ഫിലിപ്പിയർ 1:21-30

ഫിലിപ്പിയർ 1:21-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു. എന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലയ്ക്കു ഫലം വരുമെങ്കിൽ ഏതു തിരഞ്ഞെടുക്കേണ്ടൂ എന്ന് ഞാൻ അറിയുന്നില്ല. ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ട്; അത് അത്യുത്തമമല്ലോ. എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നത് നിങ്ങൾ നിമിത്തം ഏറെ ആവശ്യം. ഇങ്ങനെ ഉറച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിനുമായിത്തന്നെ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോട് എല്ലാവരോടും കൂടെ ഇരിക്കും എന്നും അറിയുന്നു. അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരുന്നതിനാൽ എന്നെക്കുറിച്ചു നിങ്ങൾക്കുള്ള പ്രശംസ ക്രിസ്തുയേശുവിൽ വർധിപ്പാൻ ഇടയാകും. ഞാൻ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങൾ ഏകാത്മാവിൽ നിലനിന്ന് എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിനായി പോരാട്ടം കഴിക്കുന്നു എന്ന് ഗ്രഹിക്കേണ്ടതിനു ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം മാത്രം നടപ്പിൻ. ഇത് അവരുടെ നാശത്തിനും നിങ്ങളുടെ രക്ഷയ്ക്കും ഒരു അടയാളമാകുന്നു; അത് ദൈവംതന്നെ വച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവനുവേണ്ടി കഷ്ടം അനുഭവിപ്പാനുംകൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു. നിങ്ങൾ എങ്കൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ചു കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.

ഫിലിപ്പിയർ 1:21-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ക്രിസ്തുവാണ് എന്റെ ജീവൻ; മരണം എനിക്കു ലാഭവും. എന്നാൽ ഇനിയും ജീവിക്കുകയാണെങ്കിൽ കൂടുതൽ ഫലപ്രദമായി പ്രയത്നിക്കുവാൻ കഴിയും. ഇതിൽ ഏതാണു തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. ഇവയുടെ മധ്യത്തിൽ ഞാൻ വല്ലാതെ ഞെരുങ്ങുന്നു. ശരീരത്തോടു വിടവാങ്ങി ക്രിസ്തുവിനോടു ചേരുവാനാണ് ഞാൻ അഭിവാഞ്ഛിക്കുന്നത്. അതാണല്ലോ കൂടുതൽ അഭികാമ്യം. എന്നാൽ നിങ്ങളെപ്രതി ഞാൻ ശരീരത്തോടുകൂടി ഇരിക്കേണ്ടത് അതിലേറെ ആവശ്യം. ഈ ബോധ്യത്തോടുകൂടി നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള ആനന്ദത്തിനുവേണ്ടി ഞാൻ ജീവനോടെ ശേഷിക്കുമെന്നും നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കുമെന്നും എനിക്കുറപ്പുണ്ട്. അങ്ങനെ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നതുകൊണ്ട്, ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ ഞാൻ നിമിത്തം നിങ്ങൾക്ക് അഭിമാനിക്കുവാൻ വേണ്ടുവോളം വകയുണ്ടാകും. നിങ്ങൾ ക്രിസ്തുവിന്റെ സുവിശേഷത്തിനു യോഗ്യമായവിധം ജീവിക്കണമെന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ ഞാൻ വന്നു നിങ്ങളെ കാണുകയോ, അഥവാ വരാതെ നിങ്ങളെക്കുറിച്ചു കേൾക്കുകയോ ചെയ്താലും, നിങ്ങൾ ഏകാത്മാവോടും ഏകമനസ്സോടുംകൂടി ഉറച്ചുനിന്നുകൊണ്ട് സുവിശേഷത്തിന്റെ വിശ്വാസത്തിനുവേണ്ടി പോരാടുന്നു എന്നും, ഒരു കാര്യത്തിലും ശത്രുക്കൾ നിങ്ങളെ ഭയപ്പെടുത്തുന്നില്ല എന്നും, നിങ്ങളെക്കുറിച്ച് അറിയുവാൻ എനിക്ക് ഇടയാകട്ടെ. നിങ്ങളുടെ പോരാട്ടം അവരുടെ നാശത്തിനും, പ്രത്യുത നിങ്ങളുടെ രക്ഷയ്‍ക്കും ദൈവത്തിൽ നിന്നുള്ള അടയാളമാകുന്നു. ക്രിസ്തുവിൽ വിശ്വസിക്കുവാൻ മാത്രമല്ല, അവിടുത്തെ പ്രതി കഷ്ടത സഹിക്കുവാൻകൂടി ഉള്ള വരം ദൈവം നിങ്ങൾക്കു നല്‌കിയിരിക്കുന്നു. എന്നിൽ നിങ്ങൾ കണ്ടതും, ഇപ്പോൾ എന്നെക്കുറിച്ചു കേൾക്കുന്നതുമായ അതേ പോരാട്ടത്തിൽ തന്നെയാണല്ലോ നിങ്ങൾ ഏർപ്പെട്ടിരിക്കുന്നത്.

