യോഹന്നാൻ 8:28-59

യോഹന്നാൻ 8:28-59 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ഞാൻ തന്നെ അവൻ എന്നും ഞാൻ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചു തന്നതുപോലെ ഇത് സംസാരിക്കുന്നു എന്നും അറിയും. എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. അവൻ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു. അവർ അവനോട്: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നത് എങ്ങനെ എന്ന് ഉത്തരം പറഞ്ഞു. അതിനു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും. നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിനു നിങ്ങളിൽ ഇടം ഇല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു. പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളത് ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങൾ ചെയ്യുന്നു എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ് എന്ന് ഉത്തരം പറഞ്ഞതിനു യേശു അവരോട്: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോട്: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്ക് ഒരു പിതാവേയുള്ളൂ; ദൈവംതന്നെ എന്നു പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ദൈവം നിങ്ങളുടെ പിതാവ് എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായിവന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു. എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ. നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്തത്തിൽനിന്ന് എടുത്തു പറയുന്നു. അവൻ ഭോഷ്ക് പറയുന്നവനും, അതിന്റെ അപ്പനും ആകുന്നു. ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്? ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല. യെഹൂദന്മാർ അവനോട്: നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ട് എന്നു ഞങ്ങൾ പറയുന്നത് ശരിയല്ലയോ എന്നു പറഞ്ഞു. അതിനു യേശു: എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നത്: നിങ്ങളോ എന്നെ അപമാനിക്കുന്നു. ഞാൻ എന്റെ മഹത്ത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ട്. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്ന് ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോട്: നിനക്ക് ഭൂതം ഉണ്ട് എന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന് യേശു: ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തിയാൽ എന്റെ മഹത്ത്വം ഏതുമില്ല; എന്നെ മഹത്ത്വപ്പെടുത്തുന്നത് എന്റെ പിതാവ് ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു. എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്ക് പറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു. നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോട്: നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട് എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ എറിവാൻ കല്ല് എടുത്തു, യേശുവോ മറഞ്ഞ് ദൈവാലയം വിട്ടുപോയി.

