മർക്കൊസ് 6:1-32
മർക്കൊസ് 6:1-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവിടെനിന്നു പുറപ്പെട്ട്, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു. ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന് ഇവ എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കൈയാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്? ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ എന്നു പറഞ്ഞ് അവങ്കൽ ഇടറിപ്പോയി. യേശു അവരോട്: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. ഏതാനും ചിലരോഗികളുടെമേൽ കൈ വച്ചു സൗഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്വാൻ കഴിഞ്ഞില്ല. അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചുപോന്നു. അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചുതുടങ്ങി, അവർക്ക് അശുദ്ധാത്മാക്കളുടെമേൽ അധികാരം കൊടുത്തു. അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുത്; ചെരിപ്പ് ഇട്ടുകൊള്ളാം; രണ്ടു വസ്ത്രം ധരിക്കരുത് എന്നിങ്ങനെ അവരോടു കല്പിച്ചു. നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽത്തന്നെ പാർപ്പിൻ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിനായി കുടഞ്ഞുകളവിൻ എന്നും അവരോടു പറഞ്ഞു. അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു; വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്ക് എണ്ണ തേച്ചു സൗഖ്യം വരുത്തുകയും ചെയ്തു. ഇങ്ങനെ അവന്റെ പേർ പ്രസിദ്ധമായി വരികയാൽ ഹെരോദാരാജാവ് കേട്ടിട്ടു; യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു. അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറേ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു. അതു ഹെരോദാവ് കേട്ടാറെ: ഞാൻ തല വെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു. ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ട് അവൾ നിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു. സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു. ഹെരോദ്യയോ അവന്റെ നേരേ പകവച്ച് അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ലതാനും. യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു. എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു. ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളത് എന്തെങ്കിലും എന്നോടു ചോദിച്ചുകൊൾക; നിനക്കു തരാം എന്ന് രാജാവ് ബാലയോടു പറഞ്ഞു. എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു. അവൾ പുറത്തിറങ്ങി അമ്മയോട്: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിനു: യോഹന്നാൻസ്നാപകന്റെ തല എന്ന് അവൾ പറഞ്ഞു. ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്ന്: ഇപ്പോൾ തന്നെ യോഹന്നാൻസ്നാപകന്റെ തല ഒരു തളികയിൽ തരേണം എന്നു പറഞ്ഞു. രാജാവ് അതിദുഃഖിതനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ച് അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു. ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു. അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; ബാല അമ്മയ്ക്കു കൊടുത്തു. അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്ന് അവന്റെ ശവം എടുത്ത് ഒരു കല്ലറയിൽ വച്ചു. പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു. വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു ഭക്ഷിപ്പാൻപോലും സമയം ഇല്ലായ്കകൊണ്ട് അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു. അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്തസ്ഥലത്തു വേറിട്ടുപോയി.
മർക്കൊസ് 6:1-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനന്തരം യേശു അവിടംവിട്ട് സ്വദേശത്തേക്കു പോയി. ശിഷ്യന്മാർ അവിടുത്തെ അനുഗമിച്ചു. ശബത്തുനാളായപ്പോൾ അവിടുന്നു സുനഗോഗിൽ ചെന്നു പഠിപ്പിക്കുവാൻ തുടങ്ങി. അവിടുത്തെ ധർമോപദേശം കേട്ട് പലരും വിസ്മയിച്ചു. അവർ ഇങ്ങനെ ചോദിച്ചു: “ഈ മനുഷ്യന് ഈ ജ്ഞാനം എവിടെനിന്നു കിട്ടി? എന്തൊരു ജ്ഞാനമാണ് ഇയാൾക്കു ലഭിച്ചിരിക്കുന്നത്! ഇയാൾ എങ്ങനെയാണീ അദ്ഭുതപ്രവൃത്തികൾ ചെയ്യുന്നത്? ആ മരപ്പണിക്കാരനല്ലേ ഇയാൾ? മറിയമിന്റെ പുത്രനും യാക്കോബ്, യോസെ, യൂദാസ്, ശിമോൻ എന്നിവരുടെ സഹോദരനുമല്ലേ? ഈ മനുഷ്യന്റെ സഹോദരിമാരും നമ്മോടു കൂടിയുണ്ടല്ലോ” ഇങ്ങനെ പറഞ്ഞുകൊണ്ട് അവർ യേശുവിനെ അവഗണിച്ചുകളഞ്ഞു. യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകൻ തന്റെ സ്വന്തം നാട്ടിലും സ്വഭവനത്തിലും സ്വജനങ്ങളുടെ ഇടയിലും മാത്രമാണ് ബഹുമാനിക്കപ്പെടാതിരിക്കുന്നത്.” ഏതാനും ചില രോഗികളുടെമേൽ കൈകൾവച്ചു സുഖപ്പെടുത്തിയതല്ലാതെ അവിടെ മറ്റ് അദ്ഭുതപ്രവൃത്തികളൊന്നും ചെയ്യാൻ അവിടുത്തേക്ക് കഴിഞ്ഞില്ല. അവർക്കു വിശ്വാസമില്ലാത്തതിൽ അവിടുന്നു വിസ്മയിച്ചു. അതിനുശേഷം യേശു ചുറ്റുമുള്ള ഗ്രാമങ്ങളിൽ സഞ്ചരിച്ചു ജനത്തെ പ്രബോധിപ്പിച്ചുകൊണ്ടിരുന്നു. പന്ത്രണ്ടു ശിഷ്യന്മാരെ അവിടുന്ന് അടുക്കൽ വിളിച്ച് ഈരണ്ടുപേരെ വീതം അയച്ചു. അവർക്കു ദുഷ്ടാത്മാക്കളുടെമേൽ അധികാരം നല്‌കി. “യാത്രയ്‍ക്ക് ഒരു വടിയല്ലാതെ ഭക്ഷണമോ, ഭാണ്ഡമോ, കീശയിൽ പണമോ എടുക്കരുത്; ചെരുപ്പു ധരിക്കാം; എന്നാൽ രണ്ടു വസ്ത്രം ആവശ്യമില്ല. നിങ്ങൾ ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു വീട്ടിൽ ചെന്നാൽ ആ സ്ഥലം വിട്ടുപോകുന്നതുവരെ അവിടെത്തന്നെ പാർക്കുക; ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ, നിങ്ങൾ പറയുന്നതു ശ്രദ്ധിക്കാതിരിക്കുകയോ ചെയ്താൽ അവിടം വിട്ടു പൊയ്‍ക്കൊള്ളുക; നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുകയും ചെയ്യുക; അത് അവർക്കെതിരെയുള്ള