JOHANA 11

11
ലാസറിന്റെ മരണം
1ബേഥാന്യക്കാരനായ ലാസർ എന്നൊരാൾ രോഗിയായി കിടന്നിരുന്നു. മറിയമിന്റെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായിരുന്നു ബേഥാന്യ. 2കർത്താവിന്റെ തൃപ്പാദങ്ങളിൽ സുഗന്ധതൈലം പൂശി തന്റെ തലമുടികൊണ്ടു തുടച്ചത് ഈ മറിയമാണ്. അവരുടെ സഹോദരനായിരുന്നു രോഗിയായി കിടന്നിരുന്ന ലാസർ. 3ആ സഹോദരികൾ യേശുവിന്റെ അടുക്കൽ ആളയച്ചു: “കർത്താവേ, അങ്ങയുടെ പ്രിയപ്പെട്ട സ്നേഹിതൻ രോഗിയായി കിടക്കുന്നു” എന്ന് അറിയിച്ചു.
4ഇതു കേട്ടപ്പോൾ യേശു പറഞ്ഞു: “ഈ രോഗം മരണത്തിൽ അവസാനിക്കുവാനുള്ളതല്ല; ഇതു ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടിയുള്ളതാണ്. ദൈവപുത്രൻ ഇതിൽക്കൂടി പ്രകീർത്തിക്കപ്പെടും.”
5യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു. 6എങ്കിലും ലാസർ രോഗിയായി കിടക്കുന്നു എന്നു കേട്ടിട്ടും അവിടുന്ന് രണ്ടു ദിവസംകൂടി അവിടെത്തന്നെ താമസിച്ചു. 7അനന്തരം യേശു ശിഷ്യന്മാരോട്, “നമുക്കു വീണ്ടും യെഹൂദ്യയിലേക്കു പോകാം എന്നു പറഞ്ഞു.”
8അപ്പോൾ ശിഷ്യന്മാർ ചോദിച്ചു: “ഗുരോ, യെഹൂദ്യയിലെ ജനങ്ങൾ അങ്ങയെ കല്ലെറിയാൻ ഭാവിച്ചിട്ട് അധികകാലം ആയില്ലല്ലോ. എന്നിട്ടും അങ്ങു വീണ്ടും അവിടേക്കുതന്നെ പോകുകയാണോ?”
9യേശു ഉത്തരമരുളി: “പകലിനു പന്ത്രണ്ടു മണിക്കൂറല്ലേ ഉള്ളത്? പകൽ നടക്കുന്നവൻ ഈ ലോകത്തിന്റെ പ്രകാശം കാണുന്നതുകൊണ്ട് തട്ടിവീഴുകയില്ല. 10എന്നാൽ രാത്രിയിൽ നടക്കുന്നവനിൽ വെളിച്ചമില്ലാത്തതിനാൽ അവൻ കാലിടറി വീഴും.” 11അവിടുന്നു വീണ്ടും പറഞ്ഞു: “നമ്മുടെ സ്നേഹിതനായ ലാസർ ഉറങ്ങുകയാണ്. അയാളെ ഉണർത്തുന്നതിനായി ഞാൻ പോകുന്നു.”
12അപ്പോൾ ശിഷ്യന്മാർ “ലാസർ ഉറങ്ങുകയാണെങ്കിൽ അയാൾ സുഖം പ്രാപിക്കും” എന്നു പറഞ്ഞു.
13ലാസറിന്റെ മരണത്തെക്കുറിച്ചായിരുന്നു യേശു സൂചിപ്പിച്ചത്. പക്ഷേ അയാൾ ഉറങ്ങി വിശ്രമിക്കുകയാണെന്നത്രേ ശിഷ്യന്മാർ ധരിച്ചത്. 14അതുകൊണ്ട് യേശു സ്പഷ്ടമായി പറഞ്ഞു: 15“ലാസർ മരിച്ചുപോയി; ഞാൻ അവിടെ ഇല്ലാതിരുന്നതിനാൽ നിങ്ങൾ നിമിത്തം ഞാൻ സന്തോഷിക്കുന്നു. എന്തെന്നാൽ നിങ്ങൾ വിശ്വസിക്കുവാൻ ഇതു കാരണമാകുമല്ലോ. ഏതായാലും നമുക്ക് അയാളുടെ അടുക്കലേക്കു പോകാം.”
16അപ്പോൾ ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്: “അവിടുത്തോടുകൂടി മരിക്കുവാൻ നമുക്കും പോകാം” എന്നു സഹശിഷ്യന്മാരോടു പറഞ്ഞു.
