യോഹന്നാൻ 3:19-36
യോഹന്നാൻ 3:19-36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകയ്ക്കുന്നു; തന്റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല. സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്കു വരുന്നു. അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്ന് അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. യോഹന്നാനും ശലേമിന് അരികത്ത് ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു. അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല. യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്ക് ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ച് ഒരു വാദം ഉണ്ടായി; അവർ യോഹന്നാന്റെ അടുക്കൽ വന്ന് അവനോട്: റബ്ബീ, യോർദ്ദാനക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചിട്ടുള്ളവൻതന്നെ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു. അതിന് യോഹന്നാൻ: സ്വർഗത്തിൽനിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിപ്പാൻ കഴികയില്ല. ഞാൻ ക്രിസ്തു അല്ല, അവനു മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന് നിങ്ങൾതന്നെ എനിക്കു സാക്ഷികൾ ആകുന്നു. മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ട് അത്യന്തം സന്തോഷിക്കുന്നു: ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു. അവൻ വളരേണം, ഞാനോ കുറയേണം എന്ന് ഉത്തരം പറഞ്ഞു. മേലിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽനിന്നുള്ളവൻ ഭൗമികൻ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകയും കേൾക്കയും ചെയ്തത് സാക്ഷീകരിക്കുന്നു; അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല. അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിനു മുദ്രയിടുന്നു. ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്. പിതാവ് പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കൈയിൽ കൊടുത്തുമിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.
യോഹന്നാൻ 3:19-36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യരുടെ പ്രവൃത്തികൾ ദുഷ്ടതനിറഞ്ഞവയായതിനാൽ വെളിച്ചം ലോകത്തിൽ വന്നിട്ടും വെളിച്ചത്തെക്കാൾ അധികം ഇരുളിനെ അവർ സ്നേഹിച്ചു. ഇതത്രേ ന്യായവിധി. അധമപ്രവൃത്തികൾ ചെയ്യുന്ന ഏതൊരുവനും വെളിച്ചത്തെ വെറുക്കുന്നു. തന്റെ പ്രവൃത്തികൾ വെളിച്ചത്താകുമെന്നുള്ളതിനാൽ അവൻ വെളിച്ചത്തിലേക്കു വരുന്നില്ല. എന്നാൽ സത്യം പ്രവർത്തിക്കുന്നവൻ തന്റെ പ്രവൃത്തികൾ ദൈവത്തെ മുൻനിറുത്തി ചെയ്തിട്ടുള്ളതാണെന്നു വ്യക്തമാകത്തക്കവിധം വെളിച്ചത്തിലേക്കു വരുന്നു. അനന്തരം യേശുവും ശിഷ്യന്മാരും യെഹൂദ്യദേശത്തേക്കു പോയി, അവിടുന്ന് അവരോടുകൂടി അവിടെ താമസിക്കുകയും സ്നാപനം നടത്തുകയും ചെയ്തു. ശാലേമിനു സമീപം ഐനോനിൽ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട് യോഹന്നാൻ അവിടെ സ്നാപനം നടത്തിക്കൊണ്ടിരുന്നു. ജനങ്ങൾ അവിടെയെത്തി സ്നാപനം സ്വീകരിച്ചു. യോഹന്നാൻ അന്നു കാരാഗൃഹത്തിൽ അടയ്‍ക്കപ്പെട്ടിരുന്നില്ല. യോഹന്നാന്റെ ചില ശിഷ്യന്മാരും ഒരു യെഹൂദനും തമ്മിൽ ശാസ്ത്രവിധിപ്രകാരമുള്ള ശുദ്ധീകരണത്തെ സംബന്ധിച്ച് തർക്കമുണ്ടായി. അവർ വന്നു യോഹന്നാനോടു പറഞ്ഞു: “ഗുരോ, യോർദ്ദാന്റെ മറുകരവച്ച് അങ്ങ് ഒരാളെ ചൂണ്ടിക്കൊണ്ട് സാക്ഷ്യം പറഞ്ഞല്ലോ. അദ്ദേഹം ഇപ്പോൾ സ്നാപനം നടത്തിക്കൊണ്ടിരിക്കുന്നു; എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുന്നു.” യോഹന്നാൻ പറഞ്ഞു: “ദൈവം നല്‌കാതെ ആർക്കും ഒന്നും സിദ്ധിക്കുന്നില്ല. ഞാൻ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനുമുമ്പേ അയയ്‍ക്കപ്പെട്ടവൻ മാത്രമാണെന്നും ഞാൻ പറഞ്ഞതിനു നിങ്ങൾതന്നെ സാക്ഷികളാണല്ലോ. മണവാട്ടി ഉള്ളവനാണു മണവാളൻ. മണവാളന്റെ സ്നേഹിതൻ അടുത്തുനിന്ന് അയാളുടെ സ്വരം കേട്ട് അത്യന്തം ആനന്ദിക്കുന്നു. ഈ ആനന്ദം എനിക്കു പൂർണമായിരിക്കുന്നു. അവിടുന്നു വളരുകയും ഞാൻ കുറയുകയും വേണം.” ഉന്നതത്തിൽനിന്നു വരുന്നവൻ എല്ലാവരെയുംകാൾ സമുന്നതനാണ്. ഭൂമിയിൽനിന്നുള്ളവൻ ഭൗമികനാകുന്നു; ഭൗമികകാര്യങ്ങൾ അവൻ സംസാരിക്കുന്നു. സ്വർഗത്തിൽനിന്നു വരുന്നവൻ എല്ലാവരെയുംകാൾ സമുന്നതനാണ്. താൻ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ള കാര്യങ്ങൾക്ക് അവിടുന്നു സാക്ഷ്യം വഹിക്കുന്നു; എന്നിട്ടും അവിടുത്തെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. ആ സാക്ഷ്യം സ്വീകരിക്കുന്നവൻ ദൈവം സത്യവാൻ എന്ന് അംഗീകരിക്കുന്നു. ദൈവം അയച്ചവൻ ദൈവവചനങ്ങൾ ഉച്ചരിക്കുന്നു. ആത്മാവിനെ അളവുകൂടാതെയാണു ദൈവം നല്‌കുന്നത്. പിതാവു പുത്രനെ സ്നേഹിക്കുന്നതുകൊണ്ട് സമസ്തവും അവിടുത്തെ കൈകളിൽ ഏല്പിച്ചിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവൻ ജീവൻ പ്രാപിക്കുകയില്ല; എന്തെന്നാൽ അവൻ ദൈവകോപത്തിനു വിധേയനാണ്.