ഫിലിപ്പിയർ 1:21-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്തെന്നാൽ എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു. എന്നാൽ ജഡത്തിൽ ജീവിക്കുന്നു എങ്കിൽ അത് ഫലകരമായ എന്‍റെ വേലയ്ക്കു വേണ്ടിത്തന്നെ; എങ്കിലും ഏത് തിരഞ്ഞെടുക്കേണം എന്നു ഞാൻ അറിയുന്നില്ല. എന്നാൽ ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടെ ഇരിക്കുവാൻ എനിക്ക് ആഗ്രഹമുണ്ട്; അത് അത്യുത്തമമല്ലോ. എങ്കിലും ഞാൻ ശരീരത്തിൽ ഇരിക്കുന്നത് നിങ്ങൾ നിമിത്തം ഏറെ ആവശ്യം. ഇതിനെക്കുറിച്ച് ഉറച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്‍റെ അഭിവൃദ്ധിക്കും സന്തോഷത്തിനുമായിത്തന്നെ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കും എന്നും അറിയുന്നു. അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരുന്നതിനാൽ, എന്നിലുള്ള നിങ്ങളുടെ പ്രശംസ ക്രിസ്തുയേശുവിൽ വർദ്ധിക്കുവാൻ ഇടയാകും. ഞാൻ നിങ്ങളെ വന്ന് കണ്ടിട്ടോ, ദൂരത്തിരുന്നോ, നിങ്ങൾ ഏകാത്മാവിൽ ഉറച്ചുനിന്ന്, ഏകമനസ്സോടെ സുവിശേഷത്തിന്‍റെ വിശ്വാസത്തിനായി ഒന്നിച്ച് പോരാട്ടം കഴിക്കുന്നു എന്നു നിങ്ങളേക്കുറിച്ച് കേൾക്കേണ്ടതിന്, ക്രിസ്തുവിന്‍റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം മാത്രം പെരുമാറുവിൻ. നിങ്ങളെ എതിർക്കുന്നവരാൽ ഒന്നിലും ഭയപ്പെടേണ്ട; ഇത് അവരുടെ നാശത്തിനും നിങ്ങളുടെ രക്ഷയ്ക്കും ഒരു അടയാളമാകുന്നു; അത് ദൈവത്തിൽ നിന്നുള്ളതാകുന്നു. എന്തെന്നാൽ, അവനിൽ വിശ്വസിക്കുവാൻ മാത്രമല്ല, അവനുവേണ്ടി കഷ്ടം അനുഭവിക്കുവാനും കൂടെ ഇത് നിങ്ങൾക്ക് ക്രിസ്തുനിമിത്തം അനുവദിച്ചിരിക്കുന്നു. അങ്ങനെ നിങ്ങൾ എന്നിൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ച് കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.

