ന്യായാധിപന്മാർ 3:7-11

ന്യായാധിപന്മാർ 3:7-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇങ്ങനെ യിസ്രായേൽമക്കൾ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു. അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു; അവൻ അവരെ മെസൊപ്പൊത്താമ്യയിലെ ഒരു രാജാവായ കൂശൻരിശാഥയീമിനു വിറ്റുകളഞ്ഞു; യിസ്രായേൽമക്കൾ കൂശൻരിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു. എന്നാൽ യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേലിനെ യിസ്രായേൽമക്കൾക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു. അവന്റെമേൽ യഹോവയുടെ ആത്മാവു വന്നു; അവൻ യിസ്രായേലിനു ന്യായാധിപനായി യുദ്ധത്തിനു പുറപ്പെട്ടാറെ യഹോവ മെസൊപ്പൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ അവന്റെ കൈയിൽ ഏല്പിച്ചു; അവൻ കൂശൻരിശാഥയീമിനെ ജയിച്ചു. ദേശത്തിനു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.

ന്യായാധിപന്മാർ 3:7-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനം തങ്ങളുടെ ദൈവമായ സർവേശ്വരനെ മറന്ന് ബാൽവിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു. അങ്ങനെ അവിടുത്തെ സന്നിധിയിൽ തിന്മ പ്രവർത്തിച്ചു. അതുകൊണ്ട് ഇസ്രായേൽജനത്തിനെതിരെ സർവേശ്വരന്റെ കോപം ജ്വലിച്ചു. അവിടുന്ന് അവരെ മെസൊപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിന് ഏല്പിച്ചുകൊടുത്തു. അവർ എട്ടു വർഷം അടിമകളായി അയാളെ സേവിച്ചു. അപ്പോൾ ഇസ്രായേൽജനം സർവേശ്വരനോടു നിലവിളിച്ചു. അവരെ വിമോചിപ്പിക്കുന്നതിനു കാലേബിന്റെ അനുജനായ കെനസിന്റെ പുത്രൻ ഒത്നീയേലിനെ അവിടുന്നു നിയോഗിച്ചു. അയാൾ അവരെ രക്ഷിച്ചു. സർവേശ്വരന്റെ ആത്മാവ് അയാളുടെമേൽ ആവസിച്ചു; അയാൾ ഇസ്രായേലിന്റെ അധിപനായിത്തീർന്നു. മെസൊപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനോടുള്ള യുദ്ധത്തിൽ സർവേശ്വരൻ ഒത്നീയേലിനു വിജയം നല്‌കി. നാല്പതു വർഷത്തോളം ദേശത്തു സമാധാനം നിലനിന്നു. അതിനുശേഷം ഒത്നീയേൽ മരിച്ചു.

ന്യായാധിപന്മാർ 3:7-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഇങ്ങനെ യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തത് ചെയ്തു, തങ്ങളുടെ ദൈവമായ യഹോവയെ മറന്നു; ബാൽവിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു. അതുകൊണ്ട് യഹോവ യിസ്രായേലിന്‍റെ നേരെ അത്യന്തം കോപിച്ചു; അവിടുന്ന് അവരെ ഹാരാന്‍ നഹരായീമിലെ ഒരു രാജാവായ കൂശൻരിശാഥയീമിന് അടിമകളായി ഏല്പിച്ചു; അവർ അവനെ എട്ട് വർഷം സേവിച്ചു. യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ കാലേബിന്‍റെ അനുജനായ കെനസിന്‍റെ മകൻ ഒത്നീയേലിനെ അവർക്ക് രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു. അവന്‍റെമേൽ യഹോവയുടെ ആത്മാവ് വന്നു; അവൻ യിസ്രായേലിനു ന്യായപാലനം ചെയ്തു. അവൻ യുദ്ധത്തിന് പോയപ്പോൾ മെസൊപ്പൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ ജയിക്കുവാൻ യഹോവയാൽ അവന് സാധിച്ചു; അവൻ കൂശൻരിശാഥയീമിന്‍റെമേൽ ആധിപത്യം പ്രാപിച്ചു. അങ്ങനെ ദേശത്തിന് നാല്പതു വർഷം സ്വസ്ഥത ഉണ്ടായി. അതിനുശേഷം കെനസിന്‍റെ മകനായ ഒത്നീയേൽ മരിച്ചു.

ന്യായാധിപന്മാർ 3:7-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇങ്ങനെ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു. അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശൻരിശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേൽമക്കൾ കൂശൻരിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു. എന്നാൽ യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ യിസ്രായേൽമക്കൾക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു. അവന്റെ മേൽ യഹോവയുടെ ആത്മാവു വന്നു; അവൻ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ കൂശൻരിശാഥയീമിനെ ജയിച്ചു. ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.

ന്യായാധിപന്മാർ 3:7-11 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു. യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു; അവിടന്ന് അവരെ അരാം-നെഹറയിമിലെ രാജാവായ കൂശൻ-രിശാഥയീമിനെ ഏൽപ്പിച്ചു; ഇസ്രായേൽജനം കൂശൻ-രിശാഥയീമിന് എട്ട് വർഷം അടിമകളായിരുന്നു. എന്നാൽ ഇസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. അപ്പോൾ യഹോവ, കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ അവരുടെ രക്ഷകനായി എഴുന്നേൽപ്പിച്ചു; അദ്ദേഹം അവരെ രക്ഷിച്ചു. യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ വന്നു; അദ്ദേഹം ഇസ്രായേലിലെ ന്യായാധിപനായി, യുദ്ധത്തിനു പുറപ്പെട്ടു. യഹോവ അരാമിയയിലെ രാജാവായ കൂശൻ-രിശാഥയീമിനെ ഒത്നിയേലിന്റെ കൈയിൽ ഏൽപ്പിച്ചു; അദ്ദേഹം കൂശൻ-രിശാഥയീമിനെ ജയിച്ചു. കെനസിന്റെ മകനായ ഒത്നിയേലിന്റെ മരണംവരെ ദേശത്തിന് നാൽപ്പതുവർഷം സ്വസ്ഥതയുണ്ടായി.