യിരെമ്യാവ് 32:37-44

യിരെമ്യാവ് 32:37-44 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കിക്കളഞ്ഞ സകല ദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തി അതിൽ നിർഭയമായി വസിക്കുമാറാക്കും. അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. അവർക്കും അവരുടെശേഷം അവരുടെ മക്കൾക്കും ഗുണംവരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിനു ഞാൻ അവർക്ക് ഏകമനസ്സും ഏകമാർഗവും കൊടുക്കും. ഞാൻ അവരെ വിട്ടുപിരിയാതെ അവർക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോട് ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിപ്പാൻ എങ്കലുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും. ഞാൻ അവരിൽ സന്തോഷിച്ച് അവർക്കു ഗുണം ചെയ്യും. ഞാൻ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ അവരെ ഈ ദേശത്തു നടും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന് ഈവലിയ അനർഥമൊക്കെയും വരുത്തിയതുപോലെ തന്നെ ഞാൻ അവർക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാ നന്മയും അവർക്കു വരുത്തും. മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ ദേശത്ത് അവർ നിലങ്ങളെ വിലയ്ക്കു മേടിക്കും. ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുന്നതുകൊണ്ടു ബെന്യാമീൻദേശത്തും യെരൂശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്‌വീതിയിലെ പട്ടണങ്ങളിലും തെക്കേ പട്ടണങ്ങളിലും ആളുകൾ നിലങ്ങളെ വിലയ്ക്കു മേടിച്ച് ആധാരങ്ങൾ എഴുതി മുദ്രയിട്ടു സാക്ഷികളെയും വയ്ക്കും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 32:37-44 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“ഞാൻ എന്റെ കോപത്തിലും ക്രോധത്തിലും ഉഗ്രരോഷത്തിലും ചിതറിച്ചിരിക്കുന്ന ദേശങ്ങളിൽ നിന്നെല്ലാം അവരെ ഈ സ്ഥലത്തു കൂട്ടിവരുത്തും; അവർ സുരക്ഷിതരായി ഇവിടെ പാർക്കാൻ ഇടയാകും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവുമായിരിക്കും. അവർക്കും അവർക്കുശേഷം അവരുടെ മക്കൾക്കും നന്മ ഉണ്ടാകാൻവേണ്ടി നിത്യമായി എന്നോടു ഭയഭക്തി കാട്ടുവാൻ ഏകമനസ്സും ഏകമാർഗവും ഞാൻ അവർക്കു നല്‌കും. ഞാൻ അവരോട് ഒരു ശാശ്വത ഉടമ്പടി ചെയ്യും; അവർക്കു നന്മ ചെയ്യുന്നതിൽനിന്നു ഞാൻ പിന്തിരിയുകയില്ല. അവർ എന്നിൽനിന്നു മാറിപ്പോകാതിരിക്കാൻ എന്നോടുള്ള ഭക്തി അവരുടെ ഉള്ളിൽ നിക്ഷേപിക്കും. അവർക്കു നന്മ ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കും; പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി വിശ്വസ്തമായി ഞാൻ അവരെ ഈ ദേശത്തു നട്ടു വളർത്തും.” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഈ ജനത്തിന്റെമേൽ ഇത്ര വലിയ അനർഥം വരുത്തിവച്ചതുപോലെ ഞാൻ വാഗ്ദാനം ചെയ്യുന്ന സകല നന്മകളും അവരുടെമേൽ വർഷിക്കും. മനുഷ്യരും മൃഗങ്ങളും ഇല്ലാത്ത ശൂന്യദേശമെന്നും അതു ബാബിലോണ്യരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നും നിങ്ങൾ പറയുന്ന ഈ സ്ഥലത്തു നിങ്ങൾ വയലുകൾ വാങ്ങും. അവർ ബെന്യാമീൻദേശത്തും യെരൂശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാനഗരങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്‌വരയിലെയും നെഗബിലെയും പട്ടണങ്ങളിലും നിലങ്ങൾ വിലയ്‍ക്കു വാങ്ങി, ആധാരമെഴുതി, സാക്ഷികളുടെ സാന്നിധ്യത്തിൽ ഒപ്പിട്ടു മുദ്രവയ്‍ക്കും; അവർക്ക് ഐശ്വര്യം വീണ്ടും നല്‌കുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

