യേശു അവിടെനിന്ന് യാത്ര പുറപ്പെടുമ്പോൾ ഒരു മനുഷ്യൻ ഓടിവന്ന് അദ്ദേഹത്തിന്റെമുമ്പിൽ മുട്ടുകുത്തി, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ ലഭ്യമാകും?” എന്നു ചോദിച്ചു. അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല. ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ” എന്ന് അയാളോടു പറഞ്ഞു. “ഗുരോ, ഞാൻ എന്റെ ബാല്യംമുതൽതന്നെ ഈ കൽപ്പനകൾ എല്ലാം പാലിച്ചുപോരുന്നു” അയാൾ പറഞ്ഞു. യേശു അയാളെ നോക്കി; അയാളിൽ ആർദ്രത തോന്നിയിട്ട് ഇപ്രകാരം പറഞ്ഞു: “ഒരൊറ്റ കുറവു നിനക്കുണ്ട്. നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. എന്നാൽ, സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക.” ഇതു കേട്ട് അയാളുടെ മുഖം വാടി. അയാൾക്ക് വളരെ വസ്തുവകകൾ ഉണ്ടായിരുന്നതുകൊണ്ടു ദുഃഖിതനായി അവിടെനിന്ന് പോയി. യേശു ചുറ്റും നോക്കിയിട്ടു തന്റെ ശിഷ്യന്മാരോട്, “ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം!” എന്നു പറഞ്ഞു. ശിഷ്യന്മാർ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് വിസ്മയിച്ചു. യേശു വീണ്ടും പറഞ്ഞു: “കുഞ്ഞുങ്ങളേ, ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം! ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.” ശിഷ്യന്മാർ അത്യധികം വിസ്മയത്തോടെ പരസ്പരം ചോദിച്ചു: “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് അങ്ങനെയല്ല; ദൈവത്തിനു സകലതും സാധ്യമാണ്” എന്നു പറഞ്ഞു. അപ്പോൾ പത്രോസ് യേശുവിനോട്, “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചല്ലോ” എന്നു പറഞ്ഞു.
മർക്കോസ് 10 വായിക്കുക
കേൾക്കുക മർക്കോസ് 10
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കോസ് 10:17-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