ലൂക്കോസ് 22:1-20

ലൂക്കോസ് 22:1-20 MCV

പെസഹായെന്നും വിളിക്കപ്പെട്ടിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു വരികയായിരുന്നു. പുരോഹിതമുഖ്യന്മാരും വേദജ്ഞരും യേശുവിനെ ഉന്മൂലനംചെയ്യുന്നതിനു ഗൂഢാലോചന നടത്തിവരികയായിരുന്നു, എന്നാൽ അവർ ജനത്തിന്റെ പ്രതികരണം ഭയപ്പെട്ടിരുന്നു. ആ സമയത്ത്, പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാളായിരുന്ന യൂദാ ഈസ്കര്യോത്തിൽ സാത്താൻ പ്രവേശിച്ചു. അയാൾ പുരോഹിതമുഖ്യന്മാരുടെയും ദൈവാലയത്തിലെ പടനായകരുടെയും അടുക്കൽ ചെന്ന് യേശുവിനെ എങ്ങനെ ഒറ്റിക്കൊടുക്കാമെന്ന് അവരുമായി കൂടിയാലോചിച്ചു. അവർ അത്യധികം ആനന്ദിച്ച് അയാൾക്കു പണം നൽകാമെന്ന് വാഗ്ദാനംചെയ്തു. അയാൾ അതിനു സമ്മതിച്ചു. യേശുവിനുചുറ്റും ജനക്കൂട്ടം ഇല്ലാത്ത സമയംനോക്കി യൂദാ, യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു. പെസഹാക്കുഞ്ഞാടിനെ യാഗം അർപ്പിക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസം വന്നുചേർന്നു. യേശു പത്രോസിനെയും യോഹന്നാനെയും വിളിച്ച് “നിങ്ങൾ പോയി നമുക്കു പെസഹ ഭക്ഷിക്കേണ്ടതിനുള്ള ഒരുക്കങ്ങൾ നടത്തുക” എന്നു പറഞ്ഞയച്ചു. “ഞങ്ങൾ എവിടെയാണ് പെസഹ ഒരുക്കേണ്ടത്?” എന്ന് അവർ ചോദിച്ചു. യേശു ഉത്തരമായി, “നിങ്ങൾ ജെറുശലേം പട്ടണത്തിനുള്ളിൽ കടക്കുമ്പോൾ ഒരുകുടം വെള്ളം ചുമന്നുകൊണ്ടുപോകുന്ന ഒരുവൻ നിങ്ങൾക്കുനേരേ വരും. അയാൾ കയറുന്ന വീട്ടിലേക്ക് അയാളുടെ പിന്നാലെ ചെല്ലുക. ആ വീടിന്റെ ഉടമസ്ഥനോട്, ‘ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാനുള്ള വിരുന്നുശാല എവിടെ, എന്ന് ഗുരു ചോദിക്കുന്നു എന്നു പറയുക’ എന്നു പറഞ്ഞു. വിശാലവും സുസജ്ജവുമായൊരു മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും; അവിടെ നമുക്കുവേണ്ടി ഒരുക്കങ്ങൾ ചെയ്യുക” എന്നു പറഞ്ഞു. അവർ പോയി, യേശു അവരോടു പറഞ്ഞിരുന്നതുപോലെതന്നെ എല്ലാം കണ്ടു; അവിടെ അവർ പെസഹ ഒരുക്കി. സമയം ആയപ്പോൾ യേശുവും അപ്പൊസ്തലന്മാരും പെസഹാചരണത്തിന് ഇരുന്നു. യേശു അവരോട്, “എന്റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടെ ഈ പെസഹ കഴിക്കാൻ ഞാൻ വളരെ വാഞ്ഛിച്ചു. ദൈവരാജ്യത്തിൽ അതു പരിപൂർണമാകുന്നതുവരെ ഞാൻ ഇനി അതു ഭക്ഷിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു ദൈവത്തിന് സ്തോത്രംചെയ്തശേഷം പറഞ്ഞു: “ഇതു വാങ്ങി പങ്കിടുക. ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” തുടർന്ന് അവിടന്ന് അപ്പം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത്, നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, “ഇതു നിങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു. അതുപോലെതന്നെ അവിടന്ന് അത്താഴത്തിനുശേഷം, പാനപാത്രം എടുത്ത്, “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടുന്ന എന്റെ രക്തത്തിലെ ശ്രേഷ്ഠമായ ഉടമ്പടി ആകുന്നു,” എന്നു പറഞ്ഞു.