അദ്ദേഹം പിന്നെയും അവരോട് വേറൊരു സാദൃശ്യകഥ പറഞ്ഞു: “മൂന്നുപറ മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനമാണ് സ്വർഗരാജ്യം.” യേശു ജനക്കൂട്ടത്തോട് ഈ കാര്യങ്ങളെല്ലാം സംസാരിച്ചത് സാദൃശ്യകഥകളിലൂടെയാണ്; സാദൃശ്യകഥകളിലൂടെയല്ലാതെ അദ്ദേഹം പൊതുജനത്തോട് ഒരു കാര്യവും സംസാരിച്ചില്ല. “സാദൃശ്യകഥകൾ സംസാരിക്കാൻ ഞാൻ വായ് തുറക്കും; ലോകാരംഭംമുതൽ നിഗൂഢമായിരിക്കുന്നവ ഞാൻ വിളംബരംചെയ്യും,” എന്നു പ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നത് ഇങ്ങനെ നിറവേറി. അതിനുശേഷം ജനക്കൂട്ടത്തെ യാത്രയയച്ചിട്ട് യേശു ഭവനത്തിലേക്ക് പോയി. ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “വയലിലെ കളയുടെ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരാമോ” എന്നു ചോദിച്ചു. യേശു അതിനുത്തരം പറഞ്ഞത്: “മനുഷ്യപുത്രൻ നല്ല വിത്ത് വിതയ്ക്കുന്ന കർഷകനാണ്. വയൽ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകൾ പിശാചിന്റെ പുത്രന്മാരും ആകുന്നു. കള വിതയ്ക്കുന്ന ശത്രു പിശാചുതന്നെ. വിളവെടുപ്പ് യുഗാവസാനമാകുന്നു. കൊയ്ത്തുകാർ ദൂതന്മാരും ആകുന്നു. “കളകൾ പിഴുതെടുത്ത് അഗ്നിക്ക് ഇരയാക്കുന്നതുപോലെ യുഗാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ നിയോഗിക്കും. അവർ അദ്ദേഹത്തിന്റെ രാജ്യത്തുനിന്ന് പാപകാരണമായ സകലതും, അധർമം പ്രവർത്തിക്കുന്ന എല്ലാവരെയും, ഉന്മൂലനംചെയ്യും. അവർ അവരെ കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. അപ്പോൾ നീതിനിഷ്ഠർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ! “വയലിൽ ഒളിച്ചുവെച്ച നിധിയോട് സ്വർഗരാജ്യത്തെ ഉപമിക്കാം; അത് ഒരു മനുഷ്യൻ കണ്ട് മറച്ചുവെച്ചു. പിന്നെ ആഹ്ലാദത്തോടെ പോയി, തനിക്കുണ്ടായിരുന്നതെല്ലാം വിറ്റ് ആ വയൽ വാങ്ങി. “ഇനിയും സ്വർഗരാജ്യത്തെ നല്ല രത്നങ്ങൾ അന്വേഷിക്കുന്ന വ്യാപാരിയോട് ഉപമിക്കാം. അയാൾ വിലയേറിയ ഒരു രത്നം കണ്ടിട്ട് പോയി തനിക്കുള്ള സർവതും വിറ്റ് അതു വാങ്ങി. “യേശു പിന്നെയും, എല്ലാത്തരം മത്സ്യത്തെയും പിടിക്കാനായി തടാകത്തിൽ ഇറക്കിയ ഒരു വലയോട് സ്വർഗരാജ്യത്തെ ഉപമിക്കാം. വല നിറഞ്ഞപ്പോൾ അവർ അതു കരയിലേക്ക് വലിച്ചടുപ്പിച്ചു. അവർ ഇരുന്ന് നല്ല മത്സ്യം കുട്ടകളിൽ ശേഖരിക്കുകയും ഉപയോഗശൂന്യമായവ എറിഞ്ഞുകളയുകയും ചെയ്തു. യുഗാന്ത്യത്തിലും ഇതുപോലെ സംഭവിക്കും. ദൂതന്മാർ വന്ന് നീതിനിഷ്ഠർക്കിടയിൽനിന്ന് ദുഷ്ടരെ വേർതിരിച്ച് കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. “നിങ്ങൾ ഈ കാര്യങ്ങളെല്ലാം ഗ്രഹിച്ചുവോ?” യേശു ശിഷ്യന്മാരോട് ചോദിച്ചു. “ഗ്രഹിച്ചു,” അവർ പ്രതിവചിച്ചു. അദ്ദേഹം തുടർന്ന് അവരോട്, “സ്വർഗരാജ്യത്തിനു ശിഷ്യനായിത്തീർന്ന ഓരോ വേദജ്ഞനും തന്റെ നിക്ഷേപങ്ങളിൽനിന്ന് പഴയതും പുതിയതും എടുത്തുകൊടുക്കുന്ന ഒരു വീട്ടുടമസ്ഥന് തുല്യനാണ്” എന്നു പറഞ്ഞു. ഈ സാദൃശ്യകഥകൾ പറഞ്ഞതിനുശേഷം യേശു അവിടെനിന്നു യാത്രയായി സ്വന്തം പട്ടണത്തിലെത്തി; അവരുടെ പള്ളിയിൽവെച്ച് ജനത്തെ ഉപദേശിച്ചുതുടങ്ങി. “ഈ ജ്ഞാനവും അത്ഭുതശക്തികളും ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” അവർ ആശ്ചര്യപ്പെട്ടു. “ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ? ഇയാളുടെ മാതാവിന്റെ പേര് മറിയ എന്നല്ലേ? യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നിവർ ഇയാളുടെ സഹോദരന്മാരല്ലേ? ഇയാളുടെ സഹോദരിമാരും നമ്മോടൊപ്പം ഉണ്ടല്ലോ. പിന്നെ, ഇതെല്ലാം ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” എന്ന് അവർ ചോദിച്ചു. യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ യേശു അവരോട്: “ഒരു പ്രവാചകൻ ആദരണീയനല്ലാത്തത് സ്വന്തം പട്ടണത്തിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്നു പറഞ്ഞു. അവരുടെ വിശ്വാസരാഹിത്യം നിമിത്തം യേശു അവിടെ അധികം അത്ഭുതങ്ങൾ പ്രവർത്തിച്ചില്ല.
മത്തായി 13 വായിക്കുക
കേൾക്കുക മത്തായി 13
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 13:33-58
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