ആവർത്തനപുസ്തകം 11:13-21

ആവർത്തനപുസ്തകം 11:13-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കയും പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ട് ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്തിനു വേണ്ടുന്ന മുന്മഴയും പിന്മഴയും പെയ്യിക്കും. ഞാൻ നിന്റെ നിലത്ത് നിന്റെ നാല്ക്കാലികൾക്കു പുല്ലു തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും. നിങ്ങളുടെ ഹൃദയത്തിനു ഭോഷത്തം പറ്റുകയും നിങ്ങൾ നേർവഴി വിട്ട് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അല്ലാഞ്ഞാൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരേ ജ്വലിച്ചിട്ട് മഴ പെയ്യാതിരിക്കേണ്ടതിന് അവൻ ആകാശത്തെ അടച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങൾക്കു തരുന്ന നല്ല ദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും. ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മധ്യേ പട്ടമായിരിക്കയും വേണം. വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കൾക്ക് അവയെ ഉപദേശിച്ചുകൊടുക്കേണം. യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്ന് അവരോടു സത്യംചെയ്ത ദേശത്ത് നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന് അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതേണം.

ആവർത്തനപുസ്തകം 11:13-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“അതുകൊണ്ട് ഞാൻ ഇന്നു നല്‌കിയ കല്പനകൾ അനുസരിച്ച് നിങ്ങളുടെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടി സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്താൽ നിങ്ങളുടെ കൃഷിക്കാവശ്യമായ മുൻമഴയും പിൻമഴയും യഥാവസരം അവിടുന്നു നല്‌കും; നിങ്ങൾക്കാവശ്യമായ ധാന്യവും വീഞ്ഞും എണ്ണയും സുലഭമായിരിക്കും. നിങ്ങളുടെ കന്നുകാലികൾക്കുവേണ്ട പുല്ല് അവിടുന്നു നല്‌കും; നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകും. വഞ്ചിതരായി വഴിതെറ്റി മറ്റു ദേവന്മാരെ ആരാധിക്കാനും അവയെ നമസ്കരിക്കാനും ഇടയാകാതെ സൂക്ഷിച്ചുകൊൾക. ഇല്ലെങ്കിൽ സർവേശ്വരന്റെ കോപം നിങ്ങളുടെമേൽ ജ്വലിക്കും. അവിടുന്ന് ആകാശം അടയ്‍ക്കും, മഴ ലഭിക്കുകയില്ല. തന്നിമിത്തം ഭൂമി വിളവു നല്‌കാതാകും. അങ്ങനെ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന നല്ല ദേശത്തുനിന്ന് നിങ്ങൾ അതിവേഗം തുടച്ചുനീക്കപ്പെടും. “എന്റെ ഈ വചനം നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും എപ്പോഴും ഉണ്ടായിരിക്കട്ടെ. അടയാളമായി അവ എഴുതി നിങ്ങളുടെ കൈയിൽ കെട്ടുകയും നെറ്റിപ്പട്ടമായി അണിയുകയും ചെയ്യുവിൻ. അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം. വീട്ടിലിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെപ്പറ്റി നിങ്ങളുടെ മക്കളോടു സംസാരിക്കണം. അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതിവയ്‍ക്കണം. അങ്ങനെ ചെയ്താൽ നിങ്ങളുടെ പിതാക്കന്മാർക്കു നല്‌കുമെന്നു നിങ്ങളുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ സന്താനങ്ങളും ദീർഘകാലം വസിക്കും; ഭൂമിക്കുമേൽ ആകാശം ഉണ്ടായിരിക്കുന്നിടത്തോളം കാലം നിങ്ങൾ അവിടെ പാർക്കും.

