മത്തായി 24:23-51

മത്തായി 24:23-51 MCV

അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്. കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്നു വലിയ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും! നോക്കൂ, ഞാൻ ഇത് മുൻകൂട്ടിത്തന്നെ നിങ്ങളോടു പറഞ്ഞിരിക്കുന്നു. “അതുകൊണ്ട് ആരെങ്കിലും നിങ്ങളോട്, ‘ക്രിസ്തു അതാ അവിടെ വിജനസ്ഥലത്ത്’ എന്നു പറഞ്ഞാൽ നിങ്ങൾ അവിടേക്കു പോകരുത്; ‘അദ്ദേഹം ഇതാ ഇവിടെ മുറിക്കുള്ളിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. കിഴക്കുണ്ടാകുന്ന മിന്നൽപ്പിണർ പടിഞ്ഞാറുവരെ ദൃശ്യമാകുന്നു; അതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം. കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും. “ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചാലുടൻ, “ ‘സൂര്യൻ അന്ധകാരമയമാകും, ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും: നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും; ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’ “അപ്പോൾ മനുഷ്യപുത്രന്റെ വരവിന്റെ ചിഹ്നം ആകാശത്ത് ദൃശ്യമാകും. ഭൂമിയിലെ സകലജനതയും വിലപിക്കും. അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും മഹാപ്രതാപത്തോടുംകൂടെ ആകാശമേഘങ്ങളിന്മേൽ വരുന്നത് മനുഷ്യർ കാണും. മനുഷ്യപുത്രൻ അത്യുച്ചത്തിലുള്ള കാഹളം ധ്വനിപ്പിച്ചുകൊണ്ട് തന്റെ ദൂതന്മാരെ അയയ്ക്കും; മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ, ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന് ദൂതന്മാർ ഒരുമിച്ചുകൂട്ടും. “അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ ഗ്രഹിക്കുന്നല്ലോ. അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കുക. ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം. ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും. “ആ ദിവസവും മണിക്കൂറും പിതാവ് അല്ലാതെ, സ്വർഗത്തിലെ ദൂതന്മാരോ പുത്രൻപോലുമോ അറിയുന്നില്ല. നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം. പ്രളയത്തിനു മുമ്പുള്ള ദിവസങ്ങളിൽ, നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു. പ്രളയം വന്ന് എല്ലാവരെയും നശിപ്പിച്ചുകളയുന്നതുവരെ, എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആരും മനസ്സിലാക്കിയില്ല. മനുഷ്യപുത്രന്റെ പുനരാഗമനവും അങ്ങനെതന്നെ ആയിരിക്കും. അന്ന് രണ്ട് പുരുഷന്മാർ വയലിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും. രണ്ട് സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും. “അതുകൊണ്ട്, നിങ്ങളുടെ കർത്താവ് വരുന്നത് ഏതു ദിവസം എന്നറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക. കള്ളൻ രാത്രിയിൽ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം ജാഗ്രതയോടിരുന്ന് തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ. അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും. “ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്? യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ. അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്ന ദുഷ്ടനാണ് ആ ഭൃത്യനെങ്കിൽ, അയാൾ തന്റെ സഹഭൃത്യരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും. ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് കപടഭക്തർക്കൊപ്പം ഇടം നൽകും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.