മത്തായി 22:23-46

മത്തായി 22:23-46 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്ന് അവന്റെ അടുക്കൽ വന്നു: ഗുരോ, ഒരുത്തൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ. എന്നാൽ ഞങ്ങളുടെ ഇടയിൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യയെ സഹോദരനു വിട്ടേച്ചു. രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻവരെയും അങ്ങനെതന്നെ. എല്ലാവരും കഴിഞ്ഞിട്ട് ഒടുവിൽ സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ എഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു. അതിനു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു. പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ? ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്ന് അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ. പുരുഷാരം ഇതു കേട്ടിട്ട് അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു. സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചുകൂടി, അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു: ഗുരോ, ന്യായപ്രമാണത്തിൽ ഏതു കല്പന വലിയത് എന്നു ചോദിച്ചു. യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോട്: ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്ന് അവർ പറഞ്ഞു. അവൻ അവരോട്: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവ് എന്നു വിളിക്കുന്നത് എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു” എന്ന് അവൻ പറയുന്നുവല്ലോ. ദാവീദ് അവനെ കർത്താവ് എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു. അവനോട് ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോട് ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല.

മത്തായി 22:23-46 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അന്നുതന്നെ ഏതാനും സാദൂക്യർ വന്ന് - മരിച്ചവർക്ക് പുനരുത്ഥാനമില്ലെന്നു പറയുന്ന കൂട്ടരാണിവർ യേശുവിനോടു ചോദിച്ചു: “ഗുരോ, ഒരുവൻ സന്താനരഹിതനായി മരണമടഞ്ഞാൽ അയാളുടെ സഹോദരൻ മരിച്ചയാളിന്റെ ഭാര്യയെ വിവാഹം ചെയ്യണമെന്നും അങ്ങനെ അയാൾക്കുവേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കാമെന്നും മോശ വിധിച്ചിട്ടുണ്ടല്ലോ. ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമൻ വിവാഹം ചെയ്തശേഷം മരിച്ചു. അയാൾക്കു സന്തതി ഇല്ലായ്കയാൽ അയാളുടെ സഹോദരൻ ആ വിധവയെ വിവാഹം ചെയ്തു. രണ്ടാമനും മൂന്നാമനും ഏഴാമൻ വരെയും അങ്ങനെ എല്ലാവർക്കും അപ്രകാരം സംഭവിച്ചു. അവസാനം ആ സ്‍ത്രീയും അന്തരിച്ചു. പുനരുത്ഥാനത്തിൽ അവൾ ഈ ഏഴുപേരിൽ ആരുടെ ഭാര്യ ആയിരിക്കും? അവൾ എല്ലാവരുടെയും ഭാര്യ ആയിരുന്നല്ലോ.” യേശു അതിന് ഇങ്ങനെ മറുപടി നല്‌കി: “വേദലിഖിതങ്ങളും ദൈവത്തിന്റെ ശക്തിയും നിങ്ങൾ മനസ്സിലാക്കാത്തതുകൊണ്ട് നിങ്ങൾക്കു തെറ്റുപറ്റിയിരിക്കുന്നു. പുനരുത്ഥാനത്തിൽ വിവാഹം കഴിക്കുകയോ വിവാഹം കഴിപ്പിക്കുകയോ ചെയ്യുന്നില്ല. അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെ ആയിരിക്കും. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? ദൈവം അരുളിച്ചെയ്തത് ഇങ്ങനെയാണ്: ‘ഞാൻ അബ്രഹാമിന്റെ ദൈവവും ഇസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു. ദൈവം മരിച്ചവരുടെ ദൈവമല്ല. ജീവിക്കുന്നവരുടെ ദൈവമാകുന്നു.’ ഇതു കേട്ടപ്പോൾ അവിടുത്തെ പ്രബോധനത്തിൽ ജനങ്ങൾ വിസ്മയിച്ചു. സാദൂക്യരെ യേശു മൊഴിമുട്ടിച്ച വിവരം കേട്ടപ്പോൾ പരീശന്മാർ ഒത്തുകൂടി വന്നു. അവരിൽ ഒരു മതപണ്ഡിതൻ ഒരു ചോദ്യത്തിലൂടെ അവിടുത്തെ കെണിയിൽ വീഴ്ത്തുവാൻ ശ്രമിച്ചു. അയാൾ ചോദിച്ചു: “ഗുരോ, ധർമശാസ്ത്രത്തിലെ ഏറ്റവും മുഖ്യമായ കല്പന ഏതാണ്?” യേശു പ്രതിവചിച്ചു: “നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണ ആത്മാവോടും പൂർണമനസ്സോടും കൂടി സ്നേഹിക്കുക; ഇതാണ് ഏറ്റവും ശ്രേഷ്ഠവും സുപ്രധാനവുമായ കല്പന. രണ്ടാമത്തേതും ഇതിനു സമമാണ്: നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക. സമസ്ത ധർമശാസ്ത്രവും പ്രവാചകന്മാരുടെ പ്രബോധനങ്ങളും ഈ രണ്ടു കല്പനകളിൽ അന്തർഭവിച്ചിരിക്കുന്നു.” പരീശന്മാർ ഒരുമിച്ചുകൂടിയപ്പോൾ യേശു അവരോടു ചോദിച്ചു: “ക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത്? അവിടുന്ന് ആരുടെ പുത്രനാണ്?” “ദാവീദിന്റെ പുത്രനാണ്” എന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ യേശു അവരോടു ചോദിച്ചു: “അങ്ങനെയാണെങ്കിൽ ക്രിസ്തുവിനെ കർത്താവ് എന്നു വിളിക്കുവാൻ ദാവീദിനെ ആത്മാവു പ്രേരിപ്പിച്ചുവോ? എന്തെന്നാൽ, ‘സർവേശ്വരൻ എന്റെ കർത്താവിനോട് അരുൾചെയ്തു: നിന്റെ ശത്രുക്കളെ നിന്റെ കാല്‌ക്കീഴിലാക്കുന്നതുവരെ നീ എന്റെ വലത്തുഭാഗത്തിരിക്കുക’ എന്നു ദാവീദു പറഞ്ഞുവല്ലോ. ദാവീദ് അവിടുത്തെ കർത്താവ് എന്നു വിളിച്ചെങ്കിൽ ക്രിസ്തു എങ്ങനെയാണു ദാവീദിന്റെ പുത്രനാകുന്നത്?” ഒരു വാക്കുപോലും ഉത്തരം പറയുവാൻ ആർക്കും കഴിഞ്ഞില്ല. അന്നുമുതൽ കൂടുതലായി ഒന്നുംതന്നെ അവിടുത്തോടു ചോദിക്കുവാൻ ആരും തുനിഞ്ഞില്ല.