യേശു - പുനരുത്ഥാനവും ജീവനും
17യേശു അവിടെയെത്തിയപ്പോൾ ലാസറിനെ കല്ലറയിൽ വച്ചിട്ടു നാലു ദിവസം കഴിഞ്ഞു എന്നറിഞ്ഞു. 18യെരൂശലേമിനു വളരെ അടുത്താണ് ബേഥാന്യ. ഏകദേശം മൂന്നു കിലോമീറ്റർ ദൂരം മാത്രം. 19അതുകൊണ്ടു സഹോദരന്റെ നിര്യാണംമൂലം ദുഃഖിതരായ മാർത്തയെയും മറിയമിനെയും ആശ്വസിപ്പിക്കുവാൻ ഒട്ടേറെ യെഹൂദന്മാർ അവിടെയെത്തിയിരുന്നു.
20യേശു വരുന്നു എന്നു കേട്ടപ്പോൾ അവിടുത്തെ സ്വീകരിക്കുവാൻ മാർത്ത ഇറങ്ങിച്ചെന്നു. മറിയമാകട്ടെ വീട്ടിൽത്തന്നെ ഇരുന്നു. 21മാർത്ത യേശുവിനോട്, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. 22എങ്കിലും അങ്ങു ചോദിക്കുന്നതെന്തും ദൈവം നല്‌കുമെന്ന് ഇപ്പോഴും എനിക്കറിയാം” എന്നു പറഞ്ഞു.
23യേശു മാർത്തയോട്, “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്‌ക്കും” എന്നു പറഞ്ഞു.
24അപ്പോൾ മാർത്ത പറഞ്ഞു: “അന്തിമനാളിലെ പുനരുത്ഥാനത്തിൽ എന്റെ സഹോദരൻ ഉയിർത്തെഴുന്നേല്‌ക്കുമെന്ന് എനിക്കറിയാം.”
25യേശു അവളോട് അരുൾചെയ്തു: “ഞാൻ തന്നെയാണു പുനരുത്ഥാനവും ജീവനും. 26എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരിക്കുമ്പോൾ എന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും ഒരുനാളും മരിക്കുകയില്ല; ഇതു നീ വിശ്വസിക്കുന്നുവോ?”
27“ഉവ്വ് കർത്താവേ, ലോകത്തിലേക്കു വരുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്ന ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു മാർത്ത പ്രതിവചിച്ചു.
യേശു കണ്ണീരൊഴുക്കുന്നു
28ഇത്രയും പറഞ്ഞിട്ട് മാർത്ത തിരിച്ചുപോയി മറിയമിനെ രഹസ്യമായി വിളിച്ച്, “ഗുരു വന്നിട്ടുണ്ട്, നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു. 29ഉടനെ മറിയം എഴുന്നേറ്റ് യേശുവിന്റെ അടുക്കലേക്കു പോയി. 30അതുവരെ യേശു ഗ്രാമത്തിൽ പ്രവേശിക്കാതെ മാർത്ത അദ്ദേഹത്തെ എതിരേറ്റ സ്ഥലത്തുതന്നെ നില്‌ക്കുകയായിരുന്നു. 31മറിയം തിടുക്കത്തിൽ എഴുന്നേറ്റു പോകുന്നത് അവളെ സാന്ത്വനപ്പെടുത്തിക്കൊണ്ടു വീട്ടിൽ ഇരുന്ന യെഹൂദന്മാർ കണ്ടു. അവൾ ശവക്കല്ലറയ്‍ക്കടുത്തു ചെന്നു വിലപിക്കുവാൻ പോകുകയായിരിക്കുമെന്നു വിചാരിച്ച് അവർ അവളുടെ പിന്നാലെ ചെന്നു.