യിരെമ്യാവ് 32:37-44 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്‍റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്ക് മടക്കിവരുത്തി അതിൽ നിർഭയമായി വസിക്കുമാറാക്കും. അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും. അവർക്കും അവരുടെ ശേഷം അവരുടെ മക്കൾക്കും നന്മവരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന് ഞാൻ അവർക്ക് ഏകമനസ്സും ഏകമാർഗ്ഗവും കൊടുക്കും. ഞാൻ അവരെ വിട്ടുപിരിയാതെ അവർക്ക് നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോട് ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിക്കുവാൻ എന്നോടുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും. ഞാൻ അവരിൽ സന്തോഷിച്ച് അവർക്ക് ഗുണം ചെയ്യും. ഞാൻ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അവരെ ഈ ദേശത്തു നടും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന് ഈ വലിയ അനർത്ഥമെല്ലാം വരുത്തിയതുപോലെ തന്നെ ഞാൻ അവർക്ക് വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാ നന്മയും അവർക്ക് വരുത്തും. ‘മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കൽദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു’ എന്നു നിങ്ങൾ പറയുന്ന ഈ ദേശത്ത് അവർ നിലങ്ങൾ വിലയ്ക്കു വാങ്ങും. ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുന്നതുകൊണ്ട് ബെന്യാമീൻദേശത്തും യെരൂശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കേ പട്ടണങ്ങളിലും ആളുകൾ നിലങ്ങൾ വിലയ്ക്കു വാങ്ങി ആധാരങ്ങൾ എഴുതി മുദ്രയിട്ട് സാക്ഷികളെയും വയ്ക്കും” എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 32:37-44 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തി അതിൽ നിർഭയമായി വസിക്കുമാറാക്കും. അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. അവർക്കും അവരുടെ ശേഷം അവരുടെ മക്കൾക്കും ഗുണംവരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന്നു ഞാൻ അവർക്കു ഏകമനസ്സും ഏകമാർഗ്ഗവും കൊടുക്കും. ഞാൻ അവരെ വിട്ടുപിരിയാതെ അവർക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോടു ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിപ്പാൻ എങ്കലുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും. ഞാൻ അവരിൽ സന്തോഷിച്ചു അവർക്കു ഗുണം ചെയ്യും. ഞാൻ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അവരെ ഈ ദേശത്തു നടും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്നു ഈ വലിയ അനർത്ഥമൊക്കെയും വരുത്തിയതുപോലെ തന്നേ ഞാൻ അവർക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാനന്മയും അവർക്കു വരുത്തും. മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ ദേശത്തു അവർ നിലങ്ങളെ വിലെക്കു മേടിക്കും. ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുന്നതുകൊണ്ടു ബെന്യാമീൻദേശത്തും യെരൂശലേമിന്നു ചുറ്റുമുള്ള പ്രദേശങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്‌വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ആളുകൾ നിലങ്ങളെ വിലെക്കു മേടിച്ചു ആധാരങ്ങൾ എഴുതി മുദ്രയിട്ടു സാക്ഷികളെയും വെക്കും എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 32:37-44 സമകാലിക മലയാളവിവർത്തനം (MCV)

ഉഗ്രകോപത്തോടും മഹാക്രോധത്തോടും നാടുകടത്തിയിരിക്കുന്ന സകലദേശങ്ങളിൽനിന്നും അവരെ കൂട്ടിച്ചേർക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്കു തിരിച്ചു വരുത്തി ഇവിടെ സുരക്ഷിതരായി പാർപ്പിക്കും. അവർ എന്റെ ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കും. അവരുടെ നന്മയ്ക്കും അവരുടെശേഷം അവരുടെ മക്കളുടെ നന്മയ്ക്കുമായി അവർ എപ്പോഴും എന്നെ ഭയപ്പെടേണ്ടതിന് ഞാൻ അവർക്ക് ഹൃദയത്തിലും പ്രവൃത്തിയിലും ഐക്യംനൽകും. ഞാൻ അവരുമായി ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും: അവർ എന്നെവിട്ടു പിന്മാറാതിരിക്കേണ്ടതിന്, അവർക്കു ചെയ്യുന്ന നന്മകൾക്കൊന്നും ഞാൻ മുടക്കംവരുത്തുകയില്ല, എന്നെ ഭയപ്പെടുന്നതിന് ഞാൻ അവർക്ക് പ്രചോദനംനൽകും. അവർക്കു നന്മ ചെയ്യേണ്ടതിന് ഞാൻ അവരിൽ സന്തോഷിക്കും. ഞാൻ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ നിശ്ചയമായും അവരെ ഈ ദേശത്തു നടും. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്റെമേൽ ഈ അനർഥമെല്ലാം വരുത്തിയതുപോലെതന്നെ, ഞാൻ വാഗ്ദാനം ചെയ്യുന്ന എല്ലാ നന്മയും ഞാൻ അവർക്കു നൽകും. മനുഷ്യനോ മൃഗമോ ശേഷിച്ചിട്ടില്ലാത്ത ഒരു ശൂന്യസ്ഥലമെന്നും ബാബേല്യരുടെ കൈയിൽ ഏൽപ്പിക്കപ്പെട്ടതെന്നും നീ പറയുന്ന ഈ ദേശത്ത് ജനം ഒരിക്കൽക്കൂടി നിലങ്ങൾ വിലയ്ക്കു വാങ്ങും. ബെന്യാമീൻദേശത്തും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തെ പട്ടണങ്ങളിലും ദക്ഷിണദേശത്തെ നഗരങ്ങളിലും ആളുകൾ നിലങ്ങൾ വിലയ്ക്കു വാങ്ങുകയും ആധാരത്തിൽ ഒപ്പും മുദ്രയും വെക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തും, എന്ന് യഹോവയുടെ അരുളപ്പാട്.”