യോഹന്നാൻ 8:28-59 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ട് അവിടുന്നു വീണ്ടും പറഞ്ഞു: “മനുഷ്യപുത്രനെ നിങ്ങൾ ഉയർത്തുമ്പോൾ ഞാനാകുന്നവൻ ഞാൻ തന്നെ ആണെന്നു നിങ്ങൾക്കു മനസ്സിലാകും. ഞാൻ സ്വയമായി ഒന്നും ചെയ്യാതെ എന്റെ പിതാവു പ്രബോധിപ്പിക്കുന്നതു മാത്രം പ്രസ്താവിക്കുന്നു എന്നു നിങ്ങൾക്കു ബോധ്യമാകും. എന്നെ അയച്ചവൻ എന്നോടുകൂടിയുണ്ട്; അവിടുത്തേക്കു പ്രസാദകരമായത് ഞാൻ എപ്പോഴും ചെയ്യുന്നതിനാൽ അവിടുന്ന് എന്നെ ഏകനായി വിട്ടിട്ടില്ല.” ഇതു പറഞ്ഞപ്പോൾ അനേകം ആളുകൾ യേശുവിൽ വിശ്വസിച്ചു. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു പറഞ്ഞു: “എന്റെ വചനത്തിൽ നിങ്ങൾ നിലനില്‌ക്കുന്നെങ്കിൽ യഥാർഥത്തിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ തന്നെ. നിങ്ങൾ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” അവർ ചോദിച്ചു: “ഞങ്ങൾ അബ്രഹാമിന്റെ സന്താനങ്ങളാണ്; ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല; പിന്നെ ഞങ്ങളെ സ്വതന്ത്രരാക്കും എന്നു താങ്കൾ പറയുന്നതിന്റെ അർഥം എന്താണ്?” അതിന് യേശു ഉത്തരമരുളി: “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. പാപം ചെയ്യുന്ന ഏതൊരുവനും പാപത്തിന്റെ അടിമയാകുന്നു. അടിമ, വീട്ടിൽ സ്ഥിരമായി വസിക്കുന്നില്ല. എന്നാൽ പുത്രൻ എന്നും അവിടെ വസിക്കുന്നു. അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരായിരിക്കും. നിങ്ങൾ അബ്രഹാമിന്റെ സന്താനങ്ങളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലുവാൻ ആലോചിക്കുന്നു. എന്തുകൊണ്ടെന്നാൽ എന്റെ വചനം നിങ്ങൾ ഗ്രഹിക്കുന്നില്ല. എന്റെ പിതാവിൽ ദർശിച്ചിട്ടുള്ളത് ഞാൻ നിങ്ങളോടു സംസാരിക്കുന്നു. എന്നാൽ നിങ്ങളുടെ പിതാവിൽനിന്നു കേട്ടിട്ടുള്ളത് നിങ്ങൾ ചെയ്യുന്നു.” അവർ യേശുവിനോടു പറഞ്ഞു: “അബ്രഹാമാണു ഞങ്ങളുടെ പിതാവ്.” യേശു പറഞ്ഞു: “നിങ്ങൾ അബ്രഹാമിന്റെ മക്കളായിരുന്നെങ്കിൽ അബ്രഹാമിന്റെ പ്രവൃത്തികൾ നിങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ ദൈവത്തിൽനിന്നു കേട്ട സത്യം നിങ്ങളെ അറിയിക്കുക മാത്രം ചെയ്ത എന്നെ നിങ്ങൾ കൊല്ലുവാൻ ഭാവിക്കുന്നു. അബ്രഹാം അങ്ങനെയൊന്നും ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളത്രേ നിങ്ങൾ ചെയ്യുന്നത്.” “ഞങ്ങൾ ജാരസന്തതികളല്ല; ഞങ്ങൾക്ക് ഒരു പിതാവേയുള്ളൂ; ദൈവം മാത്രം” എന്ന് അതിന് അവർ മറുപടി പറഞ്ഞു. യേശു അവരോടു പറഞ്ഞു: “ദൈവം യഥാർഥത്തിൽ നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു. എന്തെന്നാൽ ഞാൻ ദൈവത്തിൽനിന്നു വന്നിരിക്കുന്നു. ഞാൻ സ്വമേധയാ വന്നതല്ല, എന്നെ ദൈവം അയച്ചതാണ്. ഞാൻ പറയുന്നത് നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ട്? എന്റെ വചനം ഗ്രഹിക്കുവാൻ നിങ്ങൾക്കു കഴിയാത്തതുകൊണ്ടു