ഗലാത്യർ 5:4-14

ഗലാത്യർ 5:4-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിയമത്തിന്റെ മാർഗത്തിലൂടെ ദൈവസമക്ഷം കുറ്റമറ്റവരായിത്തീരുവാൻ ശ്രമിക്കുന്ന നിങ്ങൾ, നിങ്ങളെത്തന്നെ ക്രിസ്തുവിനോടുള്ള ബന്ധത്തിൽനിന്നു വിച്ഛേദിക്കുന്നു; നിങ്ങൾ ദൈവത്തിന്റെ കൃപയ്‍ക്കു പുറത്താകുകയും ചെയ്യുന്നു. നമ്മെ സംബന്ധിച്ചിടത്തോളം, ദൈവം നമ്മെ കുറ്റമറ്റവരായി അംഗീകരിക്കും എന്നുള്ളതാണു നമ്മുടെ പ്രത്യാശ. വിശ്വാസത്തിലൂടെ പ്രവർത്തിക്കുന്ന ദൈവാത്മാവിന്റെ ശക്തിയാൽ ഈ പ്രത്യാശ സഫലമാകുന്നതിനുവേണ്ടി നാം കാത്തിരിക്കുന്നു. ക്രിസ്തുയേശുവിനോടു നാം ഏകീഭവിച്ചു കഴിയുമ്പോൾ പരിച്ഛേദനം ചെയ്യുന്നതിലും ചെയ്യാത്തതിലും കാര്യമൊന്നുമില്ല; സ്നേഹത്തിലൂടെ പ്രവർത്തിക്കുന്ന വിശ്വാസമാണു പ്രധാനം. വിശ്വാസത്തിൽ നിങ്ങൾ നന്നായി മുന്നേറുകയായിരുന്നു. സത്യത്തിൽനിന്നു വ്യതിചലിക്കുവാൻ നിങ്ങളെ പ്രേരിപ്പിച്ചത് ആരാണ്? ആ പ്രേരണ നിശ്ചയമായും നിങ്ങളെ വിളിക്കുന്ന ദൈവത്തിൽ നിന്നല്ല. പുളിച്ചമാവ് അല്പമായാലും പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു. എന്റെ ചിന്താഗതിയിൽനിന്നു വിഭിന്നമായ ഒരു ചിന്താഗതി നിങ്ങൾ സ്വീകരിക്കുകയില്ല എന്ന് എനിക്കു ദൃഢവിശ്വാസമുണ്ട്. കർത്താവിനോടുള്ള നമ്മുടെ ഏകീഭാവമാണ് ആ ഉറപ്പ് എനിക്കു നല്‌കുന്നത്. നിങ്ങളെ തകിടം മറിക്കുന്നത് ആരുതന്നെ ആയാലും അവൻ ശിക്ഷ അനുഭവിക്കും. എന്നാൽ സഹോദരരേ, പരിച്ഛേദനം വേണമെന്നു ഞാൻ ഇപ്പോഴും പ്രസംഗിക്കുന്നു എങ്കിൽ എന്തിനു ഞാൻ പീഡിപ്പിക്കപ്പെടുന്നു? ഞാൻ അതിനുവേണ്ടി വാദിച്ചിരുന്നു എങ്കിൽ, ക്രിസ്തുവിന്റെ കുരിശുമരണത്തെക്കുറിച്ചുള്ള എന്റെ പ്രസംഗം യെഹൂദന്മാർക്ക് ഇടർച്ചയാകുമായിരുന്നില്ല. നിങ്ങളെ തകിടം മറിക്കുന്നവർ പരിച്ഛേദനംകൊണ്ടു തൃപ്തിപ്പെടാതെ അംഗവിച്ഛേദനം കൂടി ചെയ്ത് സ്വയം നിർവീര്യരാക്കപ്പെടട്ടെ. സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാൽ ഈ സ്വാതന്ത്ര്യം പാപജടിലമായ ഇച്ഛകളുടെ പൂർത്തീകരണത്തിന് ഇടവരുത്തരുത്. സ്നേഹത്തിന്റെ പ്രചോദനത്താൽ നിങ്ങൾ അന്യോന്യം സേവനം ചെയ്യുകയാണു വേണ്ടത്. എന്തെന്നാൽ നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക എന്നതിൽ നിയമസംഹിത മുഴുവനും അടങ്ങിയിരിക്കുന്നു.

പങ്ക് വെക്കു
ഗലാത്യർ 5 വായിക്കുക

ഗലാത്യർ 5:4-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേർപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി. ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു. ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമവുമല്ല; സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം. നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തുകളഞ്ഞു? ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല. അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു. നിങ്ങൾക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാൻ കർത്താവിൽ ഉറച്ചിരിക്കുന്നു, എന്നാൽ നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും. ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നുവരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നത് എന്ത്? അങ്ങനെ എങ്കിൽ ക്രൂശിന്റെ ഇടർച്ച നീങ്ങിപ്പോയല്ലോ. നിങ്ങളെ കലഹിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളായിരുന്നു. സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന് അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.