മത്തായി 22:23-46 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആ ദിവസം പുനരുത്ഥാനം ഇല്ല എന്നു പറയുന്ന ചില സദൂക്യരും അവന്‍റെ അടുക്കൽ വന്നു: “ഗുരോ, ഒരുവൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്‍റെ സഹോദരൻ വിധവയായ സഹോദരഭാര്യയെ വിവാഹംകഴിച്ച് തന്‍റെ സഹോദരന് വേണ്ടി സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ. എന്നാൽ ഒരിടത്ത് ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്‍റെ ഭാര്യ സഹോദരന്റേതായിത്തീർന്നു. രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നെ ചെയ്തു. എല്ലാവരും കഴിഞ്ഞിട്ട് ഒടുവിൽ സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ എഴുവരിൽ ആർക്ക് ഭാര്യയാകും? എല്ലാവർക്കും അവൾ ഭാര്യ ആയിരുന്നുവല്ലോ“ എന്നു ചോദിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയാത്തതുകൊണ്ട് തെറ്റിപ്പോകുന്നു. പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന് കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നത്. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾ വായിച്ചിട്ടില്ലയോ? ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, മറിച്ച് ജീവനുള്ളവരുടെ ദൈവമത്രേ. പുരുഷാരം ഇതു കേട്ടിട്ടു അവന്‍റെ ഉപദേശത്തിൽ വിസ്മയിച്ചു. സദൂക്യരെ അവൻ നിശബ്ദരാക്കിയെന്ന് കേട്ടിട്ടു പരീശന്മാർ ഒന്നിച്ച് കൂടി, അവരിൽ നിയമപണ്ഡിതനായ ഒരുവൻ: “ഗുരോ, ന്യായപ്രമാണത്തിൽ ഏറ്റവും മഹത്തരമായ കല്പന ഏത്?“ എന്നു യേശുവിനെ പരീക്ഷിച്ച് ചോദിച്ചു. യേശു അവനോട്: നിന്‍റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണ മനസ്സോടുംകൂടെ സ്നേഹിക്കേണം. ഇത് മഹത്തരവും, ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതും അതിനോട് സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോട്: ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? അവൻ ആരുടെ പുത്രൻ? എന്നു ചോദിച്ചു; “ദാവീദിന്‍റെ പുത്രൻ“ എന്നു അവർ പറഞ്ഞു. അവൻ അവരോട്: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവ് എന്നു വിളിക്കുന്നത് എങ്ങനെ? “ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം എന്‍റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്‍റെ കർത്താവിനോട് അരുളിച്ചെയ്തു എന്നു അവൻ പറയുന്നുവല്ലോ. ദാവീദ് അവനെ കർത്താവ് എന്നു പറയുന്നുവെങ്കിൽ അവന്‍റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു. അവനോട് ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോട് ഒന്നും ചോദിപ്പാൻ ധൈര്യപ്പെട്ടില്ല.

