റോമർ 8:18-27
നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു. സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായയ്ക്കു കീഴ്പെട്ടിരിക്കുന്നു, മനഃപൂർവമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പന നിമിത്തമത്രേ. സർവസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു. പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു. അവ്വണ്ണംതന്നെ ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുന്നു. വേണ്ടുംപോലെ പ്രാർഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവുതന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. എന്നാൽ ആത്മാവു വിശുദ്ധർക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു.
റോമർ 8:18-27