സങ്കീർത്തനങ്ങൾ 68:1-10

സങ്കീർത്തനങ്ങൾ 68:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവം എഴുന്നേല്ക്കുന്നു; അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു; അവനെ പകയ്ക്കുന്നവരും അവന്റെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു. പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു. എങ്കിലും നീതിമാന്മാർ സന്തോഷിച്ചു ദൈവസന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും. ദൈവത്തിനു പാടുവിൻ, അവന്റെ നാമത്തിനു സ്തുതി പാടുവിൻ; മരുഭൂമിയിൽക്കൂടി വാഹനമേറി വരുന്നവനു വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിപ്പിൻ. ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു. ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും. ദൈവമേ, നീ നിന്റെ ജനത്തിനു മുമ്പായി പുറപ്പെട്ടു മരുഭൂമിയിൽക്കൂടി നടകൊണ്ടപ്പോൾ- സേലാ. ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി. ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു. നിന്റെ കൂട്ടം അതിൽ പാർത്തു; ദൈവമേ, നിന്റെ ദയയാൽ നീ അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു.

സങ്കീർത്തനങ്ങൾ 68:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവമേ, എഴുന്നേല്‌ക്കണമേ, അവിടുത്തെ ശത്രുക്കൾ ചിതറിപ്പോകട്ടെ, ദൈവത്തെ ദ്വേഷിക്കുന്നവർ തിരുമുമ്പിൽനിന്ന് ഓടിപ്പോകട്ടെ. കാറ്റിൽപ്പെട്ട പുകപോലെ അവർ പാറിപ്പോകട്ടെ. തീയുടെ മുമ്പിൽ മെഴുകെന്നപോലെ ദുഷ്ടർ തിരുമുമ്പിൽ നശിക്കട്ടെ. എന്നാൽ നീതിമാന്മാർ സന്തോഷിക്കട്ടെ, അവിടുത്തെ സന്നിധിയിൽ അവർ ആഹ്ലാദിക്കട്ടെ. അവർ ആനന്ദഭരിതരാകട്ടെ. ദൈവത്തിനു സ്തുതി പാടുവിൻ, തിരുനാമത്തിനു സ്തുതിഗീതം ആലപിക്കുവിൻ. മേഘങ്ങളിൽ സഞ്ചരിക്കുന്നവന്, സ്തോത്രഗീതം ആലപിക്കുവിൻ. സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം, അവിടുത്തെ സന്നിധിയിൽ ആനന്ദിക്കുവിൻ. വിശുദ്ധമന്ദിരത്തിൽ വസിക്കുന്ന ദൈവം, അനാഥർക്കു പിതാവും വിധവകൾക്കു സംരക്ഷകനും ആകുന്നു. ഏകാകിക്ക് അവിടുന്നു കുടുംബം നല്‌കുന്നു. അവിടുന്നു ബന്ദികളെ സ്വതന്ത്രരാക്കി ഐശ്വര്യത്തിലേക്കു നയിക്കുന്നു. എന്നാൽ, ദൈവത്തോടു മത്സരിക്കുന്നവർ വരണ്ട ഭൂമിയിൽ പാർക്കും. ദൈവമേ, അവിടുത്തെ ജനത്തെ അങ്ങു നയിച്ചപ്പോൾ, മരുഭൂമിയിലൂടെ അങ്ങ് അവരുടെ മുമ്പിൽ നടന്നപ്പോൾ, ഇസ്രായേലിന്റെ ദൈവത്തിന്റെ സന്നിധിയിൽ, സീനായിയിലെ ദൈവത്തിന്റെ സാന്നിധ്യത്തിൽതന്നെ, ഭൂമി കുലുങ്ങി, ആകാശം മഴ ചൊരിഞ്ഞു. ദൈവമേ, അങ്ങു സമൃദ്ധമായി മഴ പെയ്യിച്ചു, അങ്ങയുടെ വാടിക്കരിഞ്ഞ ദേശത്തെ അവിടുന്നു പൂർവസ്ഥിതിയിലാക്കി. അങ്ങയുടെ അജഗണം അവിടെ പാർത്തു. അവിടുത്തെ നന്മയാൽ എളിയവർക്കു വേണ്ടതെല്ലാം അവിടുന്നു നല്‌കി.

