യെശയ്യാവ് 64:5-9
യെശയ്യാവ് 64:5-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓർക്കുന്നു; നീ കോപിച്ചപ്പോൾ ഞങ്ങൾ പാപത്തിൽ അകപ്പെട്ടു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ? ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവൃത്തികളൊക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു. നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങൾ കാണാതവണ്ണം നീ മറച്ചുവച്ചു ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു. എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ; യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഓർക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങൾ എല്ലാവരും നിന്റെ ജനമല്ലോ.
യെശയ്യാവ് 64:5-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സന്തോഷപൂർവം നീതി പ്രവർത്തിക്കുകയും അങ്ങയെ സ്മരിച്ചുകൊണ്ട് അവിടുത്തെ മാർഗത്തിൽ ചരിക്കുകയും ചെയ്യുന്നവരെ അങ്ങ് സ്വീകരിക്കുന്നു. ഞങ്ങൾ പാപം ചെയ്തതുകൊണ്ട് അവിടുന്നു ഞങ്ങളോടു കോപിച്ചു. ഞങ്ങൾ ദീർഘകാലം പാപത്തിൽ ജീവിച്ചു. ഞങ്ങൾക്കു രക്ഷ ഉണ്ടാവുമോ? ഞങ്ങൾ എല്ലാവരും അശുദ്ധരായിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ സൽപ്രവൃത്തികൾ കറപുരണ്ട വസ്ത്രംപോലെയായിരിക്കുന്നു. ഞങ്ങളെല്ലാം ഇലപോലെ വാടിപ്പോകുന്നു. അകൃത്യം നിമിത്തം ഞങ്ങൾ കാറ്റു പറത്തിക്കൊണ്ടു പോകുന്ന കരിയില പോലെയായിത്തീർന്നിരിക്കുന്നു. അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുന്നവർ ആരുമില്ല. അങ്ങയെ മുറുകെപ്പിടിക്കാൻ ഉദ്യമിക്കുന്നവരുമില്ല. എന്തെന്നാൽ അവിടുന്ന് ഞങ്ങളിൽനിന്നു മുഖം മറച്ചു ഞങ്ങളെ ഞങ്ങളുടെ അകൃത്യങ്ങൾക്കു വിട്ടുകൊടുത്തിരിക്കുന്നു. എങ്കിലും, സർവേശ്വരാ അവിടുന്നു ഞങ്ങളുടെ പിതാവാകുന്നുവല്ലോ. ഞങ്ങൾ കളി മണ്ണ്, അവിടുന്ന് മെനയുന്നവൻ; ഞങ്ങൾ അങ്ങയുടെ കരനിർമിതി. സർവേശ്വരാ, അവിടുന്നു ഞങ്ങളോട് അളവറ്റു കോപിക്കരുതേ. ഞങ്ങളുടെ അകൃത്യം ഓർക്കരുതേ. ഞങ്ങൾ അങ്ങയുടെ ജനമാണെന്നു കരുതിയാലും.
യെശയ്യാവ് 64:5-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ അവിടുന്ന് എതിരേല്ക്കുന്നു; അവർ അവിടുത്തെ വഴികളിൽ അവിടുത്തെ ഓർക്കുന്നു; ഞങ്ങൾ പാപംചെയ്തതുകൊണ്ട് അവിടുന്ന് കോപിച്ചു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ? ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവൃത്തികൾ സകലവും കറപുരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു. തിരുനാമത്തെ വിളിച്ചപേക്ഷിക്കുന്നവനും അവിടുത്തെ മുറുകെ പിടിക്കുവാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; തിരുമുഖം ഞങ്ങൾ കാണാത്തവിധം അവിടുന്ന് മറച്ചുവച്ചു ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു. എന്നാൽ യഹോവേ, അവിടുന്ന് ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും അവിടുന്ന് ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും അവിടുത്തെ കൈപ്പണിയാകുന്നു; യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഓർക്കരുതേ; അയ്യോ, കടാക്ഷിക്കണമേ; ഞങ്ങൾ എല്ലാവരും അവിടുത്തെ ജനമല്ലയോ.
യെശയ്യാവ് 64:5-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓർക്കുന്നു; നീ കോപിച്ചപ്പോൾ ഞങ്ങൾ പാപത്തിൽ അകപ്പെട്ടു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ? ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവർത്തികൾ ഒക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു. നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങൾ കാണാതവണ്ണം നീ മറെച്ചുവെച്ചു ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു. എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ; യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഓർക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങൾ എല്ലാവരും നിന്റെ ജനമല്ലോ.
യെശയ്യാവ് 64:5-9 സമകാലിക മലയാളവിവർത്തനം (MCV)
ആനന്ദത്തോടെ നീതി പ്രവർത്തിക്കുന്നവരെ സഹായിക്കാനായി അങ്ങ് എഴുന്നള്ളുന്നു, അങ്ങയുടെ വഴികൾ ഓർക്കുന്നവരെത്തന്നെ. എന്നാൽ, അങ്ങയുടെ വഴികൾക്കെതിരേ ഞങ്ങൾ പാപം ചെയ്യുകയാൽ അങ്ങു കോപിച്ചു. അങ്ങനെയെങ്കിൽ ഞങ്ങൾ എങ്ങനെ രക്ഷപ്പെടും? ഞങ്ങൾ എല്ലാവരും ശുദ്ധിയില്ലാത്തവരെപ്പോലെയായി, ഞങ്ങളുടെ നീതിപ്രവൃത്തികൾ എല്ലാം കറപുരണ്ട തുണിപോലെയാണ്; ഞങ്ങളെല്ലാം ഇലപോലെ വാടിപ്പോകുന്നു, ഞങ്ങളുടെ പാപങ്ങൾ ഒരു കാറ്റുപോലെ ഞങ്ങളെ പറപ്പിക്കുന്നു. അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയും അങ്ങയെ മുറുകെപ്പിടിക്കാൻ ഉത്സാഹിക്കുകയും ചെയ്യുന്ന ആരുമില്ല; അങ്ങു തിരുമുഖം ഞങ്ങളിൽനിന്ന് മറയ്ക്കുകയും ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്തല്ലോ. എന്നാലിപ്പോൾ യഹോവേ, അങ്ങാണ് ഞങ്ങളുടെ പിതാവ്. ഞങ്ങൾ കളിമണ്ണും അങ്ങ് ഞങ്ങളെ മെനയുന്നവനും ആകുന്നു; ഞങ്ങളെല്ലാവരും അവിടത്തെ കൈവേലയാണല്ലോ. യഹോവേ, കഠിനമായി കോപിക്കരുതേ. ഞങ്ങളുടെ പാപങ്ങൾ എന്നേക്കും ഓർക്കുകയുമരുതേ. അയ്യോ! കടാക്ഷിക്കണമേ, ഞങ്ങളെല്ലാവരും അവിടത്തെ ജനമാണല്ലോ.