32യേശു നിന്നിരുന്ന സ്ഥലത്ത് മറിയം എത്തി. അവിടുത്തെ കണ്ടപ്പോൾ മറിയം അവിടുത്തെ കാല്‌ക്കൽ വീണു, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു.
33അവളും കൂടെയുണ്ടായിരുന്ന യെഹൂദന്മാരും കരയുന്നതു കണ്ടപ്പോൾ ദുഃഖംകൊണ്ട് യേശുവിന്റെ അന്തരംഗം നൊന്തുകലങ്ങി. 34അവിടുന്ന് അവരോട് ചോദിച്ചു: “അവനെ എവിടെയാണു സംസ്കരിച്ചത്?”
അവർ മറുപടിയായി, “കർത്താവേ, വന്നു കണ്ടാലും” എന്നു പറഞ്ഞു.
35യേശു കണ്ണുനീർ ചൊരിഞ്ഞു.
36അപ്പോൾ യെഹൂദന്മാർ പറഞ്ഞു: “നോക്കൂ, അദ്ദേഹം അയാളെ എത്രയധികം സ്നേഹിച്ചിരുന്നു!”
37എന്നാൽ ചിലർ ചോദിച്ചു: “അന്ധനു കാഴ്ചനല്‌കിയ ഇദ്ദേഹത്തിന് ഈ മനുഷ്യന്റെ മരണം ഒഴിവാക്കാൻ കഴിയുമായിരുന്നില്ലേ?”
ലാസറിനെ ഉയിർപ്പിക്കുന്നു
38യേശു വീണ്ടും ദുഃഖാർത്തനായി ലാസറിന്റെ കല്ലറയ്‍ക്കു സമീപമെത്തി. അതൊരു ഗുഹ ആയിരുന്നു. അതിന്റെ വാതില്‌ക്കൽ ഒരു കല്ലും വച്ചിരുന്നു.
39“ആ കല്ലെടുത്തു മാറ്റുക” എന്ന് യേശു ആജ്ഞാപിച്ചു. മരിച്ചുപോയ ലാസറിന്റെ സഹോദരി മാർത്ത പറഞ്ഞു: “കർത്താവേ, മരിച്ചിട്ട് നാലു ദിവസമായല്ലോ; ഇപ്പോൾ ദുർഗന്ധം ഉണ്ടായിരിക്കും.”
40യേശു അവളോട്, “നീ വിശ്വസിക്കുന്നു എങ്കിൽ ദൈവത്തിന്റെ മഹത്ത്വം കാണുമെന്നു ഞാൻ പറഞ്ഞില്ലേ?” എന്നു ചോദിച്ചു. അവർ ഗുഹാദ്വാരത്തിൽനിന്നു കല്ലു നീക്കി. 41യേശു കണ്ണുകൾ ഉയർത്തി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, എന്റെ പ്രാർഥന അങ്ങു കേട്ടതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു. 42അങ്ങ് എപ്പോഴും എന്റെ പ്രാർഥന കേൾക്കുന്നു എന്നു ഞാൻ അറിയുന്നു; എന്നാൽ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്ന് എന്റെ ചുറ്റും നില്‌ക്കുന്ന ജനങ്ങൾ വിശ്വസിക്കുന്നതിനുവേണ്ടിയത്രേ ഞാനിതു പറയുന്നത്. 43ഇങ്ങനെ പറഞ്ഞശേഷം അവിടുന്ന് “ലാസറേ, പുറത്തുവരിക” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഉടനെ മരിച്ചവൻ പുറത്തുവന്നു. 44അയാളുടെ കൈകാലുകൾ തുണികൊണ്ടു ചുറ്റപ്പെട്ടിരുന്നു; മുഖം ഒരു തുവാലകൊണ്ടു മൂടിയുമിരുന്നു. യേശു അവരോട് “അവന്റെ കെട്ടുകൾ അഴിക്കുക; അവൻ പൊയ്‍ക്കൊള്ളട്ടെ” എന്നു കല്പിച്ചു.
യേശുവിനെ വധിക്കുവാൻ ഗൂഢാലോചന
(മത്താ. 26:1-5; മർക്കോ. 14:1-2; ലൂക്കോ. 22:1-2)
