3 യോഹന്നാൻ 1:1-8
3 യോഹന്നാൻ 1:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന് എഴുതുന്നത്: പ്രിയനേ, നിന്റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർഥിക്കുന്നു. സഹോദരന്മാർ വന്നു, നീ സത്യത്തിൽ നടക്കുന്നു എന്നു നിന്റെ സത്യത്തിനു സാക്ഷ്യം പറകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു. എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല. പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അതിഥികൾക്കുംവേണ്ടി അധ്വാനിക്കുന്നതിലൊക്കെയും വിശ്വസ്തത കാണിക്കുന്നു. അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിനു യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും. തിരുനാമം നിമിത്തമല്ലോ അവർ ജാതികളോട് ഒന്നും വാങ്ങാതെ പുറപ്പെട്ടത്. ആകയാൽ നാം സത്യത്തിനു കൂട്ടുവേലക്കാർ ആകേണ്ടതിന് ഇങ്ങനെയുള്ളവരെ സൽക്കരിക്കേണ്ടതാകുന്നു.
3 യോഹന്നാൻ 1:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഭാമുഖ്യനായ ഞാൻ ആത്മാർഥമായി സ്നേഹിക്കുന്ന ഗായൊസിന് എഴുതുന്നത്: പ്രിയ സുഹൃത്തേ, ആത്മാവിൽ താങ്കൾ ക്ഷേമമായിരിക്കുന്നതുപോലെ എല്ലാറ്റിലും ക്ഷേമമായും ആരോഗ്യവാനായും ഇരിക്കുന്നതിനുവേണ്ടി ഞാൻ പ്രാർഥിക്കുന്നു. താങ്കൾ സത്യത്തെ യഥാർഥമായി അനുസരിച്ചു ജീവിക്കുന്നു എന്ന് ഇവിടെ വന്ന ചില സഹോദരന്മാർ എന്നെ അറിയിച്ചു. സത്യത്തിൽ അധിഷ്ഠിതമായ താങ്കളുടെ ജീവിതത്തെക്കുറിച്ച് അവർ സാക്ഷ്യം വഹിച്ചപ്പോൾ എനിക്ക് അത്യധികമായ ആനന്ദം ഉണ്ടായി. എന്റെ മക്കൾ സത്യമനുസരിച്ചു ജീവിക്കുന്നു എന്ന് കേൾക്കുന്നതിനെക്കാൾ വലിയ ആനന്ദം എനിക്കില്ല. പ്രിയപ്പെട്ടവനേ, താങ്കൾ സഹോദരന്മാർക്കുവേണ്ടി വിശിഷ്യ അപരിചിതരായ അതിഥികൾക്കുവേണ്ടി വിശ്വസ്തതയോടെ സേവനം അനുഷ്ഠിക്കുന്നു. അവർ താങ്കളുടെ സ്നേഹത്തിനു സഭാസമക്ഷം സാക്ഷ്യം വഹിച്ചുമിരിക്കുന്നു. ദൈവത്തിന്റെ സേവനത്തിന് അവരെ യഥായോഗ്യം യാത്ര അയയ്‍ക്കുന്നത് ഉചിതമായിരിക്കും. വിജാതീയരിൽനിന്ന് യാതൊന്നും സ്വീകരിക്കാതെ അവർ ക്രിസ്തുവിനെപ്രതി ഇറങ്ങിത്തിരിച്ചിരിക്കുകയാണല്ലോ. ഇങ്ങനെയുള്ളവരെ സഹായിച്ച് സത്യത്തിനുവേണ്ടിയുള്ള പ്രവർത്തനത്തിൽ നാം സഹകാരികൾ ആയിത്തീരേണ്ടതാണ്.
3 യോഹന്നാൻ 1:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന് എഴുതുന്നത്. പ്രിയനേ, നിന്റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും ആരോഗ്യവാനായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു. സഹോദരന്മാർ വന്നപ്പോൾ നീ സത്യത്തിൽ നടക്കുന്നു എന്നതായ നിന്‍റെ സത്യത്തിന് സാക്ഷ്യം പറയുകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു. എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനേക്കാൾ വലിയ സന്തോഷം എനിക്കില്ല. പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അപരിചിതർക്കും വേണ്ടി അദ്ധ്വാനിക്കുമ്പോഴെല്ലാം വിശ്വസ്തത കാണിക്കുന്നു. അവർ സഭയുടെ മുമ്പാകെ നിന്‍റെ സ്നേഹത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന് യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും. തിരുനാമം നിമിത്തമല്ലോ അവർ ജാതികളിൽനിന്ന് ഒന്നും വാങ്ങാതെ പുറപ്പെട്ടത്. ആകയാൽ നാം സത്യത്തിനു കൂട്ടുവേലക്കാർ ആകേണ്ടതിന് ഇങ്ങനെയുള്ളവർക്ക് കൈത്താങ്ങൽ കൊടുക്കേണ്ടതാകുന്നു.
3 യോഹന്നാൻ 1:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന്നു എഴുതുന്നതു: പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു. സഹോദരന്മാർ വന്നു, നീ സത്യത്തിൽ നടക്കുന്നു എന്നു നിന്റെ സത്യത്തിന്നു സാക്ഷ്യം പറകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു. എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല. പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അതിഥികൾക്കും വേണ്ടി അദ്ധ്വാനിക്കുന്നതിൽ ഒക്കെയും വിശ്വസ്തത കാണിക്കുന്നു. അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന്നു യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും. തിരുനാമം നിമിത്തമല്ലോ അവർ ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു. ആകയാൽ നാം സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്ക്കരിക്കേണ്ടതാകുന്നു.
3 യോഹന്നാൻ 1:1-8 സമകാലിക മലയാളവിവർത്തനം (MCV)
സഭാമുഖ്യനായ ഞാൻ, സത്യമായി സ്നേഹിക്കുന്ന പ്രിയ ഗായൊസിന്, എഴുതുന്നത്: പ്രിയനേ, നീ ആത്മാവിൽ ബലവാനായി ഇരിക്കുന്നതുപോലെതന്നെ എല്ലാ കാര്യങ്ങളിലും ആരോഗ്യവും അഭിവൃദ്ധിയും ഉള്ളവനായിരിക്കണമെന്ന് ഞാൻ പ്രാർഥിക്കുന്നു. നീ സത്യം അനുസരിച്ചു ജീവിക്കുന്നു എന്ന്, നിന്റെ സത്യസന്ധതയെപ്പറ്റി ചില സഹോദരന്മാർവന്ന് സാക്ഷ്യം പറഞ്ഞപ്പോൾ ഞാൻ ഏറ്റവുമധികം ആനന്ദിച്ചു. എന്റെ മക്കൾ സത്യം അനുസരിച്ച് ജീവിക്കുന്നു എന്നു കേൾക്കുന്നതിലും അധികം ആനന്ദം എനിക്കു വേറെയില്ല. പ്രിയനേ, സഹോദരങ്ങൾക്ക്, അവർ അപരിചിതരാണെങ്കിൽപോലും നീ അവർക്കുവേണ്ടി അധ്വാനിക്കുന്നതിലൊക്കെയും വിശ്വസ്തനായിരിക്കുന്നു. അവർ നിന്റെ സ്നേഹത്തെപ്പറ്റി സഭയുടെമുമ്പാകെ സാക്ഷ്യം പറഞ്ഞിരിക്കുന്നു. നീ അവർക്ക് ആവശ്യമുള്ളതു നൽകി ദൈവമഹത്ത്വത്തിനു അനുയോജ്യമാംവിധം യാത്രയയയ്ക്കുന്നതു നന്നായിരിക്കും. യെഹൂദേതരരിൽനിന്ന് ഒരു സഹായവും വാങ്ങാതെ അവർ യാത്ര പുറപ്പെട്ടത് കർത്താവിന്റെ നാമംനിമിത്തം ആയിരുന്നല്ലോ. അതുകൊണ്ട്, സത്യത്തിനു സഹപ്രവർത്തകരാകേണ്ടതിനു നാം ഇങ്ങനെയുള്ളവരെ സൽക്കരിക്കേണ്ടതാകുന്നു.