യോഹന്നാൻ 3:19-36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ന്യായവിധിയ്ക്ക് കാരണമോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിച്ചത് തന്നെയാകുന്നു. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ വെറുക്കുന്നു; തന്‍റെ പ്രവൃത്തി വെളിപ്പെടാതിരിക്കേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നതുമില്ല. സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തോടുള്ള അനുസരണത്തിൽ ചെയ്തിരിക്കയാൽ അത് വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നു. അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്ത് വന്നു അവരോടുകൂടെ താമസിക്കുകയും സ്നാനം കഴിപ്പിക്കുകയും ചെയ്തു. യോഹന്നാനും ശലേമിന് അരികത്ത് ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നതുകൊണ്ട് ആളുകൾ അവന്‍റെ അടുക്കൽ വന്നു സ്നാനം ഏറ്റു. അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല. യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ച് തർക്കമുണ്ടായി; അവർ യോഹന്നാന്‍റെ അടുക്കൽവന്ന് അവനോട്: “റബ്ബീ, യോർദ്ദാനക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചിട്ടുള്ളവൻ തന്നെ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു“ എന്നു പറഞ്ഞു. അതിന് യോഹന്നാൻ: “സ്വർഗ്ഗത്തിൽനിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിപ്പാൻ കഴിയുകയില്ല. ഞാൻ ക്രിസ്തു അല്ല, അവനു മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന് നിങ്ങൾ തന്നെ എനിക്ക് സാക്ഷികൾ ആകുന്നു. മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളൻ്റെ സ്നേഹിതനോ നിന്നു മണവാളൻ്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു. അവൻ വളരേണം, ഞാനോ കുറയേണം“ എന്നു ഉത്തരം പറഞ്ഞു. “ഉയരത്തിൽനിന്ന് വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനാകുന്നു. ഭൂമിയിൽ നിന്നുള്ളവൻ ഭൗമികൻ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്ന് വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാണുകയും കേൾക്കുകയും ചെയ്തതു സാക്ഷീകരിക്കുന്നു; എങ്കിലും അവന്‍റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. അവന്‍റെ സാക്ഷ്യം സ്വീകരിക്കുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന് മുദ്രയിടുന്നു. ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്. പിതാവ് പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; എന്നാൽ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്‍റെമേൽ വസിക്കുന്നു.“
യോഹന്നാൻ 3:19-36 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല. സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു. അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു. അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല. യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി; അവർ യോഹന്നാന്റെ അടുക്കൽവന്നു അവനോടു: റബ്ബീ, യോർദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു. അതിന്നു യോഹന്നാൻ: സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല. ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു. മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു. അവൻ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു. മേലിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൗമികൻ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാണ്കയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു; അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല. അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന്നു മുദ്രയിടുന്നു. ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു. പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള.
