യോഹന്നാൻ 14

14
1 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. 2എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. 3ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും 4ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു. 5തോമാസ് അവനോടു: കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു: 6ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. 7നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു. 8ഫിലിപ്പൊസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. 9യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിഞ്ഞില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ? 10ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. 11ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. 12ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും. 13നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും. 14നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും. 15നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും. 16എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. 17ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു. 18ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും. 19കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും. 20ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും. 21എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കും; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും. 22ഈസ്കര്യോത്താവല്ലാത്ത യൂദാ അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു. 23യേശു അവനോടു: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും. 24എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.
25 ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 26എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും. 27സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു. 28ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ. 29അതു സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു. 30ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല. 31എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ; നാം പോക.

Märk

Dela

Kopiera

None

Vill du ha dina höjdpunkter sparade på alla dina enheter? Registrera dig eller logga in