തന്നെ. പിശാച് ആണ് നിങ്ങളുടെ പിതാവ്. നിങ്ങളുടെ പിതാവിന്റെ ദുർമോഹം നിറവേറ്റുവാൻ നിങ്ങൾ ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകി ആയിരുന്നു. അവൻ ഒരിക്കലും സത്യത്തിന്റെ പക്ഷത്തു നിന്നിട്ടില്ല. എന്തെന്നാൽ അവനിൽ സത്യമില്ല. അവൻ അസത്യം പറയുമ്പോൾ അവന്റെ സ്വഭാവമാണു പ്രകടമാകുന്നത്. അവൻ അസത്യവാദിയും അസത്യത്തിന്റെ പിതാവുമാകുന്നു. എന്നാൽ ഞാൻ സത്യം പറയുന്നതുകൊണ്ട് നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. ഞാൻ പാപിയാണെന്ന് എന്നെ ബോധ്യപ്പെടുത്തുവാൻ നിങ്ങളിൽ ആർക്കു കഴിയും? ഞാൻ പറയുന്നതു സത്യം ആണെങ്കിൽ നിങ്ങൾ എന്തുകൊണ്ട് എന്നെ വിശ്വസിക്കുന്നില്ല? ദൈവത്തിൽ നിന്നുള്ളവൻ ദൈവത്തിന്റെ വാക്കുകൾ ശ്രവിക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവരല്ലാത്തതുകൊണ്ടാണ് അവിടുത്തെ വചനങ്ങൾ ശ്രവിക്കാത്തത്.” യെഹൂദന്മാർ ചോദിച്ചു: “താങ്കൾ ഒരു ശമര്യനാണെന്നും താങ്കളിൽ ഒരു ഭൂതമുണ്ടെന്നും ഞങ്ങൾ പറയുന്നത് ശരിയല്ലേ?” യേശു പറഞ്ഞു: “എന്നിൽ ഭൂതമില്ല. ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു; നിങ്ങളാകട്ടെ, എന്നെ അപമാനിക്കുന്നു. എന്നിരുന്നാലും ഞാൻ എന്റെ സ്വന്തം മഹത്ത്വം തേടുന്നില്ല. അത് എനിക്കുവേണ്ടി തേടുന്ന ഒരാളുണ്ട്; അവിടുന്നാണ് വിധികർത്താവ്. ഞാൻ ഉറപ്പിച്ചു പറയുന്നു: എന്റെ വാക്ക് അനുസരിക്കുന്നവൻ മരണം എന്തെന്ന് ഒരിക്കലും അറിയുകയില്ല.” യെഹൂദന്മാർ പറഞ്ഞു: “താങ്കളിൽ ഒരു ഭൂതമുണ്ടെന്ന് ഞങ്ങൾക്ക് ഇപ്പോൾ ബോധ്യമായി. അബ്രഹാം അന്തരിച്ചു; അതുപോലെ തന്നെ പ്രവാചകന്മാരും. എന്നിട്ടും താങ്കൾ പറയുന്നു ‘എന്റെ വാക്ക് അനുസരിക്കുന്നവർക്ക് ഒരിക്കലും മരണത്തിന്റെ അനുഭവം ഉണ്ടാകുകയില്ല’ എന്ന്. ഞങ്ങളുടെ പൂർവപിതാവായ അബ്രഹാം മരണമടഞ്ഞല്ലോ. അദ്ദേഹത്തെക്കാൾ വലിയവനാണോ താങ്കൾ? പ്രവാചകന്മാരും മരിച്ചു. താങ്കൾ ആരെന്നാണ് അവകാശപ്പെടുന്നത്?” യേശു ഉത്തരമരുളി: “ഞാൻ എന്നെത്തന്നെ പ്രകീർത്തിച്ചാൽ അതിന് ഒരു വിലയുമില്ല; നിങ്ങളുടെ ദൈവമെന്നു നിങ്ങൾ പറയുന്ന എന്റെ പിതാവാണ് എന്നെ പ്രകീർത്തിക്കുന്നത്. എന്നാൽ നിങ്ങൾ അവിടുത്തെ ഒരിക്കലും അറിഞ്ഞിട്ടില്ല: ഞാനാകട്ടെ അവിടുത്തെ അറിയുന്നു. ഞാൻ അവിടുത്തെ അറിയുന്നില്ലെന്നു പറഞ്ഞാൽ ഞാനും നിങ്ങളെപ്പോലെ കള്ളം പറയുന്നവനായിരിക്കും. ഞാൻ അവിടുത്തെ അറിയുകയും അവിടുത്തെ വചനം അനുസരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പിതാവായ അബ്രഹാം എന്റെ ആഗമനദിവസം കാണാം എന്ന പ്രത്യാശയിൽ ആഹ്ലാദിച്ചു. അദ്ദേഹം അതു കണ്ട് ആനന്ദിക്കുകയും ചെയ്തു.” അപ്പോൾ യെഹൂദന്മാർ ചോദിച്ചു: “താങ്കൾക്ക് അൻപതു വയസ്സുപോലും ആയിട്ടില്ല; എന്നിട്ടും അബ്രഹാമിനെ കണ്ടിട്ടുണ്ടെന്നോ?” യേശു പ്രതിവചിച്ചു: “ഞാൻ ഉറപ്പിച്ചു പറയുന്നു, അബ്രഹാമിനു മുമ്പുതന്നെ ഞാൻ ഉണ്ടായിരുന്നു.” ഇതു പറഞ്ഞപ്പോൾ യേശുവിനെ എറിയുന്നതിന് അവർ കല്ലെടുത്തു. എന്നാൽ യേശു അവരിൽ നിന്ന് ഒഴിഞ്ഞുമാറി ദേവാലയം വിട്ടുപോയി.