പങ്ക് വെക്കു
ഗലാത്യർ 5 വായിക്കുക

ഗലാത്യർ 5:4-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടും എന്നുള്ള നിങ്ങൾക്ക് ക്രിസ്തു ഒന്നും അല്ലാതായി. നിങ്ങൾ കൃപയിൽനിന്ന് വീണുപോയി. ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ദൈവത്തിന്‍റെ ആത്മാവിനാൽ കാത്തിരിക്കുന്നു. ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം. നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിക്കുവാൻ നിങ്ങളെ ആർ തടുത്തു? അങ്ങനെ നിങ്ങളെ പ്രേരിപ്പിച്ചത് നിങ്ങളെ വിളിച്ച ദൈവത്തിന്‍റെ പ്രവൃത്തിയല്ല. അല്പം പുളിമാവ് പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു. നിങ്ങൾക്ക് ഭിന്നാഭിപ്രായമുണ്ടാകുകയില്ല എന്നു ഞാൻ കർത്താവിൽ ഉറച്ചിരിക്കുന്നു; നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും. ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നത് എന്ത്? അങ്ങനെ എങ്കിൽ ക്രൂശിൻ്റെ തടസ്സം നീങ്ങിപ്പോയല്ലോ. നിങ്ങളെ വഴിതെറ്റിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളാമായിരുന്നു എന്നു ഞാൻ ഇച്ഛിക്കുന്നു. സഹോദരന്മാരേ, ദൈവം നിങ്ങളെ സ്വാതന്ത്ര്യത്തിനായി വിളിച്ചിരിക്കുന്നു; നിങ്ങളുടെ സ്വാതന്ത്ര്യം ജഡത്തിന് അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ. “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം” എന്നുള്ള ഏക കല്പനയിൽ ന്യായപ്രമാണം മുഴുവനും നിവർത്തിയായിരിക്കുന്നു.

പങ്ക് വെക്കു
ഗലാത്യർ 5 വായിക്കുക

ഗലാത്യർ 5:4-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി. ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു. ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം. നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തു കളഞ്ഞു? ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല. അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു. നിങ്ങൾക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാൻ കർത്താവിൽ ഉറെച്ചിരിക്കുന്നു; എന്നാൽ നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും. ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കിൽ ക്രൂശിന്റെ ഇടർച്ച നീങ്ങിപ്പോയല്ലോ. നിങ്ങളെ കലഹിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളായിരുന്നു. സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.

പങ്ക് വെക്കു
ഗലാത്യർ 5 വായിക്കുക

ഗലാത്യർ 5:4-14 സമകാലിക മലയാളവിവർത്തനം (MCV)

ന്യായപ്രമാണം പാലിക്കുന്നതിലൂടെ നീതീകരിക്കപ്പെടാൻ പരിശ്രമിക്കുന്ന നിങ്ങൾ, ക്രിസ്തുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടവരും ദൈവകൃപയിൽനിന്ന് വീണുപോയവരുമാണ്. എന്നാൽ, ഞങ്ങൾ വിശ്വാസത്താൽ പ്രത്യാശ വെച്ചിരിക്കുന്ന നീതീകരണം ലഭിക്കാനായി, ദൈവാത്മസഹായത്താൽ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ക്രിസ്തുയേശുവിൽ വിശ്വാസം അർപ്പിച്ചവർക്ക്, പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും ഒരു വ്യത്യാസവും സൃഷ്ടിക്കുന്നില്ല; മറിച്ച് സ്നേഹത്തിലൂടെയുള്ള വിശ്വാസംമാത്രമേ പ്രവർത്തനക്ഷമമാകുകയുള്ളൂ. നിങ്ങൾ നന്നായി മുന്നേറിക്കൊണ്ടിരുന്നു; എന്നാൽ സത്യം പിൻതുടരുന്നതിൽനിന്ന് നിങ്ങളെ തടഞ്ഞതാരാണ്? നിങ്ങളെ വിളിച്ച ദൈവമല്ലല്ലോ അപ്രകാരം ചെയ്തത്. “അൽപ്പം പുളിപ്പ്, കുഴച്ച മാവിനെ മുഴുവനും പുളിപ്പിക്കുന്നു.” നാം കർത്താവിൽ ഒന്നായതിനാൽ നിങ്ങൾ എന്നെ തെറ്റിദ്ധരിക്കുകയില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ട്. നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നയാൾ ആരായിരുന്നാലും അയാൾ ദൈവശിക്ഷ അനുഭവിക്കുകതന്നെ ചെയ്യും. സഹോദരങ്ങളേ, എന്റെ പ്രസംഗം ഇപ്പോഴും പരിച്ഛേദനം ഏൽക്കണം എന്നതായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ഉപദ്രവിക്കപ്പെടുമായിരുന്നോ? അങ്ങനെയായിരുന്നെങ്കിൽ ക്രൂശിന്റെ സുവിശേഷം പ്രസംഗിക്കുമ്പോൾ യാതൊരുവിധ വിദ്വേഷവും ഉണ്ടാകുമായിരുന്നില്ലല്ലോ. പരിച്ഛേദനം പ്രസംഗിച്ച് നിങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നവരുടെ ലിംഗം ഛേദിക്കപ്പെട്ടുപോയെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. സഹോദരങ്ങളേ, പരിപൂർണസ്വാതന്ത്ര്യത്തിൽ ജീവിക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളിലെ പാപപ്രകൃതത്തെ തൃപ്തിപ്പെടുത്താൻ അനുവദിക്കാതെ, സ്നേഹത്തിൽ പരസ്പരം ദാസരായി ശുശ്രൂഷ ചെയ്യുക. “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന ഒരൊറ്റ കൽപ്പന പ്രാവർത്തികമാക്കുന്നതിലൂടെ സർവന്യായപ്രമാണവും പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു.

പങ്ക് വെക്കു
ഗലാത്യർ 5 വായിക്കുക