1 ശമൂവേൽ 8:1-18
1 ശമൂവേൽ 8:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിനു ന്യായാധിപന്മാരാക്കി. അവന്റെ ആദ്യജാതനു യോവേൽ എന്നും രണ്ടാമത്തവന് അബീയാവ് എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു. അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു. ആകയാൽ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമായിൽ ശമൂവേലിന്റെ അടുക്കൽ വന്ന്, അവനോട്: നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന് ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു. ഞങ്ങളെ ഭരിക്കേണ്ടതിന് രാജാവിനെ തരേണമെന്ന് അവർ പറഞ്ഞ കാര്യം ശമൂവേലിന് അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർഥിച്ചു. യഹോവ ശമൂവേലിനോട് അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നത്. ഞാൻ അവരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ട് എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു. ആകയാൽ അവരുടെ അപേക്ഷ കേൾക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ച് അവരെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം അവരോട് അറിയിക്കേണം. അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ച് പറഞ്ഞതെന്തെന്നാൽ: നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പേ അവർ ഓടേണ്ടിയും വരും. അവൻ അവരെ ആയിരത്തിനും അമ്പതിനും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്വാനും തന്റെ വിള കൊയ്വാനും തന്റെ പടക്കോപ്പും തേർക്കോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും. അവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടെടുക്കും. അവൻ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്ത് തന്റെ ഭൃത്യന്മാർക്കു കൊടുക്കും. അവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്ത് തന്റെ ഷണ്ഡന്മാർക്കും ഭൃത്യന്മാർക്കും കൊടുക്കും. അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ച് തന്റെ വേലയ്ക്ക് ആക്കും. അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്ന് എടുക്കും; നിങ്ങൾ അവനു ദാസന്മാരായിത്തീരും. നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങൾ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്ന് ഉത്തരമരുളുകയില്ല.
1 ശമൂവേൽ 8:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ ഇസ്രായേലിൽ ന്യായപാലകരായി നിയമിച്ചു. മൂത്തപുത്രൻ യോവേലും രണ്ടാമത്തെ പുത്രൻ അബീയാവും ബേർ-ശേബായിൽ ന്യായപാലനം ചെയ്തു. അവർ തങ്ങളുടെ പിതാവിന്റെ വഴിയിൽ നടക്കാതെ ധനം മോഹിച്ചു കൈക്കൂലി വാങ്ങി നീതി നിഷേധിച്ചു. ഇസ്രായേൽനേതാക്കന്മാർ ഒരുമിച്ചുകൂടി രാമായിൽ ശമൂവേലിന്റെ അടുക്കൽ വന്നു. അവർ പറഞ്ഞു: “അങ്ങു വൃദ്ധനായല്ലോ; അങ്ങയുടെ പുത്രന്മാർ അങ്ങയുടെ വഴിയിൽ നടക്കുന്നില്ല. അതുകൊണ്ടു ഞങ്ങൾക്കു ന്യായപാലനം നടത്താൻ മറ്റു ജനതകൾക്കുള്ളതുപോലെ ഒരു രാജാവിനെ നിയമിച്ചുതന്നാലും.” “ഞങ്ങൾക്കു ഒരു രാജാവിനെ തരിക” എന്നവർ ആവശ്യപ്പെട്ടതു ശമൂവേലിന് ഇഷ്ടമായില്ല. അദ്ദേഹം സർവേശ്വരനോടു പ്രാർഥിച്ചു; അവിടുന്നു ശമൂവേലിന് ഉത്തരമരുളി: “ജനം പറയുന്നതു കേൾക്കുക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാത്തവിധം അവർ എന്നെയാകുന്നു ത്യജിച്ചിരിക്കുന്നത്. ഞാൻ അവരെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന നാൾ മുതൽ തങ്ങളുടെ പ്രവൃത്തികളാൽ അവർ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിച്ചു; അതുതന്നെയാണ് അവർ നിന്നോടും ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ അവർ പറയുന്നതു കേൾക്കുക; എന്നാൽ അവരെ ഭരിക്കാൻ പോകുന്ന രാജാക്കന്മാരുടെ ഭരണരീതി വിവരിച്ചുകൊടുത്ത് അവർക്ക് വ്യക്തമായി മുന്നറിയിപ്പ് നല്‌കണം.” രാജാവിനെ നിയമിച്ചുകൊടുക്കണമെന്നു തന്നോട് ആവശ്യപ്പെട്ടവരോടു സർവേശ്വരന്റെ വചനങ്ങൾ ശമൂവേൽ അറിയിച്ചു. “നിങ്ങളെ ഭരിക്കാൻ പോകുന്ന രാജാവിന്റെ പ്രവർത്തനശൈലി ഇതായിരിക്കും; അവൻ നിങ്ങളുടെ പുത്രന്മാരെ തന്റെ തേരാളികളും അശ്വഭടന്മാരുമായി നിയമിക്കും; അവന്റെ രഥങ്ങൾക്കു മുമ്പേ അവർ ഓടേണ്ടിവരും. അവരിൽ ചിലരെ ആയിരങ്ങൾക്കും അമ്പതുകൾക്കും അധിപന്മാരായി നിയമിക്കും; തന്റെ നിലം കൃഷി ചെയ്യുന്നതിനും വിള കൊയ്യുന്നതിനും തന്റെ യുദ്ധോപകരണങ്ങളും രഥോപകരണങ്ങളും ഉണ്ടാക്കുന്നതിനും അവരെ നിയോഗിക്കും. നിങ്ങളുടെ പുത്രിമാരെ തൈലം പൂശുന്നവരും പാചകക്കാരും അപ്പക്കാരികളുമായി നിയമിക്കും. നിങ്ങളുടെ ഏറ്റവും നല്ല വയലുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്റെ സേവകർക്കു കൊടുക്കും. അവൻ നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശമെടുത്ത് തന്റെ ഉദ്യോഗസ്ഥന്മാർക്കും സേവകർക്കും നല്‌കും. നിങ്ങളുടെ ദാസീദാസന്മാരെയും ഏറ്റവും നല്ല കന്നുകാലികളെയും കഴുതകളെയും തന്റെ ജോലിക്ക് ഉപയോഗിക്കും. ആട്ടിൻപറ്റത്തിന്റെ ദശാംശം അവനെടുക്കും; നിങ്ങൾ അവന്റെ അടിമകളായിത്തീരും. നിങ്ങൾ തിരഞ്ഞെടുത്ത രാജാവുനിമിത്തം അന്നു നിങ്ങൾ വിലപിക്കും; എന്നാൽ അന്നു സർവേശ്വരൻ നിങ്ങൾക്ക് ഉത്തരം അരുളുകയില്ല.”
1 ശമൂവേൽ 8:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിനു ന്യായാധിപന്മാരാക്കി. അവന്റെ ആദ്യജാതനു യോവേൽ എന്നും രണ്ടാമത്തെ മകന് അബീയാവ് എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തു. ശമൂവേലിന്‍റെ പുത്രന്മാർ അവനെപ്പോലെ അല്ലായിരുന്നു. അവർ ദുരാഗ്രഹികളും, കൈക്കൂലി വാങ്ങുന്നവരും, അനീതി പ്രവർത്തിക്കുന്നവരും ആയിരുന്നു. അതുകൊണ്ട് യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്‍റെ അടുക്കൽവന്നു. അവർ അവനോട്: “നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; അതിനാൽ എല്ലാ ജനതകൾക്കും ഉള്ളതുപോലെ, ഞങ്ങളെ ഭരിക്കേണ്ടതിന് ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണം” എന്നു പറഞ്ഞു. ഞങ്ങളെ ഭരിക്കേണ്ടതിന് രാജാവിനെ തരേണമെന്ന് അവർ പറഞ്ഞ കാര്യം ശമൂവേലിന് ഇഷ്ടമായില്ല. ശമൂവേൽ യഹോവയോട് പ്രാർത്ഥിച്ചു. യഹോവ ശമൂവേലിനോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോട് പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്കുക, അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതിരിക്കുവാൻ, എന്നെയാണ് ഉപേക്ഷിച്ചിരിക്കുന്നത്. ഞാൻ അവരെ മിസ്രയീമിൽനിന്ന് വിടുവിച്ച ദിവസംമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും, അന്യദൈവങ്ങളെ സേവിക്കുകയും ചെയ്തു. അവർ അതുപോലെ തന്നെ നിന്നോടും ചെയ്യുന്നു. അതുകൊണ്ട് അവരുടെ അപേക്ഷ കേൾക്കേണം; എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാവിന്‍റെ പ്രവർത്തനരീതി അവരോടു കൃത്യമായി വിവരിക്കേണം.” അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു: “നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവിന്‍റെ പ്രവർത്തനരീതി ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ അവന് തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടി വരും. അവൻ അവരെ ആയിരം പേർക്കും അമ്പത് പേർക്കും മേലധികാരികളാക്കും; തന്‍റെ നിലം കൃഷി ചെയ്യുവാനും തന്‍റെ വിള കൊയ്യുവാനും തന്‍റെ യുദ്ധ ആയുധങ്ങൾ ഉണ്ടാക്കുവാനും അവരെ നിയമിക്കും. അവൻ നിങ്ങളുടെ പുത്രിമാരെ, വാസനതൈലം വിൽക്കുന്നവരും, പാചകക്കാരികളും പലഹാരം ഉണ്ടാക്കുന്നവരും ആയി നിയമിക്കും. അവൻ നിങ്ങളുടെ ഏറ്റവും നല്ല നിലങ്ങളും, മുന്തിരിത്തോട്ടങ്ങളും, ഒലിവുതോട്ടങ്ങളും തന്‍റെ ഭൃത്യന്മാർക്ക് കൊടുക്കും. അവൻ നിങ്ങളുടെ ധാന്യങ്ങളിലും മുന്തിരികളിലും ദശാംശം എടുത്ത് തന്‍റെ ഉദ്യോഗസ്ഥർക്കും ഭൃത്യന്മാർക്കും കൊടുക്കും. അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും, സുന്ദരന്മാരായ യുവാക്കളെയും കഴുതകളെയും പിടിച്ച് തനിക്കു വേല ചെയ്യുന്നവർ ആക്കും. അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്ന് എടുക്കും; നിങ്ങൾ അവന് ദാസന്മാരായ്തീരും. നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവ് കാരണം നിങ്ങൾ അന്ന് നിലവിളിക്കും; എന്നാൽ യഹോവ അന്ന് ഉത്തരമരുളുകയില്ല.”
1 ശമൂവേൽ 8:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി. അവന്റെ ആദ്യജാതന്നു യോവേൽ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു. അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു. ആകയാൽ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്നു, അവനോടു: നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു. ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർത്ഥിച്ചു. യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു. ഞാൻ അവരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ടു എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു. ആകയാൽ അവരുടെ അപേക്ഷ കേൾക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ചു അവരെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം അവരോടു അറിയിക്കേണം. അങ്ങനെ രാജാവിന്നായി അപേക്ഷിച്ച ജനത്തോടു ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു പറഞ്ഞതെന്തെന്നാൽ: നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടിയും വരും. അവൻ അവരെ ആയിരത്തിന്നും അമ്പതിന്നും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്വാനും തന്റെ വിള കൊയ്വാനും തന്റെ പടക്കോപ്പും തേർകോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും. അവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും. അവൻ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്റെ ഭൃത്യന്മാർക്കു കൊടുക്കും. അവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തന്റെ ഷണ്ഡന്മാർക്കും ഭൃത്യന്മാർക്കും കൊടുക്കും. അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും. അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്നു എടുക്കും; നിങ്ങൾ അവന്നു ദാസന്മാരായ്തീരും. നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങൾ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്നു ഉത്തരമരുളുകയില്ല.