യോഹന്നാൻ 8:28-59 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ‘ഞാൻ ആകുന്നു’ അവൻ എന്നും ഞാൻ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും നിങ്ങൾ അറിയും. എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്‌പ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. അവൻ ഈ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അനേകർ അവനിൽ വിശ്വസിച്ചു. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്‍റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ യഥാർത്ഥമായി എന്‍റെ ശിഷ്യന്മാരായി സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നു പറഞ്ഞു. അവർ അവനോട്: “ഞങ്ങൾ അബ്രാഹാമിന്‍റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നത് എങ്ങനെ?“ എന്നു ഉത്തരം പറഞ്ഞു. അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്‍റെ ദാസൻ ആകുന്നു. അടിമ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. അതുകൊണ്ട് പുത്രൻ നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും. നിങ്ങൾ അബ്രാഹാമിന്‍റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്‍റെ വചനത്തിന് നിങ്ങളിൽ ഇടം ഇല്ലാത്തതുകൊണ്ട് നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു. പിതാവിന്‍റെ അടുക്കൽ കണ്ടിട്ടുള്ളത് ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോട് കേട്ടിട്ടുള്ളത് നിങ്ങൾ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു. അവർ അവനോട്: “അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ്“ എന്നു ഉത്തരം പറഞ്ഞു. അതിന് യേശു അവരോട്: നിങ്ങൾ അബ്രാഹാമിന്‍റെ മക്കൾ എങ്കിൽ അബ്രാഹാമിന്‍റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്‍റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോട്: “ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നെ“ എന്നു പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ദൈവം നിങ്ങളുടെ പിതാവ് എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്‍റെ അടുക്കൽനിന്ന് വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു. എന്‍റെ വാക്കുകൾ നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്‍റെ വചനം കേൾക്കുവാൻ നിങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടത്രേ. നിങ്ങൾ പിശാചെന്ന പിതാവിന്‍റെ മക്കൾ; നിങ്ങളുടെ പിതാവിന്‍റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്ത സ്വഭാവത്തിൽനിന്ന് എടുത്തു പറയുന്നു; എന്തുകൊണ്ടെന്നാൽ അവൻ ഭോഷ്ക് പറയുന്നവനും അതിന്‍റെ അപ്പനും ആകുന്നു. ഞാനോ സത്യം സംസാരിക്കുന്നു എന്നിട്ടും നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ച് ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്? ദൈവത്തിൽനിന്നുള്ളവർ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരല്ലായ്കകൊണ്ട് അവ കേൾക്കുന്നില്ല. യെഹൂദന്മാർ അവനോട്: “നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ട് എന്നു ഞങ്ങൾ പറയുന്നത് ശരിയല്ലയോ?“ എന്നു പറഞ്ഞു. അതിന് യേശു: എനിക്ക് ഭൂതമില്ല; ഞാൻ എന്‍റെ പിതാവിനെ ബഹുമാനിയ്ക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു. ഞാൻ എന്‍റെ മഹത്വം അന്വേഷിക്കുന്നില്ല; അങ്ങനെ അന്വേഷിക്കുകയും വിധിക്കുകയും ചെയ്യുന്ന ഒരുവൻ ഉണ്ട്. ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്‍റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാണുകയില്ല എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോട്: “നിനക്കു ഭൂതം ഉണ്ട് എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്‍റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു?“ എന്നു ചോദിച്ചു. അതിന് യേശു: ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്‍റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നത് എന്‍റെ പിതാവ് ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു. നിങ്ങൾ അവനെ അറിയുന്നില്ല എങ്കിലും ഞാൻ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്‍റെ വചനം പ്രമാണിക്കയും ചെയ്യുന്നു. നിങ്ങളുടെ പിതാവായ അബ്രാഹാം എന്‍റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോട്: “നിനക്കു അമ്പത് വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ?“ എന്നു ചോദിച്ചു. യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന് മുമ്പ് ഞാൻ ഉണ്ട് എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ എറിയുവാൻ കല്ല് എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടുപോയി.