യോഹന്നാൻ 3:19-36 സമകാലിക മലയാളവിവർത്തനം (MCV)
പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തി കാരണം അവർ പ്രകാശത്തിനു പകരം അന്ധകാരത്തെ സ്നേഹിച്ചു എന്നതാണ് ശിക്ഷാവിധിക്ക് അടിസ്ഥാനം. തിന്മചെയ്യുന്ന ഏതൊരാളും പ്രകാശത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തികൾ പരസ്യമാകും എന്ന ഭയംനിമിത്തം പ്രകാശത്തിലേക്കു വരുന്നതുമില്ല. എന്നാൽ സത്യമനുസരിച്ചു ജീവിക്കുന്നവർ, തങ്ങളുടെ പ്രവൃത്തി ദൈവംമുഖേനയാണ് ചെയ്തതെന്നു വെളിപ്പെടാൻ പ്രകാശത്തിലേക്കു വരുന്നു. പിന്നീട് യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തെത്തി, അവരോടുകൂടെ അവിടെ താമസിച്ചു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. യോഹന്നാൻ ശലേമിനടുത്തുള്ള ഐനോനിലും സ്നാനം കഴിപ്പിച്ചുപോന്നു; കാരണം അവിടെ വെള്ളം ധാരാളമുണ്ടായിരുന്നു. ജനങ്ങൾ സ്നാനം സ്വീകരിക്കാൻ വന്നുകൊണ്ടിരുന്നു. യോഹന്നാൻ തടവിലാകുന്നതിനുമുമ്പാണ് ഇതു നടന്നത്. ആചാരപരമായ ശുദ്ധീകരണത്തെപ്പറ്റി യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്ക് ഒരു യെഹൂദനുമായി തർക്കം ഉണ്ടായി. അവർ യോഹന്നാന്റെ അരികിൽ വന്ന് അദ്ദേഹത്തോട് “റബ്ബീ, യോർദാന്റെ അക്കരെ അങ്ങയോടുകൂടെ ഉണ്ടായിരുന്ന ആ മനുഷ്യൻ—അങ്ങു സാക്ഷ്യപ്പെടുത്തിയ ആൾ—സ്നാനം കഴിപ്പിച്ചുകൊണ്ടിരിക്കുന്നു: എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുന്നു.” എന്നു പറഞ്ഞു. അതിനു മറുപടിയായി യോഹന്നാൻ: “സ്വർഗത്തിൽനിന്ന് നൽകാതെ യാതൊന്നും മനുഷ്യനു സ്വീകരിക്കാൻ കഴിയുകയില്ല. ‘ഞാൻ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനു മുൻഗാമിയായി അയയ്ക്കപ്പെട്ടവൻമാത്രമാണെന്നും,’ ഞാൻ പറഞ്ഞിട്ടുള്ളതിനു നിങ്ങൾ സാക്ഷികളാണല്ലോ. മണവാട്ടിയുള്ളവനാണ് മണവാളൻ. മണവാളന്റെ തോഴനോ, മണവാളന്റെ കൂടെ നിന്ന്, അവന്റെ സ്വരം കേട്ട് അത്യധികം ആഹ്ലാദിക്കുന്നു. ആ ആനന്ദമാണ് എനിക്കുള്ളത്; ഇപ്പോൾ അതു പൂർണമായിരിക്കുന്നു. അവിടത്തെ പ്രാമുഖ്യം വർധിച്ചുകൊണ്ടേയിരിക്കണം; എന്റെ പ്രാമുഖ്യമോ കുറഞ്ഞുകൊണ്ടിരിക്കണം. “ഉന്നതത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു; ഭൂമിയിൽനിന്നുള്ളവനോ ഭൗമികനാകുന്നു; അയാൾ ഭൗമികമായതു സംസാരിക്കുന്നു. സ്വർഗത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു. താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾക്ക് അയാൾ സാക്ഷ്യംവഹിക്കുന്നു. എന്നാൽ അയാളുടെ സാക്ഷ്യം ആരും സ്വീകരിക്കുന്നതുമില്ല. ആ സാക്ഷ്യം സ്വീകരിക്കുന്നവനോ ദൈവം സത്യവാൻ എന്നതു സ്ഥിരീകരിക്കുന്നു. കാരണം, ദൈവം അയച്ചിരിക്കുന്നവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവിടന്ന് ആത്മാവിനെ അളവില്ലാതെ നൽകുന്നല്ലോ. പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലതും അവന്റെ കൈയിൽ ഏൽപ്പിച്ചുമിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവരോ ജീവനെ കാണുകയില്ലെന്നുമാത്രമല്ല; ദൈവക്രോധം അവരുടെമേൽ നിലനിൽക്കുകയും ചെയ്യുന്നു.”