യെഹെസ്കേൽ 1:22-28

യെഹെസ്കേൽ 1:22-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ജീവികളുടെ തലയ്ക്കു മീതെ ഭയങ്കരമായൊരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അത് അവയുടെ തലയ്ക്കു മീതെ വിരിഞ്ഞിരുന്നു. വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകൾ നേർക്കു നേരേ വിടർന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാൻ ഓരോന്നിന്നും ഈരണ്ടുണ്ടായിരുന്നു. അവ പോകുമ്പോൾ ചിറകുകളുടെ ഇരച്ചിൽ വലിയ വെള്ളത്തിന്റെ ഇരച്ചിൽപോലെയും സർവശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവംപോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും. അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിന്മേൽനിന്ന് ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും. അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിനു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു. അവന്റെ അരമുതൽ മേലോട്ട് അതിനകത്തു ചുറ്റും തീക്കൊത്ത ശുക്ലസ്വർണംപോലെ ഞാൻ കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്ത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടത്; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.

യെഹെസ്കേൽ 1:22-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആ ജീവികളുടെ തലയ്‍ക്കുമീതെ സ്ഫടികംപോലെ തിളങ്ങുന്ന ഒരു വിതാനം ഉണ്ടായിരുന്നു. അതിന്റെ കീഴിൽ ഓരോ ജീവിയുടെയും ചിറകുകൾ ഒന്നിന്റെ ചിറക് മറ്റൊന്നിന്റെ ചിറകിനെ സ്പർശിക്കത്തക്കവിധം നിവർത്തിപ്പിടിച്ചിരുന്നു. ഓരോ ജീവിയുടെയും ശരീരം മറയ്‍ക്കുന്ന ഈരണ്ടു ചിറകുകളും അവയ്‍ക്കുണ്ടായിരുന്നു. അവ പറന്നപ്പോൾ അവയുടെ ചിറകടി ഞാൻ കേട്ടു. അതു സമുദ്രത്തിന്റെ ഇരമ്പൽപോലെയും സർവശക്തന്റെ ഗംഭീരനാദംപോലെയും സൈന്യത്തിന്റെ ആരവം പോലെയും ആയിരുന്നു. ജീവികൾ നിശ്ചലമായി നിന്നപ്പോൾ ചിറകുകൾ താഴ്ത്തിയിരുന്നു. അപ്പോൾ അവയുടെ തലയ്‍ക്കുമീതെയുള്ള വിതാനത്തിനു മുകളിൽനിന്ന് ഒരു ശബ്ദമുണ്ടായി. ആ ജീവികളുടെ മീതെയുള്ള വിതാനത്തിനു മുകളിൽ ഇന്ദ്രനീലക്കല്ലുപോലെയുള്ള ഒരു സിംഹാസനത്തിന്റെ രൂപം ഉണ്ടായിരുന്നു. അതിൽ മനുഷ്യനെപ്പോലെയുള്ള ഒരു രൂപം ഇരിക്കുന്നു. അതിന്റെ അരക്കെട്ടിനു മുകൾഭാഗം മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെയും അഗ്നികൊണ്ടു പൊതിഞ്ഞിരിക്കുന്നതുപോലെയും കാണപ്പെട്ടു. അരക്കെട്ടിനു താഴെയുള്ള ഭാഗം അഗ്നിയെന്നപോലെ കാണപ്പെട്ടു. ആ രൂപത്തിനു ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. ആ പ്രകാശം മഴവില്ലുപോലെ ആയിരുന്നു. ഇങ്ങനെയാണു ഞാൻ സർവേശ്വരന്റെ മഹത്ത്വത്തിന്റെ രൂപം ദർശിച്ചത്. അതു കണ്ട മാത്രയിൽ ഞാൻ കമിഴ്ന്നുവീണു. അപ്പോൾ ആരോ സംസാരിക്കുന്ന സ്വരം ഞാൻ കേട്ടു.

യെഹെസ്കേൽ 1:22-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ജീവികളുടെ തലയ്ക്കുമീതെ ഭയങ്കരമായ, പളുങ്കുപോലെയുള്ള ഒരു വിതാനത്തിൻ്റെ രൂപം ഉണ്ടായിരുന്നു; അത് അവയുടെ തലയ്ക്കുമീതെ വിരിഞ്ഞിരുന്നു. വിതാനത്തിൻ്റെ കീഴിൽ അവയുടെ ചിറകുകൾ നേർക്കുനേരെ വിടർന്നിരുന്നു; ഓരോ ജീവിക്കും ശരീരത്തിന്‍റെ ഇരുഭാഗവും മൂടുവാൻ ഈരണ്ടു ചിറകുകൾ വീതം ഉണ്ടായിരുന്നു. അവ പോകുമ്പോൾ ചിറകുകളുടെ ശബ്ദം പെരുവെള്ളത്തിന്‍റെ ശബ്ദംപോലെയും സർവ്വശക്തനായ ദൈവത്തിന്‍റെ നാദംപോലെയും ഒരു സൈന്യത്തിന്‍റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും. അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മുകളിൽനിന്ന് ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും. അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മീതെ നീലക്കല്ലിൻ്റെ കാഴ്ചപോലെ സിംഹാസനത്തിന്‍റെ രൂപവും സിംഹാസനത്തിന്‍റെ രൂപത്തിന്മേൽ അതിന് മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു. അവിടുത്തെ അരമുതൽ മേലോട്ടുള്ള ഭാഗം തീ നിറമുള്ള ശുക്ലസ്വർണ്ണംപോലെ ഞാൻ കണ്ടു; അവിടുത്തെ അരമുതൽ കീഴോട്ട് തീപോലെ ഞാൻ കണ്ടു; അതിന്‍റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. അതിന്‍റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിൻ്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്‍റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടത്; അത് കണ്ടിട്ട് ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുവന്‍റെ ശബ്ദവും ഞാൻ കേട്ടു.

