യോഹന്നാൻ 4:7-15

യോഹന്നാൻ 4:7-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരു ശമര്യക്കാരി വെള്ളം കോരാൻ അവിടെ ചെന്നു. യേശു ആ സ്‍ത്രീയോട്: “എനിക്കു കുടിക്കാൻ അല്പം വെള്ളം തരിക” എന്നു പറഞ്ഞു. ഈ സമയത്ത് ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിലേക്കു പോയിരിക്കുകയായിരുന്നു. ആ സ്‍ത്രീ യേശുവിനോടു ചോദിച്ചു: “ഒരു യെഹൂദനായ അങ്ങ് ശമര്യക്കാരിയായ എന്നോടു എങ്ങനെ കുടിക്കാൻ ചോദിക്കും?” യെഹൂദന്മാരും ശമര്യക്കാരും തമ്മിൽ യാതൊരു സമ്പർക്കവുമില്ലായിരുന്നു. അതിന് യേശു മറുപടി പറഞ്ഞു: “ദൈവത്തിന്റെ ദാനം എന്താണെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരാണെന്നും നീ അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ നിനക്കു ജീവജലം നല്‌കുകയും ചെയ്യുമായിരുന്നു.” അപ്പോൾ ആ സ്‍ത്രീ പറഞ്ഞു: “പ്രഭോ, വെള്ളം കോരുവാൻ അങ്ങയുടെ കൈയിൽ പാത്രമില്ലല്ലോ; കിണറാണെങ്കിൽ ആഴമേറിയതാണുതാനും; പിന്നെ എവിടെനിന്നാണ് അങ്ങേക്കു ജീവജലം ലഭിക്കുക? നമ്മുടെ പൂർവപിതാവായ യാക്കോബിനെക്കാൾ വലിയവനാണോ അങ്ങ്? അദ്ദേഹമാണ് ഞങ്ങൾക്ക് ഈ കിണർ നല്‌കിയത്. അദ്ദേഹവും സന്താനങ്ങളും അദ്ദേഹത്തിന്റെ മൃഗങ്ങളും ഇതിലെ വെള്ളമാണു കുടിച്ചുപോന്നത്.” യേശു പ്രതിവചിച്ചു: “ഈ വെള്ളം കുടിക്കുന്നവനു പിന്നെയും ദാഹിക്കും. ഞാൻ നല്‌കുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നല്‌കുന്ന ജലം അവന് അനശ്വരജീവനിലേക്ക് ഉദ്ഗമിക്കുന്ന നീരുറവയായിത്തീരും.” സ്‍ത്രീ അവിടുത്തോട്: “പ്രഭോ, ആ ജലം എനിക്കു തന്നാലും. പിന്നീട് എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാൻ ഇവിടംവരെ വരികയും വേണ്ടല്ലോ” എന്നു പറഞ്ഞു.

യോഹന്നാൻ 4:7-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഒരു ശമര്യസ്ത്രീ വെള്ളംകോരുവാൻ വന്നു; യേശു അവളോട്: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു. അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു. ശമര്യസ്ത്രീ അവനോട്: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിപ്പാൻ ചോദിക്കുന്നത് എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യക്കാർക്കും തമ്മിൽ സമ്പർക്കമില്ല- അതിനു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറ് ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്ക് എവിടെനിന്ന്? നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറ് ഞങ്ങൾക്കു തന്നത്; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു. യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും എന്ന് ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.

യോഹന്നാൻ 4:7-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഒരു ശമര്യസ്ത്രീ വെള്ളംകോരുവാൻ വന്നു; യേശു അവളോട്: എനിക്ക് കുടിക്കുവാൻ കുറച്ച് വെള്ളം തരിക എന്നു പറഞ്ഞു. അവന്‍റെ ശിഷ്യന്മാർ ഭക്ഷണം വാങ്ങുവാൻ പട്ടണത്തിൽ പോയിരുന്നു. ശമര്യസ്ത്രീ അവനോട്: “നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിക്കുവാൻ ചോദിക്കുന്നത് എങ്ങനെ? യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ലല്ലോ“ എന്നു പറഞ്ഞു. അതിന് യേശു: നീ ദൈവത്തിന്‍റെ ദാനവും, നിന്നോട് കുടിക്കുവാൻ തരിക എന്നു പറഞ്ഞവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോട് ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: “യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറ് ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു ലഭിക്കും? നമ്മുടെ പിതാവായ യാക്കോബിനേക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറ് ഞങ്ങൾക്കു തന്നതു; അവനും അവന്‍റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നത്“ എന്നു പറഞ്ഞു. യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവനെല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല, മറിച്ച് ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: “യജമാനനേ, എനിക്ക് ദാഹിക്കാതെയും ഞാൻ വെള്ളംകോരുവാൻ ഇവിടേക്ക് വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്ക് തരേണം“ എന്നു പറഞ്ഞു.

യോഹന്നാൻ 4:7-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു. അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു. ശമര്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ല. — അതിന്നു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു. സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു? നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു. യേശു അവളോടു: ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു. സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.

യോഹന്നാൻ 4:7-15 സമകാലിക മലയാളവിവർത്തനം (MCV)

ഒരു ശമര്യസ്ത്രീ വെള്ളം കോരാൻ അവിടെ എത്തി; യേശു അവളോട്, “എനിക്കു കുടിക്കാൻ തരുമോ?” എന്നു ചോദിച്ചു. (ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിൽ പോയിരുന്നു.) ശമര്യസ്ത്രീ ചോദിച്ചു, “അങ്ങ് ഒരു യെഹൂദനും ഞാൻ ഒരു ശമര്യസ്ത്രീയുമായിരിക്കെ, അങ്ങ് എന്നോടു കുടിക്കാൻ ചോദിക്കുന്നത് എങ്ങനെ?” (കാരണം, യെഹൂദർക്കു ശമര്യരുമായി സമ്പർക്കമില്ല.) “ദൈവത്തിന്റെ ദാനം എന്തെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്ന് യേശു മറുപടി പറഞ്ഞു. ആ സ്ത്രീ പറഞ്ഞു, “യജമാനനേ, കോരിയെടുക്കാൻ അങ്ങയുടെ കൈവശം പാത്രം ഇല്ലല്ലോ, കിണറ് ആഴമുള്ളതുമാണ്. പിന്നെ ജീവനുള്ള വെള്ളം അങ്ങേക്ക് എവിടെനിന്നു ലഭിക്കും? അങ്ങ് ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാൾ വലിയവനാണോ? അദ്ദേഹമാണ് ഈ കിണറു ഞങ്ങൾക്കു തന്നത്. അദ്ദേഹവും പുത്രന്മാരും ആടുമാടുകളും എല്ലാം ഇതിൽനിന്നാണ് വെള്ളം കുടിച്ചിരുന്നത്.” “ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും; എന്നാൽ, ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവർക്കു പിന്നീടൊരിക്കലും ദാഹിക്കുകയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവരിൽ നിത്യജീവനിലേക്കു നിറഞ്ഞുവരുന്ന നീരുറവയായിത്തീരും” എന്ന് യേശു മറുപടി പറഞ്ഞു. അപ്പോൾ സ്ത്രീ, “പ്രഭോ, എങ്കിൽ എനിക്കിനി ദാഹിക്കാതിരിക്കേണ്ടതിന്ന് ആ വെള്ളം തന്നാലും; വെള്ളം കോരാൻ ഞാൻ ഇവിടെ വരേണ്ട ആവശ്യവും ഇല്ലാതാകും” എന്നു പറഞ്ഞു.