മർക്കൊസ് 11:1-19
മർക്കൊസ് 11:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ യെരൂശലേമിനോടു സമീപിച്ച് ഒലിവ്മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടു പേരെ അയച്ച് അവരോട്: നിങ്ങൾക്ക് എതിരേയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. ഇതു ചെയ്യുന്നത് എന്ത് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും എന്നു പറഞ്ഞു. അവർ പോയി, തെരുവിൽ പുറത്തു വാതില്ക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ട് അതിനെ അഴിച്ചു. അവിടെ നിന്നവരിൽ ചിലർ അവരോട്: നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത് എന്നു ചോദിച്ചു. യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു. അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു. അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽനിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി. മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ: വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്ന് ആർത്തുകൊണ്ടിരുന്നു. അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി. പിറ്റന്നാൾ അവർ ബേഥാന്യ വിട്ടുപോരുമ്പോൾ അവനു വിശന്നു; അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു; അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വച്ചു ചെന്നു; അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു. അവൻ അതിനോട്: ഇനി നിങ്കൽനിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു. അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു; ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടുകളഞ്ഞു; ആരും ദൈവാലയത്തിൽക്കൂടി ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു. അതു കേട്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടത് എങ്ങനെ എന്ന് അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു. സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടുപോകും.
മർക്കൊസ് 11:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ യെരൂശലേമിനു സമീപം ഒലിവുമലയ്‍ക്ക് അരികിലുള്ള ബേത്ഫാഗയ്‍ക്കും ബേഥാന്യക്കും അടുത്തെത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു പറഞ്ഞു: നിങ്ങളുടെ മുമ്പിൽ കാണുന്ന ഗ്രാമത്തിലേക്കു ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾത്തന്നെ, ആരും ഇതുവരെ കയറിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും; അതിനെ അഴിച്ചുകൊണ്ടുവരിക; നിങ്ങൾ എന്തിനാണ് അതിനെ അഴിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ കർത്താവിന് ഇതിനെ ആവശ്യമുണ്ട്, അവിടുന്ന് ഇതിനെ ഉടനെതന്നെ ഇവിടെ തിരിച്ചെത്തിക്കും എന്നു പറയുക.” ഇങ്ങനെ പറഞ്ഞ് അവിടുന്ന് അവരെ അയച്ചു. അവർ അതനുസരിച്ചു പോയി തെരുവിൽ ഒരു വീട്ടുവാതില്‌ക്കൽ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവർ അതിനെ അഴിച്ചു. അവിടെ നിന്നിരുന്നവരിൽ ചിലർ അവരോട്, “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിനാണ്?” എന്നു ചോദിച്ചു. യേശു പറഞ്ഞിരുന്നതുപോലെ അവർ മറുപടി പറഞ്ഞു. അവിടെ നിന്നവർ അവരെ അനുവദിക്കുകയും ചെയ്തു. ആ ശിഷ്യന്മാർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ മേലങ്കികൾ അതിന്റെ പുറത്തു വിരിച്ചു. യേശു കഴുതപ്പുറത്തു കയറിയിരുന്നു. പലരും തങ്ങളുടെ മേലങ്കികൾ വഴിയിൽ വിരിച്ചു. മറ്റുള്ളവർ പറമ്പുകളിൽനിന്ന് ഇലയുള്ള മരച്ചില്ലകൾ വെട്ടി വഴിയിൽ വിതറി. അവിടുത്തെ മുമ്പും പിമ്പും നടന്നവർ “ഹോശാനാ! കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ! നമ്മുടെ പിതാവായ ദാവീദിന്റെ വരുവാനുള്ള രാജ്യം വാഴ്ത്തപ്പെട്ടതാകുന്നു! അത്യുന്നതങ്ങളിൽ ഹോശാനാ!” എന്ന് ഉച്ചത്തിൽ ആർപ്പുവിളിച്ചു. അങ്ങനെ യേശു യെരൂശലേമിൽ പ്രവേശിച്ച്, നേരെ ദേവാലയത്തിലേക്കു പോയി; അവിടെയെത്തി ചുറ്റുപാടുമുള്ളതെല്ലാം നോക്കിക്കണ്ടു. എന്നാൽ നേരം വൈകിയിരുന്നതിനാൽ അവിടുന്ന് പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി ബേഥാന്യയിലേക്കു പോയി. പിറ്റേദിവസം അവർ ബേഥാന്യയിൽനിന്നു തിരിച്ചുവരികയായിരുന്നു. അപ്പോൾ യേശുവിനു വിശന്നു. അങ്ങകലെ ഇലകൾ നിറഞ്ഞ ഒരു അത്തിവൃക്ഷം നില്‌ക്കുന്നതുകണ്ട് അതിൽ അത്തിപ്പഴം കാണുമെന്നു കരുതി അവിടുന്ന് അടുത്തു ചെന്നു; പക്ഷേ ഇലകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അത് അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു. അവിടുന്നു പറഞ്ഞു: “ഇനിമേൽ ആരും ഒരിക്കലും നിന്നിൽനിന്ന് അത്തിപ്പഴം ഭക്ഷിക്കാതിരിക്കട്ടെ.” ഇതു ശിഷ്യന്മാർ പ്രത്യേകം ശ്രദ്ധിച്ചു. അവർ യെരൂശലേമിലെത്തി. യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തിരുന്നവരെ പുറത്താക്കുവാൻ തുടങ്ങി; നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാക്കളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. ദേവാലയത്തിലൂടെ യാതൊരു സാധനവും എടുത്തുകൊണ്ടുപോകുവാൻ അവിടുന്ന് അനുവദിച്ചില്ല. ജനങ്ങളെ അവിടുന്ന് ഇപ്രകാരം പ്രബോധിപ്പിച്ചു: “എന്റെ ആലയം എല്ലാ ജനങ്ങളുടെയും പ്രാർഥനാലയം എന്ന് വിളിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്തതായി എഴുതപ്പെട്ടിട്ടില്ലേ? എന്നാൽ നിങ്ങൾ അതിനെ കൊള്ളക്കാരുടെ താവളമാക്കിയിരിക്കുന്നു.” പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ഇതുകേട്ട് യേശുവിനെ നിഗ്രഹിക്കുവാനുള്ള വഴി എന്തെന്ന് ആലോചിച്ചു. കാരണം യേശുവിന്റെ ധർമോപദേശം കേട്ട് എല്ലാ ജനങ്ങളും വിസ്മയഭരിതരായതുകൊണ്ട് പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും അവിടുത്തെ ഭയപ്പെട്ടു. സന്ധ്യാസമയമായപ്പോൾ യേശുവും ശിഷ്യന്മാരും പട്ടണത്തിനു പുറത്തു പോയി.
മർക്കൊസ് 11:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ യെരൂശലേമിനോട് അടുത്ത്, ഒലിവുമലയരികെ ബേത്ത്ഫഗയോടു ബേഥാന്യയോടും സമീപിച്ചപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ച് അവരോട്: “നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. “ഇതു ചെയ്യുന്നതു എന്ത്?” എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ “കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു പറവിൻ; ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും” എന്നു പറഞ്ഞു. അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ടു അതിനെ അഴിച്ചു. അവിടെ നിന്നവരിൽ ചിലർ അവരോട്: “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. യേശു കല്പിച്ചതുപോലെ അവർ അവരോട് പറഞ്ഞു; അവർ അവരെ വിട്ടയച്ചു. അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ അതിന്മേൽ ഇട്ടു; അങ്ങനെ അവൻ അതിന്മേൽ കയറി ഇരുന്നു. അനേകർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റുചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പ് വെട്ടി വഴിയിൽ വിതറി. മുമ്പും പിമ്പും നടക്കുന്നവർ: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; നമ്മുടെ പിതാവായ ദാവീദിന്‍റെ വരുന്നതായ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ” എന്നു ആർത്തുകൊണ്ടിരുന്നു. അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്ക് ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ട് പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി. പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവനു വിശന്നു; അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ ഫലം വല്ലതും കണ്ടുകിട്ടുമോ എന്നു വച്ചു ചെന്നു, അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല. അവൻ അതിനോട്; “ഇനി നിങ്കൽനിന്ന് ആരും ഒരിക്കലും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു. അതു ശിഷ്യന്മാർ കേട്ടു. അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; നാണയമാറ്റക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളെയും മറിച്ചിട്ടു കളഞ്ഞു; ആരും ദൈവാലയത്തിൽകൂടി വില്പനയ്ക്കുള്ള ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചു: “എന്റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു” എന്നു പറഞ്ഞു. അത് കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രികളും അവനെ കൊല്ലുവാനായി അവസരം അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കുകയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു. സന്ധ്യയായപ്പോൾ യേശുവും ശിഷ്യന്മാരും നഗരം വിട്ടുപോയി.
മർക്കൊസ് 11:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു അവരോടു: നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു. അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു. അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു. യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു. അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു. അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി. മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു. അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി. പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു; അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു. അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു. അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു; ആരും ദൈവാലയത്തിൽകൂടി ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു. അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു. സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടു പോകും.
