ലൂക്കൊസ് 12:1-34
ലൂക്കൊസ് 12:1-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനിടെ പുരുഷാരം തമ്മിൽ ചവിട്ടുവാൻ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോൾ അവൻ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിയത്: പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ. മൂടിവച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല. ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞത് എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽ വച്ചു ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽ ഘോഷിക്കും. എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നത്: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. രണ്ടുകാശിന് അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ. മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും. മനുഷ്യപുത്രന്റെ നേരേ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളെ പള്ളികൾക്കും കോയ്മകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ടുപോകുമ്പോൾ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടൂ? എന്തു പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറയേണ്ടത് പരിശുദ്ധാത്മാവ് ആ നാഴികയിൽത്തന്നെ നിങ്ങളെ പഠിപ്പിക്കും. പുരുഷാരത്തിൽ ഒരുത്തൻ അവനോട്: ഗുരോ, ഞാനുമായി അവകാശം പകുതി ചെയ്‍വാൻ എന്റെ സഹോദരനോട് കല്പിച്ചാലും എന്നു പറഞ്ഞു. അവനോട് അവൻ: മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയത് ആർ എന്നു ചോദിച്ചു. പിന്നെ അവരോട്: സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ച് ഒഴിഞ്ഞുകൊൾവിൻ; ഒരുത്തനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത് എന്നു പറഞ്ഞു. ഒരുപമയും അവരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു. അപ്പോൾ അവൻ: ഞാൻ എന്ത് ചെയ്യേണ്ടൂ? എന്റെ വിളവ് കൂട്ടിവയ്പാൻ സ്ഥലം പോരാ എന്ന് ഉള്ളിൽ വിചാരിച്ചു. പിന്നെ അവൻ പറഞ്ഞത്: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിത് എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവയ്ക്കും. എന്നിട്ട് എന്നോടുതന്നെ: നിനക്ക് ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോട്: മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവച്ചത് ആർക്കാകും എന്നു പറഞ്ഞു. ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കുതന്നെ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു. അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞത്: ആകയാൽ എന്തു തിന്നും എന്നു ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത് എന്നു ഞാൻ നിങ്ങളോടു പറയുന്നു. ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലോ. കാക്കയെ നോക്കുവിൻ; അതു വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിനു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ! പിന്നെ വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കുകഴിയും? ആകയാൽ ഏറ്റവും ചെറിയതിനുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നത് എന്ത്? താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ; അവ അധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; എന്നാൽ ശലോമോൻപോലും തന്റെ സകല മഹത്ത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം? എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുത്. ഈ വകയൊക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നു. അവന്റെ രാജ്യം അന്വേഷിപ്പിൻ; അതോടുകൂടെ നിങ്ങൾക്ക് ഇതും കിട്ടും. ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുത്; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു. നിങ്ങൾക്കുള്ളത് വിറ്റു ഭിക്ഷ കൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗത്തിൽ, പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്ക് ഉണ്ടാക്കിക്കൊൾവിൻ. നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും.
ലൂക്കൊസ് 12:1-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതിനിടയ്‍ക്ക് അന്യോന്യം ചവിട്ടേല്‌ക്കത്തക്കവിധം ജനങ്ങൾ ആയിരക്കണക്കിനു തിങ്ങിക്കൂടി. ആദ്യം തന്റെ ശിഷ്യന്മാരോട് യേശു ഇപ്രകാരം പറഞ്ഞു: “പരീശന്മാരുടെ കപടഭക്തിയാകുന്ന പുളിപ്പുമാവിൽനിന്ന് ഒഴിഞ്ഞുമാറിക്കൊള്ളണം; മറച്ചുവച്ചത് ഒന്നും വെളിച്ചത്തുവരാതെയും നിഗൂഢമായത് ഒന്നും അറിയപ്പെടാതെയും ഇരിക്കുകയില്ല. ഇരുട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എന്തുതന്നെയായാലും അവ വെളിച്ചത്തു കേൾക്കും. സ്വകാര്യമുറികളിലിരുന്നു മന്ത്രിച്ചത് പുരമുകളിൽ ഉച്ചത്തിൽ ഘോഷിക്കപ്പെടും. “എന്റെ സ്നേഹിതന്മാരേ, ഞാൻ നിങ്ങളോടു പറയുന്നു: ശരീരത്തെ നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ടാ; അതിൽ കൂടുതലൊന്നും അവർക്കു ചെയ്യുവാൻ കഴിയുകയില്ലല്ലോ. പിന്നെ ആരെയാണു ഭയപ്പെടേണ്ടത് എന്നല്ലേ? കൊന്നശേഷം നരകത്തിലേക്കു തള്ളിക്കളയുവാൻ അധികാരമുള്ളവനെ ഭയപ്പെടുക എന്നു ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു നല്‌കുന്നു. അതേ, ആ ദൈവത്തെത്തന്നെ ഭയപ്പെടുക. “രണ്ടു കാശിന് അഞ്ചു കുരുവികളെയല്ലേ വിൽക്കുന്നത്? എന്നാൽ അവയിൽ ഒന്നിനെപ്പോലും ദൈവം മറക്കുന്നില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയും എണ്ണപ്പെട്ടിരിക്കുന്നു. നിങ്ങൾ ഭയപ്പെടേണ്ടാ, അനേകം കുരുവികളെക്കാൾ നിങ്ങൾ വിലയേറിയവരാണല്ലോ. “മനുഷ്യരുടെ മുമ്പിൽ എന്നെ സ്വീകരിച്ച് ഏറ്റുപറയുന്നവനെ, ദൈവദൂതന്മാരുടെ മുമ്പിൽ മനുഷ്യപുത്രനും സ്വീകരിച്ച് ഏറ്റുപറയും എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നാൽ മനുഷ്യരുടെ മുമ്പിൽ എന്നെ നിഷേധിക്കുന്നവനെ, ദൈവദൂതന്മാരുടെ മുമ്പിൽ ഞാനും നിഷേധിക്കും. “മനുഷ്യപുത്രനെതിരെ ഒരു വാക്കു പറയുന്ന ഏതൊരുവനോടും ക്ഷമിക്കും; പക്ഷേ, പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവനോടു ക്ഷമിക്കുകയില്ല. “നിങ്ങളെ സുനഗോഗുകളിലേക്കോ ഭരണാധിപന്മാരുടെയോ അധികാരികളുടെയോ മുമ്പിലേക്കോ കൊണ്ടുപോകുമ്പോൾ എന്തു മറുപടി പറയണമെന്നോ അഥവാ എങ്ങനെ മൊഴി കൊടുക്കണമെന്നോ ഓർത്ത് ആകുലചിത്തരാകേണ്ടതില്ല. നിങ്ങൾ എന്തു പറയണമെന്നുള്ളത് തത്സമയം പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.” ജനക്കൂട്ടത്തിൽ ഒരുവൻ യേശുവിനോട്: “ഗുരോ, ഞങ്ങളുടെ പിതൃസ്വത്തിൽ എനിക്കുള്ള ഓഹരി ഭാഗിച്ചുതരുവാൻ എന്റെ സഹോദരനോടു കല്പിച്ചാലും” എന്നു പറഞ്ഞു. അവിടുന്ന് അയാളോടു ചോദിച്ചു: “ഹേ! മനുഷ്യാ, എന്നെ ന്യായാധിപനായോ സ്വത്തുഭാഗം ചെയ്യുന്നവനായോ ആരെങ്കിലും നിയമിച്ചിട്ടുണ്ടോ?” പിന്നീട് എല്ലാവരോടുമായി അവിടുന്നു പറഞ്ഞു: “എല്ലാവിധ ദ്രവ്യാഗ്രഹങ്ങളിൽനിന്നും ഒഴിഞ്ഞിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക; ഒരുവന്റെ സമ്പൽസമൃദ്ധിയിലല്ല അവന്റെ ജീവൻ അടങ്ങിയിരിക്കുന്നത്.” യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “ധനാഢ്യനായ ഒരാളിന്റെ കൃഷിഭൂമിയിൽ സമൃദ്ധമായ വിളവുണ്ടായി; അയാൾ ചിന്തിച്ചു തുടങ്ങി: ‘എന്റെ വിളവു സൂക്ഷിക്കുവാൻ സ്ഥലമില്ലല്ലോ; ഞാൻ എന്തു ചെയ്യും?’ അയാൾ ആത്മഗതം ചെയ്തു: ‘ഒരു കാര്യം ഞാൻ ചെയ്യും: എന്റെ അറപ്പുരകൾ പൊളിച്ചു വലുതാക്കിപ്പണിയും; അവിടെ എന്റെ മുഴുവൻ ധാന്യങ്ങളും മറ്റുവിഭവങ്ങളും സംഭരിക്കും. പിന്നീട് എന്നോടുതന്നെ ഞാൻ പറയും: ‘അനേകവർഷത്തേക്കു വേണ്ട വകകളെല്ലാം നിനക്കുണ്ട്; ഇനി വിശ്രമിച്ചുകൊള്ളുക; തിന്നുക, കുടിക്കുക, ആനന്ദിക്കുക.’ എന്നാൽ ദൈവം അവനോടു പറഞ്ഞു: ‘ഭോഷാ! ഇന്നു രാത്രി നിന്റെ ജീവൻ നിന്നോട് ആവശ്യപ്പെടുന്നെങ്കിൽ നിന്റെ സമ്പാദ്യമെല്ലാം ആർക്കുള്ളതായിരിക്കും? “ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതെ തനിക്കുവേണ്ടിതന്നെ സമ്പത്തു സംഭരിച്ചു വയ്‍ക്കുന്നവന്റെ സ്ഥിതി ഇതാണ്.” യേശു ശിഷ്യന്മാരോട് അരുൾചെയ്തു: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കുമെന്നോർത്ത് നിന്റെ ജീവനെക്കുറിച്ചോ, എന്തു ധരിക്കുമെന്നോർത്ത് ശരീരത്തെക്കുറിച്ചോ ആകുലചിത്തരാകരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണല്ലോ. കാക്കളെ നോക്കുക; അവ വിതയ്‍ക്കുന്നില്ല, കൊയ്യുന്നുമില്ല; അവയ്‍ക്ക് അറപ്പുരയോ, കളപ്പുരയോ ഇല്ല. എങ്കിലും ദൈവം അവയെ പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! ഉൽക്കണ്ഠാകുലരാകുന്നതുകൊണ്ട് തന്റെ ആയുസ്സിന്റെ ദൈർഘ്യം അല്പമെങ്കിലും കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? അത്രയും ചെറിയ ഒരു കാര്യത്തിനുപോലും നിങ്ങൾക്കു കഴിവില്ലെങ്കിൽ മറ്റു കാര്യങ്ങളെച്ചൊല്ലി എന്തിന് ആകുലചിത്തരാകുന്നു? കാട്ടുപൂക്കൾ എങ്ങനെ വളരുന്നു എന്ന് ആലോചിച്ചുനോക്കുക. അവ അധ്വാനിക്കുന്നില്ല; നൂൽക്കുന്നതുമില്ല; എങ്കിലും സകല പ്രതാപത്തോടുംകൂടി വാണരുളിയ ശലോമോന്റെ വസ്ത്രങ്ങൾപോലും ഈ പൂക്കളിൽ ഒന്നിനെപ്പോലെ മനോഹരമായിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നു വയലിൽ കാണുന്നെങ്കിലും നാളെ അടുപ്പിൽ വയ്‍ക്കുന്ന പുൽക്കൊടിയെ ദൈവം ഇപ്രകാരം അണിയിക്കുന്നെങ്കിൽ അല്പവിശ്വാസികളേ, അവിടുന്ന് അതിലും എത്ര അധികമായി നിങ്ങളെ അണിയിക്കും. “അതുകൊണ്ട് എന്തു തിന്നും എന്തു കുടിക്കും എന്നു ചിന്തിക്കുകയോ ആകുലചിത്തരാകുകയോ അരുത്. ഈവക കാര്യങ്ങളെല്ലാം ലൗകികമനുഷ്യർ അന്വേഷിക്കുന്നു; എന്നാൽ ഇവ നിങ്ങൾക്ക് ആവശ്യമുണ്ടെന്ന് നിങ്ങളുടെ പിതാവിനറിയാം. അവിടുത്തെ രാജ്യം സാക്ഷാത്കരിക്കുന്നതിനുള്ള കാര്യങ്ങളിൽ നിങ്ങൾ തത്പരരാകുക; അതോടുകൂടി ഇവയും നിങ്ങൾക്കു ലഭിക്കും. “ചെറിയ ആട്ടിൻപറ്റമേ, ഭയപ്പെടേണ്ടാ. തന്റെ രാജ്യം നിങ്ങൾക്കു നല്‌കുവാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു. നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു കൊടുക്കുക. അങ്ങനെ ഒരിക്കലും ജീർണിക്കാത്ത പണസഞ്ചിയും അക്ഷയമായ നിക്ഷേപവും സ്വർഗത്തിൽ സൂക്ഷിക്കുക. അവിടെ കള്ളൻ കടക്കുകയില്ല; പുഴു തിന്നു നശിപ്പിക്കുകയുമില്ല. നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സർവ ശ്രദ്ധയും.
