മത്തായി 22:23-46

മത്തായി 22:23-46 MCV

പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യർ ഒരു ചോദ്യവുമായി അന്നുതന്നെ, യേശുവിന്റെ അടുക്കൽവന്നു. “ഗുരോ, മക്കൾ ഇല്ലാതെ ഒരു മനുഷ്യൻ മരിച്ചാൽ അയാളുടെ വിധവയെ അയാളുടെ സഹോദരൻ വിവാഹംകഴിച്ച് ജനിക്കുന്ന സന്തതിയിലൂടെ ജ്യേഷ്ഠസഹോദരന്റെ നാമം നിലനിർത്തണം എന്നു മോശ കൽപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ ഇടയിൽ ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു. ആ വിധവ രണ്ടാമന്റെ ഭാര്യയായിത്തീർന്നു. അതുപോലെതന്നെ രണ്ടാമനും മൂന്നാമനും അങ്ങനെ ഏഴാമൻവരെ എല്ലാവർക്കും അതുതന്നെ സംഭവിച്ചു. ഒടുവിൽ ആ സ്ത്രീയും മരിച്ചു. അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ ആ സ്ത്രീ ആരുടെ ഭാര്യയായിത്തീരും? ആ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ.” അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടാണ് നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്. പുനരുത്ഥിത ജീവിതത്തിൽ മനുഷ്യർ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും. മരിച്ചവർ ഉയിർത്തെഴുന്നേൽക്കും എന്നതിനെക്കുറിച്ച്: ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നു ദൈവം നിങ്ങളോട് അരുളിച്ചെയ്തത് വായിച്ചിട്ടില്ലേ? അവിടന്ന് മരിച്ചവരുടെ ദൈവമല്ല, പിന്നെയോ, ജീവനുള്ളവരുടെ ദൈവമാണ്.” ഇതു കേട്ട ജനസഞ്ചയം, അദ്ദേഹത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചു. യേശു സദൂക്യരെ ഉത്തരംമുട്ടിച്ചു എന്നു പരീശന്മാർ കേട്ടപ്പോൾ അവർ സംഘടിച്ചു; അവരിൽ ഒരു നിയമജ്ഞൻ, യേശുവിനെ പരീക്ഷിച്ചുകൊണ്ട്, “ഗുരോ, ന്യായപ്രമാണത്തിലെ ഏറ്റവും മഹത്തായ കൽപ്പന ഏതാണ്?” എന്നു ചോദിച്ചു. അതിന് യേശു, “ ‘നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം.’ ഇതാകുന്നു പ്രഥമവും ഏറ്റവും മഹത്തുമായ കൽപ്പന. രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’ സർവന്യായപ്രമാണവും പ്രവാചകന്മാരും ഈ രണ്ട് കൽപ്പനകളിൽ അധിഷ്ഠിതമായിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു. ഒത്തുകൂടിയ പരീശന്മാരോട് യേശു, “ക്രിസ്തുവിനെപ്പറ്റി നിങ്ങൾ എന്തു ചിന്തിക്കുന്നു? അവിടന്ന് ആരുടെ പുത്രനാണ്?” എന്നു ചോദിച്ചു. “ദാവീദിന്റെ പുത്രൻ,” അവർ പ്രതിവചിച്ചു. “അങ്ങനെയെങ്കിൽ, ദാവീദ് ആത്മനിയോഗത്താൽ ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നത് എങ്ങനെ?” യേശു അവരോടു ചോദിച്ചു. “ ‘കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു: “നിന്റെ ശത്രുക്കളെ ഞാൻ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക,” ’ എന്ന് ദാവീദ് പ്രസ്താവിച്ചല്ലോ! ഇങ്ങനെ ദാവീദുതന്നെയും ക്രിസ്തുവിനെ ‘കർത്താവേ,’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?” അതിനു മറുപടിനൽകാൻ ആർക്കും കഴിഞ്ഞില്ല. അന്നുമുതൽ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല.