“ചെറിയ ആട്ടിൻപറ്റമേ, ഭീതിവേണ്ട, നിങ്ങൾക്ക് അവിടത്തെ രാജ്യഭാരം നൽകാൻ നിങ്ങളുടെ പിതാവിന് പ്രസാദമായിരിക്കുന്നു. നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല. നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും. “നിങ്ങളുടെ അര മുറുക്കിയും വിളക്കു തെളിഞ്ഞും ഇരിക്കട്ടെ. വിവാഹവിരുന്നിനു പോയി മടങ്ങിയെത്തിയ യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ അദ്ദേഹത്തിന് വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്ന സേവകരോടു തുല്യരായിരിക്കുക. യജമാനൻ മടങ്ങിവരുമ്പോൾ ജാഗ്രതയോടെ കാത്തിരിക്കുന്ന സേവകർ അനുഗൃഹീതർ. യജമാനൻ തന്റെ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുവന്ന് അവരെ ശുശ്രൂഷിക്കുകയും ചെയ്യും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. അദ്ദേഹം അർധരാത്രിയിലോ സൂര്യോദയത്തിനുമുമ്പോ വന്നാലും ആ സേവകർ ഒരുങ്ങിയിരുന്നാൽ അവർ അനുഗൃഹീതർ. കള്ളൻ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ. അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.” അപ്പോൾ പത്രോസ്, “കർത്താവേ, അങ്ങ് ഈ സാദൃശ്യകഥ ഞങ്ങളോടുമാത്രമാണോ അതോ എല്ലാവരോടുമായാണോ പറയുന്നത്?” എന്നു ചോദിച്ചു. അതിനു മറുപടിയായി കർത്താവ് പറഞ്ഞത്: “ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ കാര്യസ്ഥനായി യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്? യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ. അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്നവനാണ് ആ ഭൃത്യനെങ്കിൽ, അയാൾ ഇതര ദാസീദാസന്മാരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും. ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് അവിശ്വാസികൾക്കൊപ്പം ഇടം നൽകും. “യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും ഒരുങ്ങാതിരിക്കുകയും അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം പ്രവർത്തിക്കാതിരിക്കുകയുംചെയ്യുന്ന ദാസനു വളരെ മർദനമേൽക്കേണ്ടിവരും. എന്നാൽ അജ്ഞതയിൽ, ശിക്ഷാർഹമായവ പ്രവർത്തിക്കുന്നവനു കുറച്ചു പ്രഹരമേ ലഭിക്കുകയുള്ളൂ. ഏറെ ലഭിച്ചവനിൽനിന്ന് ഏറെ ആവശ്യപ്പെടും; അധികം ഭരമേൽപ്പിക്കപ്പെട്ടവനിൽനിന്ന് അധികം അവകാശപ്പെടും. “ഭൂമി അഗ്നിക്കിരയാക്കാനാണ് ഞാൻ വന്നിരിക്കുന്നത്; അത് ഇപ്പോൾത്തന്നെ ജ്വലിച്ചെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുകയാണ്? എന്നാൽ എനിക്ക് ഒരു സ്നാനം സ്വീകരിക്കേണ്ടതുണ്ട്; അത് സാക്ഷാത്കൃതമാകുന്നതുവരെ ഞാൻ എത്ര ഞെരുങ്ങുന്നു! നിങ്ങൾ കരുതുന്നത് ഞാൻ ഭൂമിയിൽ സമാധാനം വരുത്താൻ വന്നു എന്നാണോ? നിശ്ചയമായും അല്ല, ഭിന്നത വരുത്താനാണ് ഞാൻ വന്നത് എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇനിമേൽ ഒരു കുടുംബത്തിൽ ആകെയുള്ള അഞ്ചുപേരിൽ രണ്ടുപേരോട് മൂന്നുപേരും മൂന്നുപേരോട് രണ്ടുപേരും ഇങ്ങനെ ഭിന്നിച്ചിരിക്കും. പിതാവ് മകനു വിരോധമായും മകൻ പിതാവിന് വിരോധമായും അമ്മ മകൾക്കു വിരോധമായും മകൾ അമ്മയ്ക്കു വിരോധമായും അമ്മായിയമ്മ മരുമകൾക്കു വിരോധമായും മരുമകൾ അമ്മായിയമ്മയ്ക്ക് വിരോധമായും ഭിന്നിച്ചിരിക്കും.” പിന്നെ യേശു ജനക്കൂട്ടത്തെ സംബോധനചെയ്തുകൊണ്ട്, “പശ്ചിമദിക്കിൽ ഒരു മേഘം ഉയരുന്നതു കാണുമ്പോൾ ‘പെരുമഴ പെയ്യാൻ പോകുന്നു’ എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയുംചെയ്യുന്നു. തെക്കൻകാറ്റു വീശുമ്പോൾ ‘അത്യുഷ്ണം ഉണ്ടാകും’ എന്നു നിങ്ങൾ പറയുന്നു; അതും അതുപോലെ സംഭവിക്കുന്നു. കപടഭക്തരേ! ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് എന്തുകൊണ്ട് ഈ കാലഘട്ടത്തെ വ്യാഖ്യാനിക്കാൻ കഴിയുന്നില്ല? “എന്താണു ശരിയെന്നു നിങ്ങൾ സ്വയം വിവേചിക്കാത്തതെന്ത്? നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ രമ്യതപ്പെടാൻ ശ്രമിക്കുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന്റെ അടുത്തേക്കു വലിച്ചിഴയ്ക്കുകയും ന്യായാധിപൻ നിയമപാലകനെ ഏൽപ്പിക്കുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും. അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ പറയുന്നു.”
ലൂക്കോസ് 12 വായിക്കുക
കേൾക്കുക ലൂക്കോസ് 12
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കോസ് 12:32-59
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