അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ, ബെഥാന്യ എന്നീ ഗ്രാമങ്ങളുടെ സമീപമെത്തിയപ്പോൾ, യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു: “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക. അതിൽ പ്രവേശിക്കുമ്പോൾത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ അവിടെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക. ‘നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്താണ്’ എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്; കർത്താവ് ഉടനെതന്നെ ഇതിനെ ഇവിടെ തിരിച്ചയയ്ക്കും’ എന്ന് അയാളോട് മറുപടി പറയുക.” അവർ പോയി; തെരുവിൽ വാതിലിനു പുറത്തായി ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവർ അതിനെ അഴിക്കുമ്പോൾ, അവിടെ നിന്നിരുന്ന ചില ആളുകൾ, “നിങ്ങൾ എന്താണു ചെയ്യുന്നത്? എന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്?” എന്നു ചോദിച്ചു. യേശു പറഞ്ഞിരുന്നതുപോലെ ശിഷ്യന്മാർ മറുപടി പറഞ്ഞു. അവർ അവരെ പോകാൻ അനുവദിച്ചു. അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. തങ്ങളുടെ പുറങ്കുപ്പായങ്ങൾ അതിന്റെ പുറത്തു വിരിച്ചു. അദ്ദേഹം അതിന്മേൽ കയറിയിരുന്നു. പലരും തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. ചിലർ പറമ്പുകളിൽനിന്ന് ഇലതൂർന്ന ചെറുമരക്കൊമ്പുകൾ വെട്ടിക്കൊണ്ടുവന്നു നിരത്തി. മുന്നിലും പിന്നിലും നടന്നവർ ആർത്തുവിളിച്ചു: “ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!” “നമ്മുടെ പിതാവായ ദാവീദിന്റെ, വരാനുള്ള രാജ്യം വാഴ്ത്തപ്പെട്ടത്!” “സ്വർഗോന്നതങ്ങളിൽ ഹോശന്നാ!” യേശു ജെറുശലേംനഗരത്തിൽ എത്തി, ദൈവാലയാങ്കണത്തിൽ പ്രവേശിച്ചു. അദ്ദേഹം ചുറ്റുമുള്ളതെല്ലാം നോക്കിക്കണ്ടു. എന്നാൽ, നേരം വൈകിയിരുന്നതുകൊണ്ട് പന്ത്രണ്ട് ശിഷ്യന്മാരോടുകൂടെ ബെഥാന്യയിലേക്കു തിരികെ പോയി. അടുത്തദിവസം അവർ ബെഥാന്യ വിട്ടുപോരുമ്പോൾ യേശുവിന് വിശന്നു. നിറയെ ഇലകളുള്ള ഒരു അത്തിമരം ദൂരെ കണ്ടിട്ട് അദ്ദേഹം അതിൽ ഫലം വല്ലതും ഉണ്ടോ എന്നു നോക്കാൻ ചെന്നു. എന്നാൽ, അതിന്റെ അടുത്ത് എത്തിയപ്പോൾ അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല. അപ്പോൾ അദ്ദേഹം ആ മരത്തോട്, “നിന്നിൽനിന്ന് ആരും ഇനിമേൽ ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു. യേശു ഈ പറഞ്ഞത് ശിഷ്യന്മാർ കേട്ടിരുന്നു. യേശു ജെറുശലേമിൽ എത്തി. ഉടൻതന്നെ, ദൈവാലയാങ്കണത്തിൽ ചെന്ന് അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കിത്തുടങ്ങി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു; ദൈവാലയാങ്കണത്തിൽക്കൂടെ കച്ചവടസാധനങ്ങൾ ഒന്നും കൊണ്ടുപോകാൻ ആരെയും അനുവദിച്ചില്ല. ഇതിനുശേഷം അദ്ദേഹം ജനത്തെ ഇപ്രകാരം ഉപദേശിച്ചു: “ ‘എന്റെ ആലയം സകലജനതകൾക്കുമുള്ള പ്രാർഥനാലയം’ എന്നു വിളിക്കപ്പെടും എന്നല്ലേ രേഖപ്പെടുത്തിയിരിക്കുന്നത്? നിങ്ങളോ, അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിയിരിക്കുന്നു.” ഇതു കേട്ട് പുരോഹിതമുഖ്യന്മാരും വേദജ്ഞരും അദ്ദേഹത്തെ വധിക്കാനുള്ള മാർഗം അന്വേഷിച്ചെങ്കിലും, ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചിരുന്നതുകൊണ്ട് അവർ അദ്ദേഹത്തെ ഭയപ്പെട്ടു.
മർക്കോസ് 11 വായിക്കുക
കേൾക്കുക മർക്കോസ് 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കോസ് 11:1-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