സാക്ഷ്യമായിരിക്കും” എന്ന് അവരെ അനുശാസിക്കുകയും ചെയ്തു. അങ്ങനെ അവർ പോയി, “അനുതപിച്ച് ദൈവത്തിങ്കലേക്കു തിരിയുക” എന്നു പ്രസംഗിച്ചു. അവർ അനേകം ഭൂതങ്ങളെ പുറത്താക്കുകയും തൈലലേപനം ചെയ്ത് ഒട്ടുവളരെ രോഗികളെ സുഖപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ യേശുവിന്റെ പേർ പ്രഖ്യാതമായി. ഹേരോദാരാജാവും അവിടുത്തെപ്പറ്റി കേട്ടു. “സ്നാപകയോഹന്നാൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടാണ് ഈ അദ്ഭുതശക്തികൾ അദ്ദേഹത്തിൽ വ്യാപരിക്കുന്നത്” എന്നു ചിലർ പറഞ്ഞു. എന്നാൽ അവിടുന്ന് ഏലിയാ ആണെന്നു മറ്റുചിലരും പുരാതനപ്രവാചകന്മാരിൽ ഒരുവനെപ്പോലെയുള്ള ഒരു പ്രവാചകനാണെന്നു വേറെ ചിലരും അഭിപ്രായപ്പെട്ടു. ഇതു കേട്ടപ്പോൾ “ഞാൻ ശിരച്ഛേദം ചെയ്ത യോഹന്നാൻ ഉത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു” എന്ന് ഹേരോദാ പറഞ്ഞു. ഈ ഹേരോദാ തന്റെ സഹോദരൻ ഫീലിപ്പോസിന്റെ ഭാര്യയായ ഹേരോദ്യയെ സ്വഭാര്യയാക്കിയിരുന്നു. “അങ്ങയുടെ സഹോദരഭാര്യയെ പരിഗ്രഹിക്കുന്നത് നിയമവിരുദ്ധമാണ്” എന്ന് യോഹന്നാൻ ഹേരോദായോടു പറഞ്ഞു. അതിന്റെ പേരിൽ ഹേരോദാ ഹേരോദ്യയുടെ ഇച്ഛാനുസരണം ആളയച്ചു യോഹന്നാനെ പിടിച്ചു ബന്ധിച്ച് കാരാഗൃഹത്തിലാക്കി. ഹേരോദ്യക്കു യോഹന്നാനോടുള്ള പകനിമിത്തം അദ്ദേഹത്തെ കൊല്ലുവാൻ അവൾ ഇച്ഛിച്ചു; പക്ഷേ സാധിച്ചില്ല. യോഹന്നാൻ നീതിനിഷ്ഠനും പരിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതിനാൽ ഹേരോദാ അദ്ദേഹത്തെ ഭയപ്പെട്ടു. അതുകൊണ്ട് അദ്ദേഹത്തെ സുരക്ഷിതമായി സൂക്ഷിച്ചു. യോഹന്നാന്റെ വാക്കുകൾ കേട്ട് ഹേരോദാ സംഭ്രാന്തനായിത്തീർന്നെങ്കിലും അദ്ദേഹത്തിന്റെ പ്രഭാഷണം സന്തോഷപൂർവം കേട്ടുപോന്നു. അങ്ങനെയിരിക്കെ തന്റെ ഇംഗിതം നിറവേറ്റുന്നതിനു പറ്റിയ ഒരു സന്ദർഭം ഹേരോദ്യക്കു ലഭിച്ചു. ഹേരോദായുടെ പിറന്നാൾ ദിവസമായിരുന്നു അത്. അന്ന് ഉയർന്ന ഉദ്യോഗസ്ഥന്മാർക്കും സേനാനായകന്മാർക്കും ഗലീലയിലെ പൗരമുഖ്യന്മാർക്കും ഒരു വിരുന്നു നല്‌കി. ഹേരോദ്യയുടെ പുത്രി രാജസദസ്സിൽ ചെന്നു നൃത്തം ചെയ്ത് രാജാവിനെയും അതിഥികളെയും സന്തോഷിപ്പിച്ചു. “നീ ആഗ്രഹിക്കുന്നത് എന്തുതന്നെയും നമ്മോടു ചോദിച്ചുകൊള്ളുക; നാം അതു നിനക്കു നല്‌കുന്നതാണ്” എന്നു ഹേരോദാ രാജകുമാരിയോടു പറഞ്ഞു. “നീ ചോദിക്കുന്നതെന്തും രാജ്യത്തിന്റെ പകുതിതന്നെയും നാം തരും” എന്ന് അദ്ദേഹം പ്രതിജ്ഞചെയ്തു. രാജകുമാരി പോയി, താനെന്താണ് ആവശ്യപ്പെടേണ്ടതെന്ന് അമ്മയോടു ചോദിച്ചു. “സ്നാപകയോഹന്നാന്റെ ശിരസ്സു തരാൻ പറയൂ” എന്ന് ഹേരോദ്യ പറഞ്ഞു. രാജകുമാരി ഉടനെ ഓടി രാജസന്നിധിയിലെത്തി, “സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു താലത്തിൽവച്ച് എനിക്കു തന്നാലും” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ രാജാവ് അത്യന്തം ദുഃഖിതനായി. എങ്കിലും തന്റെ പ്രതിജ്ഞയെയും അവിടെ സന്നിഹിതരായിരുന്ന അതിഥികളെയും ഓർത്തപ്പോൾ രാജകുമാരിയുടെ ഇംഗിതം നിറവേറ്റാതിരിക്കാൻ അദ്ദേഹത്തിനു നിവൃത്തിയില്ലാതെയായി. ഉടനെ തന്നെ അകമ്പടി സേവിക്കുന്ന ഒരു പടയാളിയെ വിളിച്ച് സ്നാപകയോഹന്നാന്റെ ശിരസ്സു കൊണ്ടുവരുവാൻ രാജാവു കല്പിച്ചു. ആ പടയാളി ഉടനെപോയി കാരാഗൃഹത്തിൽവച്ച് ശിരച്ഛേദം ചെയ്ത് യോഹന്നാന്റെ തല ഒരു താലത്തിൽവച്ചു കൊണ്ടുവന്നു രാജകുമാരിക്കു കൊടുത്തു. രാജകുമാരി അതുകൊണ്ടുപോയി അവളുടെ അമ്മയെ ഏല്പിച്ചു. ഇതറിഞ്ഞ് യോഹന്നാന്റെ ശിഷ്യന്മാർ അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങി ഒരു കല്ലറയിൽ സംസ്കരിച്ചു. അപ്പോസ്തോലന്മാർ തിരിച്ചുവന്ന് തങ്ങൾ ചെയ്തതും പഠിപ്പിച്ചതും എല്ലാം യേശുവിനോടു പറഞ്ഞു. നിരവധിയാളുകൾ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നതിനാൽ യേശുവിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കുവാൻപോലും സമയം കിട്ടിയിരുന്നില്ല. അതുകൊണ്ട് യേശു അപ്പോസ്തോലന്മാരോട്: “നിങ്ങൾ വരിക, നമുക്ക് ഒരു വിജനസ്ഥലത്തുപോയി അല്പസമയം വിശ്രമിക്കാം” എന്നു പറഞ്ഞു. അവർ വഞ്ചിയിൽകയറി തനിച്ച് ഒരു ഏകാന്തസ്ഥലത്തേക്കു പോയി.
മർക്കൊസ് 6:1-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ അവിടെനിന്നു പുറപ്പെട്ടു, തന്‍റെ സ്വദേശത്തിൽ വന്നു; അവന്‍റെ ശിഷ്യന്മാർ അവനെ അനുഗമിച്ചു. ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ വച്ചു ഉപദേശിച്ചു തുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: “ഇവന് ഈ ഉപദേശങ്ങൾ എവിടെനിന്ന്? ഇവനു കിട്ടിയ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്? ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ?” എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. യേശു അവരോട്: “ഒരു പ്രവാചകൻ തന്‍റെ ജന്മദേശത്തും ബന്ധുക്കളുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല“ എന്നു പറഞ്ഞു. ഏതാനും ചില രോഗികളുടെമേൽ കൈ വച്ചു സൗഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‌വാൻ അവനു കഴിഞ്ഞില്ല. അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചുപോന്നു. അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്ക് അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു. അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും യാത്രാസഞ്ചിയും അരപ്പട്ടയിൽ കാശും അരുത്; ചെരിപ്പു ഇട്ടുകൊള്ളാം; രണ്ടു വസ്ത്രം ധരിക്കരുത്എന്നിങ്ങനെ അവരോടു കല്പിച്ചു. “നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നെ താമസിക്കുവിൻ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്ക് കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കെതിരെയുള്ള സാക്ഷ്യത്തിനായി കുടഞ്ഞുകളയുവിൻ” എന്നും അവരോട് പറഞ്ഞു. അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടണം എന്നു പ്രസംഗിച്ചു; വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണ തേച്ച് സൗഖ്യം വരുത്തുകയും ചെയ്തു. ഇങ്ങനെ യേശുവിന്‍റെ പേര് വളരെ പ്രസിദ്ധമായി, അത് ഹെരോദാരാജാവ് കേട്ടു. യോഹന്നാൻ സ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു ചിലർ പറഞ്ഞു. അവൻ ഏലിയാവാകുന്നു എന്നു മറ്റുചിലർ പറഞ്ഞു. വേറെ ചിലർ: അവൻ ആദ്യകാല പ്രവാചകന്മാരിൽ ഒരുവനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു. അത് ഹെരോദാവ് കേട്ടപ്പോൾ “ഞാൻ ശിരച്ഛേദം ചെയ്ത യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു. ഹെരോദാ തന്റെ സഹോദരനായ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതുകൊണ്ടു അവൾ നിമിത്തം ആളയച്ച്, യോഹന്നാനെ പിടിച്ച് തടവിൽ ആക്കിയിരുന്നു. “സഹോദരന്റെ ഭാര്യയെ സ്വന്തമാക്കുന്നത് നിനക്കു വിഹിതമല്ല” എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു. ഹെരോദ്യയോ അവന്‍റെനേരെ പകവച്ച് അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും. യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ സംരക്ഷിക്കുകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു. എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഹെരോദ്യയ്ക്ക് ഒരു അവസരം ലഭിച്ചു. ഹെരോദ്യയുടെ മകൾ അകത്ത് ചെന്നു നൃത്തംചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: “മനസ്സുള്ളത് എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം” എന്നു രാജാവ് ബാലയോടു പറഞ്ഞു. എന്ത് ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യംചെയ്തു. അവൾ പുറത്തിറങ്ങി അമ്മയോട്: “ഞാൻ എന്ത് ചോദിക്കേണം?” എന്നു ചോദിച്ചതിന്: “യോഹന്നാൻ സ്നാപകന്റെ തല” എന്നു അവൾ പറഞ്ഞു. ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: “ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികയിൽ തരേണം” എന്നു പറഞ്ഞു. രാജാവ് അതിദുഃഖിതനായി എങ്കിലും തന്‍റെ ശപഥത്തെയും തന്‍റെ വിരുന്നുകാരെയും വിചാരിച്ചു അവനു അവളോടു നിഷേധിപ്പാൻ കഴിഞ്ഞില്ല. ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു. അവൻ പോയി തടവിൽ അവനെ ശിരച്ഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; ബാല അമ്മയ്ക്കു കൊടുത്തു. അവന്റെ ശിഷ്യന്മാർ അത് കേട്ടിട്ടു വന്നു അവന്‍റെ മൃതശരീരം എടുത്തു ഒരു കല്ലറയിൽ വച്ചു. അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ ഒരുമിച്ചുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു. വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു വിശ്രമിപ്പാൻ സമയം ലഭിച്ചിരുന്നില്ല, ഭക്ഷിക്കുവാൻ പോലും സമയം ഇല്ലാത്തതുകൊണ്ട് അവൻ അവരോട്: “നിങ്ങൾ ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ“ എന്നു പറഞ്ഞു. അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുപോയി.