ആവർത്തനപുസ്തകം 11:13-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കുകയും പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അവനെ സേവിക്കുകയും ചെയ്തുകൊണ്ട് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന എന്‍റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്തിന് ആവശ്യമായ മുൻമഴയും പിൻമഴയും പെയ്യിക്കും. ഞാൻ നിന്‍റെ നിലത്ത് നിന്‍റെ കന്നുകാലികൾക്ക് പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും. നിങ്ങളുടെ ഹൃദയത്തിന് ഭോഷത്തം പറ്റുകയും നിങ്ങൾ നേർവഴി വിട്ട് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. അല്ലെങ്കിൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ച് മഴ പെയ്യാതെ അവൻ ആകാശം അടച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കുകയും യഹോവ നിങ്ങൾക്ക് തരുന്ന നല്ലദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോവുകയും ചെയ്യും. ആകയാൽ നിങ്ങൾ എന്‍റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്ക് മദ്ധ്യത്തിൽ നെറ്റിപ്പട്ടമായി ധരിക്കുകയും വേണം. വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കൾക്ക് അവ ഉപദേശിച്ചുകൊടുക്കേണം. യഹോവ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത ദേശത്ത് നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന് അവ നിന്‍റെ വീടിന്‍റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.

ആവർത്തനപുസ്തകം 11:13-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ടു ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാൻ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുൻമഴയും പിൻമഴയും പെയ്യിക്കും. ഞാൻ നിന്റെ നിലത്തു നിന്റെ നാൽക്കാലികൾക്കു പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും. നിങ്ങളുടെ ഹൃദയത്തിന്നു ഭോഷത്വം പറ്റുകയും നിങ്ങൾ നേർവഴി വിട്ടു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അല്ലാഞ്ഞാൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ചിട്ടു മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ ആകാശത്തെ അടെച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങൾക്കു തരുന്ന നല്ല ദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും. ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം. വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം. യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.

ആവർത്തനപുസ്തകം 11:13-21 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും പൂർണഹൃദയത്തോടും പൂർണാത്മാവോടും അവിടത്തെ സേവിക്കുകയും ചെയ്യണമെന്ന് ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത് വിശ്വസ്തതയോടെ അനുസരിക്കുമെങ്കിൽ, ധാന്യവും പുതുവീഞ്ഞും ഒലിവെണ്ണയും ശേഖരിക്കാൻ കഴിയുംവിധം തക്കസമയത്ത് ഞാൻ മുന്മഴയും പിന്മഴയും അയയ്ക്കും. ഞാൻ നിന്റെ കന്നുകാലികൾക്കുവേണ്ടി നിലത്തു പുല്ല് മുളപ്പിക്കും. നീ സംതൃപ്തനാകുംവരെ ആഹാരം ലഭിക്കും. നിങ്ങൾ വശീകരിക്കപ്പെട്ട്, ദോഷത്തിലേക്കു തിരിഞ്ഞ് അന്യദേവന്മാരെ ഭജിക്കുകയോ നമസ്കരിക്കുകയോ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക. അല്ലെങ്കിൽ യഹോവയുടെ കോപം നിങ്ങളുടെനേരേ ജ്വലിച്ചിട്ട്, മഴ ലഭിക്കാതിരിക്കേണ്ടതിന് അവിടന്ന് ആകാശം അടച്ചുകളയുകയും ഭൂമി ഫലം പുറപ്പെടുവിക്കാതിരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന നല്ല ദേശത്തുനിന്ന് നിങ്ങൾ വളരെവേഗം നശിച്ചുപോകുകയും ചെയ്യും. എന്റെ ഈ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും ഉറപ്പിക്കുക. അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും നിങ്ങളുടെ മക്കളെ പഠിപ്പിക്കുകയും വേണം. അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം. അപ്പോൾ യഹോവ നിങ്ങളുടെ പിതാക്കന്മാർക്ക് കൊടുക്കുമെന്നു ശപഥംചെയ്ത ദേശത്ത് ഭൂമിക്കുമീതേ ആകാശമുള്ളകാലത്തോളം നീയും നിന്റെ മക്കളും ദീർഘായുസ്സോടിരിക്കും.