യോഹന്നാൻ 8:28-59 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ഞാൻ തന്നേ അവൻ എന്നും ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും അറിയും. എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. അവൻ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു. അവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു. അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും. നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിന്നു നിങ്ങളിൽ ഇടം ഇല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു. പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളതു ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങൾ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോടു: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞതു: ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു. എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ. നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു? ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല. യെഹൂദന്മാർ അവനോടു: നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു. അതിന്നു യേശു: എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു. ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ടു. ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോടു: നിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന്നു യേശു: ഞാൻ എന്നെത്തന്നേ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു. എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു. നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.

യോഹന്നാൻ 8:28-59 സമകാലിക മലയാളവിവർത്തനം (MCV)

അതുകൊണ്ട് യേശു പറഞ്ഞു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോൾ ‘ഞാൻ ആകുന്നു’ എന്നത് ആരെന്നും ഞാൻ സ്വയമായി ഒന്നും ചെയ്യാതെ എന്റെ പിതാവ് ഉപദേശിച്ചുതന്നതുമാത്രം സംസാരിക്കുന്നെന്നും നിങ്ങൾ അറിയും. എന്നെ അയച്ചവൻ എന്റെ കൂടെയുണ്ട്. അവിടന്ന് എന്നെ ഏകനായി വിട്ടിട്ടില്ല; ഞാൻ എപ്പോഴും അവിടത്തേക്ക് പ്രസാദമുള്ളതു പ്രവർത്തിക്കുന്നു.” യേശു ഈ സംസാരിച്ചതു കേട്ടപ്പോൾ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു. തന്നിൽ വിശ്വസിച്ച യെഹൂദരോട് യേശു പറഞ്ഞു: “എന്റെ വചനത്തിൽ നിലനിന്നാൽ നിങ്ങൾ വാസ്തവത്തിൽ എന്റെ ശിഷ്യന്മാരായിരിക്കും. അപ്പോൾ നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” അവർ അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതികളാണ്, ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ, ഞങ്ങളെ സ്വതന്ത്രരാക്കുമെന്നു താങ്കൾ പറയുന്നതെങ്ങനെ?” അതിനു മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: പാപംചെയ്യുന്നവരെല്ലാം പാപത്തിന്റെ അടിമകളാണ്. ഒരു അടിമയ്ക്ക് വീട്ടിൽ സുസ്ഥിരമായ സ്ഥാനമില്ല; പുത്രനോ എപ്പോഴും നിവസിക്കുന്നു. അതുകൊണ്ട് പുത്രൻ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും. നിങ്ങൾ അബ്രാഹാംവംശജരെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ ഭാവിക്കുന്നു; എന്റെ വചനത്തിനു നിങ്ങളിൽ സ്ഥാനമില്ലല്ലോ. പിതാവിന്റെ സന്നിധിയിൽ ഞാൻ കണ്ടിട്ടുള്ള കാര്യങ്ങളാണ് നിങ്ങളോടു പ്രസ്താവിക്കുന്നത്; നിങ്ങളോ നിങ്ങളുടെ പിതാവിൽനിന്നു കേട്ടിട്ടുള്ളതു ചെയ്യുന്നു.” “അബ്രാഹാമാണ് ഞങ്ങളുടെ പിതാവ്,” അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: “നിങ്ങൾ അബ്രാഹാമിന്റെ മക്കളായിരുന്നെങ്കിൽ, അബ്രാഹാം ചെയ്ത കാര്യങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ, ദൈവത്തിൽനിന്ന് കേട്ട സത്യം നിങ്ങളെ അറിയിച്ച മനുഷ്യനായ എന്നെ വധിക്കാൻ നിങ്ങൾ ഭാവിക്കുന്നു. അബ്രാഹാം അത്തരം കാര്യങ്ങൾ ചെയ്തില്ലല്ലോ! നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികൾതന്നെ നിങ്ങളും ചെയ്യുന്നു.” “ഞങ്ങൾ ജാരസന്തതികളല്ല,” അവർ പ്രതിഷേധിച്ചു. “ഞങ്ങൾക്കൊരു പിതാവേയുള്ളൂ; ദൈവംതന്നെ.” യേശു അവരോടു പറഞ്ഞത്: “ദൈവം നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു, ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു. ഞാൻ സ്വയമേവ വന്നതല്ല; അവിടന്ന് എന്നെ അയച്ചതാണ്. എന്റെ വാക്കുകൾ നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്? ഞാൻ പറയുന്നതു ഗ്രഹിക്കാൻ നിങ്ങൾക്കു കഴിവില്ലാത്തതുകൊണ്ടാണ്. നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കളാണ്. അവന്റെ ഇഷ്ടം നിറവേറ്റാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. അവൻ ആരംഭംമുതലേ കൊലപാതകിയായിരുന്നു. അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്തു നിൽക്കുന്നില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കുന്നു. അവൻ വ്യാജം പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. ഞാൻ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. എന്നിൽ പാപമുണ്ടെന്നു തെളിയിക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? ഞാൻ സത്യമാണു പറയുന്നതെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്? ദൈവത്തിൽനിന്നുള്ളവർ ദൈവത്തിന്റെ വാക്കു കേൾക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ അല്ലാത്തതുകൊണ്ടാണ് അവിടത്തെ വാക്കു കേൾക്കാത്തത്.” യെഹൂദനേതാക്കന്മാർ പറഞ്ഞു: “താങ്കൾ ഒരു ശമര്യാക്കാരനെന്നും ഭൂതം ബാധിച്ചവനെന്നും ഞങ്ങൾ പറയുന്നതു ശരിയല്ലേ?” യേശു പറഞ്ഞു: “എന്നെ ഭൂതം ബാധിച്ചിട്ടില്ല. ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളാകട്ടെ, എന്നെ അപമാനിക്കുന്നു. ഞാൻ സ്വന്തം ബഹുമാനം ആഗ്രഹിക്കുന്നില്ല; എന്നാൽ അത് അന്വേഷിക്കുന്ന ഒരാളുണ്ട്; വിധികർത്താവായ എന്റെ പിതാവുതന്നെ. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്റെ വചനം പ്രമാണിക്കുന്നവർ ഒരുനാളും മരണം കാണുകയില്ല.” ഇതു കേട്ട് യെഹൂദർ പറഞ്ഞു: “താങ്കൾ ഭൂതബാധിതനെന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി. അബ്രാഹാം മരിച്ചു, പ്രവാചകന്മാരും മരിച്ചു. എന്നിട്ടും താങ്കളുടെ വചനം പ്രമാണിക്കുന്നവർ ഒരുനാളും മരിക്കുകയില്ലെന്ന് താങ്കൾ പറയുന്നു! ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ താങ്കൾ വലിയവനോ? അദ്ദേഹം മരിച്ചു, പ്രവാചകന്മാരും മരിച്ചു. താങ്കൾ ആരെന്നാണ് താങ്കളുടെ വിചാരം?” അതിന് യേശു ഇങ്ങനെ മറുപടി നൽകി: “ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തിയാൽ ആ മഹത്ത്വം നിരർഥകമാണ്. നിങ്ങളുടെ ദൈവമെന്നു നിങ്ങൾ അവകാശപ്പെടുന്ന എന്റെ പിതാവാണ് എന്നെ മഹത്ത്വപ്പെടുത്തുന്നത്. നിങ്ങൾ അവിടത്തെ അറിയുന്നില്ലെങ്കിലും ഞാൻ അറിയുന്നു. ഞാൻ അറിയുന്നില്ല എന്നു പറഞ്ഞാൽ ഞാനും നിങ്ങളെപ്പോലെ അസത്യവാദിയാകും; എന്നാൽ ഞാൻ അവിടത്തെ അറിയുകയും അവിടത്തെ വചനം പ്രമാണിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നോർത്ത് ആനന്ദിച്ചു; അദ്ദേഹം അതുകണ്ട് ആനന്ദിക്കുകയും ചെയ്തു.” യെഹൂദർ പറഞ്ഞു, “താങ്കൾക്ക് അൻപതു വയസ്സുപോലും ആയിട്ടില്ല, എന്നിട്ടും അബ്രാഹാമിനെ കണ്ടിട്ടുണ്ടെന്നോ?” യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രാഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ആകുന്നു.” ഇതു കേട്ടപ്പോൾ അവർ അദ്ദേഹത്തെ എറിയാൻ കല്ലെടുത്തു. എന്നാൽ യേശു ദൈവാലയംവിട്ടു മാറിപ്പോയി.