മർക്കൊസ് 6:1-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ അവിടെ നിന്നു പുറപ്പെട്ടു, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു. ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൗഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്വാൻ കഴിഞ്ഞില്ല. അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു. അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു. അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം; രണ്ടു വസ്ത്രം ധരിക്കരുതു എന്നിങ്ങനെ അവരോടു കല്പിച്ചു. നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ പാർപ്പിൻ. *ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ എന്നും അവരോടു പറഞ്ഞു. അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു; വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണതേച്ചു സൗഖ്യം വരുത്തുകയും ചെയ്തു. ഇങ്ങനെ അവന്റെ പേർ പ്രസിദ്ധമായി വരികയാൽ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു. അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു. അതു ഹെരോദാവു കേട്ടാറെ: ഞാൻ തലവെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു. ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു. സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു. ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും. യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു. എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു. ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു. എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു. അവൾ പുറത്തിറങ്ങി അമ്മയോടു: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നു: യോഹന്നാൻ സ്നാപകന്റെ തല എന്നു അവൾ പറഞ്ഞു. ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികളയിൽ തരേണം എന്നു പറഞ്ഞു. രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു. ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു. അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു. അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയിൽ വെച്ചു. പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു. വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു ഭക്ഷിപ്പാൻ പോലും സമയം ഇല്ലായ്കകൊണ്ടു അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു. അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി.
മർക്കൊസ് 6:1-32 സമകാലിക മലയാളവിവർത്തനം (MCV)
