മർക്കോസ് 7:6-13

മർക്കോസ് 7:6-13 MCV

അതിന് അദ്ദേഹം: “കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു: “ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു; അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു. അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു; അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’ നിങ്ങൾ ദൈവകൽപ്പനകൾ ഉപേക്ഷിച്ചു മാനുഷികപാരമ്പര്യങ്ങൾ മുറുകെപ്പിടിക്കുന്നു,” എന്നു പറഞ്ഞു. അദ്ദേഹം അവരോടു തുടർന്നു പറഞ്ഞത്: “സ്വന്തം പാരമ്പര്യങ്ങൾ പാലിക്കാൻവേണ്ടി കൗശലപൂർവം നിങ്ങൾ ദൈവകൽപ്പനകൾ അവഗണിക്കുന്നു. ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’ എന്നും മോശ കൽപ്പിച്ചിരിക്കുന്നു. എന്നാൽ നിങ്ങൾ: ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ ‘ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ അഥവാ, ‘കൊർബാൻ’ എന്നു പറഞ്ഞാൽ മാതാപിതാക്കളോടുള്ള അയാളുടെ കടമ തീർന്നു എന്നു പറയുന്നു. അങ്ങനെ പിതാവിനോ മാതാവിനോവേണ്ടി ഒരിക്കലും എന്തെങ്കിലും ചെയ്തുകൊടുക്കാൻ നിങ്ങൾ അവനെ അനുവദിക്കുന്നുമില്ല. ഇപ്രകാരം നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പനയെ അസാധുവാക്കുന്നു. ഇതുമാത്രമല്ല, ഇതുപോലെയുള്ള പലതും നിങ്ങൾ ചെയ്യുന്നുണ്ട്.”