സങ്കീർത്തനങ്ങൾ 68:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ദൈവം എഴുന്നേല്ക്കുമ്പോൾ അങ്ങേയുടെ ശത്രുക്കൾ ചിതറിപ്പോകുന്നു; അവിടുത്തെ വെറുക്കുന്നവരും തിരുമുമ്പിൽനിന്ന് ഓടിപ്പോകുന്നു. പുക പാറിപ്പോകുന്നതുപോലെ അവിടുന്ന് അവരെ പാറിക്കുന്നു; തീയിൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു. എങ്കിലും നീതിമാന്മാർ സന്തോഷിച്ച് ദൈവസന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും. ദൈവത്തിന് പാടുവിൻ, തിരുനാമത്തിന് സ്തുതിപാടുവിൻ; മരുഭൂമിയിൽക്കൂടി മുകളിലേക്ക് കയറി വരുന്നവന് വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവിടുത്തെ നാമം; തിരുമുമ്പിൽ ഉല്ലസിക്കുവിൻ. ദൈവം തന്‍റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്ക് പിതാവും വിധവമാർക്ക് സഹായകനും ആകുന്നു. ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവിടുന്ന് ബദ്ധന്മാരെ വിടുവിച്ച് സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്ത് വസിക്കും. ദൈവമേ, അങ്ങ് അങ്ങേയുടെ ജനത്തിന് മുമ്പായി പുറപ്പെട്ടു മരുഭൂമിയിൽക്കൂടി എഴുന്നെള്ളിയപ്പോൾ - സേലാ - ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു. ഈ സീനായി, യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മുമ്പിൽ കുലുങ്ങിപ്പോയി. ദൈവമേ, അവിടുന്ന് ധാരാളം മഴ പെയ്യിച്ച് ക്ഷീണിച്ചിരുന്ന അങ്ങേയുടെ അവകാശത്തെ തണുപ്പിച്ചു. അങ്ങേയുടെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു; ദൈവമേ, അങ്ങേയുടെ ദയയാൽ അവിടുന്ന് അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു.

സങ്കീർത്തനങ്ങൾ 68:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവം എഴുന്നേല്ക്കുന്നു; അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു; അവനെ പകെക്കുന്നവരും അവന്റെ മുമ്പിൽ നിന്നു ഓടിപ്പോകുന്നു. പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കൽ മെഴുകു ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു. എങ്കിലും നീതിമാന്മാർ സന്തോഷിച്ചു ദൈവ സന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും. ദൈവത്തിന്നു പാടുവിൻ, അവന്റെ നാമത്തിന്നു സ്തുതി പാടുവിൻ; മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിപ്പിൻ. ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു. ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും. ദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു മരുഭൂമിയിൽകൂടി നടകൊണ്ടപ്പോൾ - സേലാ - ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി. ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു. നിന്റെ കൂട്ടം അതിൽ പാർത്തു; ദൈവമേ, നിന്റെ ദയയാൽ നീ അതു എളിയവർക്കുവേണ്ടി ഒരുക്കിവെച്ചു.

സങ്കീർത്തനങ്ങൾ 68:1-10 സമകാലിക മലയാളവിവർത്തനം (MCV)

ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ; അവിടത്തെ എതിരാളികൾ അങ്ങയുടെമുമ്പിൽനിന്ന് പലായനംചെയ്യട്ടെ. പുക പാറുംപോലെ അങ്ങ് അവരെ പാറിക്കണമേ— അഗ്നിയിൽ മെഴുക് ഉരുകുന്നതുപോലെ ദൈവത്തിന്റെ മുമ്പിൽ ദുഷ്ടർ നശിച്ചുപോകട്ടെ. എന്നാൽ നീതിനിഷ്ഠർ ആഹ്ലാദിക്കുകയും ദൈവമുമ്പാകെ ഉല്ലസിക്കുകയും ചെയ്യട്ടെ; അവർ സന്തുഷ്ടരും ആനന്ദഭരിതരുമാകട്ടെ. ദൈവത്തിനു പാടുക, തിരുനാമത്തിന് സ്തുതിപാടുക, മേഘപാളികളിൽ യാത്രചെയ്യുന്നവനെ പുകഴ്ത്തുക; അവിടത്തെ സന്നിധിയിൽ ആനന്ദിക്കുക—യഹോവ എന്നാകുന്നു അവിടത്തെ നാമം. ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥർക്കു പിതാവും വിധവകൾക്കു പരിപാലകനും ആകുന്നു. ദൈവം ആലംബഹീനരെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു, അവിടന്ന് തടവുകാരെ സമൃദ്ധിയിലേക്ക് ആനയിക്കുന്നു; എന്നാൽ മത്സരികൾ വരണ്ടുണങ്ങിയ ദേശത്തു പാർക്കുന്നു. ദൈവമേ, അങ്ങയുടെ ജനത്തിന്റെ മുമ്പിൽക്കൂടെ അങ്ങ് കടന്നുപോയപ്പോൾ, അവിടന്ന് മരുഭൂമിയിൽക്കൂടി മുന്നേറിയപ്പോൾ, സേലാ. സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയ ദൈവത്തിന്റെ മുമ്പാകെ അതേ, ഇസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പാകെ ഭൂമി പ്രകമ്പനംകൊണ്ടു, ആകാശം മഴ ചൊരിഞ്ഞു. ദൈവമേ, അങ്ങ് സമൃദ്ധമായി മഴ പെയ്യിച്ചു; വാടിത്തളർന്ന അങ്ങയുടെ അവകാശത്തെ ഉന്മേഷപൂർണമാക്കി. അതിൽ അങ്ങയുടെ ജനം വാസമുറപ്പിച്ചു, ദൈവമേ, അവിടത്തെ സമൃദ്ധിയിൽനിന്ന് അങ്ങ് ദരിദ്രർക്കു വേണ്ടതെല്ലാം നൽകി.