യേശു അവിടെനിന്നു യാത്രതിരിച്ച് സ്വന്തം പട്ടണത്തിൽ ശിഷ്യന്മാരുമായി മടങ്ങിയെത്തി. അടുത്ത ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽവെച്ച് ഉപദേശിച്ചുതുടങ്ങി. പലരും അതുകേട്ട് ആശ്ചര്യപ്പെട്ടു. “ഈ മനുഷ്യന് ഇവയെല്ലാം എവിടെനിന്നു കിട്ടി? എന്തൊരു ജ്ഞാനമാണ് ഇയാൾക്കു ലഭിച്ചിരിക്കുന്നത്? എന്തെല്ലാം അത്ഭുതങ്ങളാണ് ഇയാൾ ചെയ്യുന്നത്? ഇത് ആ മരപ്പണിക്കാരനല്ലേ? ഇയാൾ മറിയയുടെ മകനല്ലേ? യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമല്ലേ ഇയാൾ? ഇയാളുടെ സഹോദരിമാരും ഇവിടെ നമ്മോടുകൂടെ ഇല്ലേ?” എന്നു ചോദിച്ചു. യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല. യേശു അവരോട്, “ഒരു പ്രവാചകൻ ബഹുമാനിക്കപ്പെടാത്തത് അയാളുടെ സ്വദേശത്തും ബന്ധുക്കൾക്കിടയിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്നു പറഞ്ഞു. ഏതാനും ചില രോഗികളുടെമേൽ കൈവെച്ച് അവരെ സൗഖ്യമാക്കിയതല്ലാതെ, അവിടെ അത്ഭുതപ്രവൃത്തികളൊന്നും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അവരുടെ അവിശ്വാസത്തെക്കുറിച്ച് അദ്ദേഹം ആശ്ചര്യപ്പെട്ടു. അതിനുശേഷം യേശു ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിച്ച് ഉപദേശിച്ചുകൊണ്ടിരുന്നു. അദ്ദേഹം തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവർക്ക് ദുരാത്മാക്കളുടെമേൽ അധികാരംനൽകി. അവർക്ക് ഇപ്രകാരം നിർദേശംനൽകി, ഈരണ്ടുപേരെയായി അയയ്ക്കാൻതുടങ്ങി. “ഈ യാത്രയിൽ ഒരു വടിമാത്രമേ കരുതാവൂ—ആഹാരമോ സഞ്ചിയോ പണമോ എടുക്കാൻ പാടില്ല. ചെരിപ്പു ധരിക്കാം, ഒന്നിലധികം വസ്ത്രം അരുത്. ഒരു പട്ടണത്തിൽ ചെന്ന് അവിടെയുള്ള ഒരു ഭവനത്തിൽ പ്രവേശനം ലഭിച്ചാൽ ആ സ്ഥലം വിട്ടുപോകുംവരെ അതേ ഭവനത്തിൽത്തന്നെ താമസിക്കുക. ഏതെങ്കിലും സ്ഥലത്തു നിങ്ങളെ സ്വീകരിക്കാതിരിക്കുകയും അവിടെയുള്ളവർ നിങ്ങളുടെ സന്ദേശം അംഗീകരിക്കാതിരിക്കുകയും ചെയ്താൽ ആ സ്ഥലം വിട്ടുപോകുമ്പോൾ, ആ സ്ഥലവാസികൾക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക.” ശിഷ്യന്മാർ പോയി ജനങ്ങൾ അവരുടെ പാപങ്ങൾ ഉപേക്ഷിച്ചു ദൈവത്തിലേക്കു തിരിയണമെന്നു പ്രസംഗിച്ചു; അനവധി ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികളുടെമേൽ എണ്ണ പുരട്ടി അവരെ സൗഖ്യമാക്കുകയും ചെയ്തു. ഹെരോദാരാജാവ് യേശുവിനെപ്പറ്റി ജനങ്ങളുടെ ഇടയിലുള്ള ചർച്ച കേട്ടു; കാരണം, യേശുവിന്റെ പേര് ഇതിനകം പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. “യോഹന്നാൻസ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നത്,” എന്നു ചിലർ പറഞ്ഞു. മറ്റുചിലരാകട്ടെ, “ഏലിയാപ്രവാചകൻ മടങ്ങിവന്നിരിക്കുന്നു” എന്നു പറഞ്ഞു. വേറെചിലരോ, “പുരാതന പ്രവാചകന്മാരെപ്പോലെയുള്ള ഒരു പ്രവാചകനാണ് ഇദ്ദേഹം” എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഹെരോദാവാകട്ടെ, “ഞാൻ ശിരച്ഛേദംചെയ്ത യോഹന്നാനാണ് ഇത്. അദ്ദേഹം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു. കുറച്ചുകാലംമുമ്പ് യോഹന്നാനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിൽ അടയ്ക്കാൻ കൽപ്പന കൊടുത്തത് ഈ ഹെരോദാവ് ആയിരുന്നു. ഹെരോദ്യയുടെ പ്രേരണയാലായിരുന്നു