ലൂക്കൊസ് 12:1-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിനിടെ ആയിരക്കണക്കിന് ജനങ്ങൾ യേശുവിന് ചുറ്റും തിങ്ങി കൂടി. പരസ്പരം ചവിട്ടേൽക്കത്തക്ക നിലയിൽ പുരുഷാരം തിക്കിത്തിരക്കുകയായിരുന്നു. അവൻ ആദ്യം ശിഷ്യന്മാരോട് പറഞ്ഞു തുടങ്ങിയത്: പരീശരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊള്ളുവിൻ. മറച്ചുവെച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല. ആകയാൽ നിങ്ങൾ ഇരുട്ടത്ത് പറഞ്ഞത് എല്ലാം വെളിച്ചത്തു കേൾക്കും; മുറികളിൽ വച്ചു രഹസ്യമായി പറഞ്ഞത് പുരമുകളിൽ ഘോഷിക്കും. എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നത്: ശരീരത്തെ കൊന്നിട്ട് പിന്നെ വേറെ ഒന്നും ചെയ്വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. കൊന്നിട്ട് നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അഞ്ചു കുരികിലിനെ രണ്ടു കാശിനല്ലേ വില്ക്കുന്നത്. എങ്കിലും അവയിൽ ഒന്നിനേപ്പോലും ദൈവം മറന്നുപോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; അതുകൊണ്ട് ഭയപ്പെടേണ്ടാ; അനേകം കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ. മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും. മനുഷ്യപുത്രന് എതിരെ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിയ്ക്കും; എന്നാൽ പരിശുദ്ധാത്മാവിന്‍റെ നേരെ ദൈവദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളെ പള്ളികൾക്കും ഭരണകർത്താകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ടു പോകുമ്പോൾ എങ്ങനെയാണോ മറുപടി പറയേണ്ടതു എന്നും, എന്താണോ പറയേണ്ടതു എന്നും വിചാരപ്പെടേണ്ടാ; നിങ്ങൾക്ക് പറയേണ്ടതു പരിശുദ്ധാത്മാവ് തൽസമയം തന്നെ നിങ്ങളെ പഠിപ്പിക്കും. പുരുഷാരത്തിൽ ഒരുവൻ അവനോട്: ”ഗുരോ, എന്‍റെ സഹോദരനോട് പിതൃസ്വത്ത് പകുത്ത് നൽകുവാൻ കല്പിച്ചാലും” എന്നു പറഞ്ഞു. അവനോട് യേശു: മനുഷ്യാ, എന്നെ നിങ്ങൾക്ക് ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയത് ആർ? എന്നു ചോദിച്ചു. പിന്നെ അവരോട്: സകല അത്യാഗ്രഹങ്ങളിൽ നിന്നും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; അവനു സമൃദ്ധി ഉണ്ടായാലും അവന്‍റെ വസ്തുവക അല്ല അവന്‍റെ ജീവന് അടിസ്ഥാനമായിരിക്കുന്നത് എന്നു പറഞ്ഞു. ഒരുപമയും അവരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു. അപ്പോൾ അവൻ: ഞാൻ എന്ത് ചെയ്യേണ്ടു? എന്‍റെ വിളവ് സൂക്ഷിച്ചു വെയ്ക്കുവാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു. പിന്നെ അവൻ പറഞ്ഞത്: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവയ്ക്കും. എന്നിട്ട് എന്നോടുതന്നെ; നിനക്കു അനേക വർഷങ്ങൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോട്: മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോട് ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചത് ആർക്കാകും? എന്നു പറഞ്ഞു. ദൈവവിഷയമായി സമ്പന്നൻ ആകാതെ, വിലയേറിയ കാര്യങ്ങളെ തനിക്കു തന്നെ സൂക്ഷിച്ചു വെയ്ക്കുന്നവൻ്റെ കാര്യം ഇങ്ങനെ ആകുന്നു. അവൻ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: അതുകൊണ്ട് എന്ത് തിന്നും എന്നു ജീവനെ പറ്റിയും എന്ത് ഉടുക്കും എന്നു ശരീരത്തെ പറ്റിയും ഓർത്തു വെറുതെ വിഷമിക്കണ്ട എന്നു ഞാൻ നിങ്ങളോടു പറയുന്നു. ആഹാരത്തേക്കാൾ ജീവനും ഉടുപ്പിനേക്കാൾ ശരീരവും വലുതല്ലോ. കാക്കയെ നോക്കുവിൻ; അത് വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിന് പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ സംരക്ഷിക്കുന്നു. പറവജാതിയേക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ! പിന്നെ ഇങ്ങനെ ആകുലപ്പെടുന്നതുകൊണ്ട് തന്‍റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും? ഏറ്റവും ചെറിയ കാര്യങ്ങൾ ചെയ്യുവാൻ പോലും നിങ്ങൾക്ക് സാധിക്കുകയില്ല എങ്കിൽ ബാക്കി ഉള്ളതിനെക്കുറിച്ച് ആകുലപ്പെടുന്നത് എന്തിനാണ്? താമര എങ്ങനെ വളരുന്നു എന്നു ചിന്തിക്കുക; അവ അദ്ധ്വാനിക്കുന്നില്ല, നൂൽ ഉണ്ടാക്കുന്നതും ഇല്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ഒരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്ന് കാണുന്നതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം? എന്ത് തിന്നും എന്ത് കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുത്. ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്ക് ആവശ്യം എന്നു അറിയുന്നു. അവന്റെ രാജ്യം അന്വേഷിക്കുവിൻ; അതോടുകൂടെ നിങ്ങൾക്ക് ഇതും കിട്ടും. ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്ക് നല്കുവാൻ പ്രസാദിച്ചിരിക്കുന്നു. നിങ്ങൾക്കുള്ളത് വിറ്റ് ഭിക്ഷ കൊടുക്കുവിൻ; കള്ളൻ എടുക്കുകയോ, പുഴു തിന്നു നശിപ്പിക്കുകയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ, പഴയതായി പോകാത്ത പണസഞ്ചികളും, തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്ക് ഉണ്ടാക്കിക്കൊൾവിൻ. നിങ്ങളുടെ നിക്ഷേപം ഉള്ളിടത്ത് നിങ്ങളുടെ ഹൃദയവും ഇരിക്കും.
ലൂക്കൊസ് 12:1-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നിടെ പുരുഷാരം തമ്മിൽ ചവിട്ടുവാൻ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോൾ അവൻ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിതു: പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ. മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല. ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽ വെച്ചു ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽ ഘോഷിക്കും. എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നതു: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ. മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും. മനുഷ്യപുത്രന്റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളെ പള്ളികൾക്കും കോയ്മകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ടുപോകുമ്പോൾ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടു? എന്തു പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറയേണ്ടതു പരിശുദ്ധാത്മാവു ആ നാഴികയിൽ തന്നേ നിങ്ങളെ പഠിപ്പിക്കും. പുരുഷാരത്തിൽ ഒരുത്തൻ അവനോടു: ഗുരോ, ഞാനുമായി അവകാശം പകുതിചെയ്‌വാൻ എന്റെ സഹോദരനോടു കല്പിച്ചാലും എന്നു പറഞ്ഞു. അവനോടു അവൻ:മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയതു ആർ എന്നു ചോദിച്ചു. പിന്നെ അവരോടു:സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു എന്നു പറഞ്ഞു. ഒരുപമയും അവരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു. അപ്പോൾ അവൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു. പിന്നെ അവൻ പറഞ്ഞതു: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവെക്കും. എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു: മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും എന്നു പറഞ്ഞു. ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു. അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: ആകയാൽ എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു എന്നു ഞാൻ നിങ്ങളോടു പറയുന്നു. ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലോ. കാക്കയെ നോക്കുവിൻ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ! പിന്നെ വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? ആകയാൽ ഏറ്റവും ചെറിയതിന്നുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു? താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം? എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുതു. ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നു. അവന്റെ രാജ്യം അന്വേഷിപ്പിൻ; അതോടുകൂടെ നിങ്ങൾക്കു ഇതും കിട്ടും. ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു. നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ. നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും.
ലൂക്കൊസ് 12:1-34 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനിടയിൽ, പരസ്പരം ചവിട്ടിമെതിച്ചു പോകുന്നതുപോലെ ആയിരക്കണക്കിനു ജനം അവിടെ വന്നുകൂടി. യേശു ആദ്യം അവിടത്തെ ശിഷ്യന്മാരുടെനേരേ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞുതുടങ്ങി: “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെ കപടഭക്തിയെന്ന പുളിച്ചമാവ് സൂക്ഷിക്കുക. വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല. നിങ്ങൾ ഇരുളിൽ പറഞ്ഞതു പകലിൽ കേൾക്കും; ഉള്ളറകളിൽ കതകുകൾ അടച്ചിട്ട് ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കും. “എന്റെ പ്രിയരേ, ഞാൻ നിങ്ങളോടു പറയട്ടെ: ശരീരത്തെ കൊല്ലുന്നതിലപ്പുറം ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ട. ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. രണ്ട് രൂപയ്ക്ക് അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല. നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ. “ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യരുടെമുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ (ഞാനും) മനുഷ്യപുത്രനും അംഗീകരിക്കും. മനുഷ്യരുടെമുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ ഞാനും നിരാകരിക്കും. മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ക്ഷമ ലഭിക്കുകയില്ല. “നിങ്ങളെ പള്ളികളിലും ഭരണകർത്താക്കളുടെയും അധികാരികളുടെയും മുമ്പിലും വിസ്തരിക്കാൻ കൊണ്ടുവരുമ്പോൾ എങ്ങനെ എതിർവാദം പറയണമെന്നോ എന്തു മൊഴി കൊടുക്കണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല; നിങ്ങൾ പറയേണ്ടതെന്തെന്നു പരിശുദ്ധാത്മാവ് ആ സമയത്തുതന്നെ നിങ്ങൾക്ക് ഉപദേശിച്ചുതരും.” ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ യേശുവിനോട്, “ഗുരോ, ഞാനുമായി പിതൃസ്വത്തു ഭാഗംവെക്കാൻ എന്റെ സഹോദരനോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു. അതിന് യേശു, “മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ മധ്യസ്ഥനോ ആയി നിയമിച്ചതാര്?” എന്നു ചോദിച്ചു. അദ്ദേഹം തുടർന്ന് അവരോട്, “സൂക്ഷിക്കുക, എല്ലാവിധത്തിലുമുള്ള അത്യാഗ്രഹത്തിനെതിരേ ജാഗരൂകരായിരിക്കുക; ഒരാളുടെ ധനസമൃദ്ധിയല്ല അയാളുടെ ജീവന് ആധാരമായിരിക്കുന്നത്” എന്നു പറഞ്ഞു. അദ്ദേഹം അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരു ധനികന്റെ കൃഷിസ്ഥലത്ത് സമൃദ്ധമായ വിളവുണ്ടായി. എന്റെ വിളവു സൂക്ഷിക്കാൻ സ്ഥലം ഇല്ലല്ലോ ‘ഞാൻ എന്തുചെയ്യും?’ അയാൾ ആത്മഗതംചെയ്തു. “ഞാൻ ഇതാണ് ചെയ്യാൻപോകുന്നത്, ‘ഞാൻ എന്റെ ഭണ്ഡാരപ്പുരകൾ പൊളിച്ച് അവയിലും വലിയവ പണിയിക്കും; അവിടെ ഞാൻ എന്റെ ധാന്യവും മറ്റു വിളവുകളുമെല്ലാം സംഭരിച്ചുവെക്കും’ എന്ന് അയാൾ പറഞ്ഞു. പിന്നെ ഞാൻ എന്നോടുതന്നെ, ‘എന്റെ ജീവനേ, അനേകം വർഷങ്ങളിലേക്കാവശ്യമായ ധാന്യവിഭവങ്ങളെല്ലാം സമൃദ്ധമായി നിന്റെ പക്കലുണ്ട്. ഇനി അധ്വാനിക്കേണ്ട; ഭക്ഷിച്ചുപാനംചെയ്ത് ആനന്ദിക്കുക’ എന്നു പറയും. “എന്നാൽ ദൈവം അവനോട്, ‘മടയാ, ഈ രാത്രിയിൽത്തന്നെ നിന്റെ ജീവനെ ഞാൻ നിന്നോടു ചോദിക്കും. പിന്നെ, നീ നിനക്കായി ഒരുക്കിവെച്ചത് ആര് അനുഭവിക്കും?’ എന്നു ചോദിച്ചു. “തനിക്കുവേണ്ടിത്തന്നെ വസ്തുവകകൾ സംഭരിച്ചുവെക്കുകയും എന്നാൽ ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതിരിക്കുകയുംചെയ്യുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ ഇങ്ങനെതന്നെ ആകും.” ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണ്? കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? ഈ ഒരു ചെറിയ കാര്യത്തിനുപോലും കഴിവില്ലാതിരിക്കെ, ശേഷമുള്ളതിനെക്കുറിച്ചു നിങ്ങൾ ആകുലപ്പെടുന്നതെന്തിന്? “ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതും! നിങ്ങൾ എന്തു ഭക്ഷിക്കുമെന്നോ എന്തു പാനംചെയ്യുമെന്നോ അന്വേഷിക്കരുത്; അതിനെപ്പറ്റി വ്യാകുലപ്പെടുകയുമരുത്. ദൈവത്തെ അറിയാത്തവരുടെ ലോകമാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങൾ ആ പിതാവിന്റെ രാജ്യം തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. “ചെറിയ ആട്ടിൻപറ്റമേ, ഭീതിവേണ്ട, നിങ്ങൾക്ക് അവിടത്തെ രാജ്യഭാരം നൽകാൻ നിങ്ങളുടെ പിതാവിന് പ്രസാദമായിരിക്കുന്നു. നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല. നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.