യപുത്രനും തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും അനശ്വരജീവൻ ലഭിക്കേണ്ടതിന് ഉയർത്തപ്പെടേണ്ടതാണ്. 16തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവർ ആരും നശിച്ചുപോകാതെ അനശ്വരജീവൻ പ്രാപിക്കേണ്ടതിന് ആ പുത്രനെ നല്‌കുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. 17ലോകത്തെ വിധിക്കുവാനല്ല ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്; പ്രത്യുത, പുത്രൻ മൂലം ലോകത്തെ രക്ഷിക്കുവാനാണ്.
18പുത്രനിൽ വിശ്വസിക്കുന്ന ഒരുവനും വിധിക്കപ്പെടുന്നില്ല; വിശ്വസിക്കാത്തവൻ വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു; ദൈവത്തിന്റെ ഏകപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതിനാൽത്തന്നെ. 19മനുഷ്യരുടെ പ്രവൃത്തികൾ ദുഷ്ടതനിറഞ്ഞവയായതിനാൽ വെളിച്ചം ലോകത്തിൽ വന്നിട്ടും വെളിച്ചത്തെക്കാൾ അധികം ഇരുളിനെ അവർ സ്നേഹിച്ചു. ഇതത്രേ ന്യായവിധി. 20അധമപ്രവൃത്തികൾ ചെയ്യുന്ന ഏതൊരുവനും വെളിച്ചത്തെ വെറുക്കുന്നു. തന്റെ പ്രവൃത്തികൾ വെളിച്ചത്താകുമെന്നുള്ളതിനാൽ അവൻ വെളിച്ചത്തിലേക്കു വരുന്നില്ല. 21എന്നാൽ സത്യം പ്രവർത്തിക്കുന്നവൻ തന്റെ പ്രവൃത്തികൾ ദൈവത്തെ മുൻനിറുത്തി ചെയ്തിട്ടുള്ളതാണെന്നു വ്യക്തമാകത്തക്കവിധം വെളിച്ചത്തിലേക്കു വരുന്നു.
യേശുവും സ്നാപകയോഹന്നാനും
22അനന്തരം യേശുവും ശിഷ്യന്മാരും യെഹൂദ്യദേശത്തേക്കു പോയി, അവിടുന്ന് അവരോടുകൂടി അവിടെ താമസിക്കുകയും സ്നാപനം നടത്തുകയും ചെയ്തു. 23ശാലേമിനു സമീപം ഐനോനിൽ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട് യോഹന്നാൻ അവിടെ സ്നാപനം നടത്തിക്കൊണ്ടിരുന്നു. ജനങ്ങൾ അവിടെയെത്തി സ്നാപനം സ്വീകരിച്ചു. 24യോഹന്നാൻ അന്നു കാരാഗൃഹത്തിൽ അടയ്‍ക്കപ്പെട്ടിരുന്നില്ല.
25യോഹന്നാന്റെ ചില ശിഷ്യന്മാരും ഒരു #3:25 ചില കൈയെഴുത്തു പ്രതികളിൽ ‘ചില യെഹൂദന്മാരും’ എന്നാണ്. യെഹൂദനും തമ്മിൽ ശാസ്ത്രവിധിപ്രകാരമുള്ള ശുദ്ധീകരണത്തെ സംബന്ധിച്ച് തർക്കമുണ്ടായി. 26അവർ വന്നു യോഹന്നാനോടു പറഞ്ഞു: “ഗുരോ, യോർദ്ദാന്റെ മറുകരവച്ച് അങ്ങ് ഒരാളെ ചൂണ്ടിക്കൊണ്ട് സാക്ഷ്യം പറഞ്ഞല്ലോ. അദ്ദേഹം ഇപ്പോൾ സ്നാപനം നടത്തിക്കൊണ്ടിരിക്കുന്നു; എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുന്നു.”
27യോഹന്നാൻ പറഞ്ഞു: “ദൈവം നല്‌കാതെ ആർക്കും ഒന്നും സിദ്ധിക്കുന്നില്ല. 28ഞാൻ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനുമുമ്പേ അയയ്‍ക്കപ്പെട്ടവൻ മാത്രമാണെന്നും ഞാൻ പറഞ്ഞതിനു നിങ്ങൾതന്നെ സാക്ഷികളാണല്ലോ. 29മണവാട്ടി ഉള്ളവനാണു മണവാളൻ. മണവാളന്റെ സ്നേഹിതൻ അടുത്തുനിന്ന് അയാളുടെ സ്വരം കേട്ട് അത്യന്തം ആനന്ദിക്കുന്നു. ഈ ആനന്ദം എനിക്കു പൂർണമായിരിക്കുന്നു. 30അവിടുന്നു വളരുകയും ഞാൻ കുറയുകയും വേണം.”
സ്വർഗത്തിൽ നിന്നു വരുന്നവൻ
31ഉന്നതത്തിൽനിന്നു വരുന്നവൻ എല്ലാവരെയുംകാൾ സമുന്നതനാണ്. ഭൂമിയിൽനിന്നുള്ളവൻ ഭൗമികനാകുന്നു; ഭൗമികകാര്യങ്ങൾ അവൻ സംസാരിക്കുന്നു. സ്വർഗത്തിൽനിന്നു വരുന്നവൻ എല്ലാവരെയുംകാൾ സമുന്നതനാണ്. 32താൻ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ള കാര്യങ്ങൾക്ക് അവിടുന്നു സാക്ഷ്യം വഹിക്കുന്നു; എന്നിട്ടും അവിടുത്തെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. 33ആ സാക്ഷ്യം സ്വീകരിക്കുന്നവൻ ദൈവം സത്യവാൻ എന്ന് അംഗീകരിക്കുന്നു. 34ദൈവം അയച്ചവൻ ദൈവവചനങ്ങൾ ഉച്ചരിക്കുന്നു. ആത്മാവിനെ അളവുകൂടാതെയാണു ദൈവം നല്‌കുന്നത്. 35പിതാവു പുത്രനെ സ്നേഹിക്കുന്നതുകൊണ്ട് സമസ്തവും അവിടുത്തെ കൈകളിൽ ഏല്പിച്ചിരിക്കുന്നു. 36പുത്രനിൽ വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവൻ ജീവൻ പ്രാപിക്കുകയില്ല; എന്തെന്നാൽ അവൻ ദൈവകോപത്തിനു വിധേയനാണ്.

目前選定:

JOHANA 3: malclBSI

醒目顯示

分享

複製

None

想在你所有裝置上儲存你的醒目顯示?註冊帳戶或登入