JOHANA 2
2
കാനായിലെ കല്യാണം
1മൂന്നാം ദിവസം ഗലീലയിലെ കാനായിൽ ഒരു കല്യാണം ഉണ്ടായിരുന്നു. യേശുവിന്റെ അമ്മയും അവിടെ എത്തിയിരുന്നു. 2യേശുവും ശിഷ്യന്മാരും ആ വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. 3അവിടെ വീഞ്ഞു തികയാതെ വന്നതിനാൽ യേശുവിന്റെ അമ്മ യേശുവിന്റെ അടുക്കൽ ചെന്ന് “അവർക്ക് വീഞ്ഞില്ല” എന്നു പറഞ്ഞു.
4അപ്പോൾ യേശു: “സ്‍ത്രീയേ, ഇതിൽ എനിക്കും നിങ്ങൾക്കും എന്തുകാര്യം? എന്റെ സമയം ഇതുവരെയും ആയിട്ടില്ല” എന്നു പറഞ്ഞു.
5യേശുവിന്റെ അമ്മ പരിചാരകരോട്: “യേശു പറയുന്നത് എന്തായാലും അതു നിങ്ങൾ ചെയ്യുക” എന്നു പറഞ്ഞു.
6യെഹൂദന്മാരുടെ ആചാരപ്രകാരമുള്ള ശുദ്ധീകരണത്തിനു വെള്ളം നിറച്ചുവയ്‍ക്കുന്ന ആറു കല്ഭരണികൾ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും നൂറു നൂറ്റമ്പതു ലിറ്റർ വെള്ളം കൊള്ളുമായിരുന്നു. 7യേശു പരിചാരകരോട്: “ആ കല്ഭരണികളിൽ വെള്ളം നിറയ്‍ക്കുക” എന്നു പറഞ്ഞു. അവർ അവയുടെ വക്കുവരെ വെള്ളം നിറച്ചു. 8“ഇനി ഇതു പകർന്നു വിരുന്നിന്റെ മേൽനോട്ടം വഹിക്കുന്ന ആളിന്റെ അടുക്കൽ കൊണ്ടുചെല്ലുക” എന്നും യേശു ആജ്ഞാപിച്ചു. അവർ അങ്ങനെ ചെയ്തു. 9വീഞ്ഞായിത്തീർന്ന വെള്ളം അയാൾ രുചിച്ചു നോക്കി. അതെവിടെനിന്നു കിട്ടിയെന്ന് അയാൾ അറിഞ്ഞില്ല. വെള്ളം കോരിക്കൊണ്ടുചെന്ന പരിചാരകർ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. 10വിരുന്നിന്റെ മേൽനോട്ടം വഹിക്കുന്നയാൾ മണവാളനെ വിളിച്ചു പറഞ്ഞു: “എല്ലാവരും നല്ല വീഞ്ഞാണ് ആദ്യം വിളമ്പുക; ലഹരി പിടിച്ചശേഷമേ മോശമായതു വിളമ്പാറുള്ളൂ. എന്നാൽ നിങ്ങൾ ഈ നല്ല വീഞ്ഞ് ഇതുവരെ സൂക്ഷിച്ചുവച്ചിരുന്നല്ലോ.”
11യേശുവിന്റെ ദിവ്യമഹത്ത്വം പ്രകടമാക്കിയ ആദ്യത്തെ അടയാളപ്രവൃത്തി ആയിരുന്നു, ഗലീലയിലെ കാനായിൽ നടന്ന ഈ സംഭവം. അത് അവിടുത്തെ മഹത്ത്വം വെളിപ്പെടുത്തി. ശിഷ്യന്മാർ യേശുവിൽ വിശ്വസിക്കുകയും ചെയ്തു.
12അനന്തരം യേശു തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടി കഫർന്നഹൂമിലേക്കു പോയി. അവിടെ അവർ ഏതാനും ദിവസങ്ങൾ താമസിച്ചു.
