സങ്കീർത്തനങ്ങൾ 68:4-14

സങ്കീർത്തനങ്ങൾ 68:4-14 MCV

ദൈവത്തിനു പാടുക, തിരുനാമത്തിന് സ്തുതിപാടുക, മേഘപാളികളിൽ യാത്രചെയ്യുന്നവനെ പുകഴ്ത്തുക; അവിടത്തെ സന്നിധിയിൽ ആനന്ദിക്കുക—യഹോവ എന്നാകുന്നു അവിടത്തെ നാമം. ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥർക്കു പിതാവും വിധവകൾക്കു പരിപാലകനും ആകുന്നു. ദൈവം ആലംബഹീനരെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു, അവിടന്ന് തടവുകാരെ സമൃദ്ധിയിലേക്ക് ആനയിക്കുന്നു; എന്നാൽ മത്സരികൾ വരണ്ടുണങ്ങിയ ദേശത്തു പാർക്കുന്നു. ദൈവമേ, അങ്ങയുടെ ജനത്തിന്റെ മുമ്പിൽക്കൂടെ അങ്ങ് കടന്നുപോയപ്പോൾ, അവിടന്ന് മരുഭൂമിയിൽക്കൂടി മുന്നേറിയപ്പോൾ, സേലാ. സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയ ദൈവത്തിന്റെ മുമ്പാകെ അതേ, ഇസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പാകെ ഭൂമി പ്രകമ്പനംകൊണ്ടു, ആകാശം മഴ ചൊരിഞ്ഞു. ദൈവമേ, അങ്ങ് സമൃദ്ധമായി മഴ പെയ്യിച്ചു; വാടിത്തളർന്ന അങ്ങയുടെ അവകാശത്തെ ഉന്മേഷപൂർണമാക്കി. അതിൽ അങ്ങയുടെ ജനം വാസമുറപ്പിച്ചു, ദൈവമേ, അവിടത്തെ സമൃദ്ധിയിൽനിന്ന് അങ്ങ് ദരിദ്രർക്കു വേണ്ടതെല്ലാം നൽകി. കർത്താവ് തന്റെ വചനം പ്രഖ്യാപിക്കുന്നു, അത് വിളംബരംചെയ്യുന്ന സുവാർത്താദൂതികൾ ഒരു വൻ സമൂഹംതന്നെയുണ്ട്: “രാജാക്കന്മാരും സൈനികരും അതിവേഗത്തിൽ പലായനംചെയ്യുന്നു; വീട്ടിൽ പാർത്തിരുന്ന സ്ത്രീകൾ കൊള്ള പങ്കിട്ടെടുക്കുന്നു. നിങ്ങൾ ആട്ടിൻതൊഴുത്തുകൾക്കിടയിൽ പാർക്കുമ്പോൾ, എന്റെ പ്രാവിന്റെ ചിറകുകൾ വെള്ളികൊണ്ടും തൂവലുകൾ മിന്നുന്ന സ്വർണംകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെയാകുന്നു.” സർവശക്തൻ ശത്രുരാജാക്കന്മാരെ ചിതറിച്ചപ്പോൾ അതു സൽമോൻ പർവതത്തിൽ മഞ്ഞുപൊഴിയുന്നതുപോലെ ആയിരുന്നു.