പുറപ്പാട് 16:4-18

പുറപ്പാട് 16:4-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ യഹോവ മോശെയോട്: ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്ന് അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ട് ഓരോ ദിവസത്തേക്കു വേണ്ടത് അന്നന്നു പെറുക്കിക്കൊള്ളേണം. എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നത് ഒരുക്കുമ്പോൾ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്ന് അരുളിച്ചെയ്തു. മോശെയും അഹരോനും യിസ്രായേൽമക്കളോടൊക്കെയും: നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവതന്നെ എന്ന് ഇന്നു വൈകുന്നേരം നിങ്ങൾ അറിയും. പ്രഭാതകാലത്തു നിങ്ങൾ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരേയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവൻ കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരേ പിറുപിറുക്കുവാൻ ഞങ്ങൾ എന്തുള്ളൂ എന്നു പറഞ്ഞു. മോശെ പിന്നെയും: യഹോവ നിങ്ങൾക്കു തിന്നുവാൻ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരേ നിങ്ങൾ പിറുപിറുക്കുന്നത് അവൻ കേൾക്കുന്നു; ഞങ്ങൾ എന്തുള്ളൂ? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരേയല്ല, യഹോവയുടെ നേരേയത്രേ എന്നു പറഞ്ഞു. അഹരോനോടു മോശെ: യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; അവൻ നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്നു യിസ്രായേൽമക്കളുടെ സർവസംഘത്തോടും പറക എന്നു പറഞ്ഞു. അഹരോൻ യിസ്രായേൽമക്കളുടെ സർവസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്കു നേരേ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നതു കണ്ടു. യഹോവ മോശെയോട്: യിസ്രായേൽമക്കളുടെ പിറുപിറുപ്പു ഞാൻ കേട്ടിരിക്കുന്നു. നീ അവരോടു സംസാരിച്ചു: നിങ്ങൾ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്ത് അപ്പംകൊണ്ടു തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു നിങ്ങൾ അറിയും എന്നു പറക എന്നു കല്പിച്ചു. വൈകുന്നേരം കാടകൾ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു. വീണുകിടന്ന മഞ്ഞു മാറിയശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു. യിസ്രായേൽമക്കൾ അതു കണ്ടാറെ എന്തെന്ന് അറിയായ്കയാൽ ഇതെന്ത് എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോട്: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. ഓരോരുത്തനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനൊത്തവണ്ണം ആളൊന്നിന് ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറെയും പെറുക്കി. ഇടങ്ങഴികൊണ്ട് അളന്നപ്പോൾ ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവനു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കിയിരുന്നു.

പുറപ്പാട് 16:4-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ആകാശത്തുനിന്നു ഞാൻ നിങ്ങൾക്കു ഭക്ഷണം വർഷിക്കും; ജനം പുറത്തിറങ്ങി അതതു ദിവസത്തേക്കു വേണ്ടതു ശേഖരിക്കട്ടെ. അവർ എന്റെ കല്പന അനുസരിക്കുമോ എന്ന് ഇങ്ങനെ ഞാൻ പരീക്ഷിച്ചുനോക്കും. ആറാം ദിവസം ശേഖരിച്ചതു പാകം ചെയ്യുമ്പോൾ ദിവസംതോറും ശേഖരിച്ചതിന്റെ ഇരട്ടി ഉണ്ടായിരിക്കും.” മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു: “നിങ്ങളെ ഈജിപ്തിൽനിന്നു വിടുവിച്ചു കൊണ്ടുവന്നതു സർവേശ്വരൻ തന്നെയെന്നു നിങ്ങൾ ഇന്നു വൈകിട്ടു മനസ്സിലാക്കും. പ്രഭാതത്തിൽ നിങ്ങൾ സർവേശ്വരന്റെ മഹത്ത്വം ദർശിക്കും; അവിടുത്തേക്ക് എതിരായി നിങ്ങൾ പിറുപിറുക്കുന്നത് അവിടുന്നു കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരേ പിറുപിറുക്കാൻ ഞങ്ങൾ ആരാണ്? രാവിലെ നിങ്ങൾക്കു വേണ്ടിടത്തോളം അപ്പവും വൈകിട്ടു മാംസവും സർവേശ്വരൻ നല്‌കുമ്പോൾ അവിടുത്തേക്കെതിരെ നിങ്ങൾ പിറുപിറുത്തത് അവിടുന്നു കേട്ടിരിക്കുന്നു എന്നു നിങ്ങൾ അറിയും. നിങ്ങളുടെ പിറുപിറുപ്പ്, ഞങ്ങൾക്കെതിരെയല്ല വാസ്തവത്തിൽ സർവേശ്വരനെതിരെയാണ്.” മോശ അഹരോനോടു പറഞ്ഞു: “ഇസ്രായേൽജനങ്ങളോടു പറയുക. സർവേശ്വരന്റെ സന്നിധിയിലേക്കു വരിക; നിങ്ങളുടെ ആവലാതി അവിടുന്ന് കേട്ടിരിക്കുന്നു.” അഹരോൻ ജനത്തോടു സംസാരിക്കുമ്പോൾ തന്നെ അവർ മരുഭൂമിയിലേക്ക് നോക്കി; അപ്പോൾ സർവേശ്വരന്റെ തേജസ്സ് മേഘത്തിൽ അവർക്ക് ദൃശ്യമായി. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഞാൻ ഇസ്രായേൽജനങ്ങളുടെ ആവലാതി കേട്ടിരിക്കുന്നു; ഇന്നു വൈകുന്നേരം അവർക്കു മാംസം ലഭിക്കുമെന്ന് അവരോടു പറയുക; പ്രഭാതത്തിൽ അവർ അപ്പംകൊണ്ടും തൃപ്തരാകും. അപ്പോൾ ഞാനാണ് നിങ്ങളുടെ ദൈവമായ സർവേശ്വരനെന്ന് നിങ്ങൾ അറിയും.” വൈകുന്നേരം കാടപ്പക്ഷികൾ വന്നു പാളയം മൂടി. പ്രഭാതമായപ്പോൾ പാളയത്തിനു ചുറ്റും മഞ്ഞു വീണു കിടന്നു; മഞ്ഞു മാറിയപ്പോൾ അവലുപോലെ നേരിയ ശകലങ്ങൾ ഉറഞ്ഞ മഞ്ഞുപോലെ മൂടിയിരിക്കുന്നത് അവർ കണ്ടു. അതുകണ്ട് ‘ഇതെന്ത്’ എന്ന് അവർ പരസ്പരം ചോദിച്ചു; അത് എന്തെന്ന് അവർക്ക് മനസ്സിലായില്ല. അപ്പോൾ മോശ പറഞ്ഞു: ‘ഇതാണ് സർവേശ്വരൻ നിങ്ങൾക്കു തന്നിരിക്കുന്ന ഭക്ഷണം.’ അവിടുത്തെ കല്പന ഇതാകുന്നു: നിങ്ങളിൽ ഓരോരുവനും ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചുകൊള്ളുക; ഓരോ കൂടാരത്തിലും ഉള്ളവരുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഇടങ്ങഴി വീതം ശേഖരിക്കാം.” ഇസ്രായേൽജനം അപ്രകാരം ചെയ്തു; അവരവർക്കു വേണ്ടുവോളം ഓരോരുത്തരും ശേഖരിച്ചു. ചിലർ കൂടുതലും ചിലർ കുറച്ചും പെറുക്കി. എന്നാൽ അളന്നുനോക്കിയപ്പോൾ കൂടുതൽ പെറുക്കിയവർക്കു കൂടുതലോ കുറച്ചു പെറുക്കിയവർക്കു കുറവോ കണ്ടില്ല

പുറപ്പാട് 16:4-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അപ്പോൾ യഹോവ മോശെയോട്: “ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; ജനം എന്‍റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്ക് വേണ്ടത് അന്നന്ന് പെറുക്കിക്കൊള്ളേണം. എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നത് പാകം ചെയ്യുമ്പോൾ ദിവസംപ്രതി ശേഖരിക്കുന്നതിൻ്റെ ഇരട്ടി കാണും” എന്നു അരുളിച്ചെയ്തു. മോശെയും അഹരോനും യിസ്രായേൽ മക്കളോട്: “നിങ്ങളെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്നത് യഹോവ തന്നെ എന്നു ഇന്ന് വൈകുന്നേരം നിങ്ങൾ അറിയും. പ്രഭാതകാലത്ത് നിങ്ങൾ യഹോവയുടെ തേജസ്സ് കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടുന്ന് കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ ആരാണ്?” എന്നു പറഞ്ഞു. മോശെ പിന്നെയും: “യഹോവ നിങ്ങൾക്ക് തിന്നുവാൻ വൈകുന്നേരത്ത് മാംസവും പ്രഭാതകാലത്ത് തൃപ്തിയാകുംവരെ അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നത് അവൻ കേൾക്കുന്നു; ഞങ്ങൾ ആരാണ്? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ” എന്നു പറഞ്ഞു. അഹരോനോട് മോശെ: “യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; യഹോവ നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്നു യിസ്രായേൽ മക്കളുടെ സർവ്വസംഘത്തോടും പറയുക” എന്നു പറഞ്ഞു. അഹരോൻ യിസ്രായേൽ മക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്ക് നേരെ തിരിഞ്ഞുനോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നത് കണ്ടു. യഹോവ മോശെയോട്: “യിസ്രായേൽ മക്കളുടെ പിറുപിറുപ്പ് ഞാൻ കേട്ടിരിക്കുന്നു. നീ അവരോട് സംസാരിച്ചു: നിങ്ങൾ വൈകുന്നേരം മാംസം തിന്നും; പ്രഭാതത്തിൽ അപ്പംകൊണ്ട് തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്നു പറയുക” എന്നു കല്പിച്ചു. വൈകുന്നേരം