അപ്പൊ. പ്രവൃത്തികൾ 15:12-21
അപ്പൊ. പ്രവൃത്തികൾ 15:12-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അദ്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു. അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞത്: സഹോദരന്മാരേ, എന്റെ വാക്കു കേട്ടുകൊൾവിൻ; ദൈവം തന്റെ നാമത്തിനായി ജാതികളിൽനിന്ന് ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചത് ശിമോൻ വിവരിച്ചുവല്ലോ. ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു. “അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യ ശിഷ്ടങ്ങളെ വീണ്ടും പണിത് അതിനെ നിവിർത്തും; മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകല ജാതികളും കർത്താവിനെ അന്വേഷിക്കും എന്ന് ഇത് പൂർവകാലംമുതൽ അറിയിക്കുന്ന കർത്താവ് അരുളിച്ചെയ്യുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസം മുട്ടിച്ചത്തത്, രക്തം എന്നിവ വർജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു. മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവകാലംമുതൽ പട്ടണംതോറും അത് പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
അപ്പൊ. പ്രവൃത്തികൾ 15:12-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തങ്ങളിൽക്കൂടി ദൈവം വിജാതീയരുടെ ഇടയിൽ കാണിച്ച അടയാളങ്ങളും അദ്ഭുതങ്ങളും ബർനബാസും പൗലൊസും വിവരിച്ചത് ജനം നിശ്ശബ്ദം കേട്ടുകൊണ്ടിരുന്നു. അവരുടെ പ്രഭാഷണം കഴിഞ്ഞ്, യാക്കോബ് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരന്മാരേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക: വിജാതീയരിൽനിന്ന് ഒരു വിഭാഗത്തെ തന്റെ നാമത്തിനു സാക്ഷ്യം വഹിക്കുന്നതിനുവേണ്ടി തിരഞ്ഞെടുത്ത്, അവരെക്കുറിച്ചുള്ള തന്റെ കരുതൽ എങ്ങനെയാണ് ദൈവം ആദ്യം പ്രകടിപ്പിച്ചതെന്ന് ശിമോൻ വിവരിച്ചു കഴിഞ്ഞല്ലോ. പ്രവാചകവചനങ്ങളും ഇതിനോടു യോജിക്കുന്നു. ഇവയാണ് ആ വചനങ്ങൾ: ‘അതിനുശേഷം ദാവീദിന്റെ വീണുപോയ കൂടാരം ഞാൻ വീണ്ടും പണിയും; അതിന്റെ ശൂന്യാവശിഷ്ടങ്ങൾ വീണ്ടും പടുത്തുയർത്തും. അങ്ങനെ ശേഷിച്ച സർവജനവും എന്റെ സ്വന്തമായിരിക്കുവാൻ ഞാൻ തിരഞ്ഞെടുത്ത വിജാതീയരും, എന്റെ അടുക്കലേക്കു വരും.’ എന്നിങ്ങനെ ആദിമുതല്ക്കേ ഇവയെല്ലാം അറിയിച്ചിട്ടുള്ള കർത്താവ് അരുൾചെയ്യുന്നു. “അതുകൊണ്ട് ദൈവത്തിങ്കലേക്കു തിരിയുന്ന വിജാതീയരെ അസഹ്യപ്പെടുത്തരുതെന്നാണ് എന്റെ അഭിപ്രായം. വിഗ്രഹങ്ങൾക്ക് അർപ്പിച്ചതുമൂലം അശുദ്ധമായിത്തീർന്നിട്ടുള്ളവ ഭക്ഷിക്കരുതെന്നും, യാതൊരു അവിഹിത വേഴ്ചയും പാടില്ലെന്നും, ശ്വാസംമുട്ടിച്ചു കൊല്ലുന്ന ഏതെങ്കിലും മൃഗത്തിന്റെ മാംസമോ രക്തമോ ഭക്ഷിക്കരുതെന്നും അവർക്ക് എഴുതിയാൽമതി. പണ്ടുതൊട്ടേ ശബത്തു തോറും എല്ലാ പട്ടണങ്ങളിലുമുള്ള സുനഗോഗുകളിൽ മോശയുടെ നിയമസംഹിത വായിക്കുകയും പ്രസംഗിക്കുകയും ചെയ്തുവരുന്നുണ്ടല്ലോ.”
അപ്പൊ. പ്രവൃത്തികൾ 15:12-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ട് ജനതകളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നത് കേട്ടുകൊണ്ടിരുന്നു. അവർ പറഞ്ഞു നിർത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞ് തുടങ്ങിയത് “സഹോദരന്മാരേ, എന്റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ; “ദൈവം കൃപയാൽ ജാതികളിൽനിന്ന് തന്റെ നാമത്തിനായി ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായി കടാക്ഷിച്ചത് ശിമോൻ വിവരിച്ചുവല്ലോ. ഇതിനോട് പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു: ‘അതിനുശേഷം ഞാൻ മടങ്ങിവരികയും, ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യമായ ശേഷിപ്പുകളിൽ നിന്ന് വീണ്ടും പണിത് അതിനെ നിവർത്തും; മനുഷ്യരിൽ അവശേഷിക്കുന്നവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു പൂർവ്വകാലം മുതൽക്കേ കർത്താവ് അരുളിച്ചെയ്യുന്നു’ എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ ജാതികളിൽനിന്ന് ദൈവത്തിങ്കലേക്ക് തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ അവർ വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു. മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലം മുതൽ പട്ടണം തോറും അത് പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
അപ്പൊ. പ്രവൃത്തികൾ 15:12-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു. അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു: സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ. ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു: “അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും; മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു ഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ നാം അവർക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു. മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലംമുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
അപ്പൊ. പ്രവൃത്തികൾ 15:12-21 സമകാലിക മലയാളവിവർത്തനം (MCV)
ബർന്നബാസും പൗലോസും തങ്ങളിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ പ്രവർത്തിച്ച ചിഹ്നങ്ങളും അത്ഭുതങ്ങളും വിവരിച്ചതു കൂടിയിരുന്ന ജനമെല്ലാം ഒന്നടങ്കം നിശ്ശബ്ദരായി കേട്ടുകൊണ്ടിരുന്നു. അവർ സംസാരിച്ചുകഴിഞ്ഞപ്പോൾ യാക്കോബ് ഇങ്ങനെ പ്രസ്താവിച്ചു: “സഹോദരന്മാരേ, എന്റെ വാക്കു ശ്രദ്ധിക്കുക. ദൈവം ആദ്യമായി യെഹൂദേതരരിൽനിന്ന് ഒരു ജനതയെ തന്റെ നാമത്തിനായി തെരഞ്ഞെടുത്തുകൊണ്ട്, അവരെ കടാക്ഷിച്ചതിനെപ്പറ്റി ശിമോൻ പത്രോസ് നമ്മോട് വിശദമാക്കിയല്ലോ. പ്രവാചക ലിഖിതങ്ങളിലെ ഈ വാക്കുകളും ഇതിനോടു വളരെ യോജിക്കുന്നു: “ ‘ഇതിനുശേഷം ഞാൻ മടങ്ങിവരികയും ദാവീദിന്റെ വീണുപോയ കൂടാരം വീണ്ടും പണിയുകയും ചെയ്യും; ഞാൻ അതിന്റെ നഷ്ടാവശിഷ്ടങ്ങൾ വീണ്ടും പണിയും ഞാൻ അതിനെ പുനഃസ്ഥാപിക്കും; മനുഷ്യരിൽ ശേഷിക്കുന്നവരും എന്റെ നാമം വഹിക്കുന്ന യെഹൂദേതരരും കർത്താവിനെ അന്വേഷിക്കും, എന്ന് പൂർവകാലംമുതൽതന്നെ ഈ കാര്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ടിരുന്ന കർത്താവ് അരുളിച്ചെയ്യുന്നു.’ “ആകയാൽ, ദൈവത്തിലേക്കു തിരിയുന്ന യെഹൂദേതരരെ നാം ബുദ്ധിമുട്ടിക്കരുത് എന്നതാണ് എന്റെ തീരുമാനം. വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ, ശ്വാസംമുട്ടിച്ചു കൊന്നവ, രക്തം എന്നിവ ഭക്ഷിക്കുന്നതിൽനിന്നും ലൈംഗികാധർമത്തിൽനിന്നും അകന്നിരിക്കണമെന്നു നാം അവർക്ക് എഴുതി അയയ്ക്കണം. മോശയുടെ ന്യായപ്രമാണം പൂർവകാലംമുതൽ എല്ലാ പട്ടണങ്ങളിലും പ്രസംഗിച്ചും ശബ്ബത്തുതോറും യെഹൂദപ്പള്ളികളിൽ വായിച്ചും പോരുന്നുണ്ടല്ലോ!”