യേശു ദേവാലയത്തിൽ
(മത്താ. 21:12-13; മർക്കോ. 11:15-17; ലൂക്കോ. 19:45-46)
13യെഹൂദന്മാരുടെ പെസഹാപെരുന്നാൾ സമീപിച്ചിരുന്നു. അതിനാൽ യേശു യെരൂശലേമിലേക്കുപോയി. 14ദേവാലയത്തിൽ ആടുമാടുകളെയും പ്രാക്കളെയും വിൽക്കുന്നവരെയും നാണയം മാറിക്കൊടുക്കുന്ന വ്യാപാരത്തിലേർപ്പെട്ടിരിക്കുന്നവരെയും കണ്ടിട്ട് 15യേശു കയറുകൊണ്ട് ഒരു ചാട്ട ഉണ്ടാക്കി, അവിടെ വ്യാപാരം ചെയ്തുകൊണ്ടിരുന്ന എല്ലാവരെയും ആടുമാടുകളെയും അവിടെനിന്നു പുറത്താക്കി; നാണയം മാറുന്നവരുടെ മേശകൾ മറിച്ചിട്ടു പണം ചിതറിച്ചുകളഞ്ഞു. 16പ്രാക്കളെ വിൽക്കുന്നവരോട് “ഇവയെല്ലാം ഇവിടെനിന്നു കൊണ്ടുപോകൂ; എന്റെ പിതാവിന്റെ ഭവനം വ്യാപാരശാല ആക്കിക്കൂടാ” എന്നു പറഞ്ഞു. 17“അവിടുത്തെ ആലയത്തെക്കുറിച്ചുള്ള ശുഷ്കാന്തി എന്നെ ഗ്രസിച്ചുകളയും” എന്ന വേദലിഖിതം ശിഷ്യന്മാർ ആ സമയത്ത് അനുസ്മരിച്ചു. 18യെഹൂദന്മാർ അവിടുത്തോട്: “ഇവയെല്ലാം ചെയ്യുവാൻ താങ്കൾക്ക് അധികാരമുണ്ടെന്നുള്ളതിന് എന്താണ് അടയാളം? ഞങ്ങൾക്കു കാണിച്ചുതരൂ” എന്നു പറഞ്ഞു.
19“ഈ ആലയം നശിപ്പിക്കുക; മൂന്നു ദിവസംകൊണ്ട് ഞാനിതു വീണ്ടും പണിയാം” എന്ന് യേശു പ്രതിവചിച്ചു.
20ഉടനെ യെഹൂദന്മാർ അവിടുത്തോടു ചോദിച്ചു: “നാല്പത്തിയാറു വർഷംകൊണ്ടാണ് ഈ ദേവാലയം നിർമിച്ചത്. ഇതു മൂന്നു ദിവസംകൊണ്ടു താങ്കൾ വീണ്ടും പണിയുമെന്നോ?”
21എന്നാൽ തന്റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചായിരുന്നു യേശു സൂചിപ്പിച്ചത്. 22യേശു പറഞ്ഞ ഈ വാക്കുകൾ അവിടുന്ന് മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റപ്പോൾ ശിഷ്യന്മാർ അനുസ്മരിച്ചു. അങ്ങനെ അവർ വേദലിഖിതവും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
23പെസഹാപെരുന്നാളിന് യേശു യെരൂശലേമിൽ ആയിരുന്നപ്പോൾ ചെയ്ത അദ്ഭുതപ്രവൃത്തികൾ കണ്ട് അനേകമാളുകൾ അവിടുത്തെ നാമത്തിൽ വിശ്വസിച്ചു. 24എന്നാൽ യേശു എല്ലാവരെയും അറിഞ്ഞിരുന്നതുകൊണ്ട് അവരിൽ വിശ്വാസം അർപ്പിച്ചില്ല. 25മനുഷ്യന്റെ അന്തർഗതം അറിയാമായിരുന്നതുകൊണ്ട് അവരെപ്പറ്റി മറ്റാരുടെയും സാക്ഷ്യം യേശുവിന് ആവശ്യമില്ലായിരുന്നു.
Trenutno izabrano:
JOHANA 2: malclBSI
Istaknuto
Podijeli
Kopiraj
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fsr.png&w=128&q=75)
Želiš li da tvoje istaknuto bude sačuvano na svim tvojim uređajima? Kreiraj nalog ili se prijavi
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.