YouVersion Logo
Search Icon

മർക്കോസ് 12:35, 36, 37, 38, 39, 40, 41, 42, 43, 44

മർക്കോസ് 12:35 MCV

പിന്നീടൊരിക്കൽ യേശു ദൈവാലയാങ്കണത്തിൽ വന്നുചേർന്ന ജനത്തെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോൾ ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്നു വേദജ്ഞർ പറയുന്നത് എങ്ങനെ?

മർക്കോസ് 12:36 MCV

ദാവീദ് പരിശുദ്ധാത്മാവിനാൽ പ്രേരിതനായി, “ ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക,’ എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു എന്നു പ്രസ്താവിച്ചല്ലോ!

മർക്കോസ് 12:37 MCV

ഇങ്ങനെ ദാവീദുതന്നെ ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?” ആ വലിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ വാക്കുകൾ ആനന്ദത്തോടെ കേട്ടു.

മർക്കോസ് 12:38 MCV

യേശു തുടർന്ന് ഉപദേശിക്കവേ, ഇങ്ങനെ പറഞ്ഞു: “വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു.

മർക്കോസ് 12:39 MCV

പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു.

മർക്കോസ് 12:40 MCV

അവർ വിധവകളുടെ സമ്പത്ത് നിർലജ്ജം അപഹരിച്ചിട്ട് കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.”

മർക്കോസ് 12:41 MCV

പിന്നീട് യേശു വഴിപാടുകൾ അർപ്പിക്കുന്ന സ്ഥലത്തിനെതിരേ ഇരുന്നുകൊണ്ട്, ജനക്കൂട്ടം ദൈവാലയഭണ്ഡാരത്തിൽ കാണിക്ക ഇടുന്നതു ശ്രദ്ധിച്ചു. ധനികർ പലരും വൻതുകകൾ ഇട്ടു.

മർക്കോസ് 12:42 MCV

എന്നാൽ ദരിദ്രയായ ഒരു വിധവ വന്നു വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ ഇട്ടു. അതിന് ഒരു പൈസയുടെ വിലമാത്രമേ ഉണ്ടായിരുന്നുള്ളൂ.

മർക്കോസ് 12:43 MCV

യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “ഭണ്ഡാരത്തിൽ മറ്റെല്ലാവരും ഇട്ടതിലും അധികം ദരിദ്രയായ ഈ വിധവ ഇട്ടിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു.

മർക്കോസ് 12:44 MCV

മറ്റെല്ലാവരും തങ്ങളുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചത്; ഇവളോ, സ്വന്തം ദാരിദ്ര്യത്തിൽനിന്ന്, തന്റെ ഉപജീവനത്തിനുള്ള വക മുഴുവൻ അർപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

Video for മർക്കോസ് 12:35-44