യിരെമ്യാവ് 20:7-13

യിരെമ്യാവ് 20:7-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, നീ എന്നെ സമ്മതിപ്പിക്കയും ഞാൻ സമ്മതിച്ചുപോകയും ചെയ്തു; നീ ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു. സംസാരിക്കുമ്പോഴൊക്കെയും ഞാൻ നിലവിളിച്ചു സാഹസത്തെയും ബലാൽക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ നിന്ദയ്ക്കും പരിഹാസത്തിനും ഹേതുവായിരിക്കുന്നു. ഞാൻ ഇനി അവനെ ഓർക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അത് എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്ന് എനിക്കു വയ്യാതെയായി. സർവത്രഭീതി; ഞാൻ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിപ്പിൻ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ച് അവനോടു പക വീട്ടുവാൻ തക്കവണ്ണം പക്ഷേ അവനെ വശത്താക്കാം എന്ന് എന്റെ വീഴ്ചയ്ക്കു കാത്തിരിക്കുന്നവരായ എന്റെ ചങ്ങാതിമാരൊക്കെയും പറയുന്നു. എന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെയുണ്ട്; ആകയാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കായ്കയാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ. നീതിമാനെ ശോധനചെയ്ത്, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാൻ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ. യഹോവയ്ക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിപ്പിൻ! അവൻ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കൈയിൽനിന്നു വിടുവിച്ചിരിക്കുന്നു.

യിരെമ്യാവ് 20:7-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, അവിടുന്ന് എന്നെ വഞ്ചിച്ചു; ഞാൻ വഞ്ചിതനായിരിക്കുന്നു; അവിടുന്നു എന്നെക്കാൾ ശക്തനാണ്; അങ്ങ് വിജയിച്ചിരിക്കുന്നു; ദിവസം മുഴുവനും ഞാൻ പരിഹാസപാത്രമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു. സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിക്കുന്നു; അക്രമം, നാശം എന്നു ഞാൻ അട്ടഹസിക്കുന്നു; അവിടുത്തെ വചനം എനിക്കു നിരന്തരം നിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു. അങ്ങയെപ്പറ്റി ഞാൻ ചിന്തിക്കുകയോ അവിടുത്തെ നാമത്തിൽ സംസാരിക്കുകയോ ഇല്ല എന്നു ഞാൻ പറഞ്ഞാൽ കത്തുന്ന അഗ്നി അസ്ഥികൾക്കുള്ളിൽ അടയ്‍ക്കപ്പെട്ടിരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്; അതിനെ ഉള്ളിൽ അടക്കാൻ ശ്രമിച്ച് ഞാൻ തളർന്നിരിക്കുന്നു. എനിക്കിത് അസഹ്യമാണ്. അനേകം പേർ അടക്കം പറയുന്നതു ഞാൻ കേൾക്കുന്നു; എല്ലായിടത്തും ഭീതി; കുറ്റം ആരോപിക്കാം; നമുക്കയാളുടെമേൽ കുറ്റം ആരോപിക്കാം എന്ന് എന്റെ വീഴ്ചയ്‍ക്കു കാത്തിരിക്കുന്ന ഉറ്റസ്നേഹിതന്മാരായിരുന്നവർ പോലും പറയുന്നു; ഒരുവേള അയാളെ വഞ്ചിക്കാൻ കഴിഞ്ഞേക്കാം. അപ്പോൾ നമുക്കയാളെ തോല്പിച്ചു പകരം വീട്ടാം. വീരയോദ്ധാവിനെപ്പോലെ സർവേശ്വരൻ എന്റെ കൂടെയുണ്ട്; അതുകൊണ്ട് എന്നെ പീഡിപ്പിക്കുന്നവർ ഇടറിവീഴും; അവർ വിജയിക്കുകയില്ല. അങ്ങനെ അവർ ലജ്ജിതരാകും; അവരുടെ അപമാനം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല. സർവശക്തനായ സർവേശ്വരാ, അവിടുന്നു മനുഷ്യനെ നീതിപൂർവം പരിശോധിച്ച് അവന്റെ ഹൃദയവും മനസ്സും കാണുന്നു; അവിടുന്ന് അവരോടു പ്രതികാരം ചെയ്യുന്നതു കാണാൻ എനിക്ക് ഇടവരുത്തണമേ; എന്റെ സങ്കടം തിരുസന്നിധിയിലാണല്ലോ ഞാൻ സമർപ്പിച്ചിരിക്കുന്നത്. സർവേശ്വരനു പാട്ടു പാടുവിൻ; സർവേശ്വരനെ സ്തുതിക്കുവിൻ; ദുഷ്ടരുടെ കൈയിൽനിന്ന് ദരിദ്രരുടെ ജീവൻ അവിടുന്നു രക്ഷിച്ചിരിക്കുന്നു.

