യോഹന്നാൻ 20:1-10

യോഹന്നാൻ 20:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾതന്നെ കല്ലറയ്ക്കൽ ചെന്നു കല്ലറവായ്ക്കൽനിന്നു കല്ലു നീങ്ങിയിരിക്കുന്നത് കണ്ടു. അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിനു പ്രിയനായ മറ്റേ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽനിന്ന് എടുത്തു കൊണ്ടുപോയി; അവനെ എവിടെ വച്ചു എന്ന് ഞങ്ങൾ അറിയുന്നില്ല എന്ന് അവരോട് പറഞ്ഞു. അതുകൊണ്ട് പത്രൊസും മറ്റേ ശിഷ്യനും പുറപ്പെട്ടു കല്ലറയ്ക്കൽ ചെന്നു. ഇരുവരും ഒന്നിച്ച് ഓടി; മറ്റേ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലറയ്ക്കൽ എത്തി; കുനിഞ്ഞു നോക്കി ശീലകൾ കിടക്കുന്നത് കണ്ടു; അകത്തു കടന്നില്ലതാനും. അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു കല്ലറയിൽ കടന്നു. ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ട് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതും കണ്ടു. ആദ്യം കല്ലറയ്ക്കൽ എത്തിയ മറ്റേ ശിഷ്യനും അപ്പോൾ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു. അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് അവർ അതുവരെ അറിഞ്ഞില്ല. അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി.

യോഹന്നാൻ 20:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടുള്ളപ്പോൾത്തന്നെ, മഗ്ദലേനമറിയം കല്ലറയ്‍ക്കു സമീപം എത്തി. അപ്പോൾ കല്ലറയുടെ വാതിൽക്കൽനിന്നു കല്ലു മാറ്റിയിരിക്കുന്നതായി അവർ കണ്ടു. ഉടനെ അവർ ഓടി ശിമോൻ പത്രോസിന്റെയും യേശുവിനു വാത്സല്യമുള്ള മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: “കർത്താവിനെ അവർ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി. അദ്ദേഹത്തെ അവർ എവിടെ വച്ചിരിക്കുന്നു എന്നു ഞങ്ങൾക്കറിഞ്ഞുകൂടാ.” ഉടനെ പത്രോസ് മറ്റേ ശിഷ്യനോടുകൂടി കല്ലറയ്‍ക്കടുത്തേക്കു പോയി. അവരിരുവരും ഓടുകയായിരുന്നു; എന്നാൽ മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ വേഗം ഓടി ആദ്യം കല്ലറയ്‍ക്കടുത്തെത്തി. അയാൾ കുനിഞ്ഞുനോക്കി, മൃതദേഹം പൊതിഞ്ഞ തുണി കിടക്കുന്നതു കണ്ടു; പക്ഷേ അകത്തു കടന്നില്ല. പിന്നാലെ വന്ന ശിമോൻ പത്രോസും അപ്പോൾ എത്തിച്ചേർന്നു. അദ്ദേഹം കല്ലറയ്‍ക്കുള്ളിൽ പ്രവേശിച്ചു. മൃതശരീരം പൊതിഞ്ഞ തുണി അവിടെക്കിടക്കുന്നതും തലയിൽ ചുറ്റിയിരുന്ന തുവാല വേർപെട്ട്, ചുറ്റിയിരുന്ന വിധത്തിൽത്തന്നെ ഇരിക്കുന്നതും കണ്ടു. ആദ്യം കല്ലറയ്‍ക്കടുത്തെത്തിയ മറ്റേ ശിഷ്യനും ഉടനെ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്‌ക്കേണ്ടതാണെന്നു വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് അതുവരെ അവർ ഗ്രഹിച്ചിരുന്നില്ല. അനന്തരം തങ്ങളുടെ വീടുകളിലേക്ക് അവർ മടങ്ങിപ്പോയി.

