ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1ഉദാഹരണം
'തണുപ്പിക്കുന്ന ‘നാവ്’
ജോലി സ്ഥലത്ത് നമ്മുടെ തെറ്റുകള്‍ അല്ലാതെ തന്നെ മേലധികാരിയുടെ വഴക്കുകള്‍ നാം കേള്‍ക്കാറുണ്ട്.
എന്നാല്‍ അത്തരം നിമിഷങ്ങളില്‍ ചിലര്‍ മൗനമാകുകയും, അദ്ദേഹത്തിന്റെ പിരിമുറുക്കം മാറുന്ന സന്ദര്‍ഭത്തില്‍ താന്‍ തെറ്റുകാരന്‍ അല്ല എന്ന് തെളിയിക്കുകയും ചെയ്യാറുണ്ട്.
മറ്റ് ചിലര്‍ ആകട്ടെ അപ്പോള്‍ത്തന്നെ പ്രതികരിക്കുകയും അത് പിന്നീട് അവരുടെ ജോലിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.
കുടുംബ ജീവിതത്തിലും പിരിമുറുക്കം അനുഭവിക്കുന്ന പങ്കാളിയുടെ വാക്കുകള്‍ കേട്ട് ചിലര്‍ പൊട്ടിത്തെറിക്കും. അത്തരക്കാരുടെ ഭവനങ്ങളില്‍ സമാധാനം അന്യമായിരിക്കും.
എന്നാല്‍ മൗനം പാലിക്കുന്ന പങ്കാളിയോട് അല്‍പ്പം കഴിഞ്ഞ് ‘സോറി’ പറയുന്നത് ഭവനങ്ങളില്‍ സന്തോഷം വന്നുചേരും.
സ്നേഹത്തിനു വേണ്ടി വിട്ടുവീഴ്ചകള്‍ ചെയുന്നത് തോല്‍വിയല്ല എന്ന തിരിച്ചറിവുകള്‍ ജീവിതത്തില്‍ കൂടുതല്‍ വിജയം വരിക്കാന്‍ നമ്മെ സഹായിക്കും. ചെറിയ കാര്യങ്ങളില്‍ കൂടുതല്‍ ആനന്ദം കണ്ടെത്തുവാന്‍ വായ് കടിഞ്ഞാണിട്ടു കാക്കുക മാത്രം ചെയ്താല്‍ മതി. അതുകൊണ്ട് നമ്മുടെ വാക്കുകള്‍ എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാല്‍ രുചിവരുത്തിയതുമാക്കുവാന്‍ ശ്രദ്ധിക്കാം.
മനസ്സ് വിഷമിച്ചിരിക്കുമ്പോള്‍ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ച് സന്തോഷം കണ്ടെത്തുന്നവരുണ്ട്. പ്രതിസന്ധികളില്‍ കൂടെ നില്‍ക്കും എന്ന് കരുതിയ സ്നേഹിതരും ബന്ധുക്കളും
കുത്തുവാക്കുകള്‍ പറഞ്ഞു അകലുമ്പോള്‍, ജീവിതത്തില്‍ ഒറ്റപെടുന്ന നിമിഷങ്ങളില്‍ ‘ഒരു ആശ്വാസ വാക്കെങ്കിലും
കേട്ടിരുന്നെങ്കില്‍’ എന്ന് ചിന്തിച്ചവര്‍ ഉണ്ടാകും. അങ്ങനെയുള്ളവരെ ഒരു വാക്ക് കൊണ്ടെങ്കിലും ആശ്വസിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു പ്രവര്‍ത്തി തന്നെ ആണ്.
ഹൃദയത്തില്‍ കവിയുന്നത് ആണല്ലോ വായ് പ്രസ്താവിക്കുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ പിരിമുറുക്കം അനുഭവിക്കുന്നവരുടെ വായില്‍നിന്ന് നിന്ന് വരുന്ന വാക്കുകള്‍ എപ്രകരമായിരിക്കും എന്ന് അനുവാചകര്‍ക്ക് ഊഹിക്കാമല്ലോ.
എന്നാല്‍ ഒരു ഭക്തന്‍റെ ഹൃദയം ശുഭ വചനത്താല്‍ കവിയുന്നു. തന്‍റെ അധരങ്ങളില്‍ നിന്നും പുറപ്പെടുന്ന വചനം മറ്റുള്ളവരുടെ ഹൃദയം തണുപ്പിക്കാനും, ദുഖങ്ങളില്‍ ആശ്വാസമേകുവാനും ഇടയാകും.
സാക്ഷാല്‍ ‘വചന’മായ ക്രിസ്തുവിനെ പകരുമ്പോള്‍ അത് ലോകം നല്‍കുന്ന സമാധാനമല്ല, ദിവ്യ സമാധാനം തന്നെ അവര്‍ക്ക് ലഭിക്കും.
ശൗലിന്റെ ആയുധം കുന്തമായിരുന്നെങ്കില്‍ ദാവീദിന്റെ ആയുധം കിന്നരമായിരുന്നു. നവയുഗ ആത്മീയഗോളത്തില്‍ ‘നാവ്’ ഒരു ആയുധമാണ്. ചിലര്‍ ആ നാവ് ‘കുന്തം’ പോലെ മറ്റുള്ളവരെ
കുത്തി നോവിക്കുവാന്‍ ശ്രമിക്കുന്നു, എന്നാല്‍ ചുരുക്കം ചിലര്‍ ‘കിന്നരം’ കൊണ്ട് മറ്റുള്ളവരുടെ ആത്മാവിന് ഇമ്പം പകരുന്ന സംഗീതംപോലുള്ള വാക്കുകളാല്‍ അവരുടെ ജീവിതം ആസ്വാദ്യകരമാക്കുന്നു.
മനോവ്യസനംകൊണ്ട് പ്രാര്‍ത്ഥന കഴിച്ച് ആലയത്തില്‍ നിന്ന് മടങ്ങുന്ന ഹന്നയോട്, ഏലി പുരോഹിതന്‍ “സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നലകുമാറാകട്ടെ” എന്നു പറഞ്ഞപ്പോള്‍ അവള്‍ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.
നമ്മുടെ നല്ല വാക്കുകള്‍ മറ്റുള്ളവരുടെ മുഖം പ്രസന്നമാക്കും. ആളുകളോടു സംസാരവും, അവരെ സന്തോഷത്തോടെ വന്ദനം ചെയ്യന്ന വാക്കിനേക്കാൾ നല്ലതു മറ്റൊന്നില്ല.
വാല്‍കഷ്ണം:
നെറ്റി ചുളിക്കുവാൻ 72 പേശികൾ നമ്മുക്ക് ആവശ്യമാണ്, എന്നാൽ ചിരിക്കുവാൻ 14 എണ്ണം മാത്രം മതി. നമ്മുക്ക് ചിരിക്കാം, സംസാരിക്കാം.
നല്ല വാക്കുകള്‍ കൊണ്ട് വ്യക്തികളെ, കുടുംബങ്ങളെ, സമൂഹത്തെ വാര്‍ത്തെടുക്കാം.
(വായന ഭാഗം: "എന്‍റെ വായിലെ വാക്കുകൾ നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ." —സങ്കീ. 19:14)
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ക്രൈസ്തവ എഴുത്തുപുര പ്രസ്ഥാനങ്ങളുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളും, മാനേജ്‌മെന്റ് കൗൺസിൽ അംഗവും, എഴുത്തുകാരനും, പത്ര പ്രവർത്തകനുമാണ് ബിനു വടക്കുംചേരി.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://kraisthavaezhuthupura.com/youversion/