45മാർത്തയെയും മറിയമിനെയും സന്ദർശിക്കുവാൻ വന്ന യെഹൂദന്മാരിൽ പലരും യേശു ചെയ്ത ഈ അദ്ഭുതം കണ്ട് തന്നിൽ വിശ്വസിച്ചു. 46എന്നാൽ അവരിൽ ചിലർ യേശു ചെയ്തത് പരീശന്മാരോടു പോയി അറിയിച്ചു. 47പുരോഹിതമുഖ്യന്മാരും പരീശന്മാരും സന്നദ്രിംസമിതി വിളിച്ചുകൂട്ടി: “നാം എന്താണു ചെയ്യുക! ഈ മനുഷ്യൻ ഒട്ടുവളരെ അടയാളപ്രവൃത്തികൾ ചെയ്യുന്നുവല്ലോ. 48ഇങ്ങനെ മുന്നോട്ടു പോകാൻ അനുവദിച്ചാൽ എല്ലാവരും ഇയാളിൽ വിശ്വസിക്കും; റോമൻ അധികാരികൾ വന്ന് നമ്മുടെ നാടിനെയും ജനതയെയും നശിപ്പിക്കുകയും ചെയ്യും” എന്നു പറഞ്ഞു.
49അവിടെ കൂടിയിരുന്നവരിൽ ഒരാൾ ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാസ് ആയിരുന്നു. 50അദ്ദേഹം അവരോട് “നിങ്ങൾക്ക് ഒന്നുംതന്നെ അറിഞ്ഞുകൂടാ; ഒരു ജനത മുഴുവൻ നശിക്കാതിരിക്കുന്നതിന് അവർക്കു പകരം ഒരുവൻ മരിക്കുന്നത് യുക്തമെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ലേ?” എന്നു ചോദിച്ചു. 51ഇത് അദ്ദേഹം സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, യെഹൂദ ജനതയ്‍ക്കുവേണ്ടി മാത്രമല്ല, 52ചിന്നിച്ചിതറപ്പെട്ട ദൈവമക്കളെ എല്ലാവരെയും ഒരുമിച്ച് കൂട്ടിച്ചേർക്കുന്നതിനുവേണ്ടി യേശു മരിക്കണമെന്നുള്ളത്, ആ വർഷത്തെ മഹാപുരോഹിതൻ എന്ന നിലയ്‍ക്ക്, അദ്ദേഹം ഒരു പ്രവാചകനായി പറയുകയാണു ചെയ്തത്.
53അന്നുമുതൽ യേശുവിനെ വധിക്കുന്നതിനെപ്പറ്റി അവർ ആലോചിച്ചുകൊണ്ടിരുന്നു. 54അതുകൊണ്ട് പിന്നീട് യേശു പരസ്യമായി യെഹൂദന്മാരുടെ ഇടയിൽ സഞ്ചരിക്കാതെ വിജനപ്രദേശത്തിനടുത്തുള്ള എഫ്രയീം എന്ന പട്ടണത്തിലേക്കു പോയി ശിഷ്യന്മാരോടുകൂടി അവിടെ പാർത്തു.
55യെഹൂദന്മാരുടെ പെസഹാപെരുന്നാൾ സമീപിച്ചിരുന്നു. അതിനുമുമ്പ് തങ്ങളുടെ ശുദ്ധീകരണകർമം നടത്തുന്നതിനുവേണ്ടി നാട്ടിൻപുറങ്ങളിൽനിന്നു ധാരാളം ആളുകൾ പെസഹായ്‍ക്കു മുമ്പുതന്നെ യെരൂശലേമിലെത്തി. 56അവർ യേശുവിനെ അന്വേഷിച്ചു കൊണ്ടിരുന്നു. “നിങ്ങൾക്ക് എന്തു തോന്നുന്നു? അയാൾ പെരുന്നാളിനു വരികയില്ലേ?” എന്ന് ദേവാലയത്തിൽവച്ച് അവർ അന്യോന്യം ചോദിച്ചു. 57യേശു എവിടെയെങ്കിലും ഉള്ളതായി ആരെങ്കിലും അറിഞ്ഞാൽ അവിടുത്തെ പിടിക്കുന്നതിനുവേണ്ടി വിവരം തങ്ങളെ അറിയിക്കണമെന്ന് പുരോഹിതമുഖ്യന്മാരും പരീശന്മാരും ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

Terpilih Sekarang Ini:

JOHANA 11: malclBSI

Highlight

Kongsi

Salin

None

Ingin menyimpan sorotan merentas semua peranti anda? Mendaftar atau log masuk