സങ്കീർത്തനങ്ങൾ 32:5-11
സങ്കീർത്തനങ്ങൾ 32:5-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോട് ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ. ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്റെ അടുക്കലോളം എത്തുകയില്ല. നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും. സേലാ. ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്‍ടിവച്ച് നിനക്ക് ആലോചന പറഞ്ഞുതരും. നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയും പോലെയാകരുത്; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയുംകൊണ്ട് അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല. ദുഷ്ടനു വളരെ വേദനകൾ ഉണ്ട്; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും. നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ; ഹൃദയപരമാർഥികൾ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിൻ
സങ്കീർത്തനങ്ങൾ 32:5-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ എന്റെ അപരാധം അങ്ങയോട് ഏറ്റുപറഞ്ഞു. എന്റെ അതിക്രമങ്ങൾ ഞാൻ മറച്ചുവച്ചില്ല. എന്റെ അതിക്രമങ്ങൾ ഞാൻ സർവേശ്വരനോട് ഏറ്റുപറയുമെന്നു ഞാൻ പറഞ്ഞു. അപ്പോൾ അവിടുന്ന് എന്റെ പാപം ക്ഷമിച്ചു. അതുകൊണ്ടു ഭക്തന്മാർ അവിടുത്തോടു പ്രാർഥിക്കട്ടെ. കഷ്ടതകൾ പെരുവെള്ളംപോലെ ഇരച്ചുവന്നാലും അവ അവനെ ഗ്രസിച്ചുകളയുകയില്ല. അവിടുന്നാണ് എന്റെ ഒളിസങ്കേതം; കഷ്ടതയിൽനിന്ന് അവിടുന്നെന്നെ കാത്തുസൂക്ഷിക്കുന്നു; രക്ഷകൊണ്ട് എന്നെ പൊതിയുന്നു. നിന്റെ വഴി ഞാൻ നിനക്ക് ഉപദേശിച്ചുതരും; ഞാൻ ദൃഷ്‍ടി അയച്ച് നിനക്ക് ഉപദേശം തരും. നിങ്ങൾ വകതിരിവില്ലാത്ത കുതിരയെയും കോവർകഴുതയെയും പോലെയാകരുത്. മുഖപ്പട്ടയും കടിഞ്ഞാണും കൊണ്ടാണല്ലോ അവയെ നിയന്ത്രിക്കുന്നത്. അവ നിങ്ങൾക്കു കീഴ്പെടുന്നതും അതുകൊണ്ടാണല്ലോ. ദുർജനം നിരവധി വേദനകൾ അനുഭവിക്കേണ്ടതുണ്ട്; സർവേശ്വരനിൽ ശരണപ്പെടുന്നവരെ അവിടുത്തെ സ്നേഹം വലയംചെയ്യുന്നു. നീതിമാന്മാർ സർവേശ്വരനിൽ ആനന്ദിക്കട്ടെ; പരമാർഥഹൃദയമുള്ളവർ ഉല്ലസിച്ചു ഘോഷിക്കട്ടെ.
സങ്കീർത്തനങ്ങൾ 32:5-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ എന്റെ പാപം അങ്ങേയുടെ മുമ്പാകെ ഏറ്റുപറഞ്ഞു; എന്‍റെ അകൃത്യം മറച്ചതുമില്ല. “എന്‍റെ ലംഘനങ്ങൾ യഹോവയോട് ഏറ്റുപറയും” എന്നു ഞാൻ പറഞ്ഞു; അപ്പോൾ അവിടുന്ന് എന്‍റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ. ഇതു നിമിത്തം ഓരോ ഭക്തനും സഹായം ആവശ്യമുള്ള സമയത്ത് അങ്ങേയോടു പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്‍റെ അടുക്കൽ എത്തുകയില്ല. അവിടുന്ന് എനിക്ക് മറവിടമാകുന്നു; അവിടുന്ന് എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് അവിടുന്ന് എന്നെ ചുറ്റിക്കൊള്ളും. സേലാ. ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ട വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്‍റെമേൽ ദൃഷ്ടിവെച്ച് നിനക്കു ആലോചന പറഞ്ഞുതരും. നിങ്ങൾ തിരിച്ചറിവില്ലാത്ത കുതിരയെയും കോവർകഴുതയെയും പോലെ ആകരുത്; കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകുകയില്ല. ദുഷ്ടന് വളരെ വേദനകൾ ഉണ്ട്; എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവനെ ദയ സംരക്ഷിച്ചുകൊള്ളും. നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുവിൻ; ഹൃദയപരമാർത്ഥികൾ എല്ലാവരുമേ, ഘോഷിച്ചുല്ലസിക്കുവിൻ.
സങ്കീർത്തനങ്ങൾ 32:5-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ. ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അതു അവന്റെ അടുക്കലോളം എത്തുകയില്ല. നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. സേലാ. ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും. നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയുംകൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല. ദുഷ്ടന്നു വളരെ വേദനകൾ ഉണ്ടു; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും. നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ; ഹൃദയപരമാർത്ഥികൾ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിൻ.
സങ്കീർത്തനങ്ങൾ 32:5-11 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു എന്റെ അകൃത്യമൊന്നും മറച്ചുവെച്ചതുമില്ല. “എന്റെ കുറ്റം യഹോവയോട് ഏറ്റുപറയും,” എന്നു ഞാൻ പറഞ്ഞു. അപ്പോൾ എന്റെ പാപത്തിന്റെ കുറ്റം അങ്ങു ക്ഷമിച്ചുതന്നു. സേലാ. അതുകൊണ്ട് ദൈവഭക്തരായ ഓരോരുത്തരും അവസരം നഷ്ടപ്പെടുത്താതെ അങ്ങയോടു പ്രാർഥിക്കട്ടെ; അങ്ങനെയെങ്കിൽ പ്രളയജലത്തിന്റെ ഭീകരപ്രഭാവം അവരെ എത്തിപ്പിടിക്കുകയില്ല. അവിടന്ന് എന്റെ ഒളിയിടം ആകുന്നു; ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു; രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. സേലാ. നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും; നിന്റെമേൽ ദൃഷ്ടിവെച്ച് ഞാൻ നിനക്കു ബുദ്ധിയുപദേശം നൽകും. വിവേകശൂന്യമായ കുതിരയെയോ കോവർകഴുതയെയോപോലെ നീ പെരുമാറരുത്, അവയെ വരുതിയിലാക്കാൻ കടിഞ്ഞാണും കടിയിരുമ്പും ഉപയോഗിക്കേണ്ടതായി വരുന്നു അല്ലാത്തപക്ഷം നിനക്കവയെ നിയന്ത്രിക്കുക അസാധ്യം. ദുഷ്ടരുടെ അനർഥങ്ങൾ അസംഖ്യം, എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവരെ അവിടത്തെ അചഞ്ചലസ്നേഹം വലയംചെയ്യുന്നു. നീതിനിഷ്ഠരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക; ഹൃദയപരമാർഥികളേ, ആനന്ദിച്ചാർക്കുക!