മർക്കൊസ് 11:1-19 സമകാലിക മലയാളവിവർത്തനം (MCV)
അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ, ബെഥാന്യ എന്നീ ഗ്രാമങ്ങളുടെ സമീപമെത്തിയപ്പോൾ, യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു: “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക. അതിൽ പ്രവേശിക്കുമ്പോൾത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ അവിടെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക. ‘നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്താണ്’ എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്; കർത്താവ് ഉടനെതന്നെ ഇതിനെ ഇവിടെ തിരിച്ചയയ്ക്കും’ എന്ന് അയാളോട് മറുപടി പറയുക.” അവർ പോയി; തെരുവിൽ വാതിലിനു പുറത്തായി ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവർ അതിനെ അഴിക്കുമ്പോൾ, അവിടെ നിന്നിരുന്ന ചില ആളുകൾ, “നിങ്ങൾ എന്താണു ചെയ്യുന്നത്? എന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്?” എന്നു ചോദിച്ചു. യേശു പറഞ്ഞിരുന്നതുപോലെ ശിഷ്യന്മാർ മറുപടി പറഞ്ഞു. അവർ അവരെ പോകാൻ അനുവദിച്ചു. അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. തങ്ങളുടെ പുറങ്കുപ്പായങ്ങൾ അതിന്റെ പുറത്തു വിരിച്ചു. അദ്ദേഹം അതിന്മേൽ കയറിയിരുന്നു. പലരും തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. ചിലർ പറമ്പുകളിൽനിന്ന് ഇലതൂർന്ന ചെറുമരക്കൊമ്പുകൾ വെട്ടിക്കൊണ്ടുവന്നു നിരത്തി. മുന്നിലും പിന്നിലും നടന്നവർ ആർത്തുവിളിച്ചു: “ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!” “നമ്മുടെ പിതാവായ ദാവീദിന്റെ, വരാനുള്ള രാജ്യം വാഴ്ത്തപ്പെട്ടത്!” “സ്വർഗോന്നതങ്ങളിൽ ഹോശന്നാ!” യേശു ജെറുശലേംനഗരത്തിൽ എത്തി, ദൈവാലയാങ്കണത്തിൽ പ്രവേശിച്ചു. അദ്ദേഹം ചുറ്റുമുള്ളതെല്ലാം നോക്കിക്കണ്ടു. എന്നാൽ, നേരം വൈകിയിരുന്നതുകൊണ്ട് പന്ത്രണ്ട് ശിഷ്യന്മാരോടുകൂടെ ബെഥാന്യയിലേക്കു തിരികെ പോയി. അടുത്തദിവസം അവർ ബെഥാന്യ വിട്ടുപോരുമ്പോൾ യേശുവിന് വിശന്നു. നിറയെ ഇലകളുള്ള ഒരു അത്തിമരം ദൂരെ കണ്ടിട്ട് അദ്ദേഹം അതിൽ ഫലം വല്ലതും ഉണ്ടോ എന്നു നോക്കാൻ ചെന്നു. എന്നാൽ, അതിന്റെ അടുത്ത് എത്തിയപ്പോൾ അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല. അപ്പോൾ അദ്ദേഹം ആ മരത്തോട്, “നിന്നിൽനിന്ന് ആരും ഇനിമേൽ ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു. യേശു ഈ പറഞ്ഞത് ശിഷ്യന്മാർ കേട്ടിരുന്നു. യേശു ജെറുശലേമിൽ എത്തി. ഉടൻതന്നെ, ദൈവാലയാങ്കണത്തിൽ ചെന്ന് അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കിത്തുടങ്ങി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു; ദൈവാലയാങ്കണത്തിൽക്കൂടെ കച്ചവടസാധനങ്ങൾ ഒന്നും കൊണ്ടുപോകാൻ ആരെയും അനുവദിച്ചില്ല. ഇതിനുശേഷം അദ്ദേഹം ജനത്തെ ഇപ്രകാരം ഉപദേശിച്ചു: “ ‘എന്റെ ആലയം സകലജനതകൾക്കുമുള്ള പ്രാർഥനാലയം’ എന്നു വിളിക്കപ്പെടും എന്നല്ലേ രേഖപ്പെടുത്തിയിരിക്കുന്നത്? നിങ്ങളോ, അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിയിരിക്കുന്നു.” ഇതു കേട്ട് പുരോഹിതമുഖ്യന്മാരും വേദജ്ഞരും അദ്ദേഹത്തെ വധിക്കാനുള്ള മാർഗം അന്വേഷിച്ചെങ്കിലും, ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചിരുന്നതുകൊണ്ട് അവർ അദ്ദേഹത്തെ ഭയപ്പെട്ടു. സന്ധ്യയായപ്പോൾ യേശുവും ശിഷ്യന്മാരും നഗരം വിട്ടുപോയി.