സദൃശവാക്യങ്ങൾ 11:24-30
സദൃശവാക്യങ്ങൾ 11:24-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുവൻ ഉദാരമായി നല്‌കിയിട്ടും കൂടുതൽ സമ്പന്നൻ ആയിക്കൊണ്ടിരിക്കുന്നു; മറ്റൊരുവൻ കൊടുക്കുന്നതുകൂടി പിടിച്ചുവച്ചിട്ടും അവനു ദാരിദ്ര്യം ഭവിക്കുന്നു. ഉദാരമായി ദാനം ചെയ്യുന്നവൻ സമ്പന്നനായിത്തീരുന്നു. അന്യരെ ആശ്വസിപ്പിക്കുന്നവന് ആശ്വാസം ലഭിക്കും. ധാന്യം പൂഴ്ത്തിവയ്‍ക്കുന്നവനെ ജനം ശപിക്കും; അതു വില്‌ക്കുന്നവനെ അവർ അനുഗ്രഹിക്കും. ഉത്സാഹത്തോടെ നന്മ നേടുന്നവൻ സംപ്രീതി നേടുന്നു. തിന്മ തേടുന്നവന് അതുതന്നെ ഭവിക്കുന്നു. സമ്പത്തിൽ ആശ്രയിക്കുന്നവൻ കുഴഞ്ഞുവീഴുന്നു; നീതിമാനാകട്ടെ പച്ചിലപോലെ തഴയ്‍ക്കും. സ്വന്തം ഭവനത്തെ ദ്രോഹിക്കുന്നവന് ഒന്നും അവശേഷിക്കുകയില്ല; ഭോഷൻ ജ്ഞാനിയുടെ ദാസനായിത്തീരും. നീതിമാന്റെ പ്രതിഫലം ജീവവൃക്ഷമാകുന്നു; എന്നാൽ അക്രമം ജീവനൊടുക്കുന്നു.
സദൃശവാക്യങ്ങൾ 11:24-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ. ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും. ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹം വരും; നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവനോ അതുതന്നെ കിട്ടും. തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴയ്ക്കും. സ്വഭവനത്തെ വലയ്ക്കുന്നവന്റെ അനുഭവം വായുവത്രേ; ഭോഷൻ ജ്ഞാനഹൃദയനു ദാസനായിത്തീരും. നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു.
സദൃശവാക്യങ്ങൾ 11:24-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു. ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും. ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അത് വില്‍ക്കുന്നവന്‍റെ തലമേൽ അനുഗ്രഹം വരും. നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു; തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും. തന്‍റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും. സ്വഭവനത്തെ വലയ്ക്കുന്നവന്‍റെ അവകാശം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും. നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു.
സദൃശവാക്യങ്ങൾ 11:24-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു. ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും. ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും. നന്മെക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും. തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും. സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന്നു ദാസനായ്തീരും. നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു.
സദൃശവാക്യങ്ങൾ 11:24-30 സമകാലിക മലയാളവിവർത്തനം (MCV)
ഒരു മനുഷ്യൻ ഉദാരമായി നൽകുന്നു, എന്നിട്ടും അതിൽ അധികമായി നേടുന്നു; മറ്റൊരുകൂട്ടം അനധികൃതമായി പിടിച്ചുവെക്കുന്നു, എന്നിട്ടും ദാരിദ്ര്യംമാത്രം ശേഷിക്കുന്നു. ഉദാരമനസ്കരായവർ അഭിവൃദ്ധിപ്പെടും; അന്യരെ ആശ്വസിപ്പിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. ധാന്യം പൂഴ്ത്തിവെക്കുന്നവരെ ജനം ശപിക്കും, എന്നാൽ അതു വിൽക്കുന്നവരുടെ ശിരസ്സിൽ അനുഗ്രഹം വർഷിക്കും. ശ്രദ്ധയോടെ നന്മ അന്വേഷിക്കുന്നവർക്ക് അംഗീകാരം ലഭിക്കും, തിന്മ തേടുന്നവർ അതുതന്നെ കണ്ടെത്തും. സ്വന്തം സമ്പത്തിൽ ആശ്രയിക്കുന്നവർ വീണുപോകും, എന്നാൽ നീതിനിഷ്ഠർ പച്ചിലപോലെ തഴയ്ക്കും. സ്വകുടുംബത്തിൽ നാശം വരുത്തുന്നവരുടെ ഓഹരി കാറ്റായിരിക്കും, എന്നാൽ ഭോഷർ ജ്ഞാനിക്കു ദാസ്യവൃത്തിചെയ്യും. നീതിനിഷ്ഠരുടെ പ്രതിഫലം ജീവവൃക്ഷം, ജ്ഞാനമുള്ളവർ സുഹൃത്തുക്കളെ നേടുന്നു.