ഫിലിപ്പിയർ 1:21-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു. എന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലെക്കു ഫലം വരുമെങ്കിൽ ഏതു തിരഞ്ഞെടുക്കേണ്ടു എന്നു ഞാൻ അറിയുന്നില്ല. ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ. എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം. ഇങ്ങനെ ഉറെച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിന്നുമായി തന്നേ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോടു എല്ലാവരോടുംകൂടെ ഇരിക്കും എന്നും അറിയുന്നു. അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരുന്നതിനാൽ എന്നെക്കുറിച്ചു നിങ്ങൾക്കുള്ള പ്രശംസ ക്രിസ്തുയേശുവിൽ വർദ്ധിപ്പാൻ ഇടയാകും. ഞാൻ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങൾ ഏകാത്മാവിൽ നിലനിന്നു എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിൻ. ഇതു അവരുടെ നാശത്തിന്നും നിങ്ങളുടെ രക്ഷെക്കും ഒരു അടയാളമാകുന്നു; അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു. നിങ്ങൾ എങ്കൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ചു കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.

ഫിലിപ്പിയർ 1:21-30 സമകാലിക മലയാളവിവർത്തനം (MCV)

ക്രിസ്തുവാണ് എനിക്കു ജീവിതം; മരണം എനിക്കു ലാഭവും! ഞാൻ ശരീരത്തിൽ തുടർന്നും ജീവിക്കുന്നു എങ്കിൽ അതു ഞാൻ ഫലപ്രദമായി പ്രയത്നിക്കാൻവേണ്ടി ആയിരിക്കും. എന്നാൽ, എന്തു തെരഞ്ഞെടുക്കേണ്ടൂ എന്നു ഞാൻ അറിയുന്നില്ല! ഈ രണ്ടുദിശകളിൽനിന്നും ഞാൻ സമ്മർദം നേരിടുന്നു: ഈ ലോകത്തോടു വിട പറഞ്ഞ് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ് എന്റെ അഭിവാഞ്ഛ; അതാണ് ശ്രേഷ്ഠതരം. എന്നാൽ ഞാൻ ശരീരത്തിൽ ജീവിച്ചിരിക്കേണ്ടത് നിങ്ങൾനിമിത്തം അധികം ആവശ്യമായിരിക്കുന്നു. ഈ ബോധ്യമുള്ളതിനാൽ ഞാൻ ജീവനോടിരിക്കുമെന്നതും നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും ആനന്ദത്തിനുമായി നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നതും സുനിശ്ചിതമാണ്. അങ്ങനെ നിങ്ങളുടെ അടുത്ത് മടങ്ങിവരുമ്പോൾ ഞാൻനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള അഭിമാനം വർധിക്കും. ഇത്രമാത്രം: ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമായവിധം ജീവിക്കുന്ന പൗരരാകുക. അങ്ങനെയായാൽ ഞാൻ നിങ്ങളോടൊപ്പമുള്ളപ്പോഴും നിങ്ങളിൽനിന്ന് ദൂരെ ആയിരുന്നാലും, നിങ്ങൾ ഏകാത്മാവിൽ ഉറച്ചുനിന്ന്, ഏകമനസ്സോടെ, മറ്റുള്ളവർ സുവിശേഷത്തിൽ വിശ്വസിക്കുന്നതിനുവേണ്ടി പോരാടുന്നു, എന്ന് നിങ്ങളെക്കുറിച്ച് എനിക്കു കേൾക്കാൻ കഴിയും. നിങ്ങളുടെ എതിരാളികളിൽനിന്നുണ്ടാകുന്ന യാതൊന്നിനാലും നിങ്ങളുടെ ധൈര്യം ചോർന്നുപോകരുത്. ഭയരഹിതമായ നിങ്ങളുടെ പ്രതികരണം, അവർ നാശത്തിലേക്കു പോകുന്നവരാണെന്നും നിങ്ങൾ രക്ഷിതരാണെന്നും ഉള്ളതിന് ഒരു നിദർശനമാണ്; അത് ദൈവത്തിൽനിന്നു ലഭിച്ചതാണ്. ക്രിസ്തുവിൽ വിശ്വസിക്കാൻവേണ്ടിമാത്രമല്ല; അവിടത്തേക്കുവേണ്ടി പീഡനം സഹിക്കാനുള്ള പ്രത്യേകപദവിയും നിങ്ങൾക്കു ദാനമായി ലഭിച്ചിരിക്കുന്നു. എനിക്കുള്ളതായി നിങ്ങൾ കണ്ടതും ഞാൻ ഇപ്പോൾ അനുഭവിക്കുന്നതുമായ അതേ കഷ്ടതയിലൂടെയാണല്ലോ നിങ്ങളും ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.