അദ്ദേഹം അതു ചെയ്തത്. അദ്ദേഹം തന്റെ സഹോദരനായ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ വിവാഹംകഴിച്ചിരുന്നു. “സഹോദരന്റെ ഭാര്യയെ നീ നിയമവിരുദ്ധമായാണ് സ്വന്തമാക്കിയിരിക്കുന്നത്” എന്ന് യോഹന്നാൻ ഹെരോദാവിനോട് പറഞ്ഞിരുന്നു. അതുകൊണ്ട് ഹെരോദ്യയ്ക്ക് യോഹന്നാന്റെനേരേ പക ഉണ്ടായിരുന്നു. അദ്ദേഹത്തെ കൊന്നുകളയാൻ അവൾ ആഗ്രഹിച്ചു. എന്നാൽ, അവൾക്ക് അതിനു കഴിഞ്ഞിരുന്നില്ല. കാരണം, യോഹന്നാൻ നീതിനിഷ്ഠനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട് ഹെരോദാവ് അദ്ദേഹത്തെ ഭയപ്പെടുകയും പരിരക്ഷിക്കുകയുംചെയ്തിരുന്നു. യോഹന്നാന്റെ പ്രഭാഷണം ഹെരോദാവിനെ വളരെയേറെ അസ്വസ്ഥനാക്കാറുണ്ടായിരുന്നെങ്കിലും അത് ആനന്ദത്തോടെ കേട്ടുപോന്നു. ഹെരോദാവ് തന്റെ ജന്മദിനത്തിൽ, ഉന്നത ഉദ്യോഗസ്ഥർക്കും സൈന്യാധിപന്മാർക്കും ഗലീലയിലെ പ്രമുഖർക്കുംവേണ്ടി ഒരു വിരുന്നു നടത്തിയത് ഹെരോദ്യയ്ക്ക് ഒരവസരമായി: ഹെരോദ്യയുടെ മകൾ വിരുന്നുശാലയുടെ അകത്തുവന്നു നൃത്തം ചെയ്ത് ഹെരോദാവിനെയും അതിഥികളെയും പ്രസാദിപ്പിച്ചു. രാജാവ് അവളോട്, “നിനക്ക് ഇഷ്ടമുള്ളതെന്തും എന്നോടു ചോദിക്കുക, അതു ഞാൻ നിനക്കു തരാം” എന്നു പറഞ്ഞു. “നീ എന്തു ചോദിച്ചാലും, രാജ്യത്തിന്റെ പകുതിയായാൽപോലും ഞാൻ നിനക്കു തരും,” എന്ന് അദ്ദേഹം അവളോടു ശപഥംചെയ്തുപറഞ്ഞു. അവൾ പുറത്തുപോയി, “ഞാൻ എന്താണു ചോദിക്കേണ്ടത്?” എന്ന് അമ്മയോടു ചോദിച്ചു. “യോഹന്നാൻസ്നാപകന്റെ തല ആവശ്യപ്പെടുക,” അമ്മ പറഞ്ഞു. ഉടനെതന്നെ, പെൺകുട്ടി വേഗത്തിൽ രാജാവിന്റെ അടുക്കൽ തിരിച്ചെത്തി. “യോഹന്നാൻസ്നാപകന്റെ തല ഇപ്പോൾത്തന്നെ ഒരു തളികയിൽ എനിക്ക് തരണമേ” എന്നപേക്ഷിച്ചു. രാജാവ് അത്യന്തം ദുഃഖിതനായി; താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ച് അവളുടെ അപേക്ഷ നിരസിക്കാൻ അയാൾക്കു നിവൃത്തിയില്ലാതായി. അതുകൊണ്ട് ഹെരോദാവ് ഉടൻതന്നെ യോഹന്നാന്റെ തല കൊണ്ടുവരുന്നതിനുള്ള കൽപ്പനകൊടുത്ത് ഒരു ആരാച്ചാരെ അയച്ചു. അയാൾ ചെന്ന് കാരാഗൃഹത്തിൽവെച്ച് യോഹന്നാനെ ശിരച്ഛേദംചെയ്തു. അദ്ദേഹത്തിന്റെ തല ഒരു തളികയിലാക്കി കൊണ്ടുവന്നു; ആരാച്ചാർ അത് പെൺകുട്ടിക്ക് കൊടുത്തു. അവൾ അത് അമ്മയ്ക്കും നൽകി. യോഹന്നാന്റെ ശിഷ്യന്മാർ ഈ വാർത്തയറിഞ്ഞ് വരികയും അദ്ദേഹത്തിന്റെ ശരീരം എടുത്ത് ഒരു കല്ലറയിൽ സംസ്കരിക്കുകയും ചെയ്തിരുന്നു. അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ മടങ്ങിവന്നു തങ്ങൾ ചെയ്തതും ഉപദേശിച്ചതുമെല്ലാം അദ്ദേഹത്തെ അറിയിച്ചു. ഈ സമയത്ത് യേശുവിന്റെ അടുക്കൽ ധാരാളം ആളുകൾ വരികയും പോകുകയും ചെയ്തിരുന്നതുകൊണ്ട് യേശുവിനും ശിഷ്യന്മാർക്കും ആഹാരം കഴിക്കാൻപോലും അവസരം ലഭിച്ചില്ല. അതുകൊണ്ട് അദ്ദേഹം അവരോട്, “നിങ്ങൾ എന്റെകൂടെ ഒരു വിജനസ്ഥലത്തു വന്ന് അൽപ്പം വിശ്രമിക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ ഒരു വള്ളത്തിൽ കയറി ഒരു വിജനസ്ഥലത്തേക്ക് യാത്രയായി.