ലൂക്കൊസ് 8:11-15
ലൂക്കൊസ് 8:11-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉപമയുടെ പൊരുളോ: വിത്ത് ദൈവവചനം; വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാച് വന്ന് അവരുടെ ഹൃദയത്തിൽനിന്നു വചനം എടുത്തുകളയുന്നു. പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല; അവർ തൽക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു. മുള്ളിനിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി, ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണമായി ഫലം കൊടുക്കാത്തവരത്രേ. നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നെ.
ലൂക്കൊസ് 8:11-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ആ ദൃഷ്ടാന്തത്തിന്റെ സാരം ഇതാണ്: വിത്തു ദൈവവചനമാണ്. വചനം കേട്ടവർ അതു വിശ്വസിച്ചു രക്ഷപ്രാപിക്കാതിരിക്കുവാൻ പിശാച് വന്ന് ചിലരുടെ ഹൃദയത്തിൽനിന്ന് ആ വചനം എടുത്തുകളയുന്നു. അതാണു വഴിയിൽ വീണ വിത്തു സൂചിപ്പിക്കുന്നത്. പാറമേൽ വീണ വിത്താകട്ടെ, കേൾക്കുമ്പോൾ ആഹ്ലാദപൂർവം സ്വീകരിക്കുന്നവരുടെ ഹൃദയത്തിൽ പതിയുന്ന വചനമാണ്. പക്ഷേ, ആ വിത്തുകൾക്കു വേരില്ല. അങ്ങനെയുള്ളവർ താത്ക്കാലികമായി വിശ്വസിക്കുന്നു. എന്നാൽ പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ വഴിതെറ്റിപ്പോകുന്നു. വചനം കേൾക്കുന്നവരാണെങ്കിലും ജീവിതത്തിന്റെ ചിന്താഭാരങ്ങളും സമ്പത്തും ഉല്ലാസങ്ങളും അതിനെ ഞെരുക്കിക്കളയുന്നു. ഇതാണു മുള്ളിനിടയിൽ വീണ വിത്തു സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ളവർ പാകമായ ഫലം നല്‌കുന്നില്ല. വചനം കേട്ടു ശ്രേഷ്ഠവും നിർമ്മലവുമായ ഹൃദയത്തിൽ അതു സ്വീകരിക്കുകയും സഹിച്ചുനിന്നു ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ് നല്ല മണ്ണിൽ വീണ വിത്ത്.
ലൂക്കൊസ് 8:11-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഉപമയുടെ അർത്ഥം ഇതാകുന്നു: വിത്ത് ദൈവവചനം ആണ്; വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിക്കുവാൻ പിശാച് വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു. പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്ക് വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്ത് വിശ്വാസത്തിൽ നിന്നു മാറി പോവുകയും ചെയ്യുന്നു. മുള്ളിനിടയിൽ വീണതോ, വചനം കേൾക്കുന്നവർ എങ്കിലും, വിവിധ ചിന്തകളാലും, ധനത്താലും, ഈ ലോകത്തിലെ സന്തോഷങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ. നല്ല മണ്ണിലുള്ളതോ വചനം കേട്ടിട്ടു, ഹൃദയത്തിൽ സംഗ്രഹിക്കുകയും, ക്ഷമയോടെ ഗുണമുള്ള നല്ലഫലം കൊടുക്കുകയും ചെയ്യുന്നവർ തന്നെ.
ലൂക്കൊസ് 8:11-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം; വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു. പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു. മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ. നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ.
ലൂക്കൊസ് 8:11-15 സമകാലിക മലയാളവിവർത്തനം (MCV)
“ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം. വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു. വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു. മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു. നല്ല മണ്ണിൽ വിത്തു വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അതു സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു.