ലൂക്കൊസ് 11

11
1അവൻ ഒരു സ്ഥലത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു; തീർന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു. 2അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: [സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; [നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;] 3ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. 4ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ: [ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.]
5പിന്നെ അവൻ അവരോടു പറഞ്ഞതു: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ടു എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്കു അവന്റെ അടുക്കൽ ചെന്നു: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം; 6എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവന്നു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാൽ: 7എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാൻ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും 8അവൻ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 9യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. 10യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 11എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ? 12മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? 13അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
14ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു. 15#മത്തായി 9:34; 10:25അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു. 16#മത്തായി 12:38; 16:1; മർക്കൊസ് 8:11വേറെ ചിലർ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു. 17അവൻ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓരോന്നും വീഴും. 18സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ. 19ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും. 20എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. 21ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു. 22അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സർവ്വായുധവർഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു. 23#മർക്കൊസ് 9:40എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. 24അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടു: ഞാൻ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു, 25അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. 26അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതിൽ കടന്നു പാർത്തിട്ടു ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാൾ വല്ലാതെയായി ഭവിക്കും.
27ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു. 28അതിന്നു അവൻ:അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
29 # മത്തായി 16:4; മർക്കൊസ് 8:12 പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞുതുടങ്ങിയതു: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല. 30#യോനാ 3:4യോനാ നീനെവേക്കാർക്കു അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറെക്കും ആകും. 31#1. രാജാക്കന്മാർ 10:1-10; 2. ദിനവൃത്താന്തം 9:1-12തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ. 32#യോനാ 3:5നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.
33 # മത്തായി 5:15; മർക്കൊസ് 4:21; ലൂക്കൊസ് 8:16 വിളക്കു കൊളുത്തീട്ടു ആരും നിലവറയിലോ പറയിൻ കീഴിലോ വെക്കാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു. 34ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ. 35ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക. 36നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.
37അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു. 38മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചര്യപ്പെട്ടു. 39കർത്താവു അവനോടു: പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. 40മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയതു? 41അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും എന്നു പറഞ്ഞു.
42 # ലേവ്യപുസ്തകം 27:30 പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം. 43പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം; 44നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല.
45ന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോടു: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു. 46അതിന്നു അവൻ പറഞ്ഞതു: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല. 47നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു. 48അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു. 49അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതു: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും. 50ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവിൽവെച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ 51#ഉല്പത്തി 4:8; 2. ദിനവൃത്താന്തം 24:20,21ലോക സ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 52ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.
53അവൻ അവിടംവിട്ടുപോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും 54അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായിൽ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.

Highlight

Kongsi

Salin

None

Ingin menyimpan sorotan merentas semua peranti anda? Mendaftar atau log masuk

Video untuk ലൂക്കൊസ് 11