യെഹെസ്കേൽ 1:22-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ജീവികളുടെ തലെക്കു മീതെ ഭയങ്കരമായോരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അതു അവയുടെ തലെക്കു മീതെ വിരിഞ്ഞിരുന്നു. വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകൾ നേക്കുനേരെ വിടർന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാൻ ഓരോന്നിന്നും ഈരണ്ടുണ്ടായിരുന്നു. അവ പോകുമ്പോൾ ചിറകുകളുടെ ഇരെച്ചൽ വലിയ വെള്ളത്തിന്റെ ഇരെച്ചൽപോലെയും സർവ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും. അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്മേൽ നിന്നു ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും. അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു. അവന്റെ അരമുതൽ മേലോട്ടു അതിന്നകത്തു ചുറ്റും തീക്കൊത്ത ശുക്ലസ്വർണ്ണംപോലെ ഞാൻ കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീ പോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.

യെഹെസ്കേൽ 1:22-28 സമകാലിക മലയാളവിവർത്തനം (MCV)

ജീവികളുടെ തലയ്ക്കുമീതേ പളുങ്കുപോലെ വെട്ടിത്തിളങ്ങുന്ന അത്ഭുതകരമായ ഒരു വിതാനം ഉണ്ടായിരുന്നു. വിതാനത്തിനുകീഴേ അവയുടെ ചിറകുകൾ നേർക്കുനേരേ വിരിച്ചിരുന്നു; ഓരോ ജീവിക്കും അവയുടെ ശരീരത്തിന്റെ ഇരുവശവും മറയ്ക്കുന്ന ഈരണ്ടു ചിറകുകളുണ്ടായിരുന്നു. അവ സഞ്ചരിക്കുമ്പോൾ അവയുടെ ചിറകിന്റെ ഒച്ച പെരുവെള്ളത്തിന്റെ ഒച്ചപോലെയും സർവശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവംപോലെയും ഞാൻ കേട്ടു. അവ നിശ്ചലമായി നിൽക്കുമ്പോൾ ചിറകുകൾ താഴ്ത്തുമായിരുന്നു. ജീവികൾ ചിറകുകൾ താഴ്ത്തിയിട്ടു നിൽക്കുമ്പോൾ അവയുടെ തലയ്ക്കുമീതേയുള്ള വിതാനത്തിനു മുകളിൽനിന്നും ഒരു ശബ്ദം പുറപ്പെട്ടു. അവയുടെ തലയ്ക്കുമീതേയുള്ള വിതാനത്തിനുമേൽ, കാഴ്ചയിൽ ഇന്ദ്രനീലക്കല്ലിനു തുല്യമായി ഒരു സിംഹാസനത്തിന്റെ രൂപവും അതിന്മേൽ മനുഷ്യസാദൃശ്യമുള്ള ഒരു രൂപവും ഉണ്ടായിരുന്നു. അവിടത്തെ അരക്കെട്ടുമുതൽ മേലോട്ടുള്ള ഭാഗം അഗ്നികൊണ്ടു നിറഞ്ഞ് വെട്ടിത്തിളങ്ങുന്ന ലോഹംപോലെ കാണപ്പെട്ടു. അവിടത്തെ അരക്കെട്ടുമുതൽ താഴോട്ടുള്ള ഭാഗം അഗ്നിപോലെ ജ്വലിച്ചിരുന്നു; അവിടത്തേക്ക് ചുറ്റും ഉജ്ജ്വലപ്രകാശം ഉണ്ടായിരുന്നു. ചുറ്റുമുള്ള ശോഭ, മഴയുള്ള ദിവസം മേഘത്തിൽ കാണപ്പെടുന്ന മഴവില്ലിന്റെ ശോഭപോലെയായിരുന്നു. യഹോവയുടെ മഹത്ത്വത്തിന്റെ സാദൃശ്യം ഈ വിധത്തിലായിരുന്നു. അതു കണ്ടമാത്രയിൽ ഞാൻ കമിഴ്ന്നുവീണു; അപ്പോൾത്തന്നെ ഒരാൾ സംസാരിക്കുന്ന ഒരു ശബ്ദവും ഞാൻ കേട്ടു.