യിരെമ്യാവ് 20:7-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവേ, അങ്ങ് എന്നെ സമ്മതിപ്പിക്കുകയും ഞാൻ സമ്മതിക്കുകയും ചെയ്തു; അങ്ങ് ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു. സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ച് സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ നിന്ദയ്ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു. ‘ഞാൻ ഇനി അങ്ങയെ ഓർക്കുകയില്ല, അവിടുത്തെ നാമത്തിൽ സംസാരിക്കുകയുമില്ല’ എന്നു പറഞ്ഞാൽ അത് എന്‍റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്‍റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ തളർന്ന്, എനിക്ക് സഹിക്കുവാൻ കഴിയാതെയായി. “സർവ്വത്രഭീതി; ഞാൻ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിക്കുവിൻ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ച് അവനോട് പകവീട്ടുവാൻ തക്കവണ്ണം പക്ഷേ അവനെ വശത്താക്കാം” എന്നു എന്‍റെ വീഴ്ചയ്ക്കു കാത്തിരിക്കുന്നവരായ എന്‍റെ സ്നേഹിതന്മാർ എല്ലാവരും പറയുന്നു. എന്നാൽ യഹോവ ബലവാനായ വീരനെപ്പോലെ എന്നോടുകൂടി ഉണ്ട്; അതിനാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കുകയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കാതിരുന്നതിനാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ. നീതിമാനെ ശോധനചെയ്ത്, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, അങ്ങ് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്‍റെ വ്യവഹാരം ഞാൻ അങ്ങയോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ. യഹോവയ്ക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിക്കുവിൻ! അവിടുന്ന് ദരിദ്രന്‍റെ പ്രാണനെ ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു.

യിരെമ്യാവ് 20:7-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, നീ എന്നെ സമ്മതിപ്പിക്കയും ഞാൻ സമ്മതിച്ചുപോകയും ചെയ്തു നീ ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു. സംസാരിക്കുമ്പോഴൊക്കെയും ഞാൻ നിലവിളിച്ചു സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ചു ആവലാധി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു. ഞാൻ ഇനി അവനെ ഓർക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അതു എന്റെ അസ്ഥികളിൽ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാതെയായി. സർവ്വത്രഭീതി; ഞാൻ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിപ്പിൻ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ചു അവനോടു പക വീട്ടുവാൻ തക്കവണ്ണം പക്ഷെ അവനെ വശത്താക്കാം എന്നു എന്റെ വീഴ്ചെക്കു കാത്തിരിക്കുന്നവരായ എന്റെ ചങ്ങാതിമാരൊക്കെയും പറയുന്നു. എന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു; ആകയാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കായ്കയാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നേ. നീതിമാനെ ശോധനചെയ്തു, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാൻ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ. യഹോവെക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിപ്പിൻ! അവൻ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചിരിക്കുന്നു.

യിരെമ്യാവ് 20:7-13 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, അങ്ങ് എന്നെ പ്രലോഭിപ്പിച്ചു; ഞാൻ പ്രലോഭിതനാകുകയും ചെയ്തു. അങ്ങ് എന്നെ കീഴടക്കിയിരിക്കുന്നു; ദിവസം മുഴുവൻ ഞാൻ ഒരു പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു. സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ചുകൊണ്ട്, അതിക്രമത്തെയും നാശത്തെയുംകുറിച്ചു വിളംബരംചെയ്യുന്നു. അതുകൊണ്ട് യഹോവയുടെ ഈ വചനം ദിവസംമുഴുവനും എനിക്ക് നിന്ദയും പരിഹാസവും കൊണ്ടുവരുന്നു. “ഞാൻ അവിടത്തെ വചനം ഓർക്കുകയോ അവിടത്തെ നാമത്തിൽ മേലാൽ സംസാരിക്കുകയോ ഇല്ല,” എന്നു ഞാൻ പറഞ്ഞാൽ, അവിടത്തെ വചനം എന്റെ അസ്ഥികളിൽ അടക്കപ്പെട്ടിട്ട്, എന്റെ ഹൃദയത്തിൽ തീ കത്തുന്നതുപോലെ ആയിത്തീരുന്നു. ഞാൻ തളർന്നു; എനിക്ക് അതു സഹിക്കാൻ കഴിയാതായിരിക്കുന്നു. “ചുറ്റും കൊടുംഭീതി! അയാളെ കുറ്റം വിധിക്കൂ! നമുക്ക് അയാളെ കുറ്റം വിധിക്കാം!” എന്ന് ധാരാളംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു. “ഒരുപക്ഷേ നമുക്ക് അയാളെ തോൽപ്പിച്ച് അയാളോടു പകരം വീട്ടാൻ തക്കവണ്ണം അയാൾ വശീകരിക്കപ്പെടാം,” എന്ന് എന്റെ വീഴ്ചയ്ക്കു കാത്തിരിക്കുന്ന എന്റെ ഉറ്റ സ്നേഹിതരൊക്കെയും പറയുന്നു. എന്നാൽ യഹോവ ഒരു യുദ്ധവീരനെപ്പോലെ എന്നോടൊപ്പമുണ്ട്; അതിനാൽ എന്റെ പീഡകർ ഇടറിവീഴും, അവർ ജയിക്കുകയില്ല. അവർ പരാജിതരാകും; പരിപൂർണമായി അപമാനിതരാകും അവരുടെ അപമാനം അവിസ്മരണീയമായിരിക്കും. നീതിനിഷ്ഠരെ പരിശോധിക്കുകയും അന്തരിന്ദ്രിയത്തെയും ഹൃദയത്തെയും കാണുകയുംചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, അവരുടെമേലുള്ള അങ്ങയുടെ പ്രതികാരം ഞാൻ കാണട്ടെ, കാരണം എന്റെ വ്യവഹാരം ഞാൻ അങ്ങയുടെമുമ്പിൽ വെച്ചിരിക്കുന്നു. യഹോവയ്ക്കു പാടുക! യഹോവയ്ക്കു സ്തോത്രംചെയ്യുക! കാരണം അവിടന്ന് ദരിദ്രരുടെ പ്രാണനെ ദുഷ്ടരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു.