സന്ധ്യയായപ്പോൾ യേശു പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിന് ഇരുന്നു. അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും, നിശ്ചയം” എന്ന് യേശു പറഞ്ഞു.
ഇതു കേട്ട് അവർ അത്യന്തം ദുഃഖിതരായി. “കർത്താവേ, അതു ഞാനല്ലല്ലോ?” എന്ന് അവർ ഓരോരുത്തരായി അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി.
അതിന് യേശു ഇപ്രകാരം മറുപടി പറഞ്ഞു, “എന്നോടൊപ്പം പാത്രത്തിൽ കൈ മുക്കിയവൻതന്നെ എന്നെ ഒറ്റിക്കൊടുക്കും. മനുഷ്യപുത്രൻ (ഞാൻ) പോകുന്നു; തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും. എന്നാൽ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനത് എത്ര നന്നായിരുന്നേനെ!”
അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാ, “റബ്ബീ, അതു ഞാനല്ലല്ലോ” എന്നു ചോദിച്ചു.
“നീ തന്നെ അത് പറഞ്ഞല്ലോ,” യേശു ഉത്തരം പറഞ്ഞു.
അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങി ഭക്ഷിക്കുക, ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു.
പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു നൽകിക്കൊണ്ടു പറഞ്ഞത്: “എല്ലാവരും ഇതിൽനിന്നു പാനംചെയ്യുക, ഇത് എന്റെ രക്തം ആകുന്നു, അനേകരുടെ പാപമോചനത്തിനുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം. എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊത്ത് ഞാൻ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ, മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് പാനം ചെയ്യുകയില്ല.”
ഇതിനുശേഷം അവർ ഒരു സ്തോത്രഗീതം പാടി; ഒലിവുമലയിലേക്ക് പോയി.
പിന്നെ യേശു അവരോടു പറഞ്ഞത്: “ഈ രാത്രിയിൽത്തന്നെ എനിക്ക് സംഭവിക്കാൻപോകുന്ന കാര്യങ്ങൾനിമിത്തം നിങ്ങൾ എല്ലാവരും എന്നെ പരിത്യജിക്കും.
“ ‘ഞാൻ ഇടയനെ വെട്ടും;
ആട്ടിൻപറ്റം ചിതറിപ്പോകും,’
എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നല്ലോ. എന്നാൽ, ഞാൻ ഉയിർത്തെഴുന്നേറ്റതിനുശേഷം നിങ്ങൾക്ക് മുമ്പായി ഗലീലയിലേക്കു പോകും.”
അപ്പോൾ പത്രോസ്, “എല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല” എന്നു പറഞ്ഞു.
അതിന് യേശു, “ഈ രാത്രിയിൽത്തന്നെ, കോഴി കൂവുന്നതിനുമുമ്പ്, നിശ്ചയമായും എന്നെ നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചിരിക്കും എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു മറുപടി പറഞ്ഞു.
“ഒരിക്കലുമില്ല, അങ്ങയോടൊപ്പം മരിക്കേണ്ടിവന്നാലും, ഞാൻ അങ്ങയെ തിരസ്കരിക്കുകയില്ല.” പത്രോസ് പ്രഖ്യാപിച്ചു. മറ്റു ശിഷ്യന്മാരും ഇതുതന്നെ ആവർത്തിച്ചു.
യേശു ശിഷ്യന്മാരുമൊത്ത് ഗെത്ത്ശേമന എന്ന സ്ഥലത്ത് എത്തി. “ഞാൻ അവിടെവരെ പ്രാർഥിക്കാൻ പോകുന്നു, അതുവരെ നിങ്ങൾ ഇവിടെ ഇരിക്കുക,” എന്ന് ശേഷം ശിഷ്യന്മാരോട് പറഞ്ഞിട്ട്, പത്രോസിനെയും സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നിവരെയും കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അദ്ദേഹം ദുഃഖവിവശനായി വ്യാകുലപ്പെടാൻ തുടങ്ങി. അപ്പോൾ യേശു, “എന്റെ പ്രാണനിൽ ദുഃഖം നിറഞ്ഞുകവിഞ്ഞിട്ട് ഞാൻ മരണാസന്നനായിരിക്കുന്നു. നിങ്ങൾ എന്നോടൊപ്പം ഇവിടെ ഉണർന്നിരിക്കുക” എന്ന് അവരോടു പറഞ്ഞു.
പിന്നെ യേശു അൽപ്പംകൂടെ മുമ്പോട്ടുചെന്ന് മുട്ടുകുത്തി മുഖം നിലംവരെ കുനിച്ച്, “എന്റെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടംപോലെയല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.
അതിനുശേഷം, യേശു ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്നു. ഉറക്കത്തിലാണ്ടുപോയ ശിഷ്യന്മാരെക്കണ്ടിട്ട്, “ഒരു മണിക്കൂർപോലും എന്നോടുകൂടെ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലേ?” എന്ന് അദ്ദേഹം പത്രോസിനോട് ചോദിച്ചു. “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർഥിക്കുക. ആത്മാവ് സന്നദ്ധം, എന്നാൽ ശരീരമോ ദുർബലം.”
യേശു രണ്ടാമതും പോയി, “എന്റെ പിതാവേ, ഞാൻ പാനം ചെയ്യാതെ ഈ പാനപാത്രം നീങ്ങിപ്പോകുക സാധ്യമല്ലെങ്കിൽ അവിടത്തെ ഇഷ്ടംതന്നെ നിറവേറട്ടെ” എന്നു പ്രാർഥിച്ചു.
അദ്ദേഹം തിരിച്ചെത്തിയപ്പോൾ നിദ്രാഭാരംകൊണ്ട് അവർ പിന്നെയും ഉറങ്ങുന്നതു കണ്ട്, വീണ്ടും അവരെ വിട്ടുപോയി, മൂന്നാമതും അതേകാര്യംതന്നെ പറഞ്ഞു പ്രാർഥിച്ചു.
പിന്നെ അദ്ദേഹം ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്ന്, “ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ? മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപ്പിക്കപ്പെടാൻപോകുന്ന സമയം ഇതാ, വന്നിരിക്കുന്നു. എഴുന്നേൽക്കുക, നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവൻ ഇതാ ഇവിടെ!” എന്നു പറഞ്ഞു.
യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ അവിടെയെത്തി. പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അയച്ച ഒരു ജനസഞ്ചയം വാളുകളും വടികളുമേന്തി അവനോടൊപ്പം വന്നിരുന്നു. ഒറ്റിക്കൊടുക്കുന്ന, യൂദാ, “ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ; അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക.” എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു. അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്കുചെന്ന്, “റബ്ബീ, വന്ദനം” എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.
യേശു, “സ്നേഹിതാ, നീ വന്നതെന്തിനോ അതുതന്നെ ചെയ്യുക” എന്നു പ്രതിവചിച്ചു.
ഉടനെ ജനം മുമ്പോട്ടുചെന്ന് യേശുവിനെ കടന്നുപിടിച്ച് അദ്ദേഹത്തെ ബന്ധിച്ചു. അപ്പോൾ യേശുവിനോടൊപ്പം നിന്നവരിൽ ഒരാൾ കൈനീട്ടി തന്റെ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ ദാസനെ വെട്ടി; അയാളുടെ കാത് ഛേദിച്ചുകളഞ്ഞു.
അപ്പോൾ യേശു അവനോട്, “നിന്റെ വാൾ ഉറയിലിടുക, വാളേന്തുന്നവരുടെയെല്ലാം അന്ത്യം വാൾകൊണ്ടുതന്നെയായിരിക്കും. എനിക്ക് എന്റെ പിതാവിൽനിന്ന് സഹായം അഭ്യർഥിക്കാൻ കഴിയുകയില്ല എന്നാണോ നീ കരുതുന്നത്? ഇപ്പോൾത്തന്നെ അവിടന്ന് പതിനായിരക്കണക്കിന് ദൂതന്മാരെ എനിക്കുവേണ്ടി അണിനിരത്തുകയില്ലേ? അങ്ങനെയായാൽ ഇവയെല്ലാം സംഭവിക്കണം എന്ന തിരുവെഴുത്തുകൾ എങ്ങനെ നിവൃത്തിയാകും?” എന്നു പറഞ്ഞു.