സങ്കീർത്തനങ്ങൾ 119:159-168
സങ്കീർത്തനങ്ങൾ 119:159-168 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ. നിന്റെ വചനത്തിന്റെ സാരം സത്യംതന്നെ; നിന്റെ നീതിയുള്ള വിധികളൊക്കെയും എന്നേക്കുമുള്ളവ. പ്രഭുക്കന്മാർ വെറുതേ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനം നിമിത്തം എന്റെ ഹൃദയം പേടിക്കുന്നു. വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു. ഞാൻ ഭോഷ്കു പകച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു. നിന്റെ നീതിയുള്ള വിധികൾ നിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു. നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ട്; അവർക്കു വീഴ്ചയ്ക്കു സംഗതി ഏതുമില്ല. യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; നിന്റെ കല്പനകളെ ഞാൻ ആചരിക്കുന്നു. എന്റെ മനസ്സ് നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:159-168 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, അവിടുത്തെ കല്പനകൾ എനിക്ക് എത്ര പ്രിയങ്കരം! അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ജീവൻ കാത്തുകൊള്ളണമേ. അങ്ങയുടെ വചനത്തിന്റെ സാരം സത്യമാകുന്നു. അങ്ങയുടെ കല്പനകൾ നീതിയുക്തവും ശാശ്വതവുമാണ്. പ്രഭുക്കന്മാർ അകാരണമായി എന്നെ ഉപദ്രവിക്കുന്നു. എങ്കിലും അങ്ങയുടെ വചനത്തെ ഞാൻ ഭയഭക്തിയോടെ ആദരിക്കുന്നു. വലിയ കൊള്ളമുതൽ ലഭിച്ചവനെപ്പോലെ, ഞാൻ അങ്ങയുടെ വചനത്തിൽ ആനന്ദിക്കുന്നു. അസത്യത്തെ ഞാൻ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഞാൻ അവിടുത്തെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നു. അങ്ങയുടെ നീതിപൂർവകമായ കല്പനകൾക്കായി, ദിവസം ഏഴു പ്രാവശ്യം ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നവർക്ക് പൂർണസമാധാനമുണ്ട്. അവരെ പരാജയപ്പെടുത്താൻ യാതൊന്നിനും കഴിയുകയില്ല. സർവേശ്വരാ, അവിടുത്തെ രക്ഷയ്‍ക്കായി ഞാൻ കാത്തിരിക്കുന്നു. അവിടുത്തെ ആജ്ഞകൾ അനുസരിക്കുന്നു. ഞാൻ അങ്ങയുടെ കല്പനകൾ പാലിക്കുന്നു. ഞാൻ അവയെ വളരെയധികം സ്നേഹിക്കുന്നു. ഞാൻ അങ്ങയുടെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുന്നു. എന്റെ എല്ലാ വഴികളും അവിടുന്നു കാണുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 119:159-168 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങേയുടെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ടു, യഹോവേ, അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ. അങ്ങേയുടെ വചനത്തിന്‍റെ സാരം സത്യം തന്നെ; അങ്ങേയുടെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ. അധികാരികള്‍ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും അങ്ങേയുടെ വചനത്തെ എന്‍റെ ഹൃദയം ഭയപ്പെടുന്നു. വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ ഞാൻ അങ്ങേയുടെ വചനത്തിൽ ആനന്ദിക്കുന്നു. ഞാൻ ഭോഷ്ക് വെറുത്ത് അറയ്ക്കുന്നു; എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു. അങ്ങേയുടെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം അങ്ങയെ സ്തുതിക്കുന്നു. അങ്ങേയുടെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്; അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല. യഹോവേ, ഞാൻ അങ്ങേയുടെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; അങ്ങേയുടെ കല്പനകൾ ഞാൻ ആചരിക്കുന്നു. എന്റെ മനസ്സ് അങ്ങേയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു. ഞാൻ അങ്ങേയുടെ പ്രമാണങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം അങ്ങേയുടെ മുമ്പാകെ ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:159-168 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ. നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; നിന്റെ നീതിയുള്ള വിധികൾ ഒക്കെയും എന്നേക്കുമുള്ളവ. പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനംനിമിത്തം എന്റെ ഹൃദയം പേടിക്കുന്നു. വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു. ഞാൻ ഭോഷ്കു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു. നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു. നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല. യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വെക്കുന്നു; നിന്റെ കല്പനകളെ ഞാൻ ആചരിക്കുന്നു. എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:159-168 സമകാലിക മലയാളവിവർത്തനം (MCV)
അവിടത്തെ പ്രമാണങ്ങൾ ഞാൻ എത്രമേൽ സ്നേഹിക്കുന്നുവെന്നു നോക്കുക; യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ. അവിടത്തെ വചനങ്ങളെല്ലാം സത്യമാകുന്നു; അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങളെല്ലാം നിത്യമാണ്. ഭരണാധിപർ അകാരണമായി എന്നെ പീഡിപ്പിക്കുന്നു, എങ്കിലും എന്റെ ഹൃദയം അങ്ങയുടെ വചനത്തിൽ വിറകൊള്ളുന്നു. വലിയ കൊള്ളമുതൽ കണ്ടുകിട്ടിയവരെപ്പോലെ ഞാൻ അങ്ങയുടെ വാഗ്ദാനങ്ങളിൽ ആനന്ദിക്കുന്നു. കാപട്യത്തെ ഞാൻ അതികഠിനമായി വെറുക്കുന്നു എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തെ പ്രണയിക്കുന്നു. അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം ഞാൻ പ്രതിദിനം ഏഴുതവണ അങ്ങയെ വാഴ്ത്തുന്നു. അവിടത്തെ ന്യായപ്രമാണം സ്നേഹിക്കുന്നവർക്ക് വലിയ സമാധാനമാണുള്ളത്, അവർ ഒരു കാരണവശാലും വഴിതെറ്റിപ്പോകുകയില്ല. യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു, ഞാൻ അവിടത്തെ കൽപ്പനകൾ പിൻതുടരുന്നു. അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ അനുസരിക്കുന്നതിനാൽ, ഞാൻ അവയെ അത്യധികമായി സ്നേഹിക്കുന്നു. ഞാൻ അവിടത്തെ പ്രമാണങ്ങളും നിയമവ്യവസ്ഥകളും പാലിക്കുന്നു, കാരണം എന്റെ എല്ലാ വഴികളും അവിടത്തേക്ക് അറിവുള്ളതാണ്.