കാടകൾ വന്ന് പാളയത്തെ മൂടി; പ്രഭാതത്തിൽ പാളയത്തിന്‍റെ ചുറ്റും മഞ്ഞ് വീണുകിടന്നു. വീണുകിടന്ന മഞ്ഞ് മാറിയശേഷം മരുഭൂമിയിൽ എല്ലായിടവും ചെതുമ്പൽപോലെ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്ത് കിടക്കുന്നത് കണ്ടു. യിസ്രായേൽ മക്കൾ അത് കണ്ടപ്പോൾ എന്താണ് എന്നു അറിയാഞ്ഞതുകൊണ്ട് “ഇതെന്ത്” എന്നു തമ്മിൽതമ്മിൽ ചോദിച്ചു. മോശെ അവരോട്: “ഇത് യഹോവ നിങ്ങൾക്ക് ഭക്ഷിക്കുവാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. ഓരോരുത്തർക്കും ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിക്കൊള്ളേണം; അവരവരുടെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനനുസരിച്ച് ഒരാൾക്ക് ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യിസ്രായേൽ മക്കൾ അങ്ങനെ ചെയ്തു. ചിലർ കൂടുതലും ചിലർ കുറവും പെറുക്കി. ഇടങ്ങഴികൊണ്ട് അളന്നപ്പോൾ കൂടുതൽ ശേഖരിച്ചവന് കൂടുതലും കുറവ് ശേഖരിച്ചവന് കുറവും കണ്ടില്ല; ഓരോരുത്തരും അവരവർക്ക് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിയിരുന്നു.

പുറപ്പാട് 16:4-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ യഹോവ മോശെയോടു: ഞാൻ നിങ്ങൾക്കു ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന്നു അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം. എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നതു ഒരുക്കുമ്പോൾ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്നു അരുളിച്ചെയ്തു. മോശെയും അഹരോനും യിസ്രായേൽമക്കളോടു ഒക്കെയും: നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവ തന്നേ എന്നു ഇന്നു വൈകുന്നേരം നിങ്ങൾ അറിയും. പ്രഭാതകാലത്തു നിങ്ങൾ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പു അവൻ കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ എന്തുള്ളു എന്നു പറഞ്ഞു. മോശെ പിന്നെയും: യഹോവ നിങ്ങൾക്കു തിന്നുവാൻ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നതു അവൻ കേൾക്കുന്നു; ഞങ്ങൾ എന്തുള്ളു? നിങ്ങളുടെ പിറുപിറുപ്പു ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ എന്നു പറഞ്ഞു. അഹരോനോടു: മോശെ: യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; അവൻ നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു എന്നു യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും പറക എന്നു പറഞ്ഞു. അഹരോൻ യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്കു നേരെ തിരിഞ്ഞുനോക്കി, യഹോവയുടെ തേജസ്സു മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നതു കണ്ടു. യഹോവ മോശെയോടു: യിസ്രായേൽമക്കളുടെ പിറുപിറുപ്പു ഞാൻ കേട്ടിരിക്കുന്നു. നീ അവരോടു സംസാരിച്ചു: നിങ്ങൾ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്തു അപ്പംകൊണ്ടു തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്നു പറക എന്നു കല്പിച്ചു. വൈകുന്നേരം കാടകൾ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു. വീണുകിടന്ന മഞ്ഞു മാറിയ ശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറെച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു. യിസ്രായേൽമക്കൾ അതു കണ്ടാറെ എന്തെന്നു അറിയായ്കയാൽ ഇതെന്തു എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോടു: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. ഓരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന്നൊത്തവണ്ണം ആളൊന്നിന്നു ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറെയും പെറുക്കി. ഇടങ്ങഴികൊണ്ടു അളന്നപ്പോൾ ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിയിരുന്നു.

