അപ്പൊ. പ്രവൃത്തികൾ 9:32-42
അപ്പൊ. പ്രവൃത്തികൾ 9:32-42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു; അവിടെ പക്ഷവാതം പിടിച്ച് എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളൊരു മനുഷ്യനെ കണ്ടു. പത്രൊസ് അവനോട്: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നെ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു. ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും അവനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞു. യോപ്പയിൽ പേടമാൻ എന്നർഥമുള്ള തബീഥാ എന്നു പേരുള്ളൊരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമങ്ങളും ചെയ്തുപോന്നവളായിരുന്നു. ആ കാലത്ത് അവൾ ദീനം പിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി. ലുദ്ദ യോപ്പയ്ക്കു സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാർ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്ന് അപേക്ഷിപ്പാൻ രണ്ട് ആളെ അവന്റെ അടുക്കൽ അയച്ചു. പത്രൊസ് എഴുന്നേറ്റ് അവരോടുകൂടെ ചെന്നു. എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു. പത്രൊസ് അവരെയൊക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർഥിച്ചു ശവത്തിന്റെ നേരേ തിരിഞ്ഞു: തബീഥായേ, എഴുന്നേല്ക്ക എന്ന് പറഞ്ഞു; അവൾ കണ്ണുതുറന്നു പത്രൊസിനെ കണ്ട് എഴുന്നേറ്റ് ഇരുന്നു. അവൻ കൈ കൊടുത്ത് അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി. ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു.
അപ്പൊ. പ്രവൃത്തികൾ 9:32-42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പത്രോസ് എല്ലായിടവും ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം ലുദ്ദയിലെ ഭക്തജനങ്ങളുടെ അടുക്കലെത്തി. അവിടെ എട്ടു വർഷമായി പക്ഷവാതം പിടിപെട്ട് ശയ്യാവലംബിയായി കഴിഞ്ഞിരുന്ന ഐനിയാസ് എന്നൊരാളെ അദ്ദേഹം കണ്ടു. അയാളോടു പത്രോസ് പറഞ്ഞു: “ഐനിയാസേ, യേശുക്രിസ്തു ഇതാ നിനക്കു സൗഖ്യം നല്‌കുന്നു; എഴുന്നേറ്റു നീ തന്നെ കിടക്ക വിരിക്കുക.” തൽക്ഷണം അയാൾ എഴുന്നേറ്റു. സുഖംപ്രാപിച്ച ഐനിയാസിനെ കണ്ടിട്ട് ലുദ്ദയിലും ശാരോനിലും പാർക്കുന്നവരെല്ലാം കർത്താവിങ്കലേക്കു തിരിഞ്ഞു. യോപ്പയിൽ തബീഥാ എന്നൊരു ക്രിസ്തുശിഷ്യ ഉണ്ടായിരുന്നു. തബീഥാ എന്ന പേരിനു ഗ്രീക്കിൽ ദോർക്കാസ്-പേടമാൻ-എന്നാണർഥം. അവൾ ധാരാളം സൽപ്രവൃത്തികളും ദാനധർമങ്ങളും ചെയ്യുന്നതിൽ സദാ ജാഗരൂകയായിരുന്നു. ആയിടയ്‍ക്ക് ഒരു രോഗം പിടിപെട്ട് അവൾ മരണമടഞ്ഞു. മൃതദേഹം കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി. പത്രോസ് തൊട്ടടുത്തുള്ള ലുദ്ദയിലുണ്ടെന്നു യോപ്പയിലെ ശിഷ്യന്മാരറിഞ്ഞു. അദ്ദേഹം കഴിയുന്നതും വേഗം യോപ്പയിലേക്കു ചെല്ലണമെന്നു നിർബന്ധപൂർവം അപേക്ഷിക്കുന്നതിനായി രണ്ടു പേരെ ലുദ്ദയിലേക്കു പറഞ്ഞയച്ചു. പത്രോസ് അവരോടുകൂടി യോപ്പയിൽ ചെന്നു. അവർ അദ്ദേഹത്തെ മാളികമുറിയിലേക്ക് ആനയിച്ചു; ദോർക്കാസ് ജീവിച്ചിരുന്നപ്പോൾ ഉണ്ടാക്കിക്കൊടുത്ത കുപ്പായങ്ങളും ഉടുപ്പുകളും മറ്റും കാണിച്ചുകൊടുത്തുകൊണ്ട് വിധവമാർ പത്രോസിന്റെ ചുറ്റുംനിന്നു വിലപിച്ചു. അവരെയെല്ലാം പുറത്തിറക്കി നിറുത്തിയശേഷം പത്രോസ് മുട്ടുകുത്തി പ്രാർഥിച്ചു. പിന്നീട് മൃതദേഹത്തിനു നേരെ തിരിഞ്ഞ്, “തബീഥയേ, എഴുന്നേല്‌ക്കൂ” എന്ന് ആജ്ഞാപിച്ചു. ഉടനെ അവൾ കണ്ണു തുറന്നു. പത്രോസിനെ കണ്ടപ്പോൾ അവൾ എഴുന്നേറ്റിരുന്നു. അദ്ദേഹം കൈകൊടുത്തു തബീഥയെ എഴുന്നേല്പിച്ചു. പിന്നീട് വിധവമാരെയും ഭക്തജനങ്ങളെയും വിളിച്ച് ജീവൻ പ്രാപിച്ച തബീഥയെ അവരുടെ മുമ്പിൽ നിറുത്തി. യോപ്പയിൽ എല്ലായിടത്തും ഈ വാർത്ത പരന്നു. അനേകം ആളുകൾ കർത്താവിൽ വിശ്വസിച്ചു.
അപ്പൊ. പ്രവൃത്തികൾ 9:32-42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പത്രൊസ് എല്ലായിടവും സഞ്ചരിച്ച് ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു, അവിടെ പക്ഷവാതം പിടിച്ച് എട്ട് വർഷമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു. പത്രൊസ് അവനോട്: “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റ് നീ തന്നെ കിടക്ക വിരിച്ചുകൊൾക” എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു. ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും സൗഖ്യമായ അവനെ കണ്ടു കർത്താവിങ്കലേക്ക് തിരിഞ്ഞു. യോപ്പയിൽ “പേടമാൻ” എന്നർത്ഥമുള്ള തബീഥ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു. ആ കാലത്ത് അവൾ ദീനംപിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി. ലുദ്ദ യോപ്പയ്ക്ക് സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്ന് ശിഷ്യന്മാർ കേട്ടു: “നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം” എന്നു അപേക്ഷിക്കുവാൻ രണ്ടുപേരെ അവന്‍റെ അടുക്കൽ അയച്ചു. പത്രൊസ് എഴുന്നേറ്റ് അവരോടുകൂടെ ചെന്നു. അവിടെ എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു. പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു മൃതശരീരത്തിനു നേരെ തിരിഞ്ഞു: “തബീഥയേ, എഴുന്നേൽക്ക” എന്നു പറഞ്ഞു; അവൾ കണ്ണുതുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റ് ഇരുന്നു. അവൻ അവളെ കൈ പിടിച്ച് എഴുന്നേല്പിച്ച്, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിർത്തി. ഇത് യോപ്പയിൽ എങ്ങും പ്രസിദ്ധമായി, അനേകർ കർത്താവിൽ വിശ്വസിച്ചു.
അപ്പൊ. പ്രവൃത്തികൾ 9:32-42 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു, അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു. പത്രൊസ് അവനോടു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു. ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും അവനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞു. യോപ്പയിൽ പേടമാൻ എന്നർത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു. ആ കാലത്ത് അവൾ ദീനം പിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയിൽ കിടത്തി. ലുദ്ദ യോപ്പെക്കു സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാർ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാൻ രണ്ടു ആളെ അവന്റെ അടുക്കൽ അയച്ചു. പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു. പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞു: തബീത്ഥയേ, എഴുന്നേല്ക്കു എന്നു പറഞ്ഞു; അവൾ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു. അവൻ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി. ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി
അപ്പൊ. പ്രവൃത്തികൾ 9:32-42 സമകാലിക മലയാളവിവർത്തനം (MCV)
പത്രോസ് ദേശത്തെല്ലായിടത്തും സഞ്ചരിക്കുമ്പോൾ, ലുദ്ദയിൽ താമസിച്ചിരുന്ന വിശുദ്ധരെയും സന്ദർശിക്കാൻപോയി. അവിടെ എട്ടു വർഷമായി പക്ഷാഘാതംപിടിച്ചു കിടന്നിരുന്ന ഐനെയാസ് എന്നൊരാളെ അദ്ദേഹം കണ്ടു. പത്രോസ് അയാളോട്, “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു. എഴുന്നേൽക്കുക; നിന്റെ കിടക്ക ഇനി നീ തന്നെ വിരിക്കുക” എന്നു പറഞ്ഞു. ഉടൻതന്നെ ഐനെയാസ് എഴുന്നേറ്റു. ലുദ്ദയിലും ശാരോനിലും താമസിച്ചിരുന്ന എല്ലാവരും അയാളെ കണ്ട് കർത്താവിലേക്കു തിരിഞ്ഞു. യോപ്പയിൽ തബീഥാ എന്നു പേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. ഈ പേര് ഗ്രീക്കിൽ ഡോർക്കസ് എന്നാണ്. അർഥം പേടമാൻ. അവൾ വളരെ നന്മ ചെയ്യുന്നവളും ദരിദ്രരെ സഹായിക്കുന്നവളും ആയിരുന്നു. ആയിടയ്ക്ക് അവൾ രോഗബാധിതയായി മരിച്ചു; സ്നേഹിതമാർ മൃതദേഹം കുളിപ്പിച്ചു മുകൾനിലയിലെ മുറിയിൽ കിടത്തി. ലുദ്ദ യോപ്പയ്ക്കു സമീപമായിരുന്നു. പത്രോസ് ലുദ്ദയിലുണ്ടെന്നു കേട്ട ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുത്തേക്ക് രണ്ടുപേരെ അയച്ചു. “എത്രയും പെട്ടെന്ന് യോപ്പവരെ വരണം!” അവർ പത്രോസിനോട് അപേക്ഷിച്ചു. പത്രോസ് എഴുന്നേറ്റ് അവരോടുകൂടെ പോയി. അവിടെ എത്തിയപ്പോൾ അദ്ദേഹത്തെ അവർ മുകൾനിലയിലെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. തബീഥാ തങ്ങളോടുകൂടെ ഉണ്ടായിരുന്നപ്പോൾ തയ്ച്ച കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും പത്രോസിനെ കാണിച്ചുകൊണ്ട് വിധവകൾ അദ്ദേഹത്തിന്റെ ചുറ്റും നിന്നു വിലപിച്ചു. പത്രോസ് അവരെയെല്ലാം മുറിക്കു പുറത്താക്കിയശേഷം മുട്ടിന്മേൽനിന്നു പ്രാർഥിച്ചശേഷം മരിച്ചവളുടെനേരേ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്കുക” എന്നു പറഞ്ഞു. ഉടനെ അവൾ കണ്ണുതുറന്നു; പത്രോസിനെ കണ്ടിട്ട് എഴുന്നേറ്റിരുന്നു. അദ്ദേഹം അവളെ കൈക്കുപിടിച്ച് എഴുന്നേൽപ്പിച്ചു. അതിനുശേഷം വിശ്വാസികളെ വിശേഷാൽ വിധവകളെ വിളിച്ച് അവളെ ജീവനുള്ളവളായി ഏൽപ്പിച്ചു. യോപ്പയിലെല്ലായിടത്തും ഇതു പ്രസിദ്ധമായി; വളരെപ്പേർ കർത്താവിൽ വിശ്വസിച്ചു.