1 ശമൂവേൽ 8:1-18 സമകാലിക മലയാളവിവർത്തനം (MCV)
ശമുവേൽ വൃദ്ധനായപ്പോൾ അദ്ദേഹം തന്റെ പുത്രന്മാരെ ഇസ്രായേലിനു ന്യായാധിപന്മാരായി നിയമിച്ചു. അദ്ദേഹത്തിന്റെ ആദ്യജാതന് യോവേൽ എന്നും രണ്ടാമത്തെ പുത്രന് അബീയാവ് എന്നും പേരായിരുന്നു; അവർ ആയിരുന്നു ബേർ-ശേബയിലെ ന്യായാധിപന്മാർ. ശമുവേലിന്റെ പുത്രന്മാർ അദ്ദേഹത്തിന്റെ മാർഗം പിൻതുടർന്നില്ല. അവർ ദ്രവ്യാഗ്രഹികളായി കോഴവാങ്ങുകയും ന്യായം അട്ടിമറിക്കുകയും ചെയ്തു. അതിനാൽ ഇസ്രായേലിലെ ഗോത്രത്തലവന്മാർ ഒരുമിച്ചുകൂടി രാമായിൽ ശമുവേലിന്റെ അടുക്കൽവന്നു. അവർ അദ്ദേഹത്തോട്: “അങ്ങ് ഇപ്പോൾ വൃദ്ധനായിരിക്കുന്നു; അങ്ങയുടെ പുത്രന്മാർ അങ്ങയുടെ മാർഗം പിൻതുടരുന്നില്ല. അതിനാൽ മറ്റു ജനതകൾക്കുള്ളതുപോലെ ഞങ്ങളെ നയിക്കാൻ ഒരു രാജാവിനെ നിയോഗിച്ചുതന്നാലും!” എന്നപേക്ഷിച്ചു. എന്നാൽ “ഞങ്ങളെ നയിക്കാൻ ഞങ്ങൾക്കൊരു രാജാവിനെ തരിക,” എന്ന് അവർ പറഞ്ഞത് ശമുവേലിന് അപ്രീതിയായി. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. യഹോവ അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോടു പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കുക! അവർ നിന്നെയല്ല, അവരുടെ രാജാവെന്ന നിലയിൽ എന്നെയാണ് തിരസ്കരിച്ചിരിക്കുന്നത്. ഞാൻ അവരെ ഈജിപ്റ്റിൽനിന്ന് വിടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും അന്യദൈവങ്ങളെ സേവിക്കുകയും ചെയ്ത് എന്നോടു കാണിച്ച തിന്മതന്നെ അവർ നിന്റെനേരേയും കാണിക്കുന്നു. ഇപ്പോൾ അവർ പറയുന്നതു കേൾക്കുക. എന്നിരുന്നാലും അവരെ ഗൗരവപൂർവം താക്കീതു ചെയ്യുക. ഭരിക്കാൻപോകുന്ന രാജാവിന്റെ അവകാശങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് അവരെ അറിയിക്കുക.” അങ്ങനെ ഒരു രാജാവിനെ ചോദിച്ചുകൊണ്ട് തന്റെ അടുത്തുവന്ന ജനത്തെ ശമുവേൽ യഹോവയുടെ വാക്കുകളെല്ലാം അറിയിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങളെ ഭരിക്കാൻപോകുന്ന രാജാവിന്റെ അവകാശങ്ങൾ ഇതൊക്കെ ആയിരിക്കും: അയാൾ നിങ്ങളുടെ പുത്രന്മാരെ തന്റെ തേരാളികളും കുതിരച്ചേവകരുമായി നിയോഗിക്കും. അവർക്ക് അയാളുടെ രഥങ്ങൾക്കുമുമ്പിൽ ഓടേണ്ടതായി വരും. ചിലരെ അയാൾ ആയിരങ്ങളുടെയും അൻപതുകളുടെയും അധിപന്മാരായി നിയമിക്കും. മറ്റുചിലരെ തന്റെ നിലം ഉഴുവാനും വിളവു കൊയ്യാനും യുദ്ധത്തിനുവേണ്ടിയുള്ള ആയുധങ്ങൾ നിർമിക്കാനും രഥസാമഗ്രികൾ ഉണ്ടാക്കുന്നതിനും നിയോഗിക്കും. നിങ്ങളുടെ പുത്രിമാരെ അയാൾ സുഗന്ധലേപനം നിർമിക്കുന്നതിനും പാചകത്തിനും അപ്പം ഉണ്ടാക്കുന്നതിനും നിയമിക്കും. നിങ്ങളുടെയെല്ലാം വിശേഷപ്പെട്ട വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുമരത്തോട്ടങ്ങളും അയാൾ നിങ്ങളിൽനിന്ന് അപഹരിച്ച് തന്റെ ഭൃത്യന്മാർക്ക് കൊടുക്കും. നിങ്ങളുടെ ധാന്യവിളവിന്റെയും മുന്തിരിപ്പഴവിളവിന്റെയും ദശാംശം അയാൾ വാങ്ങിച്ച് തന്റെ ഉദ്യോഗസ്ഥന്മാർക്കും സേവകർക്കും നൽകും. നിങ്ങളുടെ ദാസന്മാരിലും ദാസികളിലും കന്നുകാലികളിലും കഴുതകളിലും ഏറ്റവും നല്ലതിനെയും അയാൾ തന്റെ ഉപയോഗത്തിനായി എടുക്കും. അയാൾ നിങ്ങളുടെ ആട്ടിൻപറ്റത്തിൽനിന്നു ദശാംശം എടുക്കും; നിങ്ങൾപോലും അയാളുടെ അടിമകളായിത്തീരും. ആ ദിവസം വരുമ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത രാജാവിൽനിന്നുള്ള വിടുതലിനായി നിങ്ങൾ നിലവിളിക്കും, എന്നാൽ അന്ന് യഹോവ നിങ്ങൾക്ക് ഉത്തരമരുളുകയുമില്ല.”