പുറപ്പാട് 16:4-18 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ നിങ്ങൾക്കുവേണ്ടി ആകാശത്തുനിന്ന് അപ്പം വർഷിക്കും. ജനം ഓരോ ദിവസവും പുറത്തേക്കുചെന്ന് അന്നത്തേക്കുള്ളതു ശേഖരിച്ചുകൊള്ളണം. അവർ എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു പരീക്ഷിക്കേണ്ടതിനുതന്നെ. ആറാംദിവസം അവർ അകത്തുകൊണ്ടുവരുന്നതു പാകംചെയ്യണം; അതു മറ്റു ദിവസങ്ങളിൽ ശേഖരിക്കുന്നതിന്റെ ഇരട്ടി ആയിരിക്കും.” അതനുസരിച്ച് മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു, “നിങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടു വന്നതു യഹോവതന്നെ എന്നു സന്ധ്യക്കു നിങ്ങൾ മനസ്സിലാക്കും; രാവിലെ നിങ്ങൾ യഹോവയുടെ മഹത്ത്വം കാണും. കാരണം, തനിക്കു വിരോധമായുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. നിങ്ങൾ ഞങ്ങൾക്കെതിരേ പിറുപിറുക്കാൻ ഞങ്ങൾ എന്താണ് ചെയ്തത്?” മോശ പിന്നെയും പറഞ്ഞു: “നിങ്ങൾക്കു സന്ധ്യക്കു ഭക്ഷിക്കാൻ ഇറച്ചിയും രാവിലെ മതിയാകുംവരെ അപ്പവും യഹോവ തരും. അവിടന്നാണ് അങ്ങനെ ചെയ്യുന്നതെന്ന് അപ്പോൾ നിങ്ങൾ അറിയും; തനിക്കെതിരേയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. ഞങ്ങൾ എന്തുള്ളൂ? നിങ്ങൾ പിറുപിറുത്തുകൊണ്ടിരിക്കുന്നതു ഞങ്ങളുടെനേരേ അല്ല, യഹോവയുടെ നേരേയാണ്.” പിന്നെ മോശ അഹരോനോടു പറഞ്ഞു, “ ‘യഹോവയുടെ സന്നിധിയിലേക്കു വരിക, അവിടന്നു നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു’ എന്ന് സകല ഇസ്രായേല്യസമൂഹത്തോടും പറയുക.” അഹരോൻ മുഴുവൻ ഇസ്രായേല്യസമൂഹത്തോടും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവർ മരുഭൂമിയിലേക്കു നോക്കി, അവിടെ യഹോവയുടെ തേജസ്സ് മേഘത്തിൽ പ്രത്യക്ഷപ്പെട്ടു. യഹോവ മോശയോട് അരുളിച്ചെയ്തു, “ഞാൻ ഇസ്രായേല്യരുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു. നീ അവരോടു പറയുക, ‘നിങ്ങൾ സന്ധ്യാസമയത്ത് മാംസം ഭക്ഷിക്കുകയും പ്രഭാതത്തിൽ അപ്പം തിന്നു തൃപ്തരാകുകയും ചെയ്യും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.’ ” അന്നു സന്ധ്യയായപ്പോൾ കാടകൾ വന്നു പാളയത്തെ മൂടി. പ്രഭാതമായപ്പോൾ പാളയത്തിനുചുറ്റും മഞ്ഞിന്റെ ഒരു പാളി കാണപ്പെട്ടു. മഞ്ഞു മാറിയപ്പോൾ മരുഭൂമിയിൽ, ചെതുമ്പലുകൾപോലെയുള്ള നേർത്ത ഒരു വസ്തു, ഉറച്ച മഞ്ഞുകഷണങ്ങൾക്കു തുല്യമായി നിലത്ത് എല്ലായിടത്തും കാണപ്പെട്ടു. അതുകണ്ടിട്ട് ഇസ്രായേല്യർ പരസ്പരം, “ഇത് എന്താണ്” എന്നു ചോദിച്ചു. അവർക്ക് അതെന്താണെന്ന് അറിഞ്ഞുകൂടായിരുന്നു. മോശ അവരോടു പറഞ്ഞു, “ഇതു നിങ്ങൾക്കു ഭക്ഷണമായി യഹോവ തന്നിരിക്കുന്ന അപ്പം ആകുന്നു. ‘ഓരോരുത്തരും തനിക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചുകൊള്ളണം. കൂടാരത്തിലുള്ള നിങ്ങളുടെ ആളുകൾക്ക് ഓരോരുത്തർക്കും ഓരോ ഓമെർവീതം എടുത്തുകൊള്ളണം’ എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു.” തങ്ങളോടു പറഞ്ഞിരുന്നതുപോലെ ഇസ്രായേല്യർ ചെയ്തു; ചിലർ കൂടുതലും ചിലർ കുറച്ചും ശേഖരിച്ചു. അത് അവർ ഓമെർകൊണ്ട് അളന്നപ്പോൾ, കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല. ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചു.