ലേവ്യാപുസ്തകം 23:39-44

ലേവ്യാപുസ്തകം 23:39-44 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഏഴാം മാസം പതിനഞ്ചാം ദിവസം വിളവെടുപ്പു കഴിഞ്ഞാൽ ഏഴു ദിവസത്തേക്കു സർവേശ്വരന് ഉത്സവം ആചരിക്കണം. ഒന്നാം ദിവസവും എട്ടാം ദിവസവും വിശുദ്ധ ശബത്തായി ആചരിക്കണം. അന്നു ഹൃദ്യമായ പഴങ്ങളും ഈന്തപ്പനകുരുത്തോലയും ഇലകൾ നിറഞ്ഞ മരച്ചില്ലകളും ആറ്റലരിവൃക്ഷക്കൊമ്പുകളും കൈയിലേന്തണം. ഏഴു ദിവസം ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ സന്തോഷിച്ചുല്ലസിക്കുക. വർഷംതോറും ഏഴാം മാസത്തിൽ ഏഴു ദിവസം സർവേശ്വരന് ഈ ഉത്സവം ആചരിക്കണം. ഇതു നിങ്ങളുടെ സകല തലമുറകളും എല്ലാക്കാലത്തും പാലിക്കാനുള്ള നിയമമാകുന്നു. ഇസ്രായേല്യർ സകലരും ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കണം. ഈജിപ്തിൽനിന്നു ഞാൻ ഇസ്രായേൽജനത്തെ വിമോചിപ്പിച്ചു കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിലായിരുന്നു താമസിപ്പിച്ചിരുന്നതെന്നു നിങ്ങളുടെ ഓരോ തലമുറയും അറിയണം. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.” സർവേശ്വരന്റെ നിർദ്ദിഷ്ട ഉത്സവദിനങ്ങൾ ഏതെല്ലാമെന്നു മോശ ഇങ്ങനെ ഇസ്രായേൽജനത്തെ അറിയിച്ചു.

ലേവ്യാപുസ്തകം 23:39-44 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തീയതി യഹോവയ്ക്ക് ഏഴു ദിവസം ഉത്സവം ആചരിക്കേണം; ആദ്യ ദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത. ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം. സംവത്സരംതോറും ഏഴു ദിവസം യഹോവയ്ക്ക് ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തിൽ അത് ആചരിക്കേണം. ഞാൻ യിസ്രായേൽമക്കളെ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം; യിസ്രായേലിലെ സ്വദേശികളൊക്കെയും കൂടാരങ്ങളിൽ പാർക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽമക്കളോട് അറിയിച്ചു.

ലേവ്യാപുസ്തകം 23:39-44 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തീയതി യഹോവയ്ക്ക് ഏഴു ദിവസം ഉത്സവം ആചരിക്കേണം; ആദ്യ ദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത. ആദ്യ ദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈന്തപ്പനയുടെ കുരുത്തോലയും തഴച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം. വർഷംതോറും ഏഴു ദിവസം യഹോവയ്ക്ക് ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള നിയമം; ഏഴാം മാസത്തിൽ അത് ആചരിക്കേണം. ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിയുവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം; യിസ്രായേലിലെ സ്വദേശികൾ ഒക്കെയും കൂടാരങ്ങളിൽ പാർക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽ മക്കളോട് അറിയിച്ചു.

ലേവ്യാപുസ്തകം 23:39-44 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തിയ്യതി യഹോവെക്കു ഏഴു ദിവസം ഉത്സവം ആചരിക്കേണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത. ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തു കൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം. സംവത്സരം തോറും ഏഴു ദിവസം യഹോവെക്കു ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തിൽ അതു ആചരിക്കേണം. ഞാൻ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം; യിസ്രായേലിലെ സ്വദേശികൾ ഒക്കെയും കൂടാരങ്ങളിൽ പാർക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽമക്കളോടു അറിയിച്ചു.

ലേവ്യാപുസ്തകം 23:39-44 സമകാലിക മലയാളവിവർത്തനം (MCV)

“ ‘അതുകൊണ്ട് ഏഴാംമാസം പതിനഞ്ചാംദിവസം തുടങ്ങി, നിങ്ങൾ നിലത്തിലെ വിളവെല്ലാം ശേഖരിച്ചതിനുശേഷം ഏഴുദിവസം യഹോവയ്ക്ക് ഉത്സവം ആഘോഷിക്കുക; ഒന്നാംദിവസം വിശ്രമത്തിനുള്ള ശബ്ബത്താണ്; എട്ടാംദിവസവും വിശ്രമത്തിനുള്ള ശബ്ബത്താണ്. ഒന്നാംദിവസം വൃക്ഷങ്ങളിൽനിന്ന് മേൽത്തരമായ ഫലവും കുരുത്തോലയും ഇലയുള്ള ശിഖരങ്ങളും ആറ്റലരിയും (വെള്ളിലമരം) എടുത്തുകൊണ്ട് ഏഴുദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആനന്ദിക്കണം. ഓരോവർഷവും ഇതു യഹോവയ്ക്ക് ഒരു ഉത്സവമായി ഏഴുദിവസം ആഘോഷിക്കണം. ഇതു വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള ഒരു അനുഷ്ഠാനമായിരിക്കണം ഇത് ഏഴാംമാസത്തിൽ ആഘോഷിക്കണം. ഏഴുദിവസം കൂടാരങ്ങളിൽ പാർക്കണം; എല്ലാ സ്വദേശീയരായ ഇസ്രായേല്യരും കൂടാരങ്ങളിൽ പാർക്കണം. അങ്ങനെ ഞാൻ ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്നപ്പോൾ ഞാൻ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിയും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ” ഇപ്രകാരം മോശ യഹോവയുടെ സ്ഥാപിക്കപ്പെട്ട ഉത്സവങ്ങൾ ഇസ്രായേൽമക്കളോട് അറിയിച്ചു.