യോഹന്നാൻ 20:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആഴ്ചയുടെ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ, ഇരുട്ടുള്ളപ്പോൾ തന്നെ കല്ലറയ്ക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്ന് കല്ല് നീങ്ങിയിരിക്കുന്നത് കണ്ടു. അവൾ ഓടി ശിമോൻ പത്രൊസിൻ്റെയും യേശു സ്നേഹിച്ച മറ്റെ ശിഷ്യൻ്റെയും അടുക്കൽ വന്നു: അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി; അവനെ എവിടെ വച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോട് പറഞ്ഞു. അപ്പോൾ പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറയ്ക്കൽ ചെന്നു. ഇരുവരും ഒന്നിച്ച് ഓടി; മറ്റെ ശിഷ്യൻ പത്രൊസിനേക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലറയ്ക്കൽ എത്തി; കുനിഞ്ഞുനോക്കി ശീലകൾ അവിടെ കിടക്കുന്നത് കണ്ടു; എന്നാൽ അകത്ത് കടന്നില്ലതാനും. പിന്നീട് അവന്‍റെ പിന്നാലെ വന്ന ശിമോൻ പത്രൊസ് കല്ലറയിൽ കടന്നു ശീലകൾ അവിടെ കിടക്കുന്നതും, അവന്‍റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്ത് ചുരുട്ടിവെച്ചിരിക്കുന്നതും കണ്ടു. ആദ്യം കല്ലറയ്ക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്ത് ചെന്നു കണ്ടു വിശ്വസിച്ചു. അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് അവർ അതുവരെ അറിഞ്ഞില്ല. അങ്ങനെ ശിഷ്യന്മാർ വീണ്ടും തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോയി.

യോഹന്നാൻ 20:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു. അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽനിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു. അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കൽ ചെന്നു. ഇരുവരും ഒന്നിച്ചു ഓടി; മറ്റെ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലെറക്കൽ എത്തി; കുനിഞ്ഞുനോക്കി ശീലകൾ കിടക്കുന്നതു കണ്ടു; അകത്തു കടന്നില്ലതാനും. അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു കല്ലറയിൽ കടന്നു ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടിവെച്ചിരിക്കുന്നതും കണ്ടു. ആദ്യം കല്ലെറക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു. അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവർ അതുവരെ അറിഞ്ഞില്ല. അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി.

യോഹന്നാൻ 20:1-10 സമകാലിക മലയാളവിവർത്തനം (MCV)

ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, മഗ്ദലക്കാരി മറിയ കല്ലറയുടെ സമീപം വന്നപ്പോൾ, വാതിൽക്കൽനിന്ന് കല്ലു നീക്കിയിരിക്കുന്നതു കണ്ടു. അവൾ ഓടി, ശിമോൻ പത്രോസിന്റെയും യേശു സ്നേഹിച്ച മറ്റേ ശിഷ്യന്റെയും അടുത്തെത്തി, അവരോട്, “അവർ കല്ലറയുടെ ഉള്ളിൽനിന്ന് കർത്താവിനെ എടുത്തുകൊണ്ടുപോയി, എവിടെ വെച്ചു എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ!” എന്നു പറഞ്ഞു. പത്രോസും മറ്റേ ശിഷ്യനും കല്ലറയുടെ അടുത്തേക്കു പുറപ്പെട്ടു; രണ്ടുപേരും ഒരുമിച്ച് ഓടി. മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ വേഗത്തിൽ ഓടി കല്ലറയുടെ അടുത്ത് ആദ്യം എത്തി. അയാൾ കുനിഞ്ഞ് അകത്തേക്കു നോക്കിയപ്പോൾ മൃതദേഹം പൊതിഞ്ഞിരുന്ന മൃദുലവസ്ത്രങ്ങൾമാത്രം കിടക്കുന്നതു കണ്ടു; എന്നാൽ അയാൾ ഉള്ളിൽ കടന്നില്ല. പിന്നാലെ വന്ന ശിമോൻ പത്രോസ് കല്ലറയുടെ അകത്തുകടന്നു. ശവക്കച്ചയും യേശുവിന്റെ ശിരസ്സിൽ ചുറ്റിയിരുന്ന വസ്ത്രവും കണ്ടു. ശിരോവസ്ത്രം മടക്കി കച്ചകളിൽനിന്നു മാറ്റി ഒരിടത്തുവെച്ചിരുന്നു. കല്ലറയുടെ അടുത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അപ്പോൾ അകത്തുചെന്നു. അയാൾ കണ്ടു വിശ്വസിച്ചു. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്ന തിരുവെഴുത്ത് അപ്പോഴും അവർ ഗ്രഹിച്ചിരുന്നില്ല. പിന്നെ, ശിഷ്യന്മാർ അവരുടെ വീടുകളിലേക്കു മടങ്ങിപ്പോയി.