YouVersion logo
Dugme za pretraživanje

ലൂക്കൊസ് 21

21
1അവൻ തലപൊക്കി ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാടു ഇടുന്നതു കണ്ടു. 2ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവൻ: 3ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 4എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.
5ചിലർ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ: 6ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും എന്നു അവൻ പറഞ്ഞു. 7ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു. 8അതിന്നു അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു. 9നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ; അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു. 10പിന്നെ അവൻ അവരോടു പറഞ്ഞതു: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. 11വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും. 12ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും. 13അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും. 14#ലൂക്കൊസ് 12:11,12ആകയാൽ പ്രതിവാദിപ്പാൻ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന്നു മനസ്സിൽ ഉറെച്ചുകൊൾവിൻ. 15നിങ്ങളുടെ എതിരികൾക്കു ആർക്കും ചെറുപ്പാനോ എതിർ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും. 16എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും. 17എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും. 18നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും. 19നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.
20 സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. 21അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു. 22#ഹോശേയ 9:7എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു. 23ആ കാലത്തു ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും. 24അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും. 25#യെശയ്യാവു 13:10; യെഹെസ്കേൽ 32:7; യോവേൽ 2:31; വെളിപ്പാടു 6:12,13സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും. 26ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും. 27#ദാനീയേൽ 7:13; വെളിപ്പാടു 1:7അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും. 28ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.
29ഒരുപമയും അവരോടു പറഞ്ഞതു: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ. 30അവ തളിർക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ. 31അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ. 32സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 33ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
34 നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ. 35അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. 36ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.
37 # ലൂക്കൊസ് 19:47 അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഓലിവ്മലയിൽ പോയി പാർക്കും. 38ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന്നു അതികാലത്തു ദൈവലായത്തിൽ അവന്റെ അടുക്കൽ ചെല്ലും.

Istaknuto

Podijeli

Kopiraj

None

Želiš li da tvoje istaknuto bude sačuvano na svim tvojim uređajima? Kreiraj nalog ili se prijavi

Video za ലൂക്കൊസ് 21