മത്തായി 22:23-46 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കൽ വന്നു: ഗുരോ, ഒരുത്തൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ. എന്നാൽ ഞങ്ങളുടെ ഇടയിൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു. രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നേ. എല്ലാവരും കഴിഞ്ഞിട്ടു ഒടുവിൽ സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു. അതിന്നു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു. പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ? ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ. പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു. സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചു കൂടി, അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു: ഗുരോ, ന്യായപ്രമാണത്തിൽ ഏതു കല്പന വലിയതു എന്നു ചോദിച്ചു. യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോടു: ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവു എന്നു വിളിക്കുന്നതു എങ്ങനെ? ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. ദാവീദ് അവനെ കർത്താവ് എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോടു ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല.

മത്തായി 22:23-46 സമകാലിക മലയാളവിവർത്തനം (MCV)

പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യർ ഒരു ചോദ്യവുമായി അന്നുതന്നെ, യേശുവിന്റെ അടുക്കൽവന്നു. “ഗുരോ, മക്കൾ ഇല്ലാതെ ഒരു മനുഷ്യൻ മരിച്ചാൽ അയാളുടെ വിധവയെ അയാളുടെ സഹോദരൻ വിവാഹംകഴിച്ച് ജനിക്കുന്ന സന്തതിയിലൂടെ ജ്യേഷ്ഠസഹോദരന്റെ നാമം നിലനിർത്തണം എന്നു മോശ കൽപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ ഇടയിൽ ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു. ആ വിധവ രണ്ടാമന്റെ ഭാര്യയായിത്തീർന്നു. അതുപോലെതന്നെ രണ്ടാമനും മൂന്നാമനും അങ്ങനെ ഏഴാമൻവരെ എല്ലാവർക്കും അതുതന്നെ സംഭവിച്ചു. ഒടുവിൽ ആ സ്ത്രീയും മരിച്ചു. അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ ആ സ്ത്രീ ആരുടെ ഭാര്യയായിത്തീരും? ആ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ.” അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടാണ് നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്. പുനരുത്ഥിത ജീവിതത്തിൽ മനുഷ്യർ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും. മരിച്ചവർ ഉയിർത്തെഴുന്നേൽക്കും എന്നതിനെക്കുറിച്ച്: ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നു ദൈവം നിങ്ങളോട് അരുളിച്ചെയ്തത് വായിച്ചിട്ടില്ലേ? അവിടന്ന് മരിച്ചവരുടെ ദൈവമല്ല, പിന്നെയോ, ജീവനുള്ളവരുടെ ദൈവമാണ്.” ഇതു കേട്ട ജനസഞ്ചയം, അദ്ദേഹത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചു. യേശു സദൂക്യരെ ഉത്തരംമുട്ടിച്ചു എന്നു പരീശന്മാർ കേട്ടപ്പോൾ അവർ സംഘടിച്ചു; അവരിൽ ഒരു നിയമജ്ഞൻ, യേശുവിനെ പരീക്ഷിച്ചുകൊണ്ട്, “ഗുരോ, ന്യായപ്രമാണത്തിലെ ഏറ്റവും മഹത്തായ കൽപ്പന ഏതാണ്?” എന്നു ചോദിച്ചു. അതിന് യേശു, “ ‘നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം.’ ഇതാകുന്നു പ്രഥമവും ഏറ്റവും മഹത്തുമായ കൽപ്പന. രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’ സർവന്യായപ്രമാണവും പ്രവാചകന്മാരും ഈ രണ്ട് കൽപ്പനകളിൽ അധിഷ്ഠിതമായിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു. ഒത്തുകൂടിയ പരീശന്മാരോട് യേശു, “ക്രിസ്തുവിനെപ്പറ്റി നിങ്ങൾ എന്തു ചിന്തിക്കുന്നു? അവിടന്ന് ആരുടെ പുത്രനാണ്?” എന്നു ചോദിച്ചു. “ദാവീദിന്റെ പുത്രൻ,” അവർ പ്രതിവചിച്ചു. “അങ്ങനെയെങ്കിൽ, ദാവീദ് ആത്മനിയോഗത്താൽ ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നത് എങ്ങനെ?” യേശു അവരോടു ചോദിച്ചു. “ ‘കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു: “നിന്റെ ശത്രുക്കളെ ഞാൻ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക,” ’ എന്ന് ദാവീദ് പ്രസ്താവിച്ചല്ലോ! ഇങ്ങനെ ദാവീദുതന്നെയും ക്രിസ്തുവിനെ ‘കർത്താവേ,’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?” അതിനു മറുപടിനൽകാൻ ആർക്കും കഴിഞ്ഞില